ഒരു കുഞ്ഞു ജീവൻ രക്ഷിക്കാൻ; ഒരിക്കലും മറക്കാനാകാത്ത യാത്ര…

വിവരണം – Hamidsha Shahudeen.

ഒരോ നിമിഷവും വളരെ പ്രധാനപ്പെട്ടതാണ്. എന്തെങ്കിലും ഒരു ചെറിയ പാളിച്ച പറ്റിയാൽ കൈവിട്ട് പോകുന്നത് ഒരു പറക്കമുറ്റാത്ത ജീവനാണ്. ഡോക്ടർ മുതൽ ഡ്രൈവർ വരെ അവരവരുടെ ജോലി വളരെ ജാഗ്രതയോടെ ചെയ്യേണ്ട നിമിഷങ്ങൾ. ഏറ്റവും ശ്രമകരമായ ജോലി ചെയ്യേണ്ടത് കൂടെയുള്ള നേഴ്‌സ് ആണ്‌.

സംഭവം ഇങ്ങനെ : റുവൈസ് , അബുദാബി പട്ടണത്തിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലമാണ്. സൗദി അറേബിയയിൽ പോകുന്ന വഴിക്ക് മരുഭൂമിയും എണ്ണപ്പാടവും, എണ്ണ ശുചീകരണ ശാലയും ഉള്ള uae യുടെ വ്യാവസായിക തലസ്ഥാനം. ADNOC ന്റെ അവിടുത്തെ ആശുപത്രിയിലെ ഒരു ബയോമെഡിക്കൽ എഞ്ചിനീയർ ആയിരുന്നു ഞാൻ കൊല്ലങ്ങളോളം. 12 കൊല്ലം മുന്നേ ഈ സംഭവം നടക്കുമ്പോൾ കൂടെയുണ്ടായിരുന്ന സീനിയർ ബയോമെഡിക്കൽ എഞ്ചിനീയർ ലീവിൽ നാട്ടിലാണ്. പിന്നെയുള്ളത് ഞാൻ മാത്രം.

പ്രാഥമിക സൗകര്യങ്ങൾ മാത്രമുള്ള ഒരു സെക്കണ്ടറി കെയർ ആശുപത്രിയാണത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ പൂർണമായും കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ അന്ന് റുവൈസ് ആശുപത്രിയിൽ ഇല്ല. പിന്നീട് 2012 ൽ പുതിയ ആശുപത്രി വന്നപ്പോൾ കാര്യങ്ങൾ കുറച്ചൂടെ മെച്ചമായി. ഗുരുതരമായ എന്ത് കേസ് വന്നാലും ആംബുലൻസിലോ ഹെലികോപ്റ്ററിലോ രോഗികളെ അബുദാബിയിലെ വലിയ ആശുപത്രികളിൽ എത്തിക്കുകയാണ് അന്നത്തെ പതിവ്.

വെറും ആറര മാസം മാത്രം തികച്ച് ഭൂമിയിൽ പിറന്ന ഒരു നവജാത ശിശുവിനെ അബുദാബി Mafraq ആശുപത്രിയിൽ ആംബുലൻസിൽ കിടത്തി കൊണ്ടുപോകണം. ആദ്യമായല്ല അത്തരത്തിൽ ഒരു കാര്യം ആ ആശുപത്രിയിൽ ചെയ്യുന്നത്. NICU സംവിധാനം ഇല്ലാത്തതിനാൽ പലപ്പോഴും ഇങ്ങനെ ട്രാൻസ്ഫർ ചെയ്യാറുണ്ട്. Baby Incubator/Ventilator മെഷീൻ ൽ കിടത്തിയാണ് നവജാത ശിശുവിനെ കൊണ്ടു പോകേണ്ടത്. ഡോക്ടർ, നേഴ്‌സ്, ഡ്രൈവർ എല്ലാരും റെഡി.

ബയോമെഡിക്കൽ സ്റ്റാഫ് എന്ന നിലയിൽ കുട്ടിയേ കിടത്തിയ ട്രാൻസ്‌പോർട് ഇൻക്യൂബേറ്റർ ആംബുലൻസിൽ ലോഡ് ചെയ്യാൻ സഹായിക്കുകയും, അതിന് മുന്നേ ഓക്സിജൻ സിലിണ്ടർ ഒക്കെ ഫുൾ ആണ് എന്ന് ഉറപ്പ് വരുത്തുകയും വേണം. എന്നിട്ട് ആംബുലൻസിന്റെ ഇവെർട്ടറിൽ ഇൻക്യൂബേറ്റർ കണക്ട് ചെയ്തു അത് നന്നായി വർക്ക്‌ ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തണം. എന്നാൽ അവിടെ പണി പാളി. ഇൻവെർട്ടർ വർക്ക്‌ ചെയ്യുന്നില്ല.

ഇനിയുള്ളത് ഒരൊറ്റ ഓപ്ഷൻ. വണ്ടിയുടെ 12 Volt സപ്ലൈ ൽ കണക്ഷൻ കൊടുക്കണം. അതിനുള്ള കേബിളും connector ഉം ഒക്കെ ഇൻക്യൂബേറ്ററിൽ ഉണ്ട്. പക്ഷേ യാത്രയിൽ എന്തെങ്കിലും തകരാർ സംഭവിച്ചാൽ കുട്ടിയുടെ ജീവൻ അപകടത്തിലാകും. കാരണം വെന്റിലേറ്ററിൽ ആണ് ഇപ്പോ ആ കുഞ്ഞ് ഉള്ളത്.

ഞാനിക്കാര്യം Management നെ അറിയിച്ചപ്പോ അവർ പറഞ്ഞു, “ആശുപത്രി തത്കാലം മറന്നേക്കൂ. നീ കൂടെ പോകണം ആംബുലൻസിൽ അബുദാബിയിലെ Mafraq ആശുപത്രി വരെ.” പിന്നെല്ലാം യുദ്ധകാല അടിസ്ഥാനത്തിൽ ആയിരുന്നു. അങ്ങനെ ഞാനും, ഒരു ഈജിപ്ഷ്യൻ ഡോക്ടറും മലയാളിയായ ഒരു നഴ്സും പാകിസ്താനി ഡ്രൈവറും കൂടി യാത്ര പുറപ്പെട്ടു.

അധികം കുലുക്കമൊന്നും ഉണ്ടാക്കാതെ എന്നാൽ സ്പീഡ് അല്പം പോലും കുറക്കാതെ ആ ആംബുലൻസ് കുതിച്ചു. പിന്നിടേണ്ടത് 210 km. പകുതി ദൂരം എത്തുന്നത് വരെ എല്ലാം ഭംഗിയായി പോയി. എന്നാൽ Tarif എന്ന സ്ഥലം എത്തിയപ്പോ. പെട്ടെന്ന് വെന്റിലേറ്റർ ഓഫായി, സംഗതി ആകെ വഷളാകുന്ന അവസ്ഥ. കുട്ടിയുടെ ശരീരം മുഴുവനും നീല കളർ പോലെ.

ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു. നോക്കപ്പോൾ പവറിന്റെ ഇഷ്യൂ ആണ്‌. എന്നാൽ മൾട്ടി മീറ്റർ വച്ച് ചെക്ക് ചെയ്തപ്പോൾ വണ്ടിയിൽ നിന്നുള്ള 12 വോൾട് വരുന്നുണ്ട്. സമയം പാഴാക്കാതെ ഡോക്ടർ കുഞ്ഞിനെ ambu bag ഉപയോഗിച്ച് മാന്വൽ റെസ്പിറേഷൻ കൊടുക്കാൻ തുടങ്ങി.

നഷ്ടപ്പെടുന്ന ഒരോ നിമിഷവും വളരെ വിലപ്പെട്ടതാണ് എന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്. എന്തായാലും മനസ്സാന്നിധ്യം കൈവിടാതെ ഞാൻ പടിപടിയായി ചെക്ക് ചെയ്യാൻ തുടങ്ങി. ഭാഗ്യം, ഫ്യൂസ് ഹോൾഡർ ഇളകിയതാണ് പ്രശ്നം. ഓട്ടത്തിന്റെ കുലുക്കത്തിൽ പറ്റിയത്. വീണ്ടും വെന്റിലേറ്ററും ഇൻക്യൂബേറ്ററും ON ആയി. കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് കണക്ട് ചെയ്തു.

വീണ്ടും യാത്ര പുറപ്പെട്ടു. നഷ്ടപ്പെട്ടത് വിലപ്പെട്ട 20 മിനിറ്റ്. പിന്നെയങ്ങോട്ട് ആ വാഹനം പറക്കുകയായിരുന്നു 160km/hr ൽ. ഒടുവിൽ Mafraq ൽ എത്തിയപ്പോ ആകെ എടുത്ത സമയം ഒന്നേമുക്കാൽ മണിക്കൂർ. ആ യാത്രയിൽ ഒരോ നിമിഷവും ഞാൻ അറിയുകയായിരുന്നു ഒരു നഴ്സിന്റെ, ഒരു ഡോക്ടറുടെ ആത്മാർത്ഥത, മനക്കട്ടി, പ്രൊഫഷണലിസം, കരുതൽ എല്ലാം. അതോടൊപ്പം, പ്രായമുള്ള ആ പാകിസ്താനി സുഹൃത്തിന്റെ ഡ്രൈവിംഗ് മികവും. എന്റെ ഒരു തമിഴ് സുഹൃത്തിന്റെ ആ കുഞ്ഞ് മകളെ ഭദ്രമായി Mafraq ആശുപത്രിയിലെ SCBU എത്തിച്ചപ്പോൾ നെടുവീർപ്പിട്ടത് ഞാൻ മാത്രമായിരുന്നില്ല.

കൊല്ലങ്ങൾക്കിപ്പുറം സ്കൂൾ ബാഗും തൂക്കി അച്ഛന്റെ കൈപിടിച്ച് ക്ലാസ്റൂമിലെക്കു നടന്ന് പോകുന്ന ആ പെൺകുട്ടിയെ കണ്ടപ്പോൾ എന്റെ മനസ്സിൽ പഴയ ആംബുലൻസ് യാത്ര ഓടിയെത്തിയതും കണ്ണുകളിൽ ലേശം നനവ് പടർന്നതും സ്വാഭാവികം.