തെക്കും വടക്കുമില്ല, സ്നേഹം മാത്രം; വയനാട് ചുരം കേറി ‘നന്മ’ നിറച്ച ലോറികൾ…

പ്രളയം കലിതുള്ളിയാടിയ വയനാട്ടിലെ ദുരിതബാധിതർക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആവശ്യവസ്തുക്കൾ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന സമയമാണിത്. ഈ അവസരത്തിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത് തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് ആണ്.

ദുരന്തം സംഭവിച്ച നാളുകളിൽ മലബാറുകാരെ തെക്കൻ കേരളക്കാർ സഹായിക്കുന്നില്ലെന്നുള്ള, “തെക്കനേയും മൂർഖനേയും കണ്ടാൽ ആദ്യം തെക്കനെ തല്ലിക്കൊല്ലണം” എന്നൊക്കയുള്ള ചിലരുടെ ആക്ഷേപങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു തലസ്ഥാനത്തു നിന്നും ആവശ്യവസ്തുക്കളുമായി കിലോമീറ്ററുകൾ താണ്ടി വയനാട്ടിലെത്തിയ ലോറികൾ. ആഗസ്റ്റ് 15 രാത്രി വരെയുള്ള കണക്കെടുത്താൽ 61 ലോഡ് ലോറികളാണ് അനന്തപുരിയിൽ നിന്നും സ്നേഹം നിറച്ച ലോഡുകളുമായി വയനാടൻ ചുരം കയറിയത്. വയനാടിനു പുറമെ പ്രളയം ദുരിതം വിതച്ച മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിലേക്കും തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ ലോഡുകൾ എത്തിക്കുന്നുണ്ട്.

ദുരിതാശ്വാസ സാധന സമാഹരണം ആവശ്യമില്ലെന്നു ജില്ലാ കലക്റ്റർ അടക്കം നിലപാടെടുത്തപ്പോഴാണ് മേയർ മുന്നോട്ടുവന്ന് സമാഹരണം തുടങ്ങിയത്. ഇതോടെ പല മേഖലകളിൽ നിന്നുമുള്ള ധാരാളം ആളുകൾ സേവനസന്നദ്ധരായി കോർപ്പറേഷന്റെ കളക്ഷൻ പോയിന്റിൽ എത്തിച്ചേർന്നു. കോർപ്പറേഷനിലെ വിവിധ കൗൺസിലർമാർ അടക്കമുള്ളവർ ലോറികളിൽക്കയറി ദുരിതബാധിതരുടെ അടുത്തേക്ക് പോയി. കോർപ്പറേഷനിൽ നിന്ന് ലോഡ് കണക്ക് സാധനങ്ങളാണ് മലബാറിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഒഴുകുന്നത്.

കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് തിരുവനന്തപുരം കളക്ടർ വാസുകിയുടെ നേതൃത്വത്തിൽ മികച്ച രീതിയിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഇത്തവണയും അനന്തപുരിയുടെ സ്നേഹത്തിനും കാരുണ്യത്തിനും ഒരു കുറവുമില്ലെന്നു തെളിയിച്ചിരിക്കുകയാണ് മേയറുടെ നേതൃത്വത്തിലുള്ള ഈ പ്രവർത്തനങ്ങൾ. കഴിഞ്ഞ വർഷം മേയർ വി.കെ. പ്രശാന്തും കൂട്ടരും അയച്ചത് 75 ലോഡ് സാധനങ്ങൾ ആയിരുന്നു. എന്നാൽ ഇത്തവണ ലോഡുകളുടെ എണ്ണം അതിനെ മറികടക്കുംവിധമുള്ള കാഴ്ചകളാണ് തലസ്ഥാനത്തു നിന്നും കാണാനാകുന്നത്.

ഇതോടെ ട്രോളന്മാർ സംഭവം ഏറ്റെടുത്തു. ശ്രീ പത്മനാഭനെ വരെ വയനാട്ടിലേക്ക് കയറ്റി അയക്കുമോ എന്നുള്ള ചോദ്യത്തിന് “ഉറപ്പില്ലെടാ..” എന്ന മേയറുടെ മറുപടി ട്രോൾ ആണ് ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത്. രാപകലെന്നില്ലാതെ മത്സരിച്ചു കൊണ്ടാണ് മേയറും കൂട്ടരും ഓരോ ലോറികളും നിറച്ചുകൊണ്ട് വിടുന്നത്.

ഇതോടെ കേരളത്തിലെ മറ്റു ജില്ലക്കാരും ലോഡ് എണ്ണം കൂട്ടുവാനുള്ള മത്സരം ആരംഭിച്ചു. തെക്ക് – വടക്ക് തർക്കങ്ങൾ പറഞ്ഞു തല്ലുകൂടുന്നവരെ കണ്ടംവഴി ഓടിച്ചുകൊണ്ടാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഹായങ്ങൾ മലബാറിലേക്ക് ഒഴുകുന്നത്. എറണാകുളത്തെ നോർത്ത് പറവൂരിൽ നിന്നു മാത്രം 150 ഓളം ലോഡ് സാധനങ്ങളാണ് പ്രളയബാധിത മേഖലകളിൽ എത്തിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

എന്തായാലും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒറ്റക്കെട്ടാണ് എന്ന് മലയാളികൾ തെളിയിച്ചിരിക്കുകയാണ്. വയനാട്ടിലേക്ക് സ്വാഗതമരുളുന്ന ആ കമാനത്തിനു കീഴിലൂടെ ‘തിരുവനന്തപുരം കോർപ്പറേഷൻ’ എന്നു രേഖപ്പടുത്തിയ ലോറികൾ കടന്നു പോകുന്ന ആ ഒരു ദൃശ്യം തന്നെ ഏവരെയും അഭിമാനം കൊള്ളിക്കുന്നതാണ്. അതെ, ഇത് കേരളമാണ്, ഒരു പ്രശ്നം വന്നാൽ നമ്മളെല്ലാം ഒറ്റക്കെട്ടാണ്.