മൊറോക്കോയിലെ ഇന്ത്യൻ എംബസിയിലേക്ക് ഒരു ഡ്രൈവ്

മൊറോക്കോയിൽ ലോക്ക്ഡൗൺ തീവ്രത നന്നേ കുറഞ്ഞപ്പോൾ സുനീർ ഭായിയുടെ അപ്പാർട്മെന്റിലെ വാസത്തിനു ശേഷം ഞങ്ങൾ പതിയെ പുറത്തേക്ക് ഇറങ്ങി. തലസ്ഥാന നഗരമായ റബാത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ എംബസിയിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. മൊറോക്കോയിൽ എത്തിയിട്ട് ഇത്രയും നാളായില്ലേ? വിമാന സർവ്വീസുകളൊന്നും ഉടനെ ആരംഭിക്കുന്ന ലക്ഷണവും കാണുന്നില്ല. അപ്പോൾ പിന്നെ നാട്ടിലേക്ക് മടങ്ങുവാൻ ഇന്ത്യൻ എംബസി തന്നെയാണ് ശരണം.

കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മലയാളിയുമായ വി മുരളീധരൻ മൊറോക്കോയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ കാര്യം പരാമർശിച്ചപ്പോൾ ഞങ്ങളുടെ പേരും കൂടി എടുത്തു പറഞ്ഞിരുന്നു. അങ്ങനെയാണ് ഞങ്ങൾക്ക് മടക്കയാത്ര സാധ്യമാകുമെന്ന് ഒരു പ്രതീക്ഷ കൈവന്നത്. അങ്ങനെ ഞാനും ബൈജു ചേട്ടനും സുനീർ ഭായിയും കൂടി കാറിൽ റബാത്തിലേക്ക് യാത്രയായി. സുനീർ ഭായിയുടെ കാർ ഞാനായിരുന്നു ഓടിച്ചിരുന്നത്.

മുഹമ്മദീയ എന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ താമസം. അവിടെ നിന്നും റബാത്തിലേക്ക് ഏകദേശം 70 കിലോമീറ്ററോളം ഉണ്ടായിരുന്നു. വഴിയിൽ അങ്ങിങ്ങായി പോലീസ് ചെക്കിംഗുകൾ ഉണ്ടായിരുന്നുവെങ്കിലും വാഹനങ്ങൾ കുറവായിരുന്നതിനാൽ ഞങ്ങൾക്ക് എളുപ്പത്തിൽ സഞ്ചരിക്കുവാൻ സാധിച്ചിരുന്നു. അവിടത്തെ മോട്ടോർ വേ എന്നറിയപ്പെടുന്ന എക്സ്പ്രസ്സ് ഹൈവേയിലൂടെ ഞങ്ങൾ റബാത്ത് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. 120 കിലോമീറ്റർ ആയിരുന്നു ആ മോട്ടോർ വേയിലെ സ്പീഡ് ലിമിറ്റ്.

മൊറോക്കോയിൽ കാലവർഷം കുടപിടിച്ചു തുടങ്ങിയ കാലമായിരുന്നതിനാൽ അത്യാവശ്യം നല്ല മഴയും ആ സമയത്ത് ഉണ്ടായിരുന്നു. മോട്ടോർ വേയിലൂടെ വാഹനമോടിക്കുമ്പോൾ കിട്ടുന്ന ആ ഒരു സുഖമുണ്ടല്ലോ.. ആഹാ… യാതൊരു ബുദ്ധിമുട്ടും കൂടാതെ, ഇടയിൽ ഹോൺ മുഴക്കേണ്ടി വരാതെ, ടോപ് ഗിയറിൽ തന്നെ… ഇത്തരത്തിലുള്ള മോട്ടോർ വേകൾ നമ്മുടെ നാട്ടിലും വരേണ്ടിയിരിക്കുന്നു.

യാത്രയ്ക്കിടയിൽ ഞങ്ങൾ പല കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്തുകൊണ്ടിരുന്നു. സുനീർ ഭായിയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ വീഡിയോ ഇട്ടിരുന്നതിനാൽ സുനീർ ഭായിയെ ധാരാളം ആളുകൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുവാൻ തുടങ്ങി. പലരും ജോലി ആവശ്യങ്ങൾക്കും മറ്റുമായി സുനീർ ഭായിയെ കോൺടാക്ട് ചെയ്യുവാനും ബയോഡാറ്റകൾ അയയ്ക്കുവാനും തുടങ്ങി. തനിക്ക് പറ്റുന്ന രീതിയിൽ അവരെ സഹായിക്കുമെന്ന് സുനീർ ഭായി ഉറപ്പു പറയുകയുമുണ്ടായി. അദ്ദേഹത്തിൻ്റെ ആ നല്ല മനസ്സ് കഴിഞ്ഞ രണ്ടു മാസത്തോളമായി ഞങ്ങൾ അവിടെ അനുഭവിച്ചു വരികയായിരുന്നു. ഞാൻ കണ്ടിട്ടുള്ള നല്ല വ്യക്തിത്വങ്ങളിൽ ഒരാളാണ് നമ്മുടെ സുനീർ ഭായി.

അങ്ങനെ 72 കി.മി ദൂരം 40 മിനിറ്റുകൊണ്ട് എക്സ്പ്രസ്സ് ഹൈവേയിലൂടെ വണ്ടി ഓടിച്ച് ഞങ്ങൾ റബാത്തിലെ ഇന്ത്യൻ എംബസിയിൽ എത്തിച്ചേർന്നു. മൊറോക്കോയിലെ ഇന്ത്യൻ അംബാസിഡർ ഒരു മലയാളി ആയിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഞാൻ ഒരു ഇന്ത്യൻ എംബസിയിൽ പോകുന്നത്. ഇന്ത്യൻ അംബാസിഡർ ആയിരുന്ന സാർ ഞങ്ങൾ ചെളളുമ്പോൾ അവിടെയുണ്ടായിരുന്നില്ല. എങ്കിലും ഞങ്ങൾ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും മടക്കയാത്ര ഉടൻ സാധ്യമാകുമെന്ന് അവർ ഉറപ്പു നൽകുകയും ചെയ്തു.

കുറച്ചു സമയം അവിടെ ചെലവഴിച്ചതിനു ശേഷം ഞങ്ങൾ തിരികെ യാത്രയായി. മടക്കയാത്രയിൽ കാറിന്റെ നിയന്ത്രണം ഏറ്റെടുത്തത് ബൈജു ചേട്ടൻ ആയിരുന്നു. യാത്രയിൽ മഴ ഇടയ്ക്കിടെ വന്നുപൊയ്‌ക്കൊണ്ടിരുന്നു. അങ്ങനെ ഞങ്ങൾ മുഹമ്മദീയ ലക്ഷ്യമാക്കി യാത്രയായി.