1500 രൂപയ്ക്ക് ഒരു കൊച്ചി – കണ്ണൂർ വിമാനയാത്ര

വിവരണം – പ്രശാന്ത് പറവൂർ.

കൊച്ചിയിൽ നിന്നും കണ്ണൂർ എയർപോർട്ടിലേക്ക് വിമാന സർവ്വീസ് ആരംഭിച്ചതു മുതലേയുള്ള ഒരു ആഗ്രഹമായിരുന്നു ആ റൂട്ടിൽ ഒന്ന് യാത്ര ചെയ്യണമെന്ന്. ചാർജ്ജ് നോക്കിയപ്പോൾ 1500 – 1600 രൂപയൊക്കെയാണ് കാണിക്കുന്നത്. യാത്രയുടെ കാര്യം സുഹൃത്തായ അഫ്‌സലിനോട് പറഞ്ഞപ്പോൾ പുള്ളിയും റെഡി. അങ്ങനെ ഞങ്ങൾ ഒക്ടോബർ 26 നു കൊച്ചിയിൽ നിന്നും കണ്ണൂരിലേക്ക് രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്തു.

യാത്രയ്ക്ക് മുൻപേ തന്നെ ഓൺലൈനായി ചെക്ക് ഇൻ ചെയ്തതിനാൽ സീറ്റുകളൊക്കെ തിരഞ്ഞെടുക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. അങ്ങനെ കാത്തിരുന്ന ദിവസം വന്നെത്തി. രാവിലെ തന്നെ മുട്ടത്തെ കൊച്ചി മെട്രോ പാർക്കിംഗിൽ ഞങ്ങൾ കാർ പാർക്ക് ചെയ്ത ശേഷം എയർപോർട്ടിലേക്ക് യാത്രയായി.

അത്താണി വരെ ബസ്സിൽ പോയിട്ട് അവിടെ നിന്നും എയർപോർട്ടിലേക്ക് യൂബർ ടാക്സി വിളിച്ചായിരുന്നു പോയത്.കൈയിൽ ലഗേജുകൾ ഒന്നുമില്ലാതിരുന്നതിനാൽ ഞങ്ങൾ എയർപോർട്ടിന് മുന്നിലായുള്ള ‘SAJ ഹോട്ടൽ’ എന്നായിരുന്നു യൂബറിൽ ഡെസ്റ്റിനേഷൻ കൊടുത്തിരുന്നത്. കാരണം എയർപോർട്ടിലേക്ക് കയറിയാൽ 100 രൂപ എക്സ്ട്രാ ചാർജ്ജ് ആകും. അതു ലാഭിക്കുവാൻ കൂടിയായിരുന്നു ഞങ്ങൾ പുറത്തെ ഡെസ്റ്റിനേഷൻ സെലക്ട് ചെയ്തത്.

കണ്ണൂരിലേക്കുള്ള വിമാനം രാവിലെ 11.35 നു ആയിരുന്നതിനാൽ ഞങ്ങൾക്ക് എയർപോർട്ടിൽ അത്യാവശ്യം സമയമുണ്ടായിരുന്നു. കൗണ്ടറിൽ ചെന്നിട്ട് ബോർഡിംഗ് പാസും വാങ്ങി നേരെ ചെക്കിംഗ് ഏരിയയിലേക്ക്. വളരെ തിരക്ക് കുറവായിരുന്നതിനാൽ എല്ലാം പെട്ടെന്നു തന്നെ കഴിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരെ നല്ലരീതിയിൽത്തന്നെ പരിശോധിക്കുന്നുണ്ട്. നല്ല കാര്യം.

ചെക്കിംഗ് കഴിഞ്ഞു ഞങ്ങൾ നേരെ ഗേറ്റുകൾക്കരികിലേക്ക് നടന്നു. അവിടെ പ്രമുഖ വ്ലോഗറും എൻ്റെ സുഹൃത്തുമായ സുജിത്ത് ഭക്തൻ ഉണ്ടായിരുന്നു. പുള്ളി ബെംഗളുരുവിലേക്ക് പോകുവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. സുജിത്തിന്റെ വിമാനം 10.30 നു ആയിരുന്നു. കുറച്ചു സമയം സുജിത്തുമായി സംസാരിച്ചതിന് ശേഷം ഞാനും അഫ്സലും ഞങ്ങളുടെ ഗേറ്റ് ആയ GATE 8 ലേക്ക് പോയി.

ഗേറ്റിനരികിലെ ഇരിപ്പിടങ്ങളിൽ ഒന്ന് റിലാക്സ് ചെയ്യുവാൻ നോക്കിയപ്പോഴാണ് തൊട്ടപ്പുറത്ത് പഴയകാല നടി രേഖയെ കണ്ടത്. ഞങ്ങൾ നോക്കുന്നതു കണ്ടപ്പോൾ അവർ ഒന്ന് ചിരിച്ചു, തിരികെ ഞങ്ങളും. ഞങ്ങളുടെ വിമാനം പുറപ്പെടാൻ ഇനിയുമുണ്ട് ഒന്നര മണിക്കൂർ. ഏതാണ്ട് ഒരു മണിക്കൂർ കഴിയുമ്പോൾ ബോർഡിംഗ് തുടങ്ങും. അതുവരെ റെസ്റ്റ് എടുക്കാമെന്നു വിചാരിച്ചു ഞങ്ങൾ അവിടെയിരുന്നു.

കുറച്ചു കഴിഞ്ഞപ്പോഴാണ് വിശപ്പിന്റെ വിളി വരുന്നത്. ആദ്യം അത് കാര്യമാക്കിയിലെങ്കിലും പിന്നീട് അത് വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിച്ചു. അറിയാമല്ലോ, എയർപോർട്ടിനുള്ളിൽ നിന്നും ഭക്ഷണം കഴിക്കാൻ നിന്നാൽ നല്ല ചാർജ്ജ് ആകുമെന്ന്. രാവിലെ ഒന്നും കഴിക്കാതിരുന്നതിനാൽ ഞങ്ങൾക്കാണെങ്കിൽ നല്ല വിശപ്പും. അവസാനം അവിടെ കണ്ട KFC യിൽ കയറി കോംബോ ഫുഡിന്റെ റേറ്റ് നോക്കി. രണ്ടു പേർക്കും കൂടി 565 രൂപ. അങ്ങനെ ഞങ്ങൾ അത് വാങ്ങിക്കഴിച്ചു.

ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഒരു സമാധാനമായി. അപ്പോഴേക്കും ഞങ്ങളുടെ വിമാനത്തിലേക്കുള്ള ബോർഡിംഗ് ആരംഭിച്ചുവെന്ന അനൗൺസ്‌മെന്റ് കേട്ടു. നേരെ വാഷ്റൂമിൽ ചെന്ന് ഒന്ന് ഫ്രഷായി ഗേറ്റിനരികിലേക്ക് ചെന്നു. അവിടുന്ന് വിമാനത്തിലേക്കുള്ള ബസ്സിൽക്കയറി വിമാനത്തിനരികിലേക്ക് യാത്രയായി. കൂടുതൽ വിശേഷങ്ങൾ കണ്ടറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

ഇൻഡിഗോയുടെ ചെറിയ (ATR) വിമാനമായിരുന്നു ഞങ്ങളുടേത്. ഏകദേശം 74 ഓളം യാത്രക്കാർക്ക് സഞ്ചരിക്കുവാൻ സാധിക്കുന്ന ഒരു എയർക്രാഫ്റ്റ് ആണിത്. അങ്ങനെ ഞങ്ങൾ ക്യൂ നിന്നുകൊണ്ട് വിമാനത്തിലേക്ക് കയറി. മുൻഭാഗത്തായിരുന്നു ഞങ്ങളുടെ സീറ്റുകൾ. പക്ഷെ എമർജൻസി എക്സിറ്റിനടുത്തുള്ള സീറ്റിൽ ആളില്ലായിരുന്നതിനാൽ അഫ്‌സലിനെ എയർഹോസ്റ്റസ് അവിടേക്ക് ക്ഷണിച്ചു. ടേക്ക് ഓഫ് & ലാൻഡിംഗ് സമയത്ത് മാത്രം അവിടെയിരുന്നാൽ മതിയെന്നും, അല്ലാത്തപ്പോൾ തിരികെ സീറ്റിൽ വന്നിരുന്നുകൊള്ളാനും അവർ പറഞ്ഞു.

ഞാൻ ആദ്യമായിട്ടായിരുന്നു ഒരു ചെറിയ വിമാനത്തിൽ കയറുന്നത്. ഒരു സ്‌കാനിയ ബസ്സിനുള്ളിൽ കയറിയ പ്രതീതിയായിരുന്നു വിമാനത്തിനകത്ത്. രണ്ടു പൈലറ്റുമാരും രണ്ടു എയർഹോസ്റ്റസുമാരുമായിരുന്നു വിമാനത്തിൽ ജീവനക്കാരായി ഉണ്ടായിരുന്നത്. മുന്നിൽ ഉണ്ടായിരുന്ന എയർഹോസ്റ്റസ് മലയാളിയായിരുന്നു. അവർ ഞങ്ങളോട് വളരെ സൗഹാർദ്ദപരമായാണ് ഇടപെട്ടത്. സാധാരണ ഇൻഡിഗോ സ്റ്റാഫ് അത്ര ഫ്രണ്ട്ലി അല്ലാത്തതാണ്. എന്തായാലും ഈ മലയാളി എയർഹോസ്റ്റസ് പെരുമാറ്റം കൊണ്ട് യാത്രക്കാരുടെയെല്ലാം മനസ്സ് കീഴടക്കി.

കുറച്ചു സമയത്തിനകം ഞങ്ങളുടെ വിമാനം ടേക് ഓഫ് ചെയ്തു. ATR വിമാനം ആയിരുന്നതിനാൽ ബോട്ട് പോകുന്നത് പോലത്തെ ശബ്ദമായിരുന്നു അതിന്. പക്ഷെ യാത്ര നല്ല സുഖകരമായിരുന്നു. കൂടാതെ അധികം ഉയരത്തിലേക്ക് വിമാനം പൊങ്ങിയിരുന്നില്ലാത്തതിനാൽ താഴെയുള്ള കാഴ്ചകളൊക്കെ നന്നായി ആസ്വദിക്കുവാനും ഞങ്ങൾക്ക് സാധിച്ചു. ചമ്രവട്ടം പാലവും, പൊന്നാനിയുമൊക്കെ ഞങ്ങൾക്ക് ആകാശത്തിലിരുന്നു കാണുവാൻ സാധിച്ചു.

ഏതാണ്ട് ഒരു മണിക്കൂർ നേരത്തെ പറക്കലിനു ശേഷം ഞങ്ങൾ കണ്ണൂർ എയർപോർട്ടിൽ ലാൻഡ് ചെയ്തു. ഒട്ടും തിരക്കില്ലാത്ത സമയമായിരുന്നു ഞങ്ങളുടെ ലാൻഡിംഗ്. ടെർമിനലിനുള്ളിൽ അധികമാരും ഉണ്ടായിരുന്നില്ല. പക്ഷെ എയർപോർട്ട് അടിപൊളി തന്നെയാണ്. സൂപ്പർ…

ലഗേജുകൾ ഒന്നുമില്ലാതിരുന്നതിനാൽ ഞങ്ങൾ വേഗം എയർപോർട്ട് ടെർമിനലിന് വെളിയിലെത്തി. അങ്ങനെ കിടിലനൊരു വിമാനയാത്ര ലഭിച്ച സംതൃപ്തിയുമായി ഞങ്ങൾ അവിടെ നിന്നും താഴെത്തെ മെയിൻ റോഡിലേക്ക് നടന്നു. വലിയ കുഴപ്പമൊന്നും ഇല്ലെകിൽ നടക്കാവുന്ന ദൂരമേയുള്ളൂ എയർപോർട്ടിൽ നിന്നും ബസ്സുകൾ പോകുന്ന റോഡിലേക്ക്. മെയിൻ റോഡിൽ ചെന്നിട്ട് കണ്ണൂരിലേക്ക് ഞങ്ങൾ ബസ് കയറി. കണ്ണൂർ ബസ് സ്റ്റാൻഡിൽ ചെന്നിട്ട് ബസ്സുകൾ മാറിക്കയറി മാറിക്കയറി എറണാകുളത്തേക്ക്…