രാജവീഥികളിലൂടെ ഒരു രാജകീമായ യാത്ര – കിളിമാനൂർ കൊട്ടാരത്തിലേക്ക്…

വിവരണം – Akhil Surendran Anchal.

ചിത്രകലാ കുലപതി ശ്രീ രാജാ രവി വർമയുടെ ജന്മസ്ഥലമാണ് കിളിമാനൂർ കൊട്ടാരം. കൊട്ടാരത്തിന് എകദേശം നാനൂറ് വർഷത്തോളം പഴക്കമുണ്ട്. 1739 ൽ കൊട്ടാരക്കര രാജാവിനു വേണ്ടി വേണാട് ആക്രമിച്ച ഡച്ച് പീരങ്കിപ്പടയെ കിളിമാനൂർ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂരിലെ സൈന്യം പരാജയപ്പെടുത്തുകയും വലിയ തമ്പുരാൻ വീര ചരമടയുകയും ചെയ്യ്തു. ഈ വിജയം അംഗീകരിച്ചു മാർത്താണ്ഡവർമ്മ മഹാരാജാവ് 1753 ൽ കിളിമാനൂർ പ്രദേശം കരമൊഴിവായി സ്വയംഭരണം അവകാശം വിട്ടു കൊടുക്കുകയും ചെയ്തു എന്നാണ് കഥ.

എന്നാൽ ഇപ്പോൾ കാണുന്ന കിളിമാനൂർ കൊട്ടാരം 15 ഏക്കറില്‍ പരന്നു കിടക്കുന്നു. കേരളീയ ശൈലിയിലുള്ള ചെറുതും വലുതുമായ മന്ദിരങ്ങളും, കുളങ്ങളും, കിണറുകളും കാവുകളുമെല്ലാം, ഇവിടെയുണ്ട്‌. കൊട്ടാരത്തിന്റെ മുഖ്യ കവാടം ശ്രീ രാജാ രവിവര്‍മയുടെ ചിത്രശാലയിലേക്കു ആണ് ആദ്യം യാത്രികനെ യാത്ര നയിപ്പിക്കുന്നത്. ശ്രീ രവിവര്‍മ തമ്പുരാൻ വരച്ചിരുന്നത്‌ ഇവിടെയാണ്‌. അദ്ദേഹത്തിന്റെ രചനകളുടെ പകര്‍പ്പുകള്‍ സ്റ്റുഡിയോയില്‍ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു.

കൊട്ടാരം സന്ദർശിച്ചപ്പോൾ ഇപ്പോഴത്തെ തലമുറയിലെ തമ്പുരാൻ എനിക്ക് ഒരു അക്ഷര മന്ത്രം പറഞ്ഞു തന്നു. ഇനി ഞാൻ കൊട്ടാരത്തിൽ വരുമ്പോൾ അതിനുള്ള ഉത്തരമായി എത്തണം എന്നും. സംഭവം ഇതാണ് “ശ്രീ രാജ രവി വർമ്മയുടെ ഹൃദയമായിരുന്നു ശ്രീ രാജ രാജ വർമ്മ”. അത്ഭുതം തോന്നുന്നുണ്ടോ? അതെ ഇതിന് എനിക്കും ഉത്തരം കിട്ടിയില്ല. ഈ വാക്കുകളിൽ പലതും ഒരു മാന്ത്രിക ചെപ്പിൽ ആരോ ഒളിപ്പിച്ച് വെച്ചിരിക്കുന്ന അക്ഷര മന്ത്രങ്ങൾ കണ്ടു പിടിക്കണം. നിങ്ങളും കൂടി എനിക്കൊപ്പം ചേരുക, കണ്ടെത്തണം .

കൊട്ടാരത്തിന്റെ മുൻമ്പിൽ തന്നെ വലിയൊരു ആൽത്തറ കാണാം. ഈ ആൽത്തറയിൽ ആണ് പരദേവനായ ശ്രീ ശാസ്താവിൻ പള്ളിവേട്ട നടക്കും ഇടമത്ര. ആൽത്തറയിൽ ഇരുന്നാണ് കൊട്ടാരത്തിലെ വൈദ്യൻ തമ്പുരാനും, ചെറുമുക്ക് തമ്പുരാനും, ശ്രീ നാരായണ ഗുരുവും ചേർന്ന് വൈദ്യം, തർക്കം, വ്യാകരണം, മുതലായ വിഷങ്ങൾ ചർച്ച ചെയ്തതത്രെ. കിളിമാനൂരെന്ന നാട്ടുരാജ്യത്തെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കിയ കിളിമാനൂര്‍ കൊട്ടാരം ഇന്നും പഴമയുടെ പ്രൗഢിയും പുതുമയുടെ മുഖം മിനുക്കലുമായി ഇവിടെയുണ്ട്.

തിരുവിതാംകൂര്‍ രാജവംശത്തിന്റെ തായ് വഴി തേടുന്നവര്‍ക്ക് കിളിമാനൂര്‍ കൊട്ടാരത്തിലെത്താതെ പോകാന്‍ കഴിയില്ല. രചന സൗകുമാര്യത്തിന് കീര്‍ത്തികേട്ട ശ്രീ രവിവര്‍മ്മ ചിത്രങ്ങളിലെ നിറക്കൂട്ടുകള്‍ അഭിരമിച്ച ചിത്രശാല ഇന്നും ഇവിടേയ്ക്ക് സഞ്ചാരികളെ എപ്പോഴും ആകര്‍ഷിക്കുന്നു. ശ്രീ രവിവര്‍മ്മ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രശാലയും 110 വര്‍ഷം പഴക്കമുള്ള പുത്തന്‍ മാളികയും സംരക്ഷിത സ്മാരകങ്ങളായി ഇവിടെയുണ്ട്.

ശ്രീ രാജാരവി വര്‍മ്മയുടെ മരണശേഷം അദ്ദേഹം വരച്ച എഴുപത്തിയഞ്ചോളം ചിത്രങ്ങള്‍ പുത്തന്‍ മാളികയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1940-ല്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ അഭ്യര്‍ത്ഥനപ്രകാരം കുറച്ച് ചിത്രങ്ങള്‍ തിരുവനന്തപുരത്തെ ശ്രീചിത്ര ആര്‍ട്ട് ഗാലറിയിലേക്ക് കൊണ്ടു പോയിരുന്നു. ബാക്കിയുള്ളവ കോഴിക്കോട് കൃഷ്ണമേനോന്‍ ആര്‍ട്ട് ഗാലറിയിലേക്ക് പിന്നീട് മാറ്റി.

ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ തേടിയെത്തുന്നവര്‍ക്ക് യഥാര്‍ത്ഥ രവിവര്‍മ്മ ചിത്രങ്ങള്‍ കാണാന്‍ കഴിയില്ലെങ്കിലും അദ്ദേഹത്തിന്റെ ചിത്രകല ഉരുവം കൊണ്ട കൊട്ടാര കൊത്തളങ്ങള്‍ സ്വപ്‌നാടകനെ പോലെ നോക്കിക്കാണാം. കൊട്ടാരത്തിന്റെ പെരുമ ഒട്ടും തന്നെ ചോര്‍ന്നു പോകാതെ സംരക്ഷിക്കാന്‍ പുരാവസ്തു വകുപ്പ് ബദ്ധശ്രദ്ധ കാട്ടുന്നുണ്ട് എന്ന് നമ്മുക്ക് മനസ്സിലാക്കാവുന്നതാണ്. കണക്കുകൾ എഴുപത് ലക്ഷത്തോളം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നുവരുന്നു എന്നാണ് ഇപ്പോഴത്തെ തലമുറയിലെ തമ്പുരാനിൽ നിന്നും തമ്പുരാട്ടിയിൽ നിന്നും എനിക്ക് അറിയാൻ കഴിഞ്ഞത്.

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മൂന്നാം ഘട്ടമായി കൊട്ടാരത്തിലെ പഴയ കുളം, നടപ്പാത, കൊട്ടാരത്തിനോട് ചേര്‍ന്നുള്ള പഴയ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, പുറത്തുള്ള പഴയ കിണറിന്റെ സംരക്ഷണം എന്നിവയാണ് ഇപ്പോള്‍ നടക്കുന്നത്. രാജകുടുംബത്തിലെ താവഴിയായി അഞ്ച് കുടുംബങ്ങളാണ് ഇപ്പോള്‍ ഇവിടെ താമസമുള്ളത്. കൊട്ടാര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ കോണുകളിലുള്ള എല്ലാ കുടുംബാംഗങ്ങളും കൊട്ടാരത്തിൽ എത്തും.

കുംഭമാസത്തിലെ മകയിരത്തില്‍ കൊടിയേറി ഉത്രത്തിന് ആറാട്ട് നടക്കുന്ന ഉത്സവ ചടങ്ങുകള്‍ രാജഭരണകാലത്ത് അനുവര്‍ത്തിച്ചു പോയപോലാണ് ഇന്നും നടത്തുന്നത് എന്ന് ഇപ്പോഴത്തെ തമ്പുരാൻ എനിക്ക് പറഞ്ഞ് തന്നു. കൊട്ടാരത്തിലെ ഇപ്പോഴത്തെ കാര്യസ്ഥനായ മനോജ് ഏട്ടൻ ആണ് ബാക്കിയുള്ള കഥകൾ പറഞ്ഞ് തന്ന് എന്നെ കൊട്ടാരം ചുറ്റി കാണിച്ചത്. കൊട്ടാര സന്ദർശനം കഴിഞ്ഞ് അതിഥിയും യാത്രികനുമായ എന്നെ അതിഥി സൽക്കാരങ്ങളും നൽകിയാണ് അവർ തിരിച്ച് യാത്രയാക്കിയത്.

കിളിമാനൂർ കൊട്ടാരത്തിൽ എത്തിച്ചേരാൻ – സംസ്ഥാന പാതയില്‍ കിളിമാനൂര്‍ ജങ്ഷനില്‍ നിന്നും ആറ്റിങ്ങല്‍ റോഡില്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചൂട്ടയില്‍ കവലയിലെത്തും. ഇവിടെ നിന്നും അര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊട്ടാരത്തിലെത്താം. ദേശീയ പാതയില്‍ ആലംകോട് നിന്നും ഏഴ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചൂട്ടയിലും അവിടെ നിന്ന് കൊട്ടാരത്തിലുമെത്താം.