ഇഡ്ഡലി പെരുമ തേടി ഒരു പാലക്കാടൻ‍ യാത്ര !!

വിവരണം – Sajeev Vincent Puthussery

രാമശ്ശേരി ഇഡ്ഡലിയെ കുറിച്ച് പലതവണ കേട്ടിട്ടുണ്ടെങ്കിലും, അവിടെ ഒന്നുപോകാനോ, അതിന്റെ രുചിയറിയാനോ ഇതുവരെ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ മാർച്ച് മാസത്തിലെ ഒരു കറക്കത്തിനിടയിൽ, പ്ലാനിങ് തെറ്റി, അവിചാരിതമായിട്ടാണ് കോയമ്പത്തൂരില്‍ എത്തിച്ചേർന്നത്. നവ ഇന്ത്യയിൽ താമസിക്കുന്ന സുഹൃത്തുക്കളോടൊപ്പം ചെലവഴിച്ച ആ രാത്രിയിൽ, വലിയ തോതിൽ തള്ളിക്കൊണ്ടിക്കുമ്പോഴാണ്, തിരിച്ച് നാട്ടില്‍ പോകുംവഴി, രാമശ്ശേരിയിലെ ഇഡ്ഡലിക്കടയില്‍ പോയാലോ? എന്ന ചിന്ത വീണ്ടും മനസ്സിലേക്ക് ഉദിച്ചുവന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല, അത് അങ്ങട് ഉറപ്പിച്ചു.

വെളുപ്പിന് 2 മണി വരെ വർത്തമാനം പറഞ്ഞിരുന്നതുകൊണ്ട് കുറച്ചു സമയമേ വിശ്രമിക്കാൻ കഴിഞ്ഞൊള്ളൂ. **അതൊന്നും കാര്യമാക്കാതെ സേവി ചേട്ടനും,ഞാനും, നേരത്തെ തന്നെ ഏഴുന്നേറ്റു. ഉറങ്ങുന്നവരെ ശല്യം ചെയ്യാതെ, ജോയൽ ഉണ്ടാക്കി തന്ന കട്ടൻചായയും കുടിച്ച് രാവിലെ തന്നെ പാലക്കാട് ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടങ്ങി.(ജോയലേ, അവൻമാർ എഴുന്നേൽക്കുമ്പോൾ പറഞ്ഞേക്ക്! ഞങ്ങൾ പോയീന്ന്!!??) ചെറു തണുപ്പോടുകൂടിയ നല്ല കാലാവസ്ഥയായതു കൊണ്ട് യാത്ര സുഖകരമായിരുന്നു. അങ്ങനെ, സൂര്യന്റെ വലിയ ആക്രമണം ഒന്നും നേരിടാതെ നേരത്ത തന്നെ ഞങ്ങൾ വാളയാർ കടന്നു.

ഗൂഗിള്‍ മാപ്പില്‍ സ്ഥലം കാണിക്കുന്നുണ്ടെങ്കിലും, സംശയം തീര്‍ക്കാന്‍ പ്രധാന റോഡിലെ ഒരു സ്ഥലത്ത് നിര്‍ത്തി വഴി ചോദിച്ചു, ഭാഗ്യം!!!! ഞങ്ങള്‍ ചോദിച്ചിടത്തും നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഗ്രാമ പാതയിലൂടെയാണ് ഇനി യാത്ര തുടരേണ്ടത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കുറച്ച് പ്രാധാന്യം കൂടിയ പ്രദേശമാണെന്ന് തോന്നുന്നു!! വഴിയിലുടനീളം ഒരു ചുവപ്പ് മയം!!!! എന്തായാലും ആ ചെറിയ വഴിയിലൂടെ കുറച്ച് ദൂരം മുന്നോട്ട് ചെന്നപ്പോള്‍ വീണ്ടും സംശയം.?

അടിപൊളി!! കടയുടെ തൊട്ടടുത്ത് വെച്ചുതന്നെയാണ് വീണ്ടും വഴി ചോദിച്ചത്.അവിടെതന്നെ സൈഡാക്കി ഞങ്ങൾ കടയുടെ നേരെ നടന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നപോലെ അത്ര വലിയ കടയൊന്നുമല്ലായിരുന്നു അത്, വളരെ ലളിതമായി നടത്തപ്പെടുന്ന, തനി നാട്ടുമ്പ്രദേശത്തെ ഒരു ചായക്കട. രണ്ട് സെറ്റ് (1 സെറ്റ് 2എണ്ണം 14 Rs.) വീതം ഞങ്ങളും കഴിച്ചു പേരുകേട്ട രാമശ്ശേരി ഇഡ്ഡലി!!!(പാഴ്സ്സൽ വെറെയും വാങ്ങി) ഇഡ്ഡലിയുടെ കൂടെ കിട്ടിയ പൊടി ചമന്തി, (കാന്തി ചട്ണി) കലക്കി!? കുറേക്കാലങ്ങളായി എരിവ് കൂട്ടാത്ത എനിക്ക് നാവില്‍ വെച്ചത് മാത്രമേ ഓര്‍മയുള്ളൂ,?! കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളമൊഴുകി. എന്താ സുഖം!!

പാരമ്പര്യമായി അമ്മായിമ്മയിൽ നിന്നും പകര്‍ന്നു കിട്ടിയ രുചിക്കൂട്ട്, ഭർത്താവായ ലോകനാഥന്റെ മരണശേഷം ഇപ്പോൾ തുടർന്നുകൊണ്ടുപോകുന്നത് ഭാഗ്യലക്ഷ്മി അമ്മളാണ്. തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള മുതലിയാർ വിഭാഗത്തിൽപ്പെട്ട അറുപതോളം കുടുംബക്കാരാണ് വർഷങ്ങൾക്ക് മുൻപ് ഇവിടെ വരികയും സ്വാദിഷ്ഠമായ ഇഡ്ഢലി ഉണ്ടാക്കൽ ആരംഭിക്കുകയും ചെയ്തത്..
എന്നാൽ, ഇന്ന് രാമശ്ശേരി ഇഡ്ഡലി ഉണ്ടാക്കുന്നത് ഇവിടെയുള്ള സരസ്വതി ടീ സ്റ്റാളിൽ മാത്രമാണ്. ഏകദേശം 500 ഒാളം ഇഡ്ഡലിയാണ് സാധാരണ ദിവസങ്ങളിൽ ഉണ്ടാക്കുന്നത്. ആവശ്യക്കാർക്കായ് ഒാർഡർ അനുസരിച്ച് കൂടുതലായി ഉണ്ടാക്കി കൊടുക്കാറുമുണ്ട്..

പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്ന കാലത്ത് ദിവസങ്ങളോളം കേടുകൂടാതെ ഇഡ്ഡലി സൂക്ഷിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ, സകലതിലും മായം കലർന്ന ആധുനീക കാലത്ത് പരമാവധി രണ്ട് ദിവസമാണ് കേടാകാതെയിരിക്കുന്നതെന്നാണ് ഭാഗ്യലക്ഷ്മി അമ്മാൾ വിശദീകരിച്ചത്. സഹായത്തിന് അഞ്ചുമക്കളില്‍ ഇളയ മകൾ ഇപ്പോള്‍ കൂടെയുണ്ട്. കൂടാതെ രാമനാഥേട്ടനും. ഭക്ഷണം തേടി വരുന്നവരെ ഇവർ സ്വീകരിക്കുമ്പോൾ, ദേവി അമ്മയും, ശാന്തേടത്തിയും അടുക്കളയിലെ കാര്യങ്ങളിൽ സഹായിക്കുന്നു..

സഹായത്തിനായി വരുന്ന മറ്റ് രണ്ട് പേരെകൂടിയും പരിചയപ്പെട്ടിരുന്നു, (പേരുകൾ മറന്നു). മുൻ മുഖ്യമന്ത്രി വി.സ്സ്. അച്ചുതാനന്ദൻ, ധനമന്ത്രി തോമസ് ഐസക്ക്, സിനിമാ സംവിധായകൻ മേജർ രവി എന്നീ പ്രമുഖ വ്യക്തികൾ ഇവിടെ സന്ദർശനം നടത്തിയീട്ടുണ്ട്..പിന്നെ ഞങ്ങളും.. ഇനി നാട്ടിലേക്ക് മടങ്ങുകയാണ് എല്ലാവർക്കും നന്ദി..