കെഎസ്ആർടിസി പ്രേമികളുടെ ‘ആനവണ്ടി മീറ്റ്’ ഇത്തവണ കണ്ണൂരിൽ…

സിനിമാ താരങ്ങൾക്കും സ്പോർട്സ് താരങ്ങൾക്കുമെല്ലാം ആരാധകർ ഉള്ളതുപോലെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ കെഎസ്ആർടിസിയ്ക്കും ഉണ്ട് ആരാധകർ. ആനവണ്ടി എന്നറിയപ്പെടുന്ന കെഎസ്ആർടിസി ആരാധകർ ഒന്നടങ്കം ആനവണ്ടി പ്രേമികൾ എന്ന ലേബലിലാണ് അറിയപ്പെടുന്നത്. 2008 ൽ കെഎസ്ആർടിസിയെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മ എന്ന നിലയിൽ ആരംഭിച്ച ‘KSRTC BLOG’ പിന്നീട് ആനവണ്ടി ബ്ലോഗ് ആയി മാറിയപ്പോഴും പ്രശസ്തിയ്ക്ക് കുറവൊന്നും ഉണ്ടായില്ല. അതോടൊപ്പം തന്നെ കെഎസ്ആർടിസി ബസ്സുകളുടെ സമയവിവരങ്ങൾ പൊതുജനങ്ങൾക്ക് സൗജന്യമായി എത്തിച്ച ആനവണ്ടി ആപ്പും വെബ്‌സൈറ്റും ഇന്നും ഹിറ്റാണ്.

ബ്ലോഗ് തുടങ്ങിയതു മുതൽ വർഷത്തിലൊരിയ്ക്കൽ അംഗങ്ങളെല്ലാം ഒത്തുകൂടുന്നതിനായി മീറ്റുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. അതിൽ അവസാനം നടന്ന 2018 ലെ മീറ്റ് കുമളിയിൽ വെച്ചായിരുന്നു. ഒരു വയസ്സ് പ്രായം മാത്രമുണ്ടായിരുന്ന സഹ്യൻ മുതൽ ധാരാളമാളുകളാണ് കുമളി മീറ്റിൽ അന്ന് പങ്കെടുത്തത്. ഒപ്പം എല്ലാവരും ചേർന്ന് കമ്പം ഭാഗത്തേക്ക് കെഎസ്ആർടിസി ബസിൽ ഒരു സ്പെഷ്യൽ ട്രിപ്പും പോവുകയുണ്ടായി.

ഇപ്പോഴിതാ ആനവണ്ടി പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ഇക്കൊല്ലത്തെ ആനവണ്ടി മീറ്റ് 2019 മാർച്ച് മൂന്നിന് ഞായറാഴ്ച്ച മലബാറിന്റെ ഹൃദയഭൂമിയായ കണ്ണൂരിൽ നടത്തുന്നു. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും ആനവണ്ടി മീറ്റുകൾ നടന്നിട്ടുണ്ട് എങ്കിലും ഇങ്ങു വടക്ക് കണ്ണൂരിൽ ഒരു ആനവണ്ടി മീറ്റ് ഇതാദ്യം. ആനവണ്ടി ബ്ലോഗ് വടക്കൻ കേരളത്തിൽ മീറ്റ് നടത്തണം എന്ന മലബാറിലെ സുഹൃത്തുക്കളുടെ കാലങ്ങളായിട്ടുള്ള ആഗ്രഹമാണ് ഈ അവസരത്തിൽ സാക്ഷാത്കരിക്കുന്നത്.

മാർച്ച് മൂന്നിന് രാവിലെ എട്ടു മണിക്ക് കണ്ണൂരിൽ നിന്നും ആനവണ്ടിയിൽ കയറി അതിമനോഹരമായ പൈതൽമലയിലേക്കാണ് ഇത്തവണത്തെ ആനവണ്ടി യാത്ര. കണ്ണൂരിൽ നിന്നും ഏകദേശം അറുപത് കിലോമീറ്റർ അകലെ കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പൈതൽമലയിലേക്ക് കെഎസ്ആർടിസി ബസ്സിൽ ഒരു കിടിലൻ ട്രിപ്പ് ആഗ്രഹിക്കാത്തവർ ആരെങ്കിലും ഉണ്ടാകുമോ?

രാവിലെ എട്ടു മണിക്ക് പുറപ്പെട്ടാൽ പത്തരയോട് കൂടി പൈതൽമലയിൽ എത്തുകയും അവിടെ ഒരു മണിക്കൂറോളം ചിലവഴിച്ചതിനു ശേഷം ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി തിരിച്ചു കണ്ണൂർ ഡിപ്പോയിൽ എത്തുക എന്ന രീതിയിൽ ആണ് പരിപാടി പ്ലാൻ ചെയ്തിരിക്കുന്നത്. തിരിച്ചു വന്നതിന് ശേഷം കെഎസ്ആർടിസിയുടെ ഏറ്റവും പഴക്കമുള്ള സർവീസ് ആയ കണ്ണൂർ ഡീലക്‌സിനെ ആദരിച്ചു കൊണ്ട് ഒരു പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.

കഴിഞ്ഞ വർഷം കുമളിയിൽ നടത്തിയ മീറ്റിൽ കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നും ആനവണ്ടി പ്രേമികൾ എത്തിയ പോലെ ഈ വർഷം എല്ലാവരും കണ്ണൂരിൽ എത്തും എന്നു വിശ്വസിക്കുന്നു. അപ്പൊ എല്ലാവരും മാർച്ച് മൂന്നിന് നിങ്ങളുടെ കലണ്ടർ ബ്ലോക്ക് ചെയ്യുക. മാർച്ച് മൂന്ന് ഞായറാഴ്ച്ചയും അടുത്ത ദിവസം ശിവരാത്രി പബ്ലിക്ക് ഹോളിഡേയും ആണ്. അതുകൊണ്ട് എല്ലാവരും വരിക, നമുക്ക് അടിച്ചു പൊളിക്കാം..