3 കെഎസ്ആർടിസി ബസ്സുകൾ… 150 ൽപ്പരം ആളുകൾ… കുട്ടനാട്ടിൽ ചരിത്രം തീർത്ത് ആനവണ്ടി മീറ്റ്

2019 ജൂലൈ 7, കുട്ടനാട്ടിലെ പാടവരമ്പത്തു കൂടിയുള്ള റോഡിലൂടെ കെഎസ്ആർടിസിയുടെ മൂന്നു പുത്തൻ ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾ പോകുന്നതു കണ്ടവരെല്ലാം ആദ്യം ഒന്നമ്പരന്നു. പിന്നെയാണ് കാര്യം മനസ്സിലായത്, കെഎസ്ആർടിസി പ്രേമികളുടെ കൂട്ടായ്‌മയായ ആനവണ്ടി ബ്ലോഗ് സംഘടിപ്പിച്ച മൺസൂൺ മീറ്റ് യാത്രയായിരുന്നു അത്.

പമ്പ, ബെംഗളൂരു, അതിരപ്പിള്ളി, കുമളി, കണ്ണൂർ മീറ്റുകൾക്കു ശേഷമാണ് 2019 ജൂലായ് ഏഴാം തീയതി ആലപ്പുഴയിൽ ‘മൺസൂൺ മീറ്റ്’ എന്ന പേരിൽ ഒത്തുചേരലും ബസ് യാത്രയും ഒക്കെ സംഘടിപ്പിച്ചത്. കഴിഞ്ഞ പ്രാവശ്യത്തെ കണ്ണൂർ മീറ്റിൽ 107 ഓളം ആളുകളായിരുന്നു പങ്കെടുത്തിരുന്നതെങ്കിൽ, ഇത്തവണ അത് 150 ആയി. മൂന്നു കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സുകളാണ് യാത്രയ്ക്കായി വാടകയ്ക്ക് എടുത്തത്. അതും പുതിയ കൊണ്ടോടി നിർമ്മിത ബസ്സുകൾ..

രാവിലെ എട്ടുമണിയോടെ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും, ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ആളുകൾ മീറ്റിൽ പങ്കെടുക്കുവാനായി ആലപ്പുഴ ഡിപ്പോയിൽ എത്തിച്ചേർന്നു. മൂന്നു ബസ്സുകളും എല്ലാവരും ചേർന്ന് ബലൂണുകളും, തോരണങ്ങളും ഒക്കെയായി അലങ്കരിക്കുകയും ചെയ്തു. ആലപ്പുഴ ഡിപ്പോ അധികൃതരുടെ പൂർണപിന്തുണ ഇതിനെല്ലാം ലഭിച്ചിരുന്നു. ഏകദേശം രാവിലെ 9 മണിയോടെ എല്ലാവരും മൂന്നു ബസ്സുകളിലായി യാത്രയാരംഭിച്ചു. അങ്ങനെ ആനവണ്ടി ബ്ലോഗിന്റെ കുട്ടനാടൻ മൺസൂൺ യാത്ര ആരംഭിക്കുകയായിരുന്നു…

വീഡിയോ കാണാം…

ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും തുടങ്ങിയ യാത്ര കൈനകരി, പൂപ്പള്ളി, ചമ്പക്കുളം, കിടങ്ങറ – മുട്ടാർ വഴിയൊക്കെയായിരുന്നു കടന്നു പോയത്. യാത്രയ്ക്കിടയിൽ മനോഹരമായ സ്ഥലങ്ങളിൽ ചിലയിടത്തൊക്കെ വണ്ടികൾ നിർത്തി ഫോട്ടോകളെടുക്കുവാനും കാഴ്ചകൾ ആസ്വദിക്കുവാനും എല്ലാവരും സമയം കണ്ടെത്തി. പിന്നീട് ചക്കുളത്തുകാവ് വഴി എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ എത്തുകയും അവിടെ വെച്ച് നടന്ന കാര്യപരിപാടിയിൽ വെച്ച് മീറ്റിനു വന്ന ബസ്സിലെ ജീവനക്കാർ, കെഎസ്ആർടിസി കണ്ടക്ടറും ലഹരിവിരുദ്ധ പ്രവർത്തകനുമായ ഷെഫീഖ് എന്നിവരെ പൊന്നാട അണിയിച്ചുകൊണ്ട് ആദരിക്കുകയുണ്ടായി. അതിനുശേഷം മീറ്റിനു വന്ന അംഗങ്ങൾ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.

എടത്വയിലെ പരിപാടികൾക്ക്‌ ശേഷം ഉച്ചയോടെ സംഘം ഉച്ചഭക്ഷണത്തിനായി നീങ്ങി. തകഴിയിൽ സ്ഥിതി ചെയ്യുന്ന ഈറ്റ് ഇല്ലം റെസ്റ്റോറന്റിൽ ആയിരുന്നു എല്ലാവർക്കും കുട്ടനാടൻ സ്പെഷ്യൽ മീൻകറി ഉൾപ്പെടെയുള്ള ഊണ് ഒരുക്കിയിരുന്നത്. ഊണ് കഴിച്ചതിനു ശേഷം അമ്പലപ്പുഴ വഴി തിരികെ ആലപ്പുഴ ഡിപ്പോയിൽ വൈകുന്നേരത്തോടെ എല്ലാവരും തിരിച്ചെത്തുകയും മീറ്റിനു പരിസമാപ്തി കുറിക്കുകയും ചെയ്തു. മൺസൂൺ മീറ്റ് എന്നായിരുന്നു പേരെങ്കിലും യാത്രയ്ക്കിടയിൽ മഴ ഒട്ടും ഉണ്ടായിരുന്നില്ല. പക്ഷേ, അമ്പലപ്പുഴയിൽ നിന്നും ആലപ്പുഴയിലേക്കുള്ള യാത്രയ്ക്കിടെ മഴ കനിഞ്ഞു തുടങ്ങി. മൂന്നു ബസ്സുകളും ആലപ്പുഴ ഡിപ്പോയിൽ തിരിച്ചെത്തിയപ്പോൾ കയ്യടിയോടെ സ്വീകരിച്ചത് മഴയുടെ രൂപത്തിൽ പ്രകൃതി തന്നെയായിരുന്നു.

ഒരു ബസ് 10500 രൂപ + 18% ജിഎസ്ടി എന്ന നിരക്കിലായിരുന്നു കെഎസ്ആർടിസിയിൽ നിന്നും വാടകയ്ക്ക് എടുത്തത്. മീറ്റിൽ പങ്കെടുക്കുവാനായി ഒരാൾക്ക് 300 രൂപയായിരുന്നു ഫീസ് ഈടാക്കിയത്. ഊണ് ഉൾപ്പെടെയുള്ള ചാർജ്‌ജാണിത്. എന്തായാലും ഓരോ തവണ ആനവണ്ടി ബ്ലോഗ് മീറ്റ് നടത്തുമ്പോഴും ആളുകൾ കൂടിക്കൂടി വരുന്ന പ്രവണതയാണ് കാണുന്നത്.

ആനവണ്ടി ബ്ലോഗിന്റെ അമരക്കാരനായ വ്‌ളോഗർ സുജിത്ത് ഭക്തൻ INB ട്രിപ്പിന്റെ തിരക്കിലായിരുന്നതിനാൽ ഇത്തവണത്തെ മീറ്റിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. ഇത്തവണ മീറ്റിൽ വന്നവർ അടുത്ത തവണയും ഉറപ്പായും മീറ്റിൽ പങ്കെടുക്കുമെന്ന് ഒരേ സ്വരത്തിൽ പറയുന്നു. ഏറ്റവും പ്രായംകുറഞ്ഞ ആനവണ്ടി പ്രേമിയായ രണ്ടര വയസ്സുകാരൻ സഹ്യൻ മുതൽ പ്രായമുള്ളവർ വരെ ഒരേമനസ്സോടെ യാത്രയും ഒത്തുചേരലും ആസ്വദിച്ചു എന്നത് ഈ കൂട്ടായ്മയുടെ വിജയം തന്നെയാണ്. അടുത്ത ആനവണ്ടി മീറ്റിനായി എല്ലാവരും കാത്തിരിക്കുകയാണ്…