‘റാന്നിയുടെ റാണി’യിൽ കൂട്ടുകാരെത്തി; ആനവണ്ടികൾ അണിനിരന്നൊരു അടിപൊളി കല്ല്യാണം

വിവാഹത്തിന് ടൂറിസ്റ്റ് ബസ്സുകൾ മാത്രം വാടകയ്ക്ക് വിളിക്കുന്നത് ഇന്നൊരു ഔട്ട് ഓഫ് ഫാഷൻ ആയി മാറിയതു പോലെയാണ്. കുറ്റം പറയുകയല്ല കേട്ടൊ, ഇന്ന് മിക്ക വിവാഹങ്ങൾക്കും കെഎസ്ആർടിസി ബസ്സുകൾ വാടകയ്ക്ക് എടുക്കുന്നതാണ് ട്രെൻഡ്. നിരവധി വിവാഹങ്ങൾ ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വൈറലായിട്ടുണ്ട്. അത്തരത്തിൽ വൈറലായ ഒരു വിവാഹത്തിൻ്റെ വിശേഷങ്ങളാണ് ഇനി പറയുവാൻ പോകുന്നത്.

വെൺകുറിഞ്ഞി ഇലവുങ്കൽ സുകുമാരന്റെയും രമണിയുടെയും മകനായ അഖിലിന്റെയും, ചിറക്കടവ് കിഴക്കുംഭാഗം കരിക്കാട്ടത്തുവയലിൽ പി വി ദാസിന്റെയും ഗായത്രിയുടെയും മകൾ ഉണ്ണിമായയുടെയും വിവാഹത്തിനാണ് വീണ്ടും ആനവണ്ടികൾ ശ്രദ്ധാകേന്ദ്രമായി മാറിയത്. അഖിലിന്റെ വിവാഹത്തിൽ പങ്കെടുക്കുവാൻ എത്തിയ വീട്ടുകാരും, ബന്ധുക്കളും, നാട്ടുകാരുമെല്ലാം സഞ്ചരിച്ചതും കെഎസ്ആർടിസി ബസ്സിൽ തന്നെ. വിവാഹ ആവശ്യത്തിനായി മൂന്നു കെഎസ്ആർടിസി ബസ്സുകൾ ആയിരുന്നു അഖിൽ ബുക്ക് ചെയ്തിരുന്നത്.

ഇപ്പോൾ ബഹ്‌റൈനിൽ ജോലി ചെയ്യുന്ന അഖിൽ മുൻപ് താൻ എറണാകുളത്തു ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ആങ്ങമൂഴി -എറണാകുളം വൈറ്റില ഹബ്ബ് റൂട്ടിൽ സർവ്വീസ് നടത്തുന്ന RPC 144 എന്ന കെഎസ്ആർടിസി ബസ്സും, അതിലെ ജീവനക്കാരും, സ്ഥിര യാത്രക്കാരുമൊക്കെയായി ചങ്ങാത്തത്തിലാകുന്നത്. ബസ്സിലെ സ്ഥിര യാത്രക്കാരെല്ലാം ചേർന്ന് ഒരു വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിക്കുകയും അഖിൽ അതിൽ അംഗമാകുകയും ചെയ്തു. ബസ് പുറപ്പെടുന്നതു മുതൽ യാത്രക്കാർ ഓരോരുത്തരായി ബസ്സിന്റെ ലൈവ് ലൊക്കേഷൻ ഗ്രൂപ്പിൽ ഷെയർ ചെയ്യും. കൂടാതെ നിരവധി സാമൂഹിക സേവന പരിപാടികളും ഈ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തി വരുന്നുണ്ട്.

ഒടുവിൽ ബഹ്‌റൈനിൽ ജോലി ലഭിച്ചു അവിടേക്ക് പോയെങ്കിലും അഖിൽ ഗ്രൂപ്പിൽ തുടർന്നു. അങ്ങനെയിരിക്കെയാണ് അഖിലിന്റെ വിവാഹം നിശ്ചയിക്കുന്നത്. വാട്സ്ആപ്പ് കൂട്ടായ്മയിലെ സുഹൃത്തുക്കളെയെല്ലാം അഖിൽ വിവാഹത്തിനു ക്ഷണിക്കുകയുമുണ്ടായി. കൂട്ടായ്മയിലെ അംഗങ്ങൾ തന്നെയാണ് വിവാഹത്തിനു കെഎസ്ആർടിസി ബസ് വാടകയ്ക്ക് എടുക്കണമെന്ന ഐഡിയ അഖിലിനോട് പങ്കുവെയ്ക്കുന്നത്. സുഹൃത്തുക്കൾ തന്നെ മുൻകൈയെടുത്ത് ഡിപ്പോ അധികൃതരെ നേരിൽക്കണ്ട്, പ്രത്യേകം അഭ്യർത്ഥന നടത്തിയതോടെ RPC 144 എന്ന അവരുടെ സ്വന്തം യാത്രാ ബസ് വിവാഹത്തിനു വിട്ടുനൽകുവാൻ ഡിപ്പോയിൽ നിന്നും അനുമതി ലഭിച്ചു.

ഒടുവിൽ അഖിലിന്റെ ആഗ്രഹപ്രകാരം റാന്നി ഡിപ്പോയിലെ RPC 144 ബസ്സും അതിലെ തന്റെ പ്രിയപ്പെട്ട യാത്രക്കാരും, ജീവനക്കാരുമെല്ലാം ആ ബസ്സിൽ കയറിത്തന്നെ വിവാഹത്തിൽ പങ്കെടുക്കുവാനായി എത്തി. തീർന്നില്ല, അഖിലിന്റെ കെഎസ്ആർടിസി ബസ്സിനോടുള്ള പ്രണയം. അഖിലിന്റെ വിവാഹത്തിൽ പങ്കെടുക്കുവാൻ എത്തിയ വീട്ടുകാരും, ബന്ധുക്കളും, നാട്ടുകാരുമെല്ലാം സഞ്ചരിച്ചതും കെഎസ്ആർടിസി ബസ്സിൽ തന്നെ. വിവാഹ ആവശ്യത്തിനായി മറ്റു രണ്ടു കെഎസ്ആർടിസി ബസ്സുകൾ കൂടി അഖിൽ ബുക്ക് ചെയ്തിരുന്നു. വരന്റെ കാർ മാത്രമായിരുന്നു കെഎസ്ആർടിസി ബസ്സുകളെക്കൂടാതെ ആകെക്കൂടി വിവാഹത്തിൽ പങ്കെടുത്ത മറ്റൊരു വാഹനം.

മൂന്നു കെഎസ്ആർടിസി ബസ്സുകളുമായി വന്ന് അഖിൽ ഉണ്ണിമായയുടെ കഴുത്തിൽ താലി ചാർത്തിയപ്പോൾ അത് കെഎസ്ആർടിസി ജീവനക്കാർക്കും, യാത്രക്കാർക്കും, സുഹൃത്തുക്കൾക്കുമെല്ലാം അഭിമാനത്തിന്റെ നിമിഷങ്ങളായി മാറി. വിവാഹശേഷം വധുവിനൊപ്പം തങ്ങളുടെ പ്രിയപ്പെട്ട RPC 144 എന്ന ബസ്സിനൊപ്പം നിന്ന് ചിത്രങ്ങളെടുക്കുവാനും അഖിൽ മറന്നില്ല. അങ്ങനെ അഖിലിന്റെയും ഉണ്ണിമായയുടെയും വിവാഹം ഒരു ഉത്സവമായി മാറുകയായിരുന്നു.

കെഎസ്ആർടിസി ബസ്സുകൾ നഷ്ടത്തിലാണ്, പാട്ട ബസ്സുകളാണ്, കാണാൻ കൊള്ളില്ല എന്നൊക്കെ വിരോധികൾ പറഞ്ഞു പരത്തുമെങ്കിലും ആ ബസ്സുകളോട് മനസ്സിൽ ഇഷ്ടമുള്ളവരാണ് മലയാളികളിൽ ഭൂരിഭാഗവും. ബസ് ജീവനക്കാരും യാത്രക്കാരുമെല്ലാം ഒന്നിച്ചു സൗഹൃദത്തോടെ മുന്നോട്ടു പോകുകയാണെങ്കിൽ കെഎസ്ആർടിസി സർവ്വീസുകളെല്ലാം തന്നെ ലാഭത്തിലാകും എന്നുറപ്പാണ്. അതിനു ഏറ്റവും വലിയ ഒരുദാഹരണമാണ് വെറും 4000 രൂപ മാത്രം ദിവസ വരുമാനമുണ്ടായിരുന്ന RPC 144 എന്ന ബസ്സിനു, യാത്രക്കാരും ജീവനക്കാരുമടങ്ങുന്ന സൗഹൃദ കൂട്ടായ്മയുടെ പ്രയത്‌നത്താൽ 12000 രൂപയോളം ദിവസ വരുമാനം ലഭിക്കുവാൻ തുടങ്ങിയത്.