ശരിക്കും ഒരു എസ്‌കേപ്പ് യാത്ര… ഒരു രക്ഷപെടൽ !!

എഴുത്ത് – Geego V Thomas.

കൊറോണ കേരളത്തിൽ പിടി മുറുക്കി തുടങ്ങിയപ്പോൾ ഞാൻ മറ്റൊരു യാത്രയുടെ ഭാഗമായി മുംബൈയിൽ ആയിരുന്നു. അവിടെ നിന്നും ജനത കർഫ്യുവിന്റെ തലേ ദിവസം കേരളത്തിലേക്കുള്ള രക്ഷപെടലിനെപ്പറ്റിയാണ് എഴുത്ത്.

മുംബൈ നഗരം ഒരു പരിധി വരെ അടഞ്ഞു കിടക്കുന്നു. അന്ധേരിയും ജൂഹുവും ഒക്കെ കടകൾ ഒട്ടുമിക്കതും അടഞ്ഞു തന്നെ കിടക്കുന്നു. CSTയിലും പുറമെ കടകൾ ഒന്നും തന്നെയില്ല. ജീവിതത്തിൽ ആദ്യമായി മുംബൈ ലോക്കൽ ട്രെയിനുകൾ ആളില്ലാതെ ഓടുന്നു. മുംബൈ മുംബൈ അല്ലാതെ ആയപോലെ.

എന്തായാലും കേരളത്തിലേക്ക് തിരികെ വരാൻ തീരുമാനിച്ചു. ഏതാണ് അടുത്ത ട്രെയിൻ എന്ന് നോക്കിയപ്പോൾ കൊച്ചുവേളി SF ഉണ്ടെന്ന് കണ്ടു. ടികെറ്റ് റിസേർവ് ചെയ്യാൻ നോക്കിയപ്പോൾ ആ വണ്ടി ക്യാൻസൽ. പിന്നെ നമ്മുടെ നേത്രവതി. എന്തായാലും സീറ്റ് കൺഫേം ആയി. അന്ധേരി നിന്നും ലോക്കൽ ട്രെയിനിൽ കണക്ട് ചെയ്തും ഓട്ടോ വിളിച്ചും ഒക്കെ മുംബൈ LTT സ്റ്റേഷനിൽ എത്തി. സ്റ്റേഷന്റെ ഉള്ളിലെ തിരക്ക് കണ്ട് കിളി പോയി എന്ന് പറയുന്നതാവും ശരി. നോർത്ത് ഈസ്റ്റ്‌, സൗത്ത് ഇന്ത്യ യാത്രക്കാർ ടികെറ്റ് ബുക്ക് ചെയ്തവരും ചെയ്യാത്തവരും ഒക്കെ ആയി സ്റ്റേഷൻ നിറഞ്ഞിരിക്കുന്നു.

പോലീസ് നന്നായി കഷ്ടപെടുന്നുണ്ട് നിയന്ത്രിക്കാൻ. ടികെറ്റ് റിസേർവ് ചെയ്തിരുന്നകൊണ്ട് നേരെ സീറ്റു കണ്ടു പുടിച്ചു കേറി ഇരുന്നു. തൊട്ടടുത്തു ഗുവാഹത്തി പോകുന്ന ട്രയിനിലെ തിരക്ക് കണ്ട് കണ്ണ് തള്ളി. അങ്ങനെ സീറ്റൊക്കെ സെറ്റ് ആക്കിയിട്ട് പുറത്തിറങ്ങി, പിറ്റേ ദിവസം രാവിലെ കഴിക്കാനായി ബണ്ണും ജ്യാമും വാങ്ങി സെറ്റ് ആക്കി. അങ്ങനെ ട്രെയിൻ പതിയെ നീങ്ങി. പനവേൽ ആയപോളെക്കും ബോഗി നിറയെ ആളായി. എല്ലാവരുടെയും കയ്യിൽ വലിയ സാനിറ്റയിസർ കുപ്പികളും മാസ്കുകളും. മൊത്തത്തിൽ ഒരു ആശുപത്രി ഫീൽ ആണ് കോച്ചിനുള്ളിൽ.

അങ്ങനെ വണ്ടി ഖേടും ചിപ്ലൂനും ഒക്കെ പാസ് ചെയ്ത് ഏകദേശം 2 മണിക്കൂർ ലേറ്റ് ആയി രത്‌നഗിരി എത്തി. നാളെ എറണാകുളം എത്തുമ്പോൾ എന്താവും എന്ന ടെൻഷൻ ആണ് മനസ് നിറയെ. ട്രെയിൻ യാത്രയിലൂടെ കോവിഡ് ബാധിതനാകുമോ, ഹോം കൊറന്റീനിൽ പോകണോ, ജനത കർഫ്യുനു ഫുഡ് കിട്ടുമോ എന്നൊക്കെയുള്ള ടെൻഷൻ മനസിനെ അലട്ടി.

ഇടക്കുള്ള സ്റ്റേഷനുകളിൽ ഒന്നും ട്രെയിനിൽ കയറി സ്നാക്സ് വിൽക്കുന്നവരെ പോലും കാണാനില്ല. രന്ത്നഗിരി നിന്നും പഴവര്ഗങ്ങള് മേടിച്ചു സ്റ്റോക്ക് ചെയ്യാമെന്നായി പ്ലാൻ. പക്ഷെ അതും പൊളിഞ്ഞു. രത്നഗിരിയിലെ ഒട്ടുമിക്ക ഫ്രൂട് സ്റ്റാളുകളും അടച്ചിരിക്കുന്നു. ആ പ്രതീക്ഷയും പോയി. നേരെ പാൻട്രിയിൽ പോയി ഊണ് ഓർഡർ ചെയ്തു. 9 മണി ആവുമ്പോൾ ഫുഡ് സീറ്റിൽ എത്തിക്കാമെന്ന് ഉറപ്പും കിട്ടി.

അങ്ങനെ വീണ്ടും ട്രെയിൻ നീങ്ങി തുടങ്ങി. പാൻട്രിയിൽ ഓർഡർ ചെയ്ത ഭക്ഷണം വന്നു. ചോറും തൈരും സാമ്പാറും അച്ചാറും ഉണ്ടായിരുന്നു. അത് കഴിച്ചു. അപ്പോളേക്കും തിവിം ആയി. ഗോവ എത്തിയല്ലോ, ലക്ഷ്യ സ്ഥാനത്തേക്കുള്ള ദൂരം കുറയുന്നല്ലോ എന്നൊക്കെ സന്തോഷത്തിൽ ഇരിക്കുമ്പോളാണ് പൊടുന്നനെ ആ ന്യൂസ് അറിയുന്നത്. തൊട്ടടുത്ത കോച്ചിലെ ഒരാൾക്ക് പനിയും അസ്വസ്ഥതയും. അയാൾ ഗൾഫിൽ നിന്നും മുംബൈ വന്ന് അവിടെ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്തതാണ്.

അങ്ങനെ കുറെ നേരം തിവിമിൽ പോസ്റ്റ് ആയി. കുറെ കഴിഞ്ഞപ്പോൾ 2 ആരോഗ്യപ്രവർത്തകർ എത്തി ഇദ്ദേഹത്തെ കൂട്ടികൊണ്ട് പോയി. ശേഷം ആ കോച്ചിലെ മുഴുവൻ യാത്രക്കാരെയും വേറെ കോച്ചിലേക്ക് മാറ്റി, ആ കോച് ലോക് ചെയ്ത ശേഷം ട്രെയിൻ യാത്ര തുടർന്നു. അതോടെ മാസ്ക് ധരിക്കാത്തവർ മാസ്ക് ധരിക്കാനും കൈ ഇടക്കിടെ കഴുകാനും തുടങ്ങി. പേടി കൂടി വരുന്നു. ഇന്നത്തെ പോലെ അത്ര അവെയർ അല്ലായിരുന്നു 3 മാസം മുൻപ്.

അങ്ങനെ വണ്ടി മടഗോൺ എത്തി. അടുത്തത് ആ കോച് സാനിറ്റയ്സ്‌ ചെയ്യുന്ന പരുപാടി ആണ്. അങ്ങനെ ആ കോച് വീണ്ടും തുറന്നു. എന്നാൽ ആളുകൾ ആരും സീറ്റിൽ നിന്നും അനങ്ങുന്നില്ല. എല്ലാവരും അല്പം പേടിയിൽ തന്നെയാണ്. ഞാൻ മാസ്ക് ഒന്നുകൂടെ മുറുക്കിയിട്ട് പുറത്തേക്ക് ഇറങ്ങി ഈ സാനിറ്റയിസ് ചെയ്യുന്നത് കണ്ട് നിന്നു. അപ്പോൾ മറ്റൊരു കൊച്ചിലെ പോലീസ് ഉദ്യോഗസ്ഥനും റെയിൽവെ ഉദ്യോഗസ്ഥരുമായി തർക്കം (ഇവരാരും ഡ്യൂട്ടിയിൽ അല്ല, യാത്രക്കാർ ആണ്).

തർക്കം കോച്ച് വിട്ട് പുറത്തേക്കായി. ആളുകൾ കൂടി. അടി വീഴുമെന്ന സ്ഥിതി ആയി. RPF ഇടപെട്ടു എല്ലാവരെയും ഒഴിവാക്കി. അങ്ങനെ വണ്ടി വീണ്ടും യാത്ര തുടർന്നു. 3 മണിക്കൂറിൽ അധികം ലേറ്റ് ആണ് ഇപ്പോൾ തന്നെ. സൈഡ് അപ്പറിൽ കേറി ഉറങ്ങാൻ തീരുമാനിച്ചു. ഒന്ന് മയങ്ങി തുടങ്ങിയപ്പോൾ നമ്മുടെ കോച്ചിൽ നിന്നും ഒച്ചപ്പാട്. എന്നാൽ എന്താണെന്ന് നോക്കണമല്ലോ എന്ന് ചിന്തിച്ചു ഞാൻ താഴെ ഇറങ്ങി.

മുംബൈ നിന്നെ അടിച്ചു പാമ്പായ ഒരാളും കങ്കോണ നിന്നും കേറിയ ഒരു യാത്രക്കാരനും തമ്മിൽ സീറ്റിനെ ചൊല്ലിയുള്ള തർക്കം. ഹിന്ദിയിൽ ആണ് 2 പെരും സംസാരിക്കുന്നത്. അവസാനം അവർ തമ്മിൽ മുറു മുറുപ്പോടെ അഡ്ജസ്റ്റ് ആയി. ഞാൻ വീണ്ടും എന്റെ ബർത്തിലെക്ക് കയറി കിടന്നു. ഇനി വള്ളി ഒന്നും ഉണ്ടാവല്ലേ എന്ന് ചിന്തിച്ചു. കാരണം കഴിഞ്ഞ 5 മണിക്കൂർ ആയി നിറയെ പ്രശ്നങ്ങൾ ആണ് ട്രെയിനിൽ. അങ്ങനെ കാർവാർ എത്തി. കർണാടക ആയി എന്ന സന്തോഷത്തിൽ ഉറങ്ങാൻ തീരുമാനിച്ചു. ഉറങ്ങി.

രാവിലെ എണീറ്റപ്പോൾ ഏകദേശം കണ്ണൂർ കഴിഞ്ഞു. പല്ല് തേച് ചായയും കുടിച്ചു. തലേ ദിവസം സ്റ്റോക് ചെയ്ത ബണ്ണും ജാമും കഴിച്ചു. ആളുകൾ നന്നേ കുറവ്. ഒരു ഹർത്താൽ റെസ്പോണ്സ് പ്രതീക്ഷിച്ച എനിക്ക് ജനത കർഫ്യു കണ്ട് വീണ്ടും കിളി പോയി. ആരും റോഡിൽ ഇല്ല. സ്റ്റേഷൻ എല്ലാം കാലി. കയറാൻ ആരുമില്ല. സ്റ്റേഷനുകൾ എല്ലാം തികഞ്ഞ നിശബ്ദത.

വണ്ടി ഷൊർണൂരും തൃശ്ശൂരും കഴിഞ്ഞപ്പോൾ കോച്ചിൽ ഞാനൊറ്റക്കായി. എറണാകുളം അടുക്കുമ്പോളേക്കും മറ്റൊരു ഭയം കൊറന്റിനിൻ പോകേണ്ടി വരുമോ എന്ന്. എന്തായാലും വണ്ടി എറണാകുളം സ്റ്റേഷൻ എത്തി. ഇറങ്ങുന്ന ആളുകൾ വരി വരി ആയി അകലം പാലിച്ചു നിക്കണം. ഞാനും നിന്നു. ഒരു മാഡം പെരും അഡ്രസ്സും കുറിച്ചെടുത്തു. മറ്റൊരു മാഡം ടെമ്പറേച്ചർ ചെക് ചെയ്തു. എന്നിട്ട് പൊക്കോളാൻ പറഞ്ഞു. പനിയോ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ ഫോണിൽ കോൺടാക്ട് ചെയ്യാനും പറഞ്ഞു.

അങ്ങനെ പുറത്തേക്ക് ഇറങ്ങി. സാധാരണ ഗതിയിൽ ശബ്ദമുഖരിതമായ എറണാകുളം Jn സ്റ്റേഷൻ കാലി ആയി കിടക്കുന്നു. ആളും അനക്കവും ഇല്ല. സുഹൃത്ത് കാറുമായി വന്നു. നേരെ വീട്ടിലെക്ക്. വീട്ടിൽ എത്തിയപ്പോൾ ആണ് ഇന്ത്യൻ റയിൽവേ ഇനിയങ്ങോട്ട് സർവീസ് നിർത്തിയതും രാജ്യമെമ്പാടും ലോക് ഡൌൺ ആവാൻ പോകുന്നതും അറിയുന്നത്. ഈ ഒരു യാത്രക്ക് എന്റെ പിന്നീട് ഇങ്ങോട്ടുള്ള ജീവിതത്തിൽ വലിയ ഇമ്പോർട്ടൻസ് ഉണ്ടായിരുന്നു. ഒരു പക്ഷെ ഈ യാത്ര മുടങ്ങിയിരുന്നെങ്കിൽ ഞാൻ മുംബൈയിൽ മാസങ്ങളോളം കുടുങ്ങി കിടന്നേനെ. അത് കൊണ്ട് തന്നെ ഈ യാത്രയും ഇതിലെ ഓരോ മുഖങ്ങളും പ്രിയപ്പെട്ടതാണ്.