2005 ലെ മറക്കാനാവാത്ത, മുടങ്ങിയ ഒരു ട്രെയിൻ യാത്ര

വിവരണം – ‎Dileep Muthumana‎.

ഈ സംഭവം ഉണ്ടായത് 2005 ൽ ആണ്. പാറ്റ്നയിൽ ജോലി ചെയ്യുന്ന സമയം. പട്നയിൽ നിന്ന് മുന്നൂറ് കിലോമീറ്റര് അപ്പുറത്തു ഉള്ള പൂർണിയ എന്ന സ്‌ഥലത്തെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ main ബ്രാഞ്ചിൽ പുതിയ സെർവർ install ചെയ്യാൻ പോകണം. അന്ന് കോർ ബാങ്കിങ് ഒന്നും തുടങ്ങിയിട്ട് ഇല്ല. പൂർണിയയിൽ ഉള്ള എഞ്ചിനീറിക്ക് ലിനക്സ് ,Oracle ഒന്നും ഇൻസ്റ്റാൾ ചെയ്യാനും അറിയില്ല. പണ്ട് ഒക്കെ ഓരോ ബ്രാഞ്ചിലും ഓരോ സെർവർ ആയിരുന്നു.

ഒരു തിങ്കളാഴ്ച് ആയിരുന്നു നിശ്ചയിച്ചിരുന്ന ഇൻസ്റ്റാളേഷൻ. ബിഹാറിൽ ആ സമയത്തു റോഡുകൾ എന്നത് ഇല്ല. മുപ്പതു കിലോമീറ്റര് യാത്ര ചെയ്യാൻ രണ്ടും മൂന്നും മണിക്കൂർ എടുക്കും. അത് കൊണ്ട് പത്തു കിലോമീറ്റർ അപ്പുറത്തു ഉള്ള സ്ഥലത്തേക്ക് പോലും ട്രെയിനിൽ പോകുക ആണ് പതിവ്.

ഒഫീഷ്യൽ ആയതു കൊണ്ട് 3 AC ടിക്കറ്റ് തന്നെ എടുത്തു. രാത്രി ഒൻപതു മണിക്ക് ആയിരുന്നു ട്രെയിൻ. എട്ടരയ്ക്ക് റെയിൽവേ സ്റ്റേഷനിൽ എത്തി. പിന്നെ ആണ് ട്വിസ്റ്റ്… പൂർണിയ ഭാഗത്തു എന്തോ തിരഞ്ഞെടുപ്പ് നടക്കുന്നു. അവിടേക്കു കുറെ പോലീസുകാർ പോകുന്നുണ്ട്. കുറെ എന്ന് പറഞ്ഞാൽ രണ്ടായിരത്തോളം. അവർക്കു വേണ്ടി തിരഞ്ഞടുപ്പ് കമ്മിഷൻ സ്പെഷ്യൽ വണ്ടി ഒന്നും ഏർപ്പെടുത്തിയിട്ടില്ല. ഈ വണ്ടിയിൽ പോകാൻ ഞങ്ങളോടപ്പം അവരും ഉണ്ടായിരുന്നു.

വണ്ടി വന്ന പാടെ എല്ലാ കംപാർട്മെന്റിലും ഇവന്മാർ ഇരച്ചു കയറി, AC അടക്കം. ഞാൻ കയറിയ AC കംപാർട്മെന്റിൽ നിന്ന് പോലും പോലീസുകാർ വന്നു. ഒരു ദയയും കൂടാതെ എന്നെ ഇറക്കി വിട്ടു. സ്ലീപ്പർ കംപാർട്മെന്റിൽ നിന്ന് പോലീസുകാർ ദേഹോദ്രവം വരെ ഏൽപ്പിച്ചു റിസേർവ് ചെയ്ത യാത്രക്കാരെ പുറത്തു ആക്കുന്നുണ്ടായിരുന്നു. തിരിച്ചു ഇറങ്ങി TT യെ കണ്ടു. നിസ്സഹായൻ ആയ അയാൾ ഒന്നും പറഞ്ഞില്ല. അയാൾക്ക്‌ പോലും കംപാർട്മെന്റിൽ കയറാൻ സാധിക്കില്ല അതാണ് അവസ്ഥ.

മറ്റു യാത്രക്കാർ ബഹളം വെച്ച് ട്രെയിൻ തടഞ്ഞു, പോലീസുകാർ ഇറങ്ങില്ല എന്ന് അവരും. ഞാൻ എന്റെ മാനേജരെ ഫോൺ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം ബസിനു പോകാൻ പറ്റുമോ എന്ന് നോക്കാൻ പറഞ്ഞു. പക്ഷെ അന്നത്തെ റോഡിൻറെ അവസ്ഥ കാരണം ബസ് എല്ലാം വൈകുനേരം അഞ്ചു മണിക്ക് പാട്നയിൽ നിന്ന് പുറപ്പെടും. പിന്നെ ടാക്സി എടുത്തെങ്കിലും പോകാൻ പറഞ്ഞു. പക്ഷെ ടാക്സിക്കാർ ഒന്നും അത്ര ദൂരം വരാൻ തയ്യാറും ആയില്ല.

എന്റെ റീജിയണൽ മാനേജർ റെയിൽവേ സ്റ്റേഷനിൽ എത്തി. എന്തായാലും യാത്ര തുടരാൻ പറ്റില്ല എന്ന് മനസിൽ ആയി. പക്ഷെ മാനേജർ ഭയങ്കര ടെൻഷനിൽ ആയിരുന്നു.
അവസാനം നമ്മൾക്കു പൈസ തിരിച്ചു തരാം എന്നായി. പൈസ തിരിച്ചു തന്നപ്പോഴേക്കും രാവിലെ അഞ്ചു മണി. അത് വരെ പാറ്റ്ന റെയിൽവേ സ്റ്റേഷനിൽ കൊതുകടി കൊണ്ട് ഇരുന്നു.

എന്റെ യാത്ര മുടങ്ങിയതിൻ്റെ നഷ്ടവും വലുതായിരുന്നു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ പട്ന റീജിയണൽ മാനേജർ വളരെ മുന്കോപിയും ശുണ്ഠിക്കാരനായും ആണ്. അദ്ദേഹം എന്റെ കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്തു. കോടിക്കണക്കിനു രൂപയുടെ ഓർഡർ അദ്ദേഹം ക്യാൻസൽ ചെയ്തു. എന്റെ കമ്പനിയുടെ റീജിയണൽ മാനേജർക്ക് ടാർഗറ്റ് ഒപ്പിക്കാൻ പറ്റാത്തതിനാൽ രാജി വെച്ച് പോകേണ്ടി വന്നു.

ആരെയും കുറ്റം പറയാൻ പറ്റില്ല. റെയിൽവേക്കു ടിക്കറ്റിൽ തന്നെ എഴുതിയിട്ട് ഉണ്ട് യാത്ര മുടങ്ങിയാൽ അവർക്ക് ഉത്തരവാദിത്വം ഒന്നും ഇല്ല എന്ന്. എന്തായാലും അതിനു ശേഷം ഞങ്ങളുടെ കമ്പനി കുറച്ചു കൂടി പ്ലാൻ ചെയ്യാൻ തുടങ്ങി. യാത്ര അധികവും ടാക്സിയിൽ ആക്കി. പൈസ കൂടിയാലും കമ്പനിക്ക് നഷ്ടവും വരാൻ പാടില്ല. അത് കഴിഞ്ഞു കുറെ ഓഫീസുകളും കൂടുതൽ ജോലിക്കാരെ, പ്രത്യകിച്ച് കേരളത്തിൽ നിന്ന് എടുത്തു അവരെ വിദൂര സ്ഥലത്തു പോസ്റ്റ് ചെയ്യാൻ തുടങ്ങി.