സമ്പൂർണ മദ്യനിരോധിതമായ മണിപ്പൂരിൽ നാടൻ വാറ്റ് തേടിപ്പോയ കഥ !!!

വിവരണം – അരുൺ കുന്നപ്പള്ളി (NB : യാത്രികൻ മദ്യപാനിയല്ലെന്നു പറയാൻ പറഞ്ഞു).

Andhro: Village of Arrack and Beauty : മണിപ്പൂരിനെ കുറിച്ച് എഴുതുമ്പോള്‍ ഒരിക്കലും വിട്ടുകൂടാതെ ഒരു ഗ്രാമമാണ്‌ ആന്ത്രോ. മണിപ്പൂരില്‍ എത്തിയ അന്ന് കേള്‍ക്കാന്‍ തുടങ്ങിയതാണ്‌ ‘ആന്ത്രോ’ ആന്ത്രോ എന്ന വാക്ക്. എല്ലാ സല്‍ക്കാരങ്ങളിലും ഒഴിച്ചുക്കൂടാത്ത, നന്നായി ഒഴിച്ച് കുടിക്കുന്ന ഒരു പാനീയം. സംബൂര്‍ണ മദ്യനിരോധിത സംസ്ഥനമായ ഒരു പ്രദേശത്ത്, ഒരു തനതു ജീവിത രീതി പിന്തുടരാനുള്ള അവകാശം നേടിയവര്‍. ലളിതമായി പറഞ്ഞാല്‍ ചാരായം വാറ്റാന്‍ അവകാശമുള്ള ഏക ഗ്രാമം. കേട്ട് കേട്ട് തയമ്പിച്ചപ്പോള്‍ അവിടെവരെ ഒന്ന് പോകാന്‍ തന്നെ തീരുമാനിച്ചു. ഇംഫാല്‍ പട്ടണത്തില്‍നിന്ന് 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം. അങ്ങോട്ടുള്ള വഴി കണ്ടുപിടിക്കാന്‍ അധികം ബുദ്ധിമുട്ടെണ്ടതില്ല. ആരോട് ചോദിച്ചാലും പറഞ്ഞു തരും. അത്രയ്ക്ക് ഫേമസ് ആണ്.

പെട്ടന്ന് വീണു കിട്ടിയ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ഞാനും റാഷിദ്‌ഉം യാത്ര പുറപ്പെട്ടു. നമ്മുടെ നാടിനെ പോലുള്ള നെല്‍ വയലുകളും ചെറിയ കുന്നുകളും താണ്ടി ഒരരമണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍ ആന്ത്രോ ഗ്രാമം എത്തി. മനസ്സില്‍ കരുതിയ ഒരു ഗ്രാമത്തെക്കാള്‍ എത്രയോ സുന്ദരമായിരുന്നു ആന്ത്രോ . പരംഭരഗതമായ രീതിയുലുള്ള വീടുകള്‍,കുഞ്ഞു ഹോട്ടല്‍-ബാറുകള്‍, കുളങ്ങള്‍ പിന്നെ ഇവിടുത്തെ ഏറ്റവും തിരക്ക്കൂടിയ പിക്‌നിക് സ്പോട്ട് ആയ ഒരു പാര്‍ക്കും. പാര്‍ക്കിലൂടെ കുറച്ച് നേരം ചെലവഴിച്ചു ഞാന്‍ ചാരായം വാറ്റുന്ന ഒരു വീട്ടില്‍ കയറി.

വീടിനു മുന്നില്‍ തന്നെ മണ്‍ചട്ടികളും കലങ്ങളും എല്ലാം നിരന്നിരിക്കുന്നു. പൈന്‍ആപ്പിളും നെല്ലുമാണ് കാര്യമായി ഉപയോഗിക്കുനത്. കുറേ നേരം ആ കല കണ്ടുനിന്നു. വാറ്റിന്റെ ക്വാളിറ്റി കാണിച്ചുതരാന്‍ അവിടുത്തെ ചേച്ചിയും ചേട്ടനും ഒത്തിരി demonstrations എല്ലാം നടത്തി. അവിടെ കുറച്ച് വര്‍ത്തമാനം പറഞ്ഞിരുന്നപ്പോഴേക്കും ചേച്ചി ഒരു 5-6 ഐറ്റം സാമ്പിള്‍ നോക്കാന്‍ തന്നു. “അ ആഹൂ..” എന്ത് നല്ല ആതിഥ്യ മര്യാദ . അന്ത്രോ ഗ്രാമത്തിലെ ചാരായം ചെറിയ ബോട്ടിലില്‍ മാത്രമേ കിട്ടൂ. അതും അവിടെ വന്നു വാങ്ങണം.ഇത് മറിച്ചു വില്‍ക്കാനോ, ഒരു തരം Patent right ഉള്ള സാധനം,മ്മടെ തിരുനെല്‍വേലി ഹല്‍വ പോലെ. അവിടെ നിന്ന് രണ്ടു ബോട്ടില്‍ മേടിച്ചു വണ്ടിയില്‍ കിറുങ്ങി കയറി നേരേ ഓര്‍ഗാനിക്പൈന്‍ആപ്പിള്‍ തേടി,കുന്നും മലകളും താണ്ടി യാത്ര തുടര്‍ന്നു.ഇതുവരെ രുചിച്ചിട്ടില്ലാത്ത വിഭവങ്ങള്‍ തേടി.

എന്താണ് വാറ്റ് ? – ഏഷ്യൻ രാജ്യങ്ങളിൽ നിർമ്മിക്കപ്പെടുന്ന വീര്യം കൂടിയ നാടൻ മദ്യമാണ് വാറ്റ് അഥവാ ചാരായം. ഇംഗ്ലീഷ്: Arrack. പഴങ്ങൾ, ശർക്കര (മധുരം) എന്നിവയെ പുളിപ്പിച്ച് (fermentation) സ്വേദനം ചെയ്താണ്‌ ചാരായം പരമ്പരാഗതമായി നിർമ്മിച്ചുപോരുന്നത്. കള്ളിനെ വാറ്റിയും ചാരായം പരമ്പരാഗതരീതിയിൽ നിർമ്മിക്കുന്നുണ്ട്. ഈഥൈൽ ആൽക്കഹോൾ നേർപ്പിച്ചാണ്‌ വ്യാവസായികരീതിയിൽ ചാരായം നിർമ്മിക്കുന്നത്. ഗോവയിൽ‍ നിർമ്മിക്കുന്ന ഫെനി കശുമാങ്ങയിൽ നിന്നുല്പാദിപ്പിക്കുന്ന ചാരായമാണ്. ബ്രസീലിൽ മധുരക്കിഴങ്ങിൽ നിന്ന് വ്യാവസായികാടിസ്ഥാനത്തിൽ ചാരായം (എഥ‍നോൾ)നിർമ്മിക്കുന്നുണ്ട്. അവിടെ ഇത് ഉപയോഗിച്ച് വാഹനങ്ങൾ, വിമാനങ്ങൾ എന്നിവ വരെ പ്രവർത്തിപ്പിക്കുന്നുണ്ട്.

സംസ്കൃത പദമായ സാരക എന്നതിൽ നിന്നാണ് ചാരായം പരിണമിച്ചത്. ഇതിന്റെ അർത്ഥം സത്ത് എന്നാണ്. കന്നഡ ഭാഷയിൽ സാരായ എന്നും തമിഴിൽ ചാരായം എന്നുമാണ്. അറബിയിൽ ഇത് ശരാബ് എന്നാണ്. ഇംഗ്ലീഷ് പേരായ അരാക്ക് എന്ന വാക്ക് വീര്യമുള്ള പാനീയം എന്നർത്ഥമുള്ള അറബിയിലെ ശരാബ് എന്ന പദത്തിൽ നിന്നും ഉടലെടുത്തതാണ്‌. കേരളത്തിൽ വിപുലമായി നിർമ്മാണവും വിപണനവും നടത്തിക്കൊണ്ടിരുന്ന ചാരായത്തിന്‌ 1996 ഏപ്രിൽ 1-ന്‌ മദ്യനിരോധനത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സർക്കാർ നിരോധനം ഏർപ്പെടുത്തി. നിയമസഭാതെരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ്‌ ഈ നിരോധനം നടപ്പാക്കിയത്. എങ്കിലും നിയമവിരുദ്ധമായി ജനങ്ങൾ ചാരായനിർമ്മാണം നടത്തുന്നുണ്ട്.