റോഡിൽ കുണ്ടും കുഴിയും; കോൺട്രാക്ടറെയും എഞ്ചിനീയറെയും ബലമായി യാത്ര ചെയ്യിച്ച് ജനങ്ങൾ

ഇന്ന് നമ്മുടെ നാട്ടുകാർ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് റോഡുകളുടെ ശോചനീയാവസ്ഥ. എവിടെ നോക്കിയാലും വമ്പൻ ഗർത്തങ്ങളുള്ള റോഡുകളാണ്. അതിപ്പോൾ നഗരമായാലും ഗ്രാമപ്രദേശങ്ങളായാലും ശരി, ഈ കാര്യത്തിൽ ഒരു മാറ്റവുമില്ല. പലതരത്തിലുള്ള പ്രതിഷേധങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലം ചെയ്യുന്നതായി തോന്നിയിട്ടില്ല. എന്നാൽ ഈ കാര്യത്തിൽ ഗോവക്കാർ ‘വേറെ ലെവലാണ്’ എന്ന് തെളിയിച്ചിരിക്കുകയാണ്.

നമ്മുടെ നാട്ടിലെപ്പോലെ തന്നെ മോശം റോഡുകൾ മൂലം കഷ്ടപ്പെടുകയാണ് ഗോവക്കാരും. ഗോവ സംസ്ഥാനത്തിന്റെ പല ഭാഗത്തുമുള്ള, പ്രധാനപ്പെട്ട റോഡുകൾ വരെ കുണ്ടും കുഴിയും നിറഞ്ഞു മോശമായ അവസ്ഥയിലാണ്. ഇതിൽ ക്ഷുഭിതരായി സഹികെട്ട് ഒരു കൂട്ടമാളുകൾ ചേർന്ന് നടത്തിയ പ്രതിഷേധം വളരെ വ്യത്യസ്തമാണ്. റോഡ് മോശമായതിനു ഉത്തരവാദികളായ പി.ഡബ്ള്യു.ഡി. എൻജിനീയറെയും റോഡ് പണിത കോൺട്രാക്ടറെയും കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യിച്ചാണ് ഇവർ പ്രതിഷേധിച്ചത്.

സംഭവം ഇങ്ങനെ – റോഡുകളുടെ മോശം അവസ്ഥ കണ്ടിട്ടും കാണാതെ നടിക്കുകയായിരുന്ന PWD അധികൃതർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ PWD ഓഫീസിലെത്തി. ഇതോടെ PWD എൻജിനീയർ റോഡ് പണിത കോൺട്രാക്ടറെ വിളിച്ചു വരുത്തുകയായിരുന്നു. കോൺട്രാക്ടർ വന്നതോടെ റോഡ് പുതുക്കിപ്പണിയുവാൻ ആളുകൾ ആവശ്യപ്പെട്ടു. എന്നാൽ ഇതിനെതിരെ പല കാരണങ്ങളും പറഞ്ഞുകൊണ്ട് പി.ഡബ്ള്യു.ഡി. എൻജിനീയറും കോൺട്രാക്ടറും ആളുകളുടെ ആവശ്യത്തെ എതിർക്കുകയാണുണ്ടായത്. എന്നാൽ ഇതിനു മുൻപും ഇതുപോലെ അനാവശ്യ കാരണങ്ങൾ പറഞ്ഞുകൊണ്ട് റോഡ് പണി മനപ്പൂർവ്വം വൈകിപ്പിച്ചു കൊണ്ടുപോകുകയായിരുന്നു ഇവർ എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. റോഡിന്റെ അവസ്ഥ കാരണം കഴിഞ്ഞയിടയ്ക്ക് ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു രോഗി മരിച്ച വിവരവും നാട്ടുകാർ ഇവരോട് പറഞ്ഞു.

ഒരുതരത്തിലും അധികൃതർ അടുക്കുന്നില്ലെന്നു മനസ്സിലാക്കിയപ്പോൾ അവിടെക്കൂടിയ നാട്ടുകാർ ആ വഴിയിലൂടെ ആംബുലൻസിൽ ഒന്ന് സഞ്ചരിക്കുവാൻ എഞ്ചിനീയറോടും കോൺട്രാക്ടറോടും ആവശ്യപ്പെടുകയാണുണ്ടായത്. ആദ്യമൊക്കെ ഇത് നിരസിച്ചെങ്കിലും ആളുകളുടെ നിര്ബന്ധത്താൽ അവർ അതിനു തയ്യാറാക്കുകയായിരുന്നു. അങ്ങനെ ഒരു ആംബുലൻസിൽ ഇവരെയും കൊണ്ട് നാട്ടുകാർ അവിടത്തെ മോശം റോഡുകളിലൂടെ പ്രദക്ഷിണമാരംഭിച്ചു. കോൺട്രാക്ടറെ (ഒരു രോഗിയെന്നപോലെ) ആംബുലൻസിൽ കിടത്തിയും, എൻജിനീയറെ ഇരുത്തിയുമായിരുന്നു യാത്ര.

റോഡിലെ വലിയ കുഴികളിലെല്ലാം ചാടിച്ചാടിയുള്ള ആ യാത്ര ഇരുവരും ശരിക്ക് അനുഭവിച്ചു കഷ്ടപ്പെട്ടു. അവസാനം പ്രദക്ഷിണമെല്ലാം കഴിഞ്ഞു തിരികെയെത്തിയപ്പോൾ യാത്രയെക്കുറിച്ചുള്ള ഇരുവരുടെയും ഫീഡ്ബാക്ക് നാട്ടുകാർ ചോദിച്ചു. വളരെ വേദനാജനകമായ അനുഭവമായിരുന്നു മോശം വഴിയിലൂടെയുള്ള യാത്രയെന്ന് കോൺട്രാക്ടറും എൻജിനീയറും അഭിപ്രായപ്പെട്ടു. എത്രയും പെട്ടെന്ന് റോഡ് ശരിയാക്കുവാൻ വേണ്ട നടപടികൾ എടുക്കുമെന്ന് ഇരുവരും ഉറപ്പു നൽകിയതിനെത്തുടർന്നാണ് നാട്ടുകാർ പിരിഞ്ഞു പോയത്.

കണ്ടില്ലേ? ഇത്തരത്തിലുള്ള കടുത്ത പ്രതിഷേധങ്ങൾ നമ്മുടെ നാട്ടിലും നടത്തപ്പെടണം. പി.ഡബ്‌ള്യു.ഡി. അധികൃതർ, കോൺട്രാക്ടർ, റോഡ് പണിതയുടനെ വെട്ടിപ്പൊളിക്കുന്ന കേബിളുകാർ, ബിഎസ്എൻഎൽ, വാട്ടർ അതോറിറ്റിക്കാർ എന്നിവരെയും ഇത്തരത്തിൽ മോശം റോഡുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിപ്പിക്കണം. അവരും അറിയണം പൊതുജനം അനുഭവിക്കുന്ന കഷ്ടപ്പാടുകൾ. റോഡുകളുടെ മോശം അവസ്ഥ കാരണം ഇനിയൊരു ജീവൻ പോലും പൊലിയാതിരിക്കട്ടെ…