70 ലധികം വിഭവങ്ങളുമായി.. രുചിയുടെ മഹോത്സവമായി ആറന്മുള വള്ളസദ്യ !!

ആറന്മുള എന്ന പേരു കേള്‍ക്കുമ്പോള്‍ ഏതു മലയാളിയുടെയും മനസ്സില്‍ ആദ്യമെത്തുന്ന രൂപം ആറന്മുള കണ്ണാടിയുടേതും ആറന്മുള വള്ളംകളിയുടെതുമാണ്. എന്നാല്‍ ഇതിലൊന്നും പെടാതെ മാറി നില്‍ക്കുന്ന മറ്റൊന്ന് കൂടിയുണ്ട്. ആറന്മുള വള്ളസദ്യ.

ആറന്മുളയുടെ ലോക പ്രശസ്തമായ രുചി.. ആറന്മുളയുടെ രുചിയോ എന്ന ചോദ്യം ഉന്നയിച്ചേക്കാവുന്നവര്‍ക്ക് വളരെ ലഘുവായ മറുപടിയാണ് ആറന്മുള വള്ളസദ്യ.രുചിവൈവിദ്ധ്യങ്ങളിലൂടെ ലോകത്തെ അമ്പരപ്പിച്ച മലയാള നാടിന്റെ സ്വകാര്യ അഹങ്കാരം. ആറന്മുള സദ്യയിലെ മുപ്പത്തിയാറു വിഭവങ്ങളും കൂടി രുചിയുടെ ഒരുത്സവമാണ് തീര്‍ക്കുന്നത്. ആറന്മുളയിൽ വന്ന് താമസിച്ച് വള്ളത്തിൽ കയറി പോയി വള്ളസദ്യ കഴിക്കുന്നതിനായി വിളിക്കാം: 9847353056

കൃഷ്ണ ഭഗവാന്റെ ജന്മനാള്‍ എന്നു വിശ്വസിക്കപ്പെടുന്ന അഷ്ടമി രോഹിണി നാളിലാണ് വള്ള സദ്യ നടക്കുക.  പമ്പയുടെ കിഴക്കും പടിഞ്ഞാറും കരയിലുള്ള, ഉത്രട്ടാതി വള്ളം കളിയില്‍ പങ്കെടുക്കുന്ന എല്ലാ പള്ളിയോടങ്ങളും രാവിലെ തന്നെ ക്ഷേത്രക്കടവിലെത്തും. ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള വഞ്ചിപ്പാട്ടുകൾ പാടിയാണ് പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ തുഴഞ്ഞ് ആറന്മുള ക്ഷേത്രത്തിലെ വടക്കേ ഗോപുര നടയിലേക്കെത്തുന്നത്.  ക്ഷേത്രക്കടവില്‍ എത്തുന്ന പള്ളിയോടങ്ങളെ ക്ഷേത്ര ഭാരവാഹികള്‍ ദക്ഷിണ നല്‍കി അഷ്ടമംഗല്യത്തോടുകൂടി സ്വീകരിക്കും.

ഇങ്ങനെ സ്വീകരിച്ച് വള്ളത്തിൽ വന്നവരെ ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ച് കൊടിമരച്ചുവട്ടിലേയ്ക്ക് ആനയിച്ചു കൊണ്ടുവരുന്നു. അപ്പോഴും പാട്ടുകാർ‍ വള്ളപ്പാട്ടു പാടിക്കൊണ്ടേയിരിയ്ക്കും. കൊടിമരച്ചുവട്ടിൽ പറയിട്ടിരിയ്ക്കുന്ന സ്ഥലത്ത് എത്തി, വള്ളത്തിൽ കൊണ്ടുവന്ന മുത്തുക്കുട പാട്ടിന്റെ താളത്തിനനുസരിച്ചു് വായുവിലാടുന്ന കാഴ്ച ഒന്ന് കാണേണ്ടതു തന്നെയാണ്. ഇങ്ങനെ കുറച്ചു നേരം തുടർന്നതിനുശേഷം, മുത്തുക്കുട മടക്കി കൊടിമരചുവട്ടിൽ നിറപറയുടെ അടുത്തു വെയ്ക്കുന്നു. കൂടെ വള്ളം തുഴയുന്ന ഒരു തുഴയും ആറന്മുളതേവർക്ക് നടയ്ക്കൽ വെക്കുന്നു.

പിന്നീട് വള്ളപ്പാട്ടും പാടിക്കൊണ്ട് വള്ളസദ്യ ഉണ്ണാൻ‍ ഊട്ടുപുരയിലേയ്ക്ക് പോകുന്നു. ഇത് ഒരുപ്രധാന ചടങ്ങാണ്. വഴിപാടുകാരന്റെ കുടുംബക്കാരൊഴികെ എല്ലാവരും ഒരുമിച്ചാണ് ഉണ്ണാൻ ഇരിയ്ക്കുന്നത്. അതിനുശേഷമേ വീട്ടുകാര് ഊണു കഴിയ്കാറുള്ളു. വള്ളപ്പാട്ടിൽ കൂടി ചോദിയ്ക്കുന്ന വിഭവങ്ങൾ ഉടനടി സദ്യയിൽ വിളമ്പും. ഇങ്ങനെ ഉണ്ടു കഴിയുന്നതുവരെ വളരെ ശ്രദ്ധയോടുകൂടി വിളമ്പിക്കൊണ്ടേയിരിയ്ക്കണം. അതാണ് വള്ളസദ്യയുടെ ഏറ്റവും ആകർഷണവും. ചോദിയ്ക്കുന്നതൊന്നും ഇല്ലയെന്നു പറയാൻ പാടില്ലത്രേ.

വിഭവ സമൃദ്ധമായ ഊണ് ആണ് ആറന്മുള വള്ള സദ്യയുടെപ്രത്യേകത. രുചികളിലെ നാനാ തരങ്ങള്‍ അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് ആറന്മുള വള്ള സദ്യ. ഇത് സസ്യാഹാരങ്ങള്‍ മാത്രം അടങ്ങുന്നതായിരിക്കും. ആറന്മുള ക്ഷേത്ര മതില്‍കെട്ടിനുള്ളില്‍ വെറും മണപ്പുറത്തു പാവപ്പെട്ടവനും പണക്കാരനും ഒരേപോലെ സദ്യക്കായ് ഇരിക്കുന്നു.

ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി ആറന്മുള വള്ള സദ്യയുണ്ണുന്നത്. വിളമ്പുന്നതിനും ഉണ്ണുന്നതിനും ക്രമവും ചിട്ടകളും ഉണ്ട്.ആറന്മുള വള്ള സദ്യ ഉണ്ണുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്. അവയെന്തൊക്കെയെന്നു പറഞ്ഞു തരാം.

നിരത്തിയിട്ട ഇലകളുടെ വരിയിലേക്ക് കടന്നിരുന്നാല്‍ ആദ്യം ഇടത്തെ മൂലയില്‍ വച്ചിരിക്കുന്ന വെള്ളം അല്‍പ്പം കൈകുമ്പിളില്‍ എടുത്ത് ഭഗവാനെ മനസില്‍ ധ്യാനിച്ച് ഇലയും പരിസരവും ശുദ്ധമാക്കുന്നു.

പിന്നീട് ചോറു വിളമ്പുകയായി. വിളമ്പുന്ന ചോറിനെ കൈകൊണ്ട് രണ്ട് സമപകുതികള്‍ ആക്കണം. വലത്തെ പകുതിയിലേക്ക് ആവശ്യമുള്ള പരിപ്പ് വിളമ്പും. പപ്പിടവും പരിപ്പും ചേര്‍ത്ത് ഇളക്കിയ ചോറിലേക്ക് ഒരു തുള്ളി പശുവിന്‍ നെയ് കൂടി ചേര്‍ക്കുമ്പോഴേക്കും രുചി അതിന്റെ പാരമ്യതയില്‍ എത്തുന്നു.

ആദ്യ പകുതി പരിപ്പും പപ്പിടവും, നെയ്യും ചേര്‍ത്ത് ഉണ്ടു തീരുമ്പോഴേക്കും സാമ്പാര്‍ വരികയായി. നീക്കി വച്ചിരിക്കുന്ന ബാക്കി പകുതിയിലേക്ക് സാമ്പാര്‍ പകരുന്നു. സാമ്പാറിനു ശേഷം പായസങ്ങള്‍ വിളമ്പുന്നത് ആറന്മുള വള്ള സദ്യയുടെ മാത്രം പ്രത്യേകതയാണ്. കുറഞ്ഞത് നാലുകൂട്ടം പായസങ്ങളെങ്കിലും ആറന്മുള വള്ള സദ്യയില്‍ കാണും. അടപ്രഥമന്‍ പഴവും (ചിലര്‍ പപ്പടവും)ചേര്‍ത്ത് ആണ് കഴിക്കുക.

പായസം കഴിച്ചു കഴിഞ്ഞാല്‍ വീണ്ടും അല്‍പ്പം ചോറ് വിളമ്പും. അതിലേക്ക് ആദ്യം മോരും, പിന്നീട് പിന്നീട് കാളനും ചേര്‍ത്ത് ഒരു വട്ടം കൂടി ഉണ്ണുന്നു. സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് കഴിഞ്ഞാല്‍ ഇല മുകളില്‍ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന ഭാഗം കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും).

ആറന്മുള വള്ളസദ്യയിലെ വിഭവങ്ങള്‍

1. ചോറ് 2. പരിപ്പ് 3. പപ്പടം 4. നെയ്യ് 5. അവിയല്‍ 6. സാംബാര്‍ 7. തോരന്‍ 8. പച്ചടി 9. കിച്ചടി 10. നാരങ്ങ അച്ചാര്‍ 11. ഇഞ്ചിക്കറി 12. കടുമാങ്ങ 13. ഉപ്പുമാങ്ങ 14. വറുത്ത എരിശ്ശേരി 15. കാളന്‍ 16. ഓലന്‍ 17. രസം 18. ഉറ തൈര് 19. മോര് 20. പ്രഥമന്‍ 21. ഉപ്പേരി 22. കദളിപ്പഴം 23. എള്ളുണ്ട 24. വട 25. ഉണ്ണിയപ്പം 26. കല്‍ക്കണ്ടം 27. ശര്‍ക്കര / പഞ്ചസാര 28. മുന്തിരിങ്ങ 29. കരിമ്പ്‌ 30. മെഴുക്കുപുരട്ടി 31. ചമ്മന്തിപ്പൊടി 32. ചീരത്തോരന്‍ 33. തേന്‍ 34. തകരതോരന്‍ 35. നെല്ലിക്ക അച്ചാര്‍ 36. ഇഞ്ചി തൈര്.

ഇതില്‍ പപ്പടം വലുതും ചെറുതും വേണം.ഉപ്പേരി നാലു കൂട്ടം വേണം.പായസവും നാല് കൂട്ടം ആണ് പതിവ്. അടപ്രഥമന്‍ , ശര്‍ക്കര പായസം, പാല്‍ പായസം , പയര്‍ പായസം. ഇതു കൂടാതെ മടന്തയില തോരന്‍, പഴുത്ത മാങ്ങാക്കറി, പഴം നുറുക്ക് , പാള തൈര് , കിണ്ടി പാല് , വെണ്ണ , ഇവയും കരുതണം. പള്ളിയോടക്കാര്‍ പാട്ട് പാടി ചോദിച്ചാല്‍ ഉടന്‍ നല്‍കാനാണ് ഇവ ക്രമീകരിക്കുക . ഇപ്പോള്‍ ആറന്മുള വള്ള സദ്യയില്‍ 70ലധികം വിഭവങ്ങള്‍ വരെ തയ്യാറാക്കുന്നുണ്ട് എങ്കിലും അടിസ്ഥാന വിഭവങ്ങള്‍ മുപ്പത്തിയാറെണ്ണമാണ്. സദ്യക്കൊപ്പം അമ്പലപ്പുഴയില്‍ നിന്നെത്തിയ പാചക വിദഗ്ദര്‍ തയ്യാറാക്കിയ അമ്പലപ്പുഴ പാല്‍പ്പായസവും ഒരു പ്രധാന ഇനമായി വിളമ്പുന്നു