‘ആറു വാലി’ എന്ന കശ്മീരിലെ മനോഹരമായ ഒരു താഴ്‌വാരത്തിലേക്ക് ഒരു യാത്ര…

കശ്മീരിലെ പഹൽഗം എന്ന ടൗണിൽ നിന്നും ഞങ്ങൾ ‘ആറു വാലി’ എന്ന മനോഹരമായ താഴ്വാരത്തേക്കാണ് യാത്രയായത്. പോകുന്ന വഴിയിൽ ഞങ്ങളുടെ എതിരെ വന്ന പോലീസ് വാഹനം കണ്ടു ഞങ്ങൾ ശരിക്കും ഒന്നു പേടിച്ചു. കാരണം ആ വാഹനത്തിന്റ തുറന്ന റൂഫിലൂടെ തോക്കൊക്കെ പിടിച്ച പോലീസുകാർ നിൽക്കുന്നുണ്ടായിരുന്നു എന്നതു തന്നെ. പക്ഷേ അതിൽ അസ്വാഭാവികതകൾ ഒന്നുംതന്നെയില്ലെന്നും ഇതൊക്കെ അവിടത്തെ പതിവു കാഴ്ചകൾ ആണെന്നും ഞങ്ങളുടെ കൂടെയുണ്ടായിരുന്ന കാശ്മീരി ഗൈഡ് ഷാഫി പറഞ്ഞു.

ഞങ്ങൾ പോകുന്ന വഴിയിൽ ആർമി വാഹനങ്ങളും ടൂറിസ്റ്റുകളുമൊക്കെ ധാരാളം ഉണ്ടായിരുന്നു. മഞ്ഞുകാലത്ത് അവിടെയെല്ലാം മഞ്ഞുവീണ് മൂടിപ്പോകുമെന്നു ഷാഫി പറഞ്ഞു. കശ്മീരിലെ ആളുകളുടെ സൗന്ദര്യം (പ്രത്യേകിച്ച് സ്ത്രീകളുടെ) വളരെ പ്രശസ്തമാണല്ലോ. അതു നേരിട്ട് അനുഭവിച്ചപ്പോളാണ് സത്യമാണെന്നു ശരിക്കും ബോധ്യപ്പെട്ടത്. സൗന്ദര്യത്തോടൊപ്പം നല്ല മനസ്സിന് ഉടമകളുമായിരുന്നു അവരിൽ ഭൂരിഭാഗം ആളുകളും.

പോകുന്ന വഴിയിൽ ഞങ്ങളുടെ ഇടതു വശത്തായി മനോഹരമായ ഒരു ചെറിയ നദി ഒഴുകുന്നുണ്ടായിരുന്നു. നദിക്കരയിൽ ആളുകളൊക്കെ പ്രകൃതിഭംഗി ആസ്വദിക്കുന്നുണ്ടായിരുന്നു. മിക്കവരും ടൂറിസ്റ്റുകൾ ആണ്. ഞങ്ങൾ പോകുന്ന ‘ആറു വാലി’ ധാരാളം സിനിമകളിലൂടെ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ എടുത്തു പറയുകയാണെങ്കിൽ സൽമാൻഖാൻ അഭിനയിച്ച ‘ബജ്‌രംഗി ഭായിജാൻ’ എന്ന സിനിമയിലെ കുറേ സീനുകൾ ആറുവാലിയിൽ ആണത്രേ ഷൂട്ട് ചെയ്തിരിക്കുന്നത്. ആ ചിത്രത്തിൽ നമ്മൾ പാക്കിസ്ഥാൻ ഏരിയകളായി കണ്ട മനോഹരമായ താഴ്വാരങ്ങൾ ഇവിടെ ആയിരുന്നിരിക്കണം.

പോകെപ്പോകെ വഴിയുടെ വീതി കുറഞ്ഞു വന്നിരുന്നു. പക്ഷേ കാഴ്ചകളുടെ സൗന്ദര്യം പതിന്മടങ്ങു വർധിച്ചു കൊണ്ടും ഇരുന്നു. എതിരെ വലിയൊരു വാഹനം വന്നാൽ പണി കിട്ടുന്ന തരത്തിലുള്ളതായിരുന്നു ഞങ്ങൾ സഞ്ചരിച്ചിരുന്ന, മലമടക്കുകളിലൂടെയുള്ള ആ വഴി. അതിലൂടെ ആളുകളെല്ലാം ഹോണടിച്ചു വെറുപ്പിച്ചുകൊണ്ട് വളരെ അശ്രദ്ധയോടെയായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. അത് നമ്മളെപ്പോലുള്ള സഞ്ചാരികൾക്ക് വളരെ അരോചകമായി തോന്നും.

കുറച്ചുകൂടി ചെന്നപ്പോൾ ആ കുഞ്ഞൻ വഴിയിൽ ഒട്ടും പ്രതീക്ഷിക്കാതെ ഒരു ട്രാഫിക് ബ്ലോക്ക്. രണ്ടു വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാൻ കഴിയുന്ന ആ വഴിയിലൂടെ കടന്നു പോകുവാൻ ഞങ്ങൾ നന്നായി കഷ്ടപ്പെട്ടു. ഡ്രൈവ് ചെയ്യുകയായിരുന്ന എമിൽ ഒഴികെ ഞങ്ങളെല്ലാം കാറിൽ നിന്നും ഇറങ്ങി സൈഡ് പറഞ്ഞു കൊടുത്തിരുന്നു. ഇടതു വശത്ത് നല്ല താഴ്ചയാണ്. ഒരു പൊടിക്ക് ഇടത്തേക്ക് വണ്ടി നീങ്ങിയാൽ നേരെ താഴേക്ക് പോകും. ശ്രദ്ധയോടെ, അപകടമൊന്നും കൂടാതെ, മനസ്സാന്നിധ്യം കൈവിടാതെ അതെല്ലാം തരണം ചെയ്ത എമിലിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അങ്ങനെ ഒരു കണക്കിനു ഞങ്ങൾ ആ ബ്ലോക്കിൽ നിന്നും രക്ഷപ്പെട്ടു.

കാശ്മീരിനെ എന്തുകൊണ്ടാണ് ‘ഭൂമിയിലെ സ്വർഗ്ഗം’ എന്നു വിശേഷിപ്പിക്കുന്നത് എന്ന് മനസ്സിലാക്കിത്തരുന്ന കാഴ്ചകൾ ആയിരുന്നു പിന്നീട് അങ്ങോട്ട് ഞങ്ങളെ സ്വാഗതം ചെയ്തത്. ഓരോ ഭാരതീയരും ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ് കശ്മീർ. ഈ സ്വർഗ്ഗത്തിനു വേണ്ടിയാണു പാക്കിസ്ഥാൻ നമ്മളുമായി സ്ഥിരം അടിയുണ്ടാക്കുന്നതും, അവസാനം പണി ഇരന്നു വാങ്ങുന്നതും. എന്തൊക്കെ വന്നാലും കശ്മീർ നമ്മൾ വിട്ടുകൊടുക്കാനേ പാടില്ല.

അങ്ങനെ കിടിലൻ റോഡുകളിലൂടെ സഞ്ചരിച്ചു ഞങ്ങൾ ആറു വാലിയിൽ എത്തിച്ചേർന്നു. അവിടെ ധാരാളം ടൂറിസ്റ്റുകൾ ഉണ്ടായിരുന്നു. കുതിരയുടെ മേൽ കയറി പതിയെ സഞ്ചരിക്കുവാനുള്ള അവസരം അവിടെയുണ്ട്. ഫാമിലിയായി വരുന്നവർ അതൊക്കെ ആസ്വദിക്കുന്ന കാഴ്ചയും ഞങ്ങൾ കണ്ടു. രണ്ടു ദിവസം കൊണ്ടുതന്നെ ഷാഫി ഞങ്ങളുടെ ട്രിപ്പിൽ ഒരംഗമായി മാറിയിരുന്നു. മേഘാലയയിൽ പങ്കജ് ആയിരുന്നുവെങ്കിൽ കാശ്മീരിൽ ഷാഫി, എളുപ്പത്തിൽ ഇങ്ങനെ നിർവ്വചിക്കാം.

ആറു വാലിയിലെ മനോഹാരിത ആസ്വദിച്ചു മതിയാകുന്നതിനു മുൻപേ ഞങ്ങൾക്ക് അവിടെ നിന്നും തിരികെ പോരേണ്ടി വന്നു. ഞങ്ങൾക്കിടയിൽ വില്ലനായത് അവിടത്തെ കാലാവസ്ഥാ മാറ്റങ്ങളായിരുന്നു. അങ്ങനെ ഞങ്ങൾ തിരികെ ശ്രീനഗറിലേക്ക് യാത്രയായി. വന്ന വഴിയിലൂടെ തന്നെ ഒരു തിരിച്ചുപോക്ക്.

തിരികെ ശ്രീനഗറിൽ എത്തിയപ്പോൾ ഹാരിസ് ഇക്കയ്ക്ക് KFC കഴിക്കണം എന്നൊരു പൂതി. അല്ലെങ്കിലും പുള്ളി ഒരു KFC Fan ആണെന്ന് നിങ്ങൾക്കെല്ലാം അറിയാമായിരിക്കും. പണ്ട് മലേഷ്യയിൽ പോയപ്പോൾ ദിവസവും ഞങ്ങളെ രണ്ടു നേരം KFC തീറ്റിച്ച ആളാണ്. ആ വീഡിയോകൾ ഒക്കെ നിങ്ങൾ കണ്ടിട്ടുണ്ടാകും എന്നു വിചാരിക്കുന്നു. കണ്ടവർക്ക് മനസ്സിലാകും. അങ്ങനെ KFC യൊക്കെ കഴിച്ചശേഷം, ഷാഫിയോട് ‘ഗുഡ് നൈറ്റ്’ പറഞ്ഞു ഞങ്ങൾ തിരികെ ഹോട്ടൽ റൂമിലേക്ക് യാത്രയായി.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.