അച്ഛൻ ഓടിക്കുന്ന ബസ് നിയന്ത്രിച്ച കോട്ടയംകാരി പെൺകുട്ടി – വൈറലായ വീഡിയോ..

ഡ്രൈവിങ് പുരുഷന്മാരുടേത് മാത്രമായിരുന്ന ഒരു കാലഘട്ടം നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു. എന്നാൽ ഇന്ന് അതൊക്കെ പൊളിച്ചെഴുതിയിരിക്കുകയാണ് നമ്മുടെ നാട്ടിലെ മിടുക്കികൾ. ഇന്ന് റോഡിൽ ധാരാളം വനിതകൾ വാഹനവുമായി ഇറങ്ങുന്നു. പുരുഷന്മാരേക്കാൾ ശ്രദ്ധയോടെയും ക്ഷമയുടെയും അവർ വാഹനം നിയന്ത്രിക്കുന്നു. സ്‌കൂട്ടർ, കാർ, ഓട്ടോറിക്ഷ തുടങ്ങി ബസ്, ട്രക്ക്, ട്രാക്ടർ എന്നിവയിൽ വരെ എത്തി നിൽക്കുന്നു സ്ത്രീ ഡ്രൈവർമാരുടെ സാന്നിധ്യം.

അനായാസേന ബസ് ഓടിക്കുന്ന ധാരാളം വനിതകളെ നമുക്കറിയാം. അവരിൽ പലരും നമുക്ക് പരിചിതരുമാണ്. ഉദാഹരണത്തിന് കോട്ടയം ജില്ലയിലെ ളാക്കാട്ടൂർ സ്വദേശിനിയായ ആതിര മുരളി. ഇതുപോലെ ഈ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ എല്ലാ ബസ് ഫാനിങ് ഗ്രൂപ്പുകളിലും നിറഞ്ഞു നിന്ന ഒരു വീഡിയോയാണ് മധ്യകേരളത്തിലുള്ള ഒരു പെൺകുട്ടി ബസ് ഓടിക്കുന്നത്. അതെ, ആതിര മുരളിയ്ക്കു ശേഷം അതേ പേരിൽ വീണ്ടും അക്ഷരനഗരിയിൽ നിന്നൊരു പെൺ ഡ്രൈവർ.

ഡ്രൈവർ ആയ കോട്ടയം കുമ്മനം സ്വദേശി മധുവിന്റെയും ഭാര്യ ബിന്ദുവിന്റേയും രണ്ടു മക്കളിൽ മൂത്തവൾ ആതിരയാണ് ഇത്തരത്തിൽ ബസ് ഓടിച്ചു വീഡിയോയിലൂടെ പ്രശസ്തയായത്. പഠനത്തോടൊപ്പം ഡ്രൈവിങ്ങും അറിഞ്ഞിരിക്കണം എന്ന പിതാവിന്റെ നിർബന്ധത്തിൽ 13 ആം വയസിലാണ് ഈ ആതിര ഡ്രൈവിംഗ് പഠിക്കുന്നത്. ആദ്യം കാറിലായിരുന്നു ആതിര കൈവെച്ചത്.

അത് ഒരു തുടക്കമായിരുന്നു. അന്ന് തുടങ്ങിയ ഇഷ്ടം കയ്യിൽ കിട്ടുന്ന ഏതു വാഹനവും ഓടിക്കുന്ന രീതിയിൽ വളർന്നു. 13 വയസിൽ നിന്നും ഇന്ന് 26 വയസെത്തിയപ്പോൾ കാറിൽ നിന്നും അച്ഛൻ ഓടിക്കുന്ന ബസ് വരെ ഓടിക്കുന്ന ലെവൽ വരെ എത്തി ആതിര. ആതിരയുടെ ഡ്രൈവിംഗ് മോഹങ്ങൾക്ക് ചിറക് വിരിച്ചുകൊടുത്തത് അച്ഛൻ മധു തന്നെയാണ്. ആതിരയുടെ ബസ് ഡ്രൈവിംഗ് വീഡിയോ താഴെ കൊടുത്തിരിക്കുന്നു.

വണ്ടിപ്പണി ചെയ്യുന്നവരെ വെറും മോശക്കാരായും സമൂഹത്തിന്റെ താഴെ തട്ടിലുള്ള ആളുകളായും കാണുന്ന പൊതുസമൂഹത്തിനു മുന്നിൽ ഡ്രൈവിങ്ങും വണ്ടിപ്പണിയും എത്രത്തോളം നല്ല തൊഴിൽ ആണെന്നും അതിന്റെ വില നിത്യ ജീവിതത്തിൽ എത്രയും വിലപെട്ടതാണെന്നും മനസിലാക്കി കൊടുക്കുകയാണ് ഈ BSC ഫിസിക്സ് വിദ്യാർത്ഥിനി.

പഠനത്തോടൊപ്പം തന്റെ ഉള്ളിലെ ആഗ്രഹങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന ഭർത്താവ് അനീഷും കുഞ്ഞും അടങ്ങുന്ന കുടുംബത്തോടൊപ്പം കോട്ടയം കാരാപ്പുഴയിൽ കുടുബജീവിതം നയിക്കുകയാണ് ആതിര ഇപ്പോൾ.

വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് ആതിരയ്ക്ക് അഭിനന്ദനമർപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഡ്രൈവിംഗ് രംഗത്തുള്ള ഇത്തരം വനിതാമുന്നേറ്റങ്ങളെ ഒരാൾപോലും നിരുത്സാഹപ്പെടുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.

കടപ്പാട് – ജിജോ ജോസഫ്, കോട്ടയം റൈഡേഴ്‌സ്.