വിവാഹവും, വിവാഹ വാർഷികവും ആനവണ്ടിയോടൊപ്പം

എഴുത്ത് – Baiju B Mangottil.

ആദ്യ വാർഷികം ആനവണ്ടിയും ചില അതിജീവന ചിന്തകൾക്കുമൊപ്പം. ഔദ്യോഗികമായി ഒരുമിച്ചുള്ള യാത്രയ്ക്ക് ഇന്നേക്ക് ഒരു വർഷം പൂർത്തിയാവുന്നു. ആദ്യ വാർഷികത്തിന് ലക്ഷദ്വീപിൽ സ്കൂബാ ഡൈവിങ് ആയിരുന്നു പുള്ളിക്കാരീടെ ഡിമാൻഡ്. അതിനിടയ്ക്ക് വയറിനകത്ത് ഒരാള് കേറി ഡൈവിങ് തുടങ്ങിയത് കൊണ്ട് ആ പദ്ധതി നൈസായിട്ട് അങ്ങട് പാളിപ്പോയി. രക്ഷപെട്ടെന്ന് കരുതി ഇരിക്കുമ്പഴാണ് കൊറോണ കേറിവന്ന് പണിയും തന്ന് വീട്ടിലിരുത്തിയത്.

ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നിൽക്കുമ്പോഴാണ് നമ്മുടെ മുഖ്യ മന്ത്രീടെ വക സൗജന്യ ഉപദേശം, എല്ലാരും തൂമ്പയെടുത്ത് പാടത്തേക്ക് ഇറങ്ങാൻ.. തരിശിൽ പൊന്നു വിളയിക്കാൻ സർക്കാരും ഒപ്പമുണ്ടത്രേ. വെറുതെ ഇരുന്ന് നേരം കളയാതെ ആ പാടത്തോ പറമ്പത്തോ നാല് വിത്ത് കൊണ്ടിട്ടാൽ ചിലവില്ലാണ്ട് ശാപ്പാടെങ്കിലും അടിക്കാന്ന് ചുരുക്കം.

നമ്മുടെ കാര്യത്തിലാണെങ്കി ആനിവേഴ്സറി ആയാലും ആഘോഷമായാലും ആദ്യം ഓടിയെത്തുന്നത് നമ്മടെ ആനവണ്ടി തന്നെയാണ്. ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങളിലൊന്ന് ഞങ്ങൾക്ക് സമ്മാനിച്ച ആ ചുവന്ന കൊമ്പനോട് എന്നും ആരാധന തന്നെയാണ്.

ലോക്ക് ഡൗണ് കാലത്ത് ഒരു പക്ഷെ നമ്മളെപ്പോലെ തന്നെ വല്ലാത്ത പ്രതിസന്ധിയിലൂടെ തന്നെയാണ് ആനവണ്ടി കുടുംബവും കടന്നുപോകുന്നത്. പേരിന് മാത്രം ജില്ലയിൽ ഒതുങ്ങി കൂടുന്ന സർവീസുകൾ യാത്രക്കാർ ഇല്ലാതെ നഷ്ടത്തിൽ ഓടി തളർന്ന വണ്ടികൾ. അവരുടെയൊക്കെ സങ്കടം പറച്ചിലുകൾ. ഇതിനൊക്കെ പരിഹാരം കാണുക എന്നത് നമ്മൾ ഒന്നോ രണ്ടോ പേര് വിചാരിച്ചാൽ നടക്കുന്നതല്ല എന്നറിയാം. എങ്കിലും നമ്മളാൽ ആവും വിധം എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് കരുതിയിരുന്നു.

അപ്പഴാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്ന യുവത്വം കൃഷിയിടങ്ങളിലേക്ക് എന്ന ആശയവും അതിന്റെ മുന്നൊരുക്കങ്ങളുമായി നമ്മളും പാടത്തേക്ക് ഇറങ്ങിതുടങ്ങുന്നത്. പട്ടഞ്ചേരി യൂത്ത് സെന്ററിന്റെ കീഴിൽ നമ്മുടെ പാടത്ത് ഒരു മാതൃകാ കൃഷിത്തോട്ടവും ഒരുക്കാനുള്ള തയ്യാറെടുപ്പും തുടങ്ങീട്ടുണ്ട്. നമ്മൾ കല്യാണത്തിന് കൊടുത്ത വിത്തുകൾ പലതും നല്ല രീതിയിൽ വിളവെടുത്ത നാട്ടിലെ സുഹൃത്തുക്കൾ പലരും ഇത്തവണയും വിത്തിനായി വിളിച്ചിട്ടുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം വിവാഹ ദിവസം അതിഥികൾക്ക് കൊടുത്ത വിത്തിന്റെ പായ്ക്കറ്റുകളും ബ്രോഷറും ഒക്കെ കുറെ പൊടി പിടിച്ച് കിടപ്പുണ്ടായിരുന്നു അതൊക്കെ തട്ടിയെടുത്ത് കുറച്ചു പച്ചക്കറി വിത്തും കൂടെ കൂടുതൽ വാങ്ങി. ഏതാണ്ട് പായ്ക്കിങ് കഴിഞ്ഞു നോക്കീപ്പോ 150 ൽ അധികം ഉണ്ട്.

രാവിലെ നേരത്തെ തന്നെ ചിറ്റൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ ചെന്ന് കാര്യം അവതരിപ്പിച്ചു അവർക്ക് അതിലേറെ ആവേശം പണിയിലാണ്ട് ഇരിപ്പ് തുടങ്ങീട്ട് മാസങ്ങളായി സങ്കടവും പരിഭവവും വേറെയും. തരിശു കിടന്നിരുന്ന ഒരു പറമ്പു കാണിച്ചു തന്ന് എന്തു വേണേലും ആയിക്കോ തങ്ങളുടെ പൂർണ്ണ പിന്തുണയെന്ന് പറഞ്ഞു ATO യും സഹപ്രവർത്തകരും ഒപ്പം കൂടി. എല്ലാവരുടെയും സഹകരണത്തോടെ ഒരു ബഡ്ഡ് തയാറാക്കി കുറെ വിത്തുകളും പാകി കൃഷി വ്യാപിപ്പിക്കാൻ ജീവനക്കാർ തന്നെ മുന്കയ്യെടുക്കാമെന്നു എൽകുകയും ചെയ്തതോടെ പരിപാടി ഉഷാറായി. ചിറ്റൂർ ഡിപ്പോയിലെ ജീവനക്കാർക്ക് അവരുടെ കുടുംബങ്ങളിലേക്ക് ആവശ്യമായ വിത്തു പായ്ക്കറ്റുകളും കൃഷിക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങുന്ന ബ്രോഷറും കൂടെ നൽകി.

അതിനിടയ്ക്ക് വിവരം അറിയിക്കാൻ വിളിച്ച DTO ഉബൈദ് സാറിന് ജില്ലാ ഓഫീസിൽ വിത്ത് കിട്ടാത്തതിന്റെ പരാതി വേറെ. നിലവിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നത്കൊണ്ട് അവിടെ നടാനുള്ള സ്ഥലമില്ലാത്തത് കാരണം അവിടുത്തെ ജീവനക്കാർക്ക് മാത്രം നേരിട്ട് പോയി പായ്ക്കറ്റുകൾ വിതരണം ചെയ്തിരുന്നു. ഈ പ്രതിസന്ധിയിലും നമ്മളെയൊക്കെ ഓർത്ത് ആശംസകൾ അറിയിച്ച ജില്ലാ ഓഫീസിലെ എല്ലാ ജീവനക്കാരോടും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

ബാക്കിയുള്ള വിത്തുകൾ മുഴുവൻ ഞങ്ങളുടെ ഗ്രാമത്തിലെ നൂറോളം വീടുകളിലേക്ക് സുഹൃത്തുക്കളോടൊപ്പം നേരിട്ട് എത്തിക്കുകയും നാട്ടിലെ സൗഹൃദ കൂട്ടായ്മയുടെ പേരിൽ കൃഷിക്ക് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തുകയും ചെയ്തു.

ആദ്യ വാർഷികത്തിൽ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ ഇങ്ങനെയൊരു സൽകർമ്മം ചെയ്യാൻ കഴിഞ്ഞതിൻറെ ആത്മ സംതൃപ്തിയിൽ ഞങ്ങൾ അടുത്ത സംഭവബഹുലമായ രണ്ടാം അധ്യായത്തിലേക്ക് കടക്കുകയാണ്. ഒപ്പം സഹകരിച്ച എല്ലാ സുഹൃത്തുക്കളോടും സഹോദരങ്ങളോടും നന്ദിയും കടപ്പാടും. അതിജീവനത്തിന്റെ പാതയിൽ നമ്മൾ പാകുന്ന ഓരോ വിത്തുകളും പ്രതിസന്ധികളിൽ നമ്മളെ കൈപിടിച്ച് ഉയർത്താൻ പ്രാപ്തരായ നാമ്പുകളായി വിരിയട്ടെ എന്ന് പ്രത്യാശിക്കുന്നു. നാളെ നമ്മുടെയൊക്കെ അവസ്ഥ എന്താകുമെന്നു ഒരു നിശ്ചയവുമില്ല എങ്കിലും തൊറ്റുകൊടുത്ത് ശീലമില്ലല്ലോ.