മട്ടൺ കുഴിമന്തിയിലെ രാജാ – Bait Al Mandi കഴക്കൂട്ടം

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

മട്ടൺ കുഴിമന്തിയിലെ രാജാ – Bait Al Mandi കഴക്കൂട്ടം. അങ്ങനെ ഒരു മൊട്ടവെയിലത്ത് ഒരു ഇരുചക്രവാഹനത്തിൽ കുറേ ദൂരം വണ്ടിയോടിച്ച്, വായിൽ വെള്ളവും നിറച്ച് നമ്മളിവിടെ എത്തി.

ഒരു ഹാഫ് മട്ടൺ മന്തി പറഞ്ഞു. പൊളി… പൊളിയെന്ന് വച്ചാൽ പൊളി. മക്കളേ ഇതാണ് മന്തി. ശരിക്കുമങ്ങോട്ട് ആർമാദിച്ചു. വെയിലിന്റെ ചൂടാക്കെ എങ്ങോ പോയി മറഞ്ഞു. റൈസൊക്കെ പക്കാ. അത് മാത്രം തന്നെ കഴിക്കാൻ എന്തൊരു ടേസ്റ്റ്. മട്ടൺ ബെസ്റ്റ് കണ്ണാ ബെസ്റ്റ്. ഒരു പീസ് പോലും വേസ്റ്റില്ല. എല്ലാം നല്ല വെന്തുടഞ്ഞത്. കൂടെ കിട്ടിയ മയോണൈസും സലാഡും തക്കാളി ചട്നിയും രുചികരം. മന്തി നമ്മളെ രണ്ട് പേരെ കൊണ്ട് താങ്ങാൻ പറ്റാവുന്നതിനേക്കാൾ ക്വാണ്ടിറ്റി ഉണ്ടായിരുന്നതിനാൽ ബാക്കി പാഴ്സൽ എടുത്ത്, രാത്രി കുട്ടികളും നമ്മളും ഒന്നിച്ച് കഴിച്ച് അന്നത്തെ ദിവസം സമ്പൂർണ്ണമാക്കി.

കൂടെ കഴിച്ച ലൈം ജ്യൂസും മിന്റ് ലൈമും പക്കാ. ചൂടത്ത് അതൊരു തണുപ്പമായി. എടുത്ത പറയേണ്ട മറ്റൊന്ന് സർവീസാണ്. ചിലയിടത്ത് നമ്മൾ കഴിച്ച ഭക്ഷണം എത്ര രുചികരമാണെങ്കിലും ‘സർവീസിന്റെ മെച്ചം’ കാരണം കയ്പായി തോന്നും. ഇവിടെ അങ്ങനെ ഒരു അനുഭവമേ ഉണ്ടായില്ല. കിടു സർവീസ്. Delay ഒന്നും അനുഭവപ്പെട്ടില്ല. Body language ഒക്കെ വളരെ നീറ്റ്. കസ്റ്റമേഴ്സിനോട് അർഹിക്കുന്ന രീതിയിൽ തന്നെ പെരുമാറി.

ഓരോ സാധനവും വയ്ക്കുന്നതും എടുക്കുന്നതുമെല്ലാം നല്ല രീതിയിൽ തന്നെ ചെയ്തു. ബാക്കി പാഴ്സലാക്കാനും ഒരു മടിയും കാണിച്ചില്ല. എല്ലാം ചട പടേന്ന് റെഡിയാക്കി തന്നു. ചുരുക്കി പറഞ്ഞാൽ Bait – വീട് എന്ന ആ അറബി വാക്കിനെ അന്വർത്ഥമാക്കുമാറ് നമ്മുടെ വീട് പോലെ തോന്നിച്ചു. സംതൃപ്തിയുടെ നിറവിൽ അവിടെ നിന്ന് ഇറങ്ങി.

Bait Al Mandi – അഞ്ച് ചെറുപ്പക്കാരായ സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന ഒരു സംരംഭമാണ് ഇത്. ഒരു എറണാകുളം സ്വദേശിയും. നാല് മലപ്പുറംകാരും. ഗൾഫ് ഇവരെ ഒന്നിപ്പിച്ചുവെന്ന് പറയാം.ഇതിൽ മൂന്ന് പേർ ഗൾഫിൽ കുഴി മന്തിയടക്കമുള്ള അറേബ്യൻ വിഭവങ്ങൾ ചെയ്ത് പരിചയമുള്ളവരാണ്.

2017 മാർച്ച് കോഴിക്കോടിലായിരുന്നു Baital ന്റെ തുടക്കം. അത് കഴിഞ്ഞ് കയ്പമംഗലത്തും ചാലക്കുടിയിലോട്ടും ഈ രുചി വ്യാപരിച്ചു. നാലാമത് ആയി 2019 സെപ്തംബർ 26 ന് നമ്മുടെ തിരുവനന്തപുരത്ത് കഴക്കൂട്ടത്തും പ്രവർത്തനമാരംഭിച്ചു. ഉച്ചയ്ക്ക് 12:30 മുതൽ രാത്രി 11 മണി വരെയാണ് സമയം. ബാംഗ്ളൂരും ഇതിന്റെ ശാഖകൾ എത്തിക്കാനുള്ള പണിപ്പുരയിലാണ് ഈ കൂട്ടുകാർ.

ചമ്രം പടിഞ്ഞ് പത്ത് പേർക്ക് ഇരുന്ന് കഴിക്കാവുന്ന ഒരു മജ്ലിസ് , 2 AC മുറികൾ, 1 Non AC ഉൾപ്പെടെ 110 പേർക്ക് ഒരേ സമയത്ത് ഇരുന്ന് കഴിക്കാം. അടുക്കള എല്ലാവർക്കും കാണാം. പറഞ്ഞ് കഴിഞ്ഞാൽ കുഴിമന്തി തയ്യാറാക്കുന്ന കുഴിയെല്ലാം കാണിച്ച് തരാനും ഒരു വൈമന്യസവുമില്ല.

മട്ടൺ മന്തി, ചിക്കൻ മന്തി, മന്തി ചിക്കൻ, അൽഫഹാം റൈസ്, അൽഫഹാം ചിക്കൻ, മട്ടൺ, റൈസ്, ലൈമുകൾ, ഫ്രെഷ് ജ്യൂസുകൾ ഇവയാണ് ഇവിടത്തെ വിഭവങ്ങൾ.

കാറുകളും ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും അത്യാവശ്യം നല്ല സ്പേസ് ഉള്ളതും പലർക്കും ഒരു അനുഗ്രഹമാണ്. എല്ലാവർക്കും Bait Al Mandi യിലോട്ട് ശുഭകരമായ യാത്രയും നല്ലൊരു ഭക്ഷണാനുഭവും നേരുന്നു.

വില വിവരം: ഹാഫ് മട്ടൺ കുഴി മന്തി – ₹ 600, ലൈം ജ്യൂസ് – ₹ 20, മിന്റ് ലൈം ജ്യൂസ് – ₹ 25. Seating Capacity: 110. Timings: 12:30 PM to 11 PM. Location: ടെക്നോപാർക്ക് ഫ്രെണ്ട് ഗേറ്റ് വഴി സർവീസ് റോഡ് വഴി കുളത്തൂർ പോകുന്ന വഴിക്ക് ഇടത് വശത്തായിട്ട് വരും.