ഏറെ ഞെട്ടിച്ച ഒരു അപകടവാർത്ത; വില്ലനായത് പുലർച്ചെയുള്ള ഡ്രൈവിംഗ്??

ഇന്നു രാവിലെ ഞെട്ടിക്കുന്ന വാർത്തയാണ് ഫേസ്‌ബുക്ക് തുറന്നു നോക്കിയപ്പോൾ കാണുവാൻ സാധിച്ചത്. പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കർ ഈ ലോകത്തു നിന്നും വിട വാങ്ങിയിരിക്കുന്നു. ദിവസങ്ങൾക്ക് മുൻപ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് അദ്ദേഹത്തിൻ്റെ രണ്ടു വയസ്സുള്ള മകൾ മരണപ്പെടുകയും ബാലഭാസ്കറിനും ഭാര്യയ്ക്കും ഡ്രൈവറിനും സാരമായ പരിക്കുകളേൽക്കുകയും ചെയ്തിരിരുന്നു. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്നു ബാലഭാസ്കറും കുടുംബവും. പുലർച്ചെ നാലര മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിയന്ത്രണംവിട്ടു മരത്തിലിടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് കഴക്കൂട്ടം പള്ളിപ്പുറം ഭാഗത്തു വെച്ചായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. അപകടത്തിൽ രണ്ടു വയസ്സുകാരിയായ മകൾ തേജസ്വിനി ബാല മരിച്ചു. ഡ്രൈവർ അർജ്ജുനും ഭാര്യ ലക്ഷ്മിയും ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലാണ്.

എന്തുകൊണ്ടാകാം പുലർച്ചെ രണ്ടു മണിക്കും അഞ്ചു മണിക്കും ഇടയിൽ ഇത്തരത്തിൽ അപകടങ്ങൾ കൂടുതലായും നടക്കുവാൻ കാരണം? പുലര്‍ച്ചെയുണ്ടാകുന്ന അപകടങ്ങള്‍ ഡ്രൈവര്‍ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രിയില്‍ ഡ്രൈവ് ചെയ്യുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? എന്നാല്‍, അത് പ്രോത്സാഹിപ്പിക്കേണ്ടന്നാണ് എൻ്റെ അഭിപ്രായം. രാത്രിയില്‍ ഡ്രൈവ് ചെയ്യുന്നത് ചിലര്‍ക്കൊരു ത്രില്ലാണ്. മറ്റു ചിലര്‍ക്ക് അത് പകല്‍ സമയത്തെ ട്രാഫിക്കില്‍ നിന്നുള്ള മോചനമാണ്. വിജനമായ നിരത്തില്‍ കൂടുതല്‍ വേഗത്തില്‍ വണ്ടിയോടിക്കാം എന്നതാണ് രാത്രി യാത്രയുടെ പ്രധാന ഗുണങ്ങളും. ഈ പറയുന്ന എനിക്കും രാത്രി ഡ്രൈവിംഗ് തന്നെയാണ് ഇഷ്ടം. പക്ഷേ യഥാർത്ഥത്തിൽ രാത്രി ഡ്രൈവിംഗിനു പിന്നിൽ ഗുരുതരമായ ഒരു അപകടം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന കാര്യം ആരും ഓർക്കുന്നില്ല. നമ്മൾ എത്ര വലിയ പരിചയ സമ്പന്നനായ ഡ്രൈവർ ആണെങ്കിലും പുലർച്ചെ വരുന്ന ഉറക്കത്തെ എല്ലായ്പ്പോഴും പിടിച്ചു നിർത്തുവാൻ സാധിക്കണമെന്നില്ല. കാറിന്റെ ഗ്ളാസ്സ് താഴ്ത്തിയിടുന്നതോ പാട്ട് ഉറക്കെ വെക്കുന്നതോ ഒന്നും ഉറക്കത്തെ പൂർണ്ണമായും അകറ്റി നിർത്തില്ല.

ഒരാള്‍ക്ക് വാഹനമോടിക്കാന്‍ കഴിയാത്ത വിധം തലച്ചോര്‍ മയക്കത്തിലേക്ക് പോകുന്നത് ഏതു അവസ്ഥയിലാണ് എന്ന് എളുപ്പത്തില്‍ വിവരിക്കാന്‍ സാധിക്കുകയില്ല. കേവലം സെക്കന്‍ഡുകള്‍ മതി അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്ന വിധത്തില്‍ നിങ്ങളുടെ ശരീരം ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് വീഴാന്‍. ഈ സമയത്ത് ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുന്ന നിങ്ങൾ പോലും ഇത് അറിയില്ല. നമ്മുടെ ശരീരം ഉറക്കത്തിലേക്ക് വഴുതി വീഴും മുൻപ് ചില സൂചനകൾ നമുക്ക് നൽകാറുണ്ട്. അവ മനസ്സിലാക്കി പ്രവർത്തിച്ചാൽ മാത്രമേ അപകടങ്ങളിൽ നിന്നും രക്ഷ നേടുവാൻ സാധിക്കുകയുള്ളൂ.

അത്തരം സൂചനകൾ ഇവയാണ് – ഡ്രൈവിംഗിനിടയിൽ കണ്ണുകൾക്ക് ഭാരം അനുഭവപ്പടുക, കണ്ണുകൾ ചിമ്മിചിമ്മി തുറക്കേണ്ട സാഹചര്യം ഉണ്ടാകുക, ഡ്രൈവിംഗിൽ നിന്നും ശ്രദ്ധ പതറി മറ്റു കാര്യങ്ങളിലേക്ക് ചിന്തകൾ പോകുക, തുടർച്ചയായി കോട്ടുവാ ഇടുക. ഇവയ്‌ക്കെല്ലാം പുറമെ ശരീരത്തിനു മൊത്തത്തിൽ ഒരു അസ്വസ്ഥത അനുഭവപ്പെടും. ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്ന നിമിഷം ഒട്ടും വൈകാതെ നിങ്ങളുടെ ഡ്രൈവിംഗ് അവസാനിപ്പിച്ച് വണ്ടി സുരക്ഷിതമായ പാതയോരത്ത് നിർത്തി അൽപ്പ സമയം വിശ്രമിക്കുക. ഡ്രൈവിംഗ് അറിയുന്ന ആരെങ്കിലും കൂടെയുണ്ടെങ്കിൽ അവർക്ക് നിയന്ത്രണം കൈമാറുക. ഞാൻ ദൂരയാത്രകൾ പോകുമ്പോൾ ഇങ്ങനെ ചില ഇടവേളകളിൽ വിശ്രമം നൽകിക്കൊണ്ടാണ് ഡ്രൈവ് ചെയ്യാറുള്ളത്. അല്ലെങ്കിൽ വഴിയിൽ എവിടെയെങ്കിലും റൂമെടുത്ത് തങ്ങും. എന്തുവന്നാലും ഒരു പരീക്ഷണത്തിന് ഞാൻ മുതിരാറില്ല.

ഇത്തരത്തിൽ അപകടങ്ങൾ ധാരാളം ഉണ്ടാകുന്നുണ്ടെങ്കിലും നമ്മുടെ രാത്രിയാത്രകൾക്ക് യാതൊരുവിധ മാറ്റങ്ങളും ഉണ്ടാകാറില്ല. ഒഴിവാക്കാൻ പറ്റാത്ത യാത്രകൾ ആണെങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാവരും ഒന്നോർത്തു വെക്കുക. അമിതമായ ആവേശവും ആത്മവിശ്വാസവും മാറ്റി വച്ച്‌കൊണ്ട് ശരീരം സ്വാഭാവികമായി ആവശ്യപ്പെടുന്ന വിശ്രമം അനുവദിച്ചുകൊണ്ട് ആസ്വാദ്യകരമായി വാഹനമോടിക്കുക. ഇത് എഴുതി നിർത്തുമ്പോഴും വിടരും മുമ്പേ കൊഴിഞ്ഞുപോയ ആ പാവം മോളുടെയും കലാകാരനായ അച്ഛന്റെയും മുഖമാണ് എൻ്റെയുള്ളിൽ ഒരു വിങ്ങലായി നിൽക്കുന്നത്. ഇനി ഒരു കുടുംബത്തിനും ഇതുപോലുള്ള അപകടങ്ങൾ സംഭവിക്കാതിരിക്കട്ടെ.