ഒരു ലക്ഷം ചൈനീസ് പടയെ പതിനായിരം വിയറ്റ്‌നാം ഭടന്മാർ തോൽപ്പിച്ചോടിച്ച യുദ്ധം

ലേഖകൻ – ഋഷിദാസ് എസ്.

ചില പോരാട്ടങ്ങൾ മനുഷ്യ ചരിത്രത്തിൽ മായാതെ ഇടം പിടിച്ചിട്ടുള്ളത് കൈയേറ്റക്കാരെ ചെറുക്കുന്നതിൽ ചെറിയ സൈന്യങ്ങൾ കാണിച്ച പോരാട്ടവീര്യത്തിന്റെ ഔന്നത്യം കൊണ്ടാണ്. അത്തരം ഒരു യുദ്ധമായിരുന്നു സിനോ- വിയറ്റ്‌നാം യുദ്ധത്തിലെ ലാങ് -സാൻ യുദ്ധം.

കംബോഡിയയിൽ പോൾ -പോട്ട് ഭരണത്തെ നിലനിർത്താൻ വേണ്ടിയായിരുന്നു ചൈനീസ് പട്ടാളം 1979 ൽ വിയട്നാമിന്റെ വടക്കൻ മേഖലകൾ കൈയേറിയത്. പത്തു ലക്ഷത്തിലധികമായിരുന്നു വിയറ്റ്‌നാം ആക്രമിച്ച ചൈനീസ് സൈന്യത്തിന്റെ വലിപ്പം. വിയറ്റ്‌നാം ആകട്ടെ പല യുദ്ധങ്ങൾക്ക് ശേഷം തളർന്ന് അവസ്ഥയിലും. വിയട്നാമിനുള്ളിലെ ചില വിഘടന ഗ്രൂപ്പുകൾ ചൈനയെ പിന്തുണച്ചു എന്ന് കൂടിയായപ്പോൾ വിയറ്റ്‌നാം കൂടുതൽ പ്രതിരോധത്തിലായി. ആദ്യമൊക്കെ ടാക്ടിക്കൽ റിട്രീറ്റ് ( tactical retreat) ആയിരുന്നു വിയറ്റ്നാം സൈന്യത്തിന്റെ തന്ത്രം. വലിയ നാശനഷ്ടങ്ങളില്ലാതെ തന്ത്രപരമായി കൂടുതൽ ശക്തിയോടെ തിരിച്ചടിക്കാൻ വേണ്ടിയുള്ള പിന്മാറ്റം.

വിജയിച്ചു എന്ന് കരുതി മുന്നേറിയ ചൈനീസ് സൈന്യം ഉത്തര വിയറ്റ്നാമിലെ ലോങ്ങ് സോങ് പട്ടണത്തെ പിടിച്ചെടുക്കാനായി മുന്നേറി. തന്ത്രപരമായി അതിപ്രധാനമായ ഈ നഗരം കൈയടക്കിയാൽ ഉത്തര വിയറ്റ്‌നാം എന്നെന്നേക്കുമായി ചൈനീസ് നുകത്തിനു കീഴിലാവും എന്നായിരുന്നു ചൈനീസ് കണക്കുകൂട്ടലുകൾ. ഈ തന്ത്രം ഏതാനും ദശകം മുൻപ് അവർ ടിബ്ബറ്റിൽ പയറ്റി വിജയിച്ചതുമായിരുന്നു. പക്ഷെ തികഞ്ഞ യുദ്ധ തന്ത്രജ്ഞരായിരുന്നു വിയറ്റ്നാമീസ് സൈനിക നേതൃത്വം.

ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മഹാനായ സൈനിക നേതാക്കളിലൊരാളായ ജനറൽ വോ ന്ഗ്യൻ ഗിയാപ്പ് (Võ Nguyên Giáp ) ആയിരുന്നു വിയറ്റ്നാമീസ് യുദ്ധതന്ത്രങ്ങൾ മെനഞ്ഞത് . വിജയികളായി ലാങ് സോങ് നഗരം കൈയടക്കിയ ചൈനീസ് സൈന്യത്തെ അംഗസംഖ്യയിൽ കുറവായ വിയറ്റ്നാമീസ് സൈന്യം നാലുഭാഗത്തുനിന്നും അതിവേഗതയുള്ള പിന്സർ നീക്കങ്ങളിലൂടെ ആക്രമിക്കാൻ തുടങ്ങി. ചൈനീസ് സൈനിക നേതൃത്വം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു തിരിച്ചടി ആയിരുന്നു ഇത് . നഗരം കൈയടക്കി വച്ച് പ്രതിരോധിക്കാൻ നോക്കിയാൽ ലക്ഷത്തിലേറെ ചൈനീസ് സൈനികരുടെ മൃതദേഹങ്ങൾ ലോങ്ങ് സോണിൽ വീഴുമെന്നു മനസ്സിലാക്കിയ ചൈനീസ് സൈന്യം തിരിഞ്ഞോടാൻ തുടങ്ങി . അപകടം മണത്ത ചൈനീസ് രാഷ്ട്രീയ നേതിര്ത്വം വിയട്നാമിൽ തങ്ങൾ ഉദ്ദേശിച്ചതെല്ലാം നേടിയെന്നും പിന്മാറുന്നുവെന്നും കൂടി പ്രസ്താവിച്ചു . ഇതുകൂടി ആയപ്പോൾ ചൈനീസ് തിരിഞ്ഞോട്ടത്തിന്റെ വേഗം കൂടി. വിയറ്റ്നാമീസ് സൈനികർ ചൈനീസ് സൈന്യത്തെ പിന്തുടർന്നാക്രമിച്ചു .

കൈ കുങ് നദിയുടെ പാലം തകർത്ത് കൊണ്ടാണ് ചൈനീസ് സൈനികർ തിരിഞ്ഞോടിയത് . ഒരു പക്ഷെ ആ പാലം തകർത്തില്ലായിരുന്നെങ്കിൽ മുഴുവൻ ചൈനീസ് സൈനികരും ലാങ് സാൻ പട്ടണത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ തന്നെ ഒടുങ്ങിയേനെ. പാലം തകർത്തത് വിയറ്റ്നാമീസ് സൈന്യത്തിന്റെ മുന്നേറ്റത്തിന് തടസമായി. പക്ഷെ പിന്തിരിഞ്ഞോടിയ രണ്ടു ഡിവിഷൻ ചൈനീസ് കരസേനയെ വിയറ്റ്‌നാം സൈന്യം ഛിന്ന ഭിന്നമാക്കി. പതിനെണ്ണായിരം ചൈനീസ് സൈനികർ വധിക്കപ്പെട്ടു എന്നാണ് കണക്ക്. ലോങ്ങ് സോണിൽ പരാജിതരായതോടെ വിയട്നാമിൽ അവശേഷിച്ച ചൈനീസ് സൈനികരും ജീവനും കൊണ്ട് അതിർത്തി കടന്ന് ഓടി രക്ഷപ്പെട്ടു. വിയട്നാമിലെ യുദ്ധം ഒരു വൻ വിജയമാണെന്ന് ചൈനീസ് സൈന്യവും നേതാക്കളും പ്രഖ്യാപിച്ചു. പക്ഷെ ആ ‘വൻ വിജയം’ നേടിയ ചൈനീസ് പടയിലെ നേതാക്കളെപ്പറ്റി പിന്നീട് ഒന്നും കേട്ടിട്ടില്ല.