കാടു കാണണമെന്ന മോഹവുമായി ആനവണ്ടിയിൽ ഒരു ‘ബാവലി’ യാത്ര…

വിവരണം – Shanif

ഞാനും ഒരു ആനവണ്ടി യാത്രികൻ. യാത്ര ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരാളാണ് ഞാൻ. എന്നു കരുതി ഒരുപാട് യാത്രകളൊന്നും ഞാൻ ചെയ്തിട്ടില്ല. കഴിഞ്ഞ മാസം യാത്രയോടുള്ള ഇഷ്ടം കൊണ്ടു ഞാൻ തനിച്ചൊരു യാത്ര പോയി. മനസ്സിനെ ഒന്ന് റീഫ്രഷ് ആക്കാൻ ഒരു ദിവസത്തെ യാത്ര. വലിയൊരു പ്ലാൻ ഒന്നും ഇല്ലായിരുന്നു. അവസാനം മനസ്സിൽ വന്നത് നിറയെ ഹരിതാപയും ഊഷ്മളതയും ഒളിപ്പിച്ചു വെച്ച വയനാട് ആണ്. രാവിലെ 5:50 ന് പെരിന്തൽമണ്ണയിൽ നിന്നുള്ള മൈസൂർ സൂപ്പർ ഫാസ്റ്റിൽ കയറി. പേരിന് ഒരു ഒരു ചീത്ത പേരും കേൾപ്പിക്കാതെ നല്ല എവർ ഗ്രീൻ മലയാളം പാട്ടുകളും ഉച്ചത്തിൽ പാടി, കാഞ്ചനമാലയുടെയും മൊയ്തീന്റെയും നാടായ മുക്കവും, നമ്മടെ താമരശ്ശേരി ചുരവും കടന്ന്, തണുത്തു വിറച്ച് ബസ് കൃത്യം 8:50 ന് കൽപ്പറ്റ സ്റ്റാൻഡിൽ എത്തി.

അവിടുന്ന് നേരെ കൽപ്പറ്റയുടെ സ്വന്തം ഓർഡിനറി കൊമ്പനിൽ നേരെ മാനന്തവാടി വെച്ചുപിടിച്ചു. അവിടെ എത്തി ഒരു ചായയും കുടിച് സ്റ്റാൻഡിൽ കയറി നേരെ നോക്കിയത് ബാവലി- ബേരകുപ്പ ഓർഡിനറിയുടെ നെറ്റിയിലേക്ക്. കൊമ്പന്റെ മുമ്പിലെ ഒറ്റ സീറ്റ് ഒഴിഞ്ഞു കിടക്കുന്നത് കണ്ടപ്പോ ഒത്തിരി സന്തോഷം. ഓടി ചെന്ന് കയറി ഇരുന്നു. ബസ് ഉടനെ പുറപെട്ടു. ഒരു 15 മിനുട്ട് കഴിഞ്ഞതും വനത്തിലേക്ക് പ്രവേശിച്ചു. ഫെബ്രുവരി മാസം ആയതിനാൽ ഹരിതാപ കുറച്ചൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാലും വയനാടൻ വനയാത്ര ശരിക്കും ആസ്വദിച്ചുകൊണ്ടിരുന്നു.

ബാവലി വരെ ബസ്സിൽ ആകെ എട്ടോ പത്തോ പേരെ കേറി കാണു. 11:10 ന് ബാവലി എത്തി. ഡ്രൈവർ ഏട്ടൻ തിരിച്ചു പോവാനുള്ള സമയം 11:20 ആണെന്ന് പറഞ്ഞു. ഞാൻ ബസ് ഇറങ്ങി. ബാവലി ഒരു അങ്ങാടി എന്ന് പറയാൻ ഒന്നും ഇല്ല രണ്ടോ മൂന്നോ പെട്ടികടകൾ മാത്രം. അത് കഴിഞ്ഞാൽ ഒരു പാലത്തിനപ്പുറം കർണാടക അതിർത്തിയും ചെക്ക് പോസ്റ്റും. കർണാടകക്കപ്പുറവും 30 കിലോമീറ്റർ വനയാത്ര ആണ്. എന്റെ സമയ പരിമിതി കാരണം ഞാൻ ബാവലിയിൽ ചുരുക്കിയതാണ്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ മാത്രമേ ബാവലി റൂട്ടിൽ യാത്ര അനുമതി ഉള്ളൂ.

രാത്രിയിൽ വന്യജീവികൾ വിഹരിക്കുന്ന സ്ഥലമാണ് ഇതെല്ലാം. കുറച് കുരങ്ങൻമാരെയും മയിലുകളെയും മാത്രമേ എനിക്ക് കാണാൻ സാധിച്ചുള്ളൂ. ഞാൻ കുറച് നടന്ന് പിന്നേ ബസ്സിൽ വന്ന് കയറി. ബസ്സ് സ്റ്റാർട്ട് ചെയ്യുമ്പോൾ ഏറെക്കുറെ ബസ്സ് ഫുൾ ആയിരുന്നു. കൂടുതലും അറുപത് – എഴുപത് വയസു തോന്നിക്കുന്ന ആദിവാസി സ്ത്രീകൾ ആയിരുന്നു. എല്ലാവരുടെയും കയ്യിൽ സഞ്ചി ഉണ്ടായിരുന്നു. എനിക്ക് പിന്നീടാണ് മനസ്സിലായത് അവരുടെ റേഷൻ കട 7 കിലോമീറ്റർ അകലെയുള്ള കാട്ടികുളം ആണെന്നും മാസം അവസാനം അയതുകൊണ്ടുള്ള തിരക്കാണന്നും. അവരുടെ ഉച്ചത്തിലുള്ള സംസാരവും കേട്ട് തിരിച്ചുള്ള വനയാത്രയും ആസ്വദിച്ചു ഞാൻ മാനന്തവാടി എത്തിയതറിഞ്ഞില്ല.

ബാവലി കാട്ടിലെ ആനവണ്ടിയോട് യാത്ര പറഞ്ഞു സ്റ്റാൻഡിൽ ഇറങ്ങുമ്പോൾ 12:15 ആയിരുന്നു. വന്ന വഴി അഥവാ താമരശേരി വഴി തിരിച്ചിറങ്ങാൻ നിന്ന എന്നെ പനമരം – നെല്ലിയമ്പം – സുൽത്താൻ ബത്തേരി ഓർഡിനറി കാത്തിരിക്കുന്നതായി തോന്നി. ഞാൻ ചെന്ന് മുൻപിലെ ഒറ്റ സീറ്റിൽ സ്ഥാനം ഉറപ്പിച്ചു. കൃത്യം 12:20 ന് മാനന്തവാടിയോട് യാത്ര പറഞ്ഞു. ബസ്സിലെ ഡ്രൈവർ ചേട്ടനോട് പെട്ടന്ന് കമ്പനി ആയി. അയാൾ വയനാടുകാരൻ ആയിരുന്നു. ഡ്രൈവർ ചേട്ടനാണ് 2 മണിക്കു പുറപ്പെടുന്ന ബത്തേരി – തൃശൂർ ബസ്സ് പറഞ്ഞു തന്നത്. വയനാടിന്റെ ഗ്രാമപ്രദേശങ്ങളായ നടവയാലും നെല്ലിയമ്പവും കടന്ന് ഉച്ചയ്ക്ക് കൃത്യം 1:56 ന് ബസ് ബത്തേരി സ്റ്റാൻഡിൽ എത്തി.

എനിക്കുവേണ്ടി ഡ്രൈവർ ചേട്ടൻ എനിക്ക് പോവാനുള്ള ബസ്സിന്റെ പിന്നിൽ നിർത്തി. അതിൽ കയറി ഇരുന്നോളനും ഇപ്പൊ പോവും എന്നും പറഞ്ഞു. ഡ്രൈവർ ചേട്ടന് കയ്യും കൊടുത്ത് നന്ദിയും പറഞ്ഞ് ഞാൻ നേരെ തൃശൂരിന്റെ സ്വന്തം ആനവണ്ടിയിൽ കയറി. ദേവലയും പന്തലൂരും കടന്ന് നാടുകാണി ചുരത്തിന്റെ മൊഞ്ചും കണ്ട് വഴികടവും നിലമ്പൂരും കടന്ന് രാത്രി 7:40 ന് വീട്ടിൽ തിരിച്ചെത്തി. ‘യാത്ര’ ആസ്വദിക്കാൻ വേണ്ടി മാത്രം ഉള്ള യാത്ര ആയതുകൊണ്ടാണ് രണ്ടു വഴി തിരഞ്ഞെടുത്തത്‌. യാത്ര അനുഭവങ്ങൾ എഴുതി പരിചയം ഇല്ലാത്തതിനാൽ തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കുക..