ആന്ധ്രയിലെ ബേലം ഗുഹ : ഭൂമിക്കടിയിലെ വിസ്മയം

വിവരണം – Prajoth Kkd.

ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ ബേലം ഗ്രാമത്തിലാണ് ഈ വിസ്മയകരമായ ഗുഹ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ വലിയ രണ്ടാമത്തെ വലിയ ഗുഹയാണ് ബേലം. 1884 ൽ ബ്രിട്ടീഷ് സർവേയർ റോബർട്ട് ബ്രൂസ് ഫൂട്ടാണ് ബേലം ഗുഹയെ ശ്രദ്ധയിൽപ്പെടുത്തിയത്. അതിനു ശേഷം 1983ൽ ജർമ്മൻ സംഘം ഈ ഗുഹയിൽ ആദ്യം പര്യവേഷം നടത്തുക,യും പിന്നീട് 2000 ൽ ആന്ധ്രപ്രദേശ് ടൂറിസം ഡെവലപ്പ്മെൻറ് ഏറ്റെടുക്കുകയും, 2003 ൽ ഗുഹാ സന്ദർശനം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്തു.

കേരളത്തിൽ നിന്നും ഏറ്റവും എളുപ്പം അനന്തപൂർ റെയിവേസ്റ്റേഷനിൽ നിന്നും ബസ് മാർഗ്ഗം ബേലം എത്തിച്ചേരുന്നതാണ്. ആന്ധ്രാപ്രദേശിലെ അനന്തുപൂർ മുതൽ താഠിപത്രി വരെ റോഡിനിരുവശവും വിവിധ തരത്തിലുള്ള കൃഷിപാടങ്ങളാണെങ്കിൽ താഠിപത്രി കഴിഞ്ഞാൽ ഗ്രാനൈറ്റ് ഖനനം ചെയ്യുന്നതും ചെയ്തു കഴിഞ്ഞതുമായ കുന്നുകളും പാടങ്ങളും ഫാക്ടറികളും കൊണ്ട് നിറഞ്ഞതാണ്. ഇന്ത്യയിൽ ഏറ്റവുമധികം ഗ്രാനൈറ്റ് ഖനനം നടക്കുന്ന സ്ഥലങ്ങളിലൂടെയുള്ള യാത്ര അതിശയപരമായ കാഴ്ച്ചയാണ് സമ്മാനിക്കുക.

ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ബന്ധപ്പെട്ട ഗുഹകളാണ് ബേലം ഗുഹകൾ. നൂറ്റാണ്ടുകൾക്ക് മുമ്പ് ജൈന – ബുദ്ധമത സന്യാസിമാർ ഈ ഗുഹകൾ ഉപയോഗിച്ചിരുന്നുവെന്ന സൂചനകളുണ്ട്. അതിനു പ്രതീകമായി തന്നെയാണ് ഗുഹയിലേക്കു പ്രവേശിക്കുന്നതിനു മുമ്പായി കുന്നിൻ ചെരുവിൽ വലിയ ബുദ്ധ പ്രതിമ അവിടെ സ്ഥാപിച്ചിട്ടുള്ളത്.

APTDC യുടെ കൗണ്ടറിൽ നിന്നു ടിക്കറ്റിനു 65 രൂപ കൊടുത്താൽ പ്രവേശന കവാടത്തിൽ എത്താം. അവിടെ നിന്നും താഴെയ്ക്കു ചെറിയ പടികൾ ഇറങ്ങിച്ചെന്നാൽ ബേലം ഗുഹയ്ക്കുള്ളിലെ ആദ്യ ഹാളിൽ എത്തും. ബേലം ഗുഹയുടെ ഭൂഘടനാ ചിത്രം അവിടെ ബോർഡിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രകൃത്യാൽ രൂപപ്പെട്ടതാണ് ബേലം ഗുഹ. ആയിരകണക്കിനു വർഷങ്ങൾക്കു മുമ്പേ ഒഴുകിയിരുന്ന പുഴയുടെ അവശേഷിപ്പാണ് ഇന്നത്തെ ഗുഹയുടെ രൂപാന്തരം. അടുക്കുകളായുള്ള പാറക്കല്ലുകളും, ഗ്രാനൈറ്റിനു സമാനമായ പാളികളും, പാറയിൽ നിന്നു ഊറി വന്ന ചുണ്ണാമ്പുകല്ലുകളും നിറഞ്ഞതാണ് ഗുഹയ്ക്കുൾ വശം. പൗരാണിക കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന പേരുകളാണ് ഗുഹയ്ക്കുള്ളിലെ പല അറകൾക്കും പേര് നൽകിയിരിക്കുന്നത്.

ഗുഹയിലൂടെ ഏകദേശം 1.5 കിലോമീറ്ററോളം നിലവിൽ നമുക്ക് സഞ്ചരിക്കാം. ബാക്കിയുള്ളതത്രയും അടഞ്ഞു പോവുകയോ മറ്റു സുരക്ഷാകാരണങ്ങളാൽ നിർത്തിവെച്ചിരിക്കുകയോ ആണ്. ഗുഹയ്ക്കുൾവശം വായുസഞ്ചാരവും, വെളിച്ചവും, ദിശാബോർഡുകളും സുരക്ഷാക്യാമകളും ടൂറിസം വകുപ്പ് കൃത്യമായി നടപ്പാക്കിയിട്ടുണ്ട്. അതിനാൽ നിർഭയമായി ഗുഹയുടെ ഒരോ മൂലയിലും നമുക്ക് എത്തിചേരാം.

യാത്രാമാർഗ്ഗം – ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ അനന്തപൂർ ആണ്. താഠിപത്രിയിൽ റെയിൽവേ സ്റ്റേഷനുണ്ടെങ്കിലും ബാംഗ്ലൂരിൽ നിന്നു നേരിട്ട് ട്രെയിൻ ഇല്ല. അതിനാൽ ആ യാത്ര നമുക്ക് വളരെ ചുറ്റലാണ്. കേരളത്തിൽ നിന്നും അനന്തപൂരിലേക്ക് നേരിട്ട് ഒരേ ഒരു ട്രെയിൻ മാത്രമേയുള്ളൂ. ട്രെയിൻ നമ്പർ 16332 – Mumbai CSMT weekly Express [Saturday Only]. ബാംഗ്ലൂരിൽ നിന്നു അനന്തപൂരിലേക്ക് ഒരുപാടു ട്രെയിനുകൾ ലഭ്യമാണ്. അനന്തപൂരിൽ നിന്നു (via താഠിപത്രി) ബേലം കേവ് പോകുന്ന നേരിട്ടുള്ള ബസുകൾ ഉണ്ട്. അല്ലെങ്കിൽ അനന്തപൂരിൽ നിന്നു നേരെ താഠിപത്രി അവിടുന്ന് ബേലം കേവ് വഴി പോകുന്ന ബസുകൾ ധാരാളമുണ്ട്.