സിംഗപ്പൂരിൽ നിന്നും എൻ്റെ ജീവിതത്തിലെ ആദ്യത്തെ കപ്പൽ യാത്ര…

സിംഗപ്പൂർ എയർപോർട്ടിൽ നിന്നും നേരെ ഞങ്ങൾ പോയത് കപ്പലിലേക്ക് കയറുവാനായി പോർട്ടിലേക്ക് ആയിരുന്നു. ആദ്യമായിട്ടാണ് ഒരു കപ്പൽ യാത്ര പോകുന്നത്. അതും റോയൽ കരീബിയൻ എന്ന കമ്പനിയുടെ Quantam of the Seas എന്ന അത്യാഡംബര പടുകൂറ്റൻ കപ്പൽ. എയർപോർട്ടിലേതു പോലെത്തന്നെ ഇമിഗ്രെഷൻ, ചെക്കിംഗ് പരിപാടികളെല്ലാം കഴിഞ്ഞു നേരെ കപ്പലിലേക്ക് നടന്നു. ഏതാണ്ട് നമ്മൾ ഫ്ളൈറ്റിലേക്ക് നടന്നു കയറുന്നതു പോലെത്തന്നെ. ഞങ്ങളുടെ പാസ്‌പോർട്ടുകൾ കപ്പലിൽ വാങ്ങി സൂക്ഷിക്കുകയും പകരം സീ പാസ്സ് എന്നൊരു സാധനം തരികയും ചെയ്തു.

ഇനി അടുത്ത മൂന്നു – നാലു ദിവസങ്ങൾ ഈ കപ്പലിലാണ് ഞങ്ങളുടെ ജീവിതം. അതൊരു പുതിയ അനുഭവമായിരിക്കും എന്ന് ഉറപ്പാണ്. കപ്പൽ കണ്ടപ്പോൾ പടുകൂറ്റൻ ഫ്‌ളാറ്റ്‌ സമുച്ഛയങ്ങൾ പോലെയായിരുന്നു എനിക്ക് തോന്നിയത്. ഏഴാമത്തെ നിലയിലാണ് ഞങ്ങളുടെ റൂമുകൾ. കപ്പലിലേക്ക് കയറുമ്പോൾ ഉച്ചയ്ക്ക് 12 മണി ആയിട്ടുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരിക്കും ഞങ്ങളുടെ റൂമുകൾ റെഡിയാകുക എന്ന് അവർ അറിയിച്ചു.

റൂം റെഡിയാകാൻ ഒരു മണിക്കൂർ ബാക്കിയുണ്ടായിരുന്നതിനാൽ ഞാൻ കപ്പലിലെ കാഴ്ചകളെല്ലാം കണ്ടു അതിശയത്തോടെ അങ്ങിങ്ങു നടന്നു. ഷോപ്പുകളും റെസ്റ്റോറന്റുകളും ബാറുകളും മുകളിലേക്ക് പോകുവാനുള്ള ലിഫ്റ്റുകളുമെല്ലാം അതിശയിപ്പിക്കുന്ന തരത്തിലുള്ളവയായിരുന്നു. ശരിക്കും ഞാൻ അപ്പോൾ ഒരു കപ്പലിനുള്ളിൽ ആണെന്ന ചിന്തയേ മനസ്സിൽ തോന്നിയിരുന്നില്ല, മറിച്ച് ഏതോ ഒരു ഉഗ്രൻ ഷോപ്പിംഗ് മാളിലൂടെ നടക്കുന്ന പ്രതീതിയായിരുന്നു.

ഏതാണ്ട് മൂവായിരത്തി അഞ്ഞൂറോളം ആളുകൾ ആ കപ്പലിൽ യാത്രക്കാരായിത്തന്നെ ഉണ്ടാകും. രണ്ടായിരത്തി അഞ്ഞൂറോളം ആളുകൾ ജീവനക്കാരായും ഉണ്ടാകും. ഇങ്ങനെയാണ് എനിക്ക് അറിയുവാൻ സാധിച്ചത്. കപ്പലിലെ യാത്രക്കാർക്ക് റെസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം ഫ്രീയാണ്. മദ്യം, വൈഫൈ തുടങ്ങിയവയ്ക്ക് പ്രത്യേകം പേയ്മെന്റ് നൽകേണ്ടി വരും. കൂടാതെ എന്തെങ്കിലും സാധനങ്ങൾ വേണമെങ്കിൽ കപ്പലിനുള്ളിലെ ഷോപ്പുകളിൽ നിന്നും നമുക്ക് വാങ്ങാവുന്നതുമാണ്. പക്ഷേ നല്ല ‘കത്തി’ വിലയായിരിക്കും എന്നുമാത്രം.

സമയം ഒരു മണിയോടടുത്തപ്പോൾ റൂം റെഡിയായോ എന്നറിയുവാനായി ഞാൻ ഏഴാമത്തെ നിലയിലേക്ക് ചെന്നു. 7626 എന്ന റൂം ആയിരുന്നു എന്റേത്. ആ റൂമിൽ ഞാനും നമ്മുടെ മാനുക്കയും ആയിരുന്നു താമസക്കാരായിട്ടുള്ളത്. ഞാൻ റൂം നമ്പർ തപ്പി ഒടുവിൽ 7626 എന്ന റൂം കണ്ടെത്തി. ഭാഗ്യം, അത് അപ്പോൾ റെഡിയാക്കി ഇട്ടിരിക്കുന്നതായിരുന്നു. റൂമിൽ എന്റെയും മാനുക്കയുടെയും സീ പാസ്സുകൾ വെച്ചിട്ടുണ്ടായിരുന്നു.

സീ പാസ്സ് ഒരിക്കലും നഷ്ടപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കണം എന്ന് ആദ്യമേ തന്നെ ഞങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടായിരുന്നു. അഥവാ അത് എന്തെങ്കിലും കാരണവശാൽ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ കപ്പൽ അധികൃതരെ അറിയിക്കുകയും വേണം. അല്ലെങ്കിൽ നമ്മുടെ പാസ്സ് ആരെങ്കിലും എടുത്ത് ഷിപ്പിൽ എന്തെങ്കിലും പർച്ചേസുകൾ നടത്തുകയോ, ഗാംബ്ലിംഗ് നടത്തുകയോ ഒക്കെ ചെയ്‌താൽ അതിൻ്റെ ബില്ല് നമ്മുടെ പേരിൽ വരും. ഈ ബില്ല് ക്ലിയർ ചെയ്താലേ നമുക്ക് നമ്മുടെ പാസ്സ്‌പോർട്ട് തിരികെ ലഭിക്കുകയുള്ളൂ.

റൂമിൽ ചെന്നപാടെ നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ ഞാൻ കിടന്നുറങ്ങി. കുറച്ചു സമയത്തിനുശേഷം ഉറക്കമുണർന്നപ്പോൾ റൂമിൽ മാനുക്ക എത്തിയിരുന്നു. വൈകുന്നേരം കപ്പലിൽ ഒരു മോക്ക് ഡ്രിൽ ഉണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് ഞങ്ങൾ അത് കാണുവാനായി താഴത്തെ നിലയിലേക്ക് ചെന്നു. ഞങ്ങളെ ഒരു റെസ്റ്റോറന്റിൽ ഇരുത്തിയശേഷം മോക്ക് ഡ്രിൽ വീഡിയോ കാണിച്ചു തന്നു. നിർഭാഗ്യവശാൽ ഞങ്ങൾക്ക് അത് വീഡിയോ ഷൂട്ട് ചെയ്യുവാൻ സാധിച്ചിരുന്നില്ല.

ഡ്രിൽ കഴിഞ്ഞയുടനെ എല്ലാ യാത്രക്കാരും റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനുള്ള തിരക്കായി. ആദ്യമായി കപ്പൽ റെസ്റ്റോറന്റിൽ കയറിയതു മൂലമുണ്ടായ ആകാംക്ഷ കാരണമുണ്ടായ ഉന്തും തള്ളും തിരക്കുമാണതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. റെസ്റ്റോറന്റിൽ നിന്നും ഞങ്ങൾ മുകളിലെ ഡെക്കിലേക്ക് പോയി. അവിടെയാണ് സിമ്മിംഗ് പൂളുകൾ ഉള്ളത്. പലതരത്തിലുള്ള കുറെ പൂളുകൾ കപ്പലിൽ ഉണ്ടായിരുന്നു. ചിലരൊക്കെ പൂളുകളിൽ കുളിക്കുന്നുണ്ടായിരുന്നു. ബാക്കി ചിലർ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഇരിക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്നു. ശരിക്കും ഒരു സ്വർഗ്ഗത്തിൽ വന്നതുപോലെ…

അപ്പോഴും ഞങ്ങളുടെ കപ്പൽ പോർട്ടിൽ നിന്നും പുറപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഞാനും മാനുക്കയും കൂടി കപ്പലിന്റെ മുകൾത്തട്ടിൽ നിന്നുകൊണ്ട് പോർട്ടിന്റെ എതിർവശത്തെ കാഴ്ചകൾ ആസ്വദിക്കുകയായിരുന്നു അപ്പോൾ. അവിടെ മറ്റു കപ്പലുകൾ കടന്നു പോകുന്ന കാഴ്ച അതിമനോഹരമായിരുന്നു. വൈകുന്നേരം ആയതിനാൽ വെയിലൊക്കെ മാറി അൽപ്പം ഇരുൾ മൂടിയ കാഴ്ചയായി. ഞങ്ങളുടെ ലഗേജുകൾ താഴെ വന്നിട്ടുണ്ട് എന്നറിഞ്ഞതിനാൽ വേഗം താഴേക്ക് ചെന്നു. ബാഗ് കളക്ട് ചെയ്തുകൊണ്ട് റൂമിൽ തിരിച്ചെത്തിയ ശേഷം അവിടത്തെ വിൻഡോയിലൂടെ പുറത്തേക്ക് ചുമ്മാ നോക്കിയതായിരുന്നു ഞാൻ… അതാ ഞങ്ങളുടെ കപ്പൽ സിംഗപ്പൂർ പോർട്ടിൽ നിന്നും പുറപ്പെട്ടിരിക്കുന്നു. കപ്പൽ യാത്ര തുടങ്ങിയ കാര്യം ഞങ്ങൾ അറിഞ്ഞതേയില്ല.

സിങ്കപ്പൂർ – മലേഷ്യ – തായ്‌ലൻഡ് രാജ്യങ്ങൾ സന്ദർശിച്ച് തിരികെ സിങ്കപ്പൂരിലേക്കാണ് വരുന്നതാണ് ഈ കപ്പലിന്റെ റൂട്ട്. ഇനി അടുത്ത ദിവസം രാവിലെ കപ്പൽ മലേഷ്യയിൽ അടുക്കും എന്നറിഞ്ഞു. നേരം ഇരുട്ടിയതോടെ ഞങ്ങൾ ബാക്കി കാര്യങ്ങളിലേക്ക് കടന്നു. കപ്പൽ വിശേഷങ്ങൾ അവസാനിക്കുന്നില്ല. ഇനി അടുത്ത എപ്പിസോഡിൽ കാണാം. To contact Bonvo: +91 8594022166, +91 7594022166.