ലേ ലഡാക്ക് ഒരു വികാരമാണ് – പ്രത്യേകിച്ച് വണ്ടി പ്രേമികൾക്കിടയിൽ…

ലേ – ലഡാക്കിലെ കാഴ്ചകൾ ആസ്വദിക്കുകയായിരുന്നു ഞങ്ങൾ. കൂടെ എല്ലാവിധ സപ്പോർട്ടുകളോടെ അവിടത്തെ എക്സ്പെർട്ട് ട്രാവൽ ഗൈഡ് കാക്കായും. ലേയിൽ നിന്നും മണാലിയിലേക്കുള്ള ഹൈവേയിലൂടെയുള്ള യാത്രയിൽ ഞങ്ങൾ ഒരു കിടിലൻ ലൊക്കേഷനിൽ എത്തിച്ചേർന്നു.ഒരിക്കലും വാക്കുകൾ കൊണ്ട് വർണ്ണിക്കുവാൻ കഴിയാത്തയത്ര സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരു കിടിലൻ സ്ഥലം. ആ സ്ഥലത്ത് ഞങ്ങൾ വണ്ടി നിർത്തുകയും അവിടെ മലകൾക്കിടയിലുള്ള നിരപ്പായ ഗ്രൗണ്ടിൽ വണ്ടി ഒന്നുരണ്ടുവട്ടം കറക്കുകയുമൊക്കെ ചെയ്തു. മുൻപേ പറഞ്ഞില്ലേ, അവിടത്തെ പ്രകൃതി സൗന്ദര്യം വാക്കുകൾ കൊണ്ട് വർണ്ണിക്കുവാൻ കഴിയില്ലെന്ന്. അതിനാൽ ഇതോടൊപ്പമുള്ള വീഡിയോയിൽ അത് കാണുക.

കിടിലൻ കാഴ്ചകളും ആസ്വദിച്ചുകൊണ്ട് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. റോഡ് ആണെങ്കിൽ നല്ല കിടിലൻ കണ്ടീഷൻ.. കണ്ടാൽ ആർക്കും ഒന്ന് ഡ്രൈവ് ചെയ്യുവാൻ തോന്നിപ്പോകും. ഞങ്ങൾ കാറിലും എമിൽ ബുള്ളറ്റിലുമായിരുന്നു യാത്ര. കുറച്ചു ദൂരം സഞ്ചരിച്ചു കഴിഞ്ഞു ഞങ്ങൾ ഒരു ചെറിയ ടൗൺഷിപ്പിൽ എത്തിച്ചേർന്നു. അതൊരു ഇടത്താവളം ആയിരുന്നു. അവിടെയുള്ള ജംഗ്‌ഷനിൽ നിന്നും ഇടത്തേക്ക് പോയാൽ പാന്ഗോങ് തടാകത്തിലേക്കും, വലത്തേക്ക് പോയാൽ മണാലിയും ആണ്. ഇവിടങ്ങളിലേക്കു പോകുന്നവരെല്ലാം വിശ്രമിക്കുന്ന ഒരു സ്ഥലമാണ് ഈ ടൗൺഷിപ്പ്.

ഞങ്ങൾ അവിടെ ഒരു ചായക്കടയിൽ ചായ കുടിക്കുവാനായി കയറി. കടയിലേക്ക് കയറുന്നതിനിടെയാണ് അവിടെ പാർക്ക് ചെയ്തിരുന്ന കേരള രജിസ്‌ട്രേഷൻ ബൈക്കുകൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ‘കേരള – കശ്മീർ – നേപ്പാൾ – ഭൂട്ടാൻ – നോർത്ത് ഈസ്റ്റ്’ എന്നുള്ള സ്റ്റിക്കർ ആ വണ്ടികളിൽ കണ്ടു. ഞങ്ങൾ കടയിൽക്കയറിയപ്പോൾ അവിടെ ചായയും കുടിച്ചിരിക്കുകയാണ് ആ വണ്ടികളിൽ വന്ന നമ്മുടെ പിള്ളേർ. അവർ മൂന്നു പേരുണ്ടായിരുന്നു, രണ്ടു തൃശ്ശൂർക്കാരും ഒരു പത്തനംതിട്ടക്കാരനും. ഞങ്ങൾ പരസ്പരം പരിചയപ്പെടുകയും വിശേഷങ്ങൾ പങ്കുവെയ്ക്കുകയുമൊക്കെയുണ്ടായി. അവർ കേരളത്തിൽ നിന്നും കാശ്മീരിൽ എത്തിയിട്ട് അവിടെ നിന്നും മണാലി വഴി നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലൊക്കെ പോകുവാനാണ് പ്ലാൻ.

മലയാളി റൈഡർമാരെ പരിചയപ്പെട്ടു, അവർക്കൊപ്പം ചായയും കുടിച്ച ശേഷം ഞങ്ങൾ വീണ്ടും കാണാമെന്ന ഉറപ്പോടെ പിരിഞ്ഞു. അവിടെ നിന്നും ഹാരിസ് ഇക്കയായിരുന്നു ബുള്ളറ്റ് ഓടിച്ചിരുന്നത്. പിന്നീട് ഞങ്ങൾ അവിടെ അടുത്തുള്ള ഹിമിസ് മൊണാസ്ട്രി കാണുവാനായിരുന്നു പോയത്. അവിടേക്കുള്ള യാത്രയ്ക്കിടയിൽ കണ്ട കാഴ്ചകൾ ഏതോ ഗൾഫ് രാജ്യത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഒമാനിലും മറ്റും സഞ്ചരിച്ചവർക്ക് മനസ്സിലാകും.

അങ്ങനെ ഞങ്ങൾ മനോഹരമായ കവാടവും കടന്നു ഹിമിസ് മൊണാസ്ട്രിയിൽ എത്തിച്ചേർന്നു. ലേയിലെ ഏറ്റവും പുരാതനമായ മൊണാസ്ട്രിയാണ് അതെന്നു ഞങ്ങളോട് കാക്കാ പറഞ്ഞു തന്നു. വലിയ മലനിരകൾക്കു നടുവിലായി വളരെ മനോഹരമായ രീതിയിലായിരുന്നു ആ മൊണാസ്ട്രി സ്ഥിതി ചെയ്തിരുന്നത്. ശരിക്കും അതൊരു മൊണാസ്ട്രി ആയിരുന്നില്ല, ഒരു മനോഹരമായ സ്തൂപം ആയിരുന്നു. ഞങ്ങൾ ഈ യാത്രയിൽ ഇതുവരെ കണ്ട സ്തൂപങ്ങളിൽ നിന്നും വളരെ വ്യത്യസത്യമായിരുന്നു. അവിടത്തെ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തിരിച്ചു.

അവിടുന്ന് പിന്നീട് ഞാനായിരുന്നു ബുള്ളറ്റ് ഓടിച്ചിരുന്നത്. വല്ലാത്തൊരു ഫീൽ തന്നെയായിരുന്നു അതുവഴി ബുള്ളറ്റിലൂടെയുള്ള യാത്ര. വെറുതെയല്ല ലേ – ലഡാക്ക് ഒക്കെ ആളുകൾ ബുള്ളറ്റിൽ പോകുന്നത്. അമ്മാതിരി ഫീൽ അല്ലേ..!! അങ്ങനെ ഞങ്ങൾ രാത്രിയോടെ തിരികെ കാക്കായുടെ ഹോംസ്റ്റേയിൽ എത്തിച്ചേർന്നു. അവിടെ കുറച്ചുനേരം കാക്കായുടെ ചെറിയ കുട്ടിയെ ഞങ്ങൾ കളിപ്പിച്ചു. പിന്നീട് കുറച്ചു കഴിഞ്ഞു ഞങ്ങൾ ഷോപ്പിംഗിനായി ലേ പട്ടണത്തിലേക്ക് നീങ്ങി. അവിടെ നിന്നും വേണ്ട സാധനങ്ങളൊക്കെ വാങ്ങി ഞങ്ങൾ വീണ്ടും തിരികെ ഹോംസ്‌റ്റേയിൽ എത്തി. ഇനി ലേയിലെ അടുത്ത കാഴ്ചകൾ അടുത്ത ദിവസം കാണാം.

ലേയിൽ വരുന്ന സഞ്ചാരികൾക്ക് താമസത്തിനായും, ബൈക്ക് വാടകയ്ക്കായും, മറ്റെന്തു സഹായത്തിനായും കാക്കായെ ധൈര്യമായി വിളിക്കാം. To contact KAKA in Leh: 9469669943, 6005254159.