കോഴിക്കോട് – കണ്ണൂർ റൂട്ടിൽ 794 രൂപക്ക് ഒരു വിമാനയാത്ര

വിവരണം – Rohith Ramesh.

794 രൂപക്ക് ഒരു വിമാനയാത്ര, അതും ഇന്ത്യയിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ആഭ്യന്തര വിമാന സർവീസിൽ. പറഞ്ഞുവരുന്നത് കോഴിക്കോട്-കണ്ണൂർ എയർ ഇന്ത്യ വിമാനയാത്രയെപ്പറ്റിയാണ്. ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ വിമാനയാത്രയും ഇതായിരിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ പിജി സ്റ്റുഡൻസായ ഞങ്ങൾ 14 പേർ നടത്തിയ ഒരു കിടിലൻ വിമാനയാത്രാവിശേഷം.

ഇന്നലെയായിരുന്നു (28-2-2020) സുഹൃത്തുകളുമൊത്ത് സ്വപ്നതുല്യമായ ആ വിമാനയാത്ര നടന്നത്. Calicut International Airport to Kannur International വരെ. (CCJ-CNN) ഇത്രയും കുറഞ്ഞ തുകയ്ക്ക് ഒരു വിമാനയാത്ര സാധ്യമാണോ എന്ന് പലർക്കും സംശയം ഉണ്ടായിരിക്കാം. പക്ഷേ സംഗതി സത്യമാണ്. ടിക്കറ്റ് ബുക്കിംഗ് ഒരു ചെറിയ കടമ്പ ആയിരുന്നില്ല. കാരണം മാസങ്ങളായി വിവിധ പേജുകളും ഗ്രൂപ്പുകളും ആപ്പുകളും ഒക്കെ കയറി ഇറങ്ങിയ ഒരു വലിയ യാത്ര തന്നെ ഇതിനു പുറകെ ഉണ്ടായിരുന്നു.

അങ്ങനെ ഇരിക്കെയാണ് 803 രൂപയ്ക്ക് കോഴിക്കോട് – കണ്ണൂർ സെക്റ്ററിൽ എയർ ഇന്ത്യ ഫ്ലൈറ്റ് ടിക്കറ്റ് ലഭ്യമാണ് എന്ന കാര്യം അറിയുന്നത്. കാര്യങ്ങളൊക്കെ തീരുമാനമായി വരുമ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു. കാരണം ടിക്കറ്റ് നിരക്ക് കൂട്ടി. സർവ്വം സങ്കടമയമായിരുന്നു പിന്നീടങ്ങോട്ട്. അവസാന പിടിവള്ളി എന്നോണം ഗൂഗിൾ ഫ്ലൈറ്റിൽ Monitor the best price alert ഓണാക്കി ഇട്ടത് രക്ഷയായി. രണ്ട് ദിവസം കഴിഞ്ഞ് പെട്ടെന്നൊരു നോട്ടിഫിക്കേഷൻ ടിക്കറ്റ് റേറ്റ് പഴയപടിയായി കുറഞ്ഞു.

പിന്നൊന്നും നോക്കിയില്ല. അടുത്ത നിമിഷം തന്നെ ഒരു ആപ്പ് വഴി 794 രൂപയ്ക്ക് ടിക്കറ്റ് അങ്ങ് ബുക്ക് ചെയ്തു. ഞാൻ ഒഴികെ ബാക്കി 13 പേരുടെയും ആദ്യ വിമാന യാത്രയായിരുന്നു ഇത്. കാര്യം പലരും ചോദിച്ചു, കണ്ണൂരിലേക്കാണോ വിമാനത്തിൽ പോകുന്നതെന്ന്. ഞങ്ങളെ സംബദ്ധിച്ചിടത്തോളം ലക്ഷ്യമല്ല, മാർഗ്ഗമായിരുന്നു പ്രധാനം.

ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു പരിചയം ഇല്ലാത്തതുകൊണ്ടും, സംഗതി കുറച്ച് കൂടിയ ഇനം ആയതുകൊണ്ടും, യാത്രയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന പേടി നിരന്തരം അലട്ടിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത് വെറും നാല് ദിവസത്തിനു ശേഷമായിരുന്നു ഞങ്ങടെ യാത്ര. കുറച്ചൂടെ ചുരുക്കി പറഞ്ഞാൽ ഒരു ഒന്നൊന്നര ഫ്രഷ് യാത്ര.

യാത്രയ്ക്കായി കരിപൂരിലേക്ക് രാവിലെ 9:30ക്ക് തന്നെ ബസ്സ് പിടിച്ചു. Check-in നും കഴിഞ്ഞ് Boarding pass ഉം കയ്യിൽ കിട്ടിയേരെയാണ് സമാധാനമായത്. സംഗതി എന്തായാലും കൂറ കപ്പലിൽ പോയത് പോലെ ആയില്ല. 12:55 നാണ് ടേക്ക് ഓഫ്. 12:30 ക്ക് ഞങ്ങൾ എയ്റോബ്രിഡ്ജിലൂടെ ഫ്ളൈറ്റിലേക്ക് കയറി. Airbus 321 Sharklets ശ്രേണിയിൽ പെട്ട 176 പേർക്ക് സഞ്ചരിക്കാവുന്ന വിമാനം. കൊള്ളാം പൊളി സാനം.

എല്ലാർക്കും പലയിടത്തായിട്ടായിരുന്നു സീറ്റ്. ചില ഭാഗ്യവാൻമാർക്ക് വിൻഡോ സീറ്റും കിട്ടി. യാത്രയിൽ ഞങ്ങളെ പോലെ വിമാനത്തിൽ കയറണം എന്ന ആഗ്രഹം കൊണ്ട് മാത്രം ടിക്കറ്റെടുത്ത പലരുമുണ്ടായിരുന്നു. പ്രായമായവരും, മുതിർന്നവരും കുട്ടികളും. മനസ്സിന് ഏറെ സന്തോഷം നൽകുന്ന ഒരു കാഴ്ച ആയിരുന്നു അത്. കാരണം ഇങ്ങനത്തെ ചെറിയ ചെറിയ ആഗ്രഹങ്ങൾ ഒക്കെ സാധിക്കുമ്പോൾ ആല്ലേ നമ്മുടെയൊക്ക ലൈഫ് കളർഫുൾ ആവുന്നത്. ചാർലി സിനിമയിൽ ദുൽഖർ പറയും പോലെ അങ്ങ് മേലെ ചെല്ലുമ്പോൾ മൂപ്പര് ചോദിക്കും ഇതൊക്കെ കണ്ടിട്ടാണോ ഇങ്ങു പോന്നേന്ന്. മൂപ്പരെ കൊണ്ട് അങ്ങനെ ചോദിപ്പിക്കാൻ ഇടവരുത്തരുതല്ലോ.

12.55 ന് ടേക്ക് ഓഫ് ആയ വിമാനം മേഘങ്ങളെ വെട്ടിമാറ്റി കൊണ്ട് കണ്ണൂരിലേക്ക് പറന്നുയർന്നു. കുന്നുകളും പുഴകളും കടലും റോഡുകളും വീടുകളും തുടങ്ങി ഒരുപാട് ആകാശക്കാഴ്ചകൾ സമ്മാനിച്ച വിമാനം 15 മിനിറ്റിനുശേഷം തെയ്യങ്ങളുടെ നാട്ടിലെ ആകാശങ്ങളിൽ പറന്നെത്തി. കുറച്ചു നിമിഷങ്ങൾക്കകം ലാൻഡിങ്. ടേക്ക് ഓഫും ലാൻഡിംങ്ങും അടക്കം ആകെ മൊത്തം 20 – 25 മിനിറ്റ് യാത്ര. വിമാനയാത്ര എന്ന ആഗ്രഹം ഉള്ളിൽ കൊണ്ടു നടക്കുന്നവർക്ക് ഈയൊരു സമയം തന്നെ ധാരാളമാണ്.

പാർക്കിങ്ങിൽ നിർത്തിയിട്ട ഇൻഡിഗോക്കും ഗോഎയറിനും ഓരോ ടാറ്റ കൊടുത്ത ശേഷം ഞങ്ങൾ ഡിപ്പാർറ്ററിലേക്ക് നടന്നു. ഇത്രയും കുറഞ്ഞ ടിക്കറ്റിന് നടത്തിയ വിമാനയാത്ര മുതലായി എന്ന സന്തോഷത്തിലായിരുന്നു എല്ലാവരും. എയർപോർട്ടിനു പുറത്തിറങ്ങി ഒരു നാരങ്ങാ സോഡ ഒക്കെ കുടിച്ച്, നേരെ കണ്ണൂരിലേക്ക് ബസ്സിൽ. കണ്ണൂരിൽ നിന്നും ഭക്ഷണവും കഴിച്ച് നേരെ കോഴിക്കോട്ടേക്ക് ട്രെയിനിൽ.