കാനഡയിൽ നിന്നും ഡൽഹി വഴി കേരളത്തിൽ എത്തിയ അനുഭക്കുറിപ്പ്

കാനഡയിൽ നിന്നും യാത്ര പുറപ്പെട്ട്‌ ഡൽഹി വഴി കേരളത്തിൽ എത്തിയ രാജേഷ് വാസു എന്ന വ്യക്തിയുടെ അനുഭക്കുറിപ്പ്‌.

വന്ദേഭാരത് മിഷനും കൊറോണ ടൂറിസവും.. കാനഡയില്‍ നിന്നും നാട്ടില്‍ വരാനായി ‌‌‌ടിക്കറ്റെടുത്തത് 2020 മേയ് 4 ന് ആയിരുന്നു. ഒരാള്‍ക്ക് 42000 രൂപ വീതം വരുന്ന മൂന്നു ടിക്കറ്റ് , എയര്‍ ഇന്ത്യയില്‍ നിന്നും.അപ്പോഴാണ് കാര്യങ്ങള്‍ മാററി മറിച്ച് കൊറോണയുടെ വരവ്.എയര്‍പോര്‍ട്ടുകള്‍ അടച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷനില്‍ രജിസ്റ്റര്‍ ചെയ്തത് പിന്നീടാണ്. നോര്‍ക്ക, എംബസി രജിസ്റ്റ്രേഷനുകളുടെ തുടര്‍ച്ച.കോണ്‍സുലേറ്റില്‍ നിന്നും അയച്ചു തന്ന ഇരുപതോളം ഫോമുകള്‍, സമ്മത പത്രങ്ങള്‍. പൂരിപ്പിച്ച് കൈ കഴച്ചു. ഒടുവില്‍, ടിക്കറ്റിനായി തുക അടക്കുവാന്‍ ആവശ്യപ്പെട്ടു. ഒരാള്‍ക്ക് 138000 രൂപ വീതം (2450 ഡോളര്‍) നാലു ലക്ഷത്തി പതിനാലായിരം രൂപ!! സാധാരണ ടിക്കറ്റ് ചാര്‍ജിന്റെ മൂന്നു മടങ്ങ് തുക.

കാനഡയാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. സാധാരണ ജോലികള്‍ (ജനറല്‍ ജോബ് )ചെയ്യുന്ന ഒരാള്‍ക്ക് ചെലവുകള്‍ കഴിഞ്ഞ് ഇത്രയും തുക സമ്പാദിക്കണമെങ്കില്‍ എട്ട് മാസമെങ്കിലും ജോലി ചെയ്യണം. വന്ദേ ഭാരത് മിഷന്‍! ഞാനൊരു നെടുവീര്‍പ്പിട്ടു. സൌജന്യമായി നാട്ടില്‍ പോയ പാക്കിസ്ഥാനിയോടും ഫിലിപ്പൈനിയോടുമെല്ലാം എനിക്ക് കടുത്ത അസൂയ തോന്നി. സാധാരണക്കാരന്റെ ചോര കുടിച്ചല്ലായിരിക്കാം ആ സര്‍ക്കാരുകള്‍ ജീവിക്കുന്നത്.

ജൂണ്‍ പത്തിന് ടൊറന്റോയില്‍ നിന്നും എയര്‍ ഇന്ത്യയുടെ AI 188 വിമാനത്തില്‍ കയറിയപ്പോള്‍ ശരിക്കും ഞെട്ടി. സാമൂഹിക അകലം പാലിക്കാതെ എല്ലാ സീറ്റിലും ടിക്കറ്റുകള്‍ നല്കിയിരിക്കുന്നു. ഭാര്യ ചോദിച്ചു: പിന്നെ എന്തിനാണിവര്‍ ഈ മൂന്നിരട്ടി കാശ് നമ്മളോട് വാങ്ങിയത്? നമുക്ക് രോഗം പിടിക്കില്ലേ? എനിക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു.

സീറ്റില്‍ ഒരു പ്ലാസ്റ്റിക് കവറില്‍ കുറെ ഭക്ഷണ സാധനങ്ങള്‍. എന്നു വച്ചാല്‍ പെട്ടിക്കടയില്‍ ‌‌ടച്ചിങ്സായി കിട്ടുന്ന 2 രൂപയുടെ മിക്സ്ചര്‍, അഞ്ച് രൂപയുടെ ലേയ്സിന്റെ ഡ്യൂപ്ലിക്കേറ്റ്, വെള്ളം പൊട്ടിയൊഴുകി നനഞ്ഞ മാസ്ക് തുടങ്ങിയവ. ഭയത്തോടെ അത് അവിടെത്തന്നെ ഉപേക്ഷിച്ചു. ഇനി ഡല്‍ഹി എത്തുന്നതു വരെ യാതൊന്നും തരുന്നതല്ലെന്ന് മൈക്കിലൂടെ അറിയിപ്പ് വന്നു. പതിനാറ് മണിക്കൂര്‍ ഭക്ഷണമില്ലാതെ, മൂത്രമൊഴിക്കാന്‍ പോലും പോകാതെ ഏഴു വയസ്സുള്ള മകനെയും കൊണ്ട് ഡല്‍ഹിയിലെത്തി.

അവിടെ ‍ഞങ്ങളെ എതിരേറ്റത് പട്ടാളമാണ്. ഒരു പട്ടാളക്കാരന്‍ വന്ന് ഞങ്ങളോട് പറഞ്ഞു: “നിങ്ങള്‍ E ഗ്രൂപ്പ് ആണ്. E for Elephant.” നിന്നും നടന്നും ക്യൂവില്‍ നരകിച്ചും നീണ്ട ഏഴു മണിക്കൂറുകള്‍. ഹിന്ദിക്കാരും തെലുങ്കരും ബംഗാളികളും ഇടകലര്‍ന്ന് ശിവരാത്രി മണപ്പുറം പോലുള്ള “കൊറോണ ഫെസിലിറ്റി”. ശ്വാസമെടുക്കാന്‍ പോലും ഭയന്നു.

പട്ടാളക്കാരില്‍ പലരും മാസ്ക് പോലും ധരിച്ചിട്ടില്ല. ചൂടും വിയര്‍പ്പും. കൊറോണ പടരുന്ന ഇരുണ്ട ഇടനാഴികള്‍. കഴുകാത്ത കയ്യില്‍ ചപ്പാത്തി പിടിച്ച് കറിയില്‍ മുക്കി കഴിക്കുന്ന പട്ടാളക്കാരന്‍ CISF ആണെന്ന് തോന്നുന്നു. വെറും നിലത്ത് കിടന്നുറങ്ങുന്ന യാത്രക്കാര്‍. ഡല്‍ഹിയില്‍ മഹാമാരി പടരുന്നതിന്റെ യഥാര്‍ത്ഥ കാരണം നേരില്‍ കണ്ടു. കുട്ടി ഭക്ഷണം കഴിച്ചിട്ട് ഇരുപത്തിനാല് മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു. അവന്‍ കരഞ്ഞെങ്കിലും ശബ്ദം പുറത്തു വരാതെ ശ്രദ്ധിച്ചു. സാഹചര്യം അവന് മനസ്സിലായിക്കാണണം. ഭക്ഷണം പോയിട്ട് കുടിവെള്ളം പോലും അവിടെ ഇല്ലായിരുന്നു താനും. കഴിച്ചാല്‍ അത് അന്ത്യ അത്താഴം ആകും.

അടുത്തത് ഡല്‍ഹി പോലീസിന്റെ ഊഴമായി. അവര്‍ ചോദിച്ചു: “ഹോട്ടല്‍ സിലക്ട് കിയാ?” ഭിത്തിയില്‍ പത്ത് മുപ്പത് ഹോട്ടലുകളുടെ ലിസ്ററ് ഒട്ടിച്ചി‌‌ട്ടുണ്ട്. എല്ലാം ഡല്‍ഹിയിലെ വിലകൂടിയ ഹോ‌ട്ടലുകള്‍. പതിനാല് ദിവസത്തേക്ക് ഞങ്ങളെ ക്വാറന്റൈന്‍ ചെയ്യാന്‍ പോകുന്നു. അവിടെ താമസിക്കുവാൻ ഒന്നരലക്ഷം രൂപയെങ്കിലും അവര്‍ വാങ്ങും.ഒന്നര ലക്ഷം പോയിട്ട് പതിനായിരം രൂപ പോലും കയ്യിലില്ല.

ഒരു ഉദ്യോഗസ്ഥനോട് ഞാന്‍ പറഞ്ഞു : “സര്‍ ഞങ്ങളുട‌െ കയ്യില്‍ കേരളത്തിലേക്കുള്ള ടിക്കറ്റ് ഉണ്ട്.” “സോറി നിങ്ങള്‍ ഇവിടെ ക്വാറന്റൈന്‍ നിന്നേ തീരൂ.” അയാള്‍ പോയി. ഹൃദ്രോഗിയായ ഒരു ആന്ധ്രക്കാരന്‍ പയ്യന്‍ തന്റെ മെഡിക്കല്‍ പേപ്പറുകളുമായി മണിക്കൂറുകളായി അയാളുടെ പിറകെ നടക്കുന്നു. എനിക്ക് പ്രതീക്ഷ ഇല്ലായിരുന്നു. യാചിച്ചും കെഞ്ചിയും തര്‍ക്കിച്ചും കാത്തിരുന്നും മൂന്ന് മണിക്കൂറുകള്‍ക്കു ശേഷം ഞങ്ങള്‍ക്ക് പോകാന്‍ അനുമതി കിട്ടി. പയ്യന്‍ അപ്പോഴും അവിടെത്തന്നെ ഉണ്ട്.

എല്ലാ വിമാനങ്ങളും ഡല്‍ഹിയില്‍ കൊണ്ടുവന്നിറക്കുന്ന ഗുട്ടന്‍സ് അപ്പോഴാണ് പിടികിട്ടിയത്. “കൊറോണ ടൂറിസം”. സാമൂഹിക വ്യാപനം നടക്കുന്ന ഡല്‍ഹിയിലെ പതിനാല് ദിവസത്തെ ക്വാറന്റൈനില്‍ നാം രോഗിയാവുമെന്നുറപ്പാണ്. അപ്പോഴവര്‍ നമ്മളെ വിലകൂടിയ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കും. അവിടെ മൂന്നോ നാലോ ലക്ഷം ചിലവിട്ട് ചികിത്സ. കയ്യില്‍ പണമില്ലാത്തവനോ, മരണം. കൊറോണ കച്ചവടമാകുന്നതെങ്ങനെയെന്ന് ഡല്‍ഹി എന്നെ പഠിപ്പിക്കുന്നു.

നാട്ടിലേക്കുള്ള ഞങ്ങളുടെ വിമാനം പിന്നെയും പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു. ഇരുപത്തി ഒന്നായിരം രൂപക്കെടുത്ത അടുത്ത ടിക്കറ്റ്. ആ കാത്തിരിപ്പ് സമയം മുഴുവന്‍ ആരെങ്കിലും അവിടെ അണുനശീകരണം നടത്തുന്നത് കണ്ടില്ല. വൃത്തിയാക്കാത്ത ട്രോളികളിലൂടെയും കസേരകളിലൂടെയും മരണം പുഞ്ചിരിച്ചുകൊണ്ട് കയ്യോടിക്കുന്നു.രാജ്യതലസ്ഥാനം!!!

രാത്രി ഏഴുമണിക്ക് കൊച്ചിയിലെത്തി. ഒരു തരത്തിലും രോഗം വ്യാപിക്കാത്ത വിധം ഗ്ലാസ് ഇടനാഴി തിരിച്ച, ഇടവിട്ട് സാനിറ്റൈസ് ചെയ്യുന്ന നടവഴികള്‍. ഇല്ല, മലയാളിക്ക് ആരെയും കൊലക്ക് കൊടുക്കാനാവില്ല. ആകെ നാല്‍പത്തഞ്ച് മിനിട്ടുകള്‍ക്കുള്ളില്‍ ഞങ്ങള്‍ പുറത്തെത്തി. മുന്‍സീറ്റുമായി വേര്‍തിരിച്ച പ്രത്യേക ടാക്സിയില്‍ വീട്ടിലെത്തി.

ഭക്ഷണം കഴിക്കാത്ത, ടോയ്ലറ്റില്‍ പോകാത്ത, ഉറങ്ങാത്ത രണ്ടു ദിവസം. മകന്‍ സിറ്റൌട്ടില്‍ തളര്‍ന്നിരുന്നു. സഹോദരി ഉണ്ടാക്കി വച്ചിട്ടു പോയ ചോറ് മോരുകറി കൂട്ടി വയറു നിറയെ കഴിച്ചു. മോരുകറിക്കൊക്കെ ഇത്രയും രുചിയുണ്ടോ എന്ന് അത്ഭുതം തോന്നി. കുളിച്ച് സമാധാനമായി ഉറങ്ങി. ഒന്നുമല്ലെങ്കിലും കേരളത്തില്‍ തിരിച്ചെത്തിയല്ലോ. ഇന്ത്യയിലെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്നില്‍.

വാല്‍ക്കഷണം: കേരളത്തില്‍ അതില്ല, ഇതില്ല എന്ന വിമര്‍ശനവുമായി വരുന്നവര്‍ എന്റെ മുന്നില്‍ വരരുത്. പോയി മുംബയിലും ഡല്‍ഹിയിലും ചെന്ന് കാണ്. എന്നിട്ട് മുറിഞ്ഞ വാലുമായി തിരികെ വാ. ചാകുന്നവന്റെ പോക്കററ് കൊള്ളയടിക്കാത്ത മ്മടെ സ്വന്തം കേരളത്തിലേക്ക്.