വല്യേട്ടനിൽ മമ്മൂട്ടിയോടൊപ്പം തകർത്തഭിനയിച്ച ഗജവീരൻ; പാമ്പു കടിയേറ്റ് ചെരിയേണ്ടി വന്ന കൊമ്പൻ..

വർഷങ്ങൾക്കു മുമ്പുള്ള ഏറ്റുമാനൂർ ഉത്സവം, ആനക്കാര്യത്തിൽ അൽപം പഴക്കവും ചരിത്രവമേറിയതാണ് ഏറ്റുമാനൂർ ഉത്സവം വലിയ വിരൂപാക്ഷനും നീലകണ്ഠനും വണ്ടന്നൂർ ഗോപാലകൃഷ്ണനും ഇടമനപാട്ട് മോഹനനും തിരു നീലകണ്ഠനുമടക്കം എണ്ണം പറഞ്ഞ നാട നാനകൾ തലയുയർത്തി നിന്ന ഉത്സവഭൂമി. ഉത്തരേന്ത്യൻ ആനകൾ എത്താറുണ്ടെങ്കിലും തിടമ്പേറ്റുക സഹ്യസുതന്മാർ തന്നെയാവും.

പതിവു പോലെ നല്ല ആൾത്തിരക്കുള്ള ശീവേലി എഴുന്നള്ളിപ് തിടമ്പേറ്റാൻ നാട്ടുകാർക്ക് അത്ര പരിചിതനല്ലാത്ത ഒരു ഗജരാജൻ പക്ഷേ എഴുന്നള്ളിപു തുടങ്ങിയതു മുതൽ തലയുയർത്തി പ്രൗഢിയോടെ നിന്നആ ഗജകേസരിയെ പുരുഷാരം ശരിക്കുമൊന്നു ശ്രദ്ധിച്ചു. ഒപ്പം ഒരു പേരും ‘തിടനാട് താന്നിപുഴയിൽ രാജഗോപാൽ.’ പെരുന്ന ഗജമേളയുടെ കിരീട മടക്കം ശിരസ്സിലേന്തി അക്ഷരമുറ്റത്തിന്റെ ഹൃദയ ചോരനായി അവൻ മാറി. കോട്ടയത്തങ്ങോളമിങ്ങോളമുള്ള ഉത്സവത്തിടമ്പുകളേന്തി അരങ്ങുവാണ അവനെ തേടി ഒരാളെത്തി, ആനക്കേരളത്തിലെ എക്കാലത്തെയും ലക്ഷണതകവിന്റെ നേർരൂപമായ ചേലൂരാനയുടെ പിന്മുറക്കാരനായി വാഴിക്കാൻ.

അങ്ങനെ തൊണ്ണൂറുകളുടെ അവസാനത്തിൽ ‘തിടനാട് താന്നിപുഴയിൽ രാജഗോപാൽ’ തൃശ്ശൂരിന്റെ മണ്ണിലേക്ക് എത്തിച്ചേർന്നു. രാജഗോപാൽ ‘ചേലൂർ രവി’യായി. വടക്കുംനാഥന്റെ മണ്ണിൽ പുതിയൊരു സൂര്യോദയം. തിരുകൊച്ചിയും, തൃശ്ശിവപേരൂരും, വള്ളുവനാടും ആ ആനച്ചന്തത്തെ കണ്ണിമയ്ക്കാതെ നോക്കി നിന്നു. തൃശ്ശൂർ പൂരം തുടങ്ങി പ്രധാന ഉത്സവ ആഘോഷങ്ങളിലും അവൻ അവിഭാജ്യ ഘടകമായി മാറി. ഇതിനിടയിൽ വല്യേട്ടൻ എന്ന സിനിമയിൽ മമ്മൂട്ടിയോടൊപ്പം അറയ്ക്കൽ കണ്ണൻ എന്ന പ്രാധാന്യമുള്ള വേഷം ചെയ്ത് മോളിവുഡിൽ താരമായി.

2004 ലെ തൃശൂർ പൂരത്തിൽ പാറമേക്കാവ് വിഭാഗത്തിൽ ശ്രീപരമേശ്വരനും, മംഗലംകുന്നു അയ്യപ്പനും, എഴുത്തച്ഛൻ ശങ്കരനാരായണനും ശേഷം ഉള്ള നാലാം സ്ഥാനം രവിക്കായിരുന്നു. തിടമ്പാനയായാലും പറ്റാനയായാലും എന്നും ഒരാൾക്കൂട്ടം രവിക്കു ചുറ്റുമുണ്ടായിരുന്നു. എന്നാൽ വിധിയുടെ വികൃതിയിൽ ആ സൂര്യൻ അസ്തമനത്തിലേക്ക് നീങ്ങുകയാണന്ന് ആരും അറിഞ്ഞിരുന്നില്ല.

2004 ലെ തൃശ്ശൂർ പൂരം കഴിഞ്ഞു പാലക്കാട് ജില്ലയിലെ ഏതോ ഭാഗത്തു ഏതോ പൂരത്തിനു പോകുന്നതിനിടയിൽ, ഒരു പാലക്കാടൻ കാറ്റേറ്റ പകലിൽ ചിതലി എന്ന സ്ഥലത്തു വിശ്രമിക്കുന്നതിനിടയിൽ ആനകളുടെ പ്രിയ ഭോജനമായ മുളയില തുമ്പിക്കൈയാൽ വാരിയെടുത്തു കഴിക്കുകയായിരുന്നു രവി. എന്നാൽ പെട്ടെന്ന് പറമ്പിൽ കെട്ടി നിർത്തിയ ആനയിൽ പിന്നീട് വന്ന ഭാവമാറ്റം കണ്ടുനിന്നവരെയെല്ലാം ഞെട്ടിച്ചു. തന്റെ പ്രിയ തോഴനെന്തു പറ്റി എന്നറിയാതെ സന്തത സഹചാരിയായ പാപ്പാനും കുഴങ്ങിപ്പോയി. എന്താണ് സംഭവിച്ചതെന്നു തിരിച്ചറിയുന്നതിനും മുന്നേ ഏവരെയും കണ്ണീരിലാഴ്ത്തി അവൻ നിത്യതയിലേക്ക് കണ്ണടച്ചു.

പാമ്പുകടിയേറ്റായിരുന്നു ചേലൂർ രവിയുടെ അന്ത്യമെന്ന് പിന്നീടാണ് മനസ്സിലായത്. മുളയിലക്കൂട്ടങ്ങൾക്കിടയിൽ പതുങ്ങിയിരുന്ന പാമ്പ് ചേലൂർ രവിയെന്ന തലയെടുപ്പുള്ള കൊമ്പന്റെ അന്തകനാകുകയായിരുന്നു. ഈ വാർത്ത ആനപ്രേമികളെ തീരാദുഃഖത്തിലാഴ്ത്തി. 30-35 വയസ്സിനോടുത്തു പ്രായമുള്ളപ്പോൾ ആയിരുന്നു രവി ഈ ലോകത്തോടും പൂരങ്ങളോടും വിടപറഞ്ഞത്. നല്ല ആരോഗ്യവും തലയെടുപ്പും ഉണ്ടായിരുന്ന, ഒരുപാട് ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന കൊമ്പൻ…പക്ഷെ എങ്ങും എത്താതെ പോയി.

ഇന്നും വല്യേട്ടൻ സിനിമ കാണുമ്പോഴും അതിലെ “നിറനാഴി പോന്നിൻ..” എന്ന ഗാനരംഗം കാണുമ്പോഴും തലയെടുപ്പോടെ മമ്മൂട്ടിയുടെ അടുത്തു നിൽക്കുന്ന ചേലൂർ രവി ആനപ്രേമികൾക്ക് ഒരു നീറുന്ന വേദനയാണ്. ഒരിക്കലും മറക്കാനാവാത്ത ചേലൂർ രവിയുടെ ഓർമ്മക്കു മുൻപിൽ പ്രണാമങ്ങളോടെ…

കടപ്പാട് – ‎Vivin Dadu, വിവിധ ആനപ്രേമി കൂട്ടായ്മകളിൽ വന്ന ലേഖനങ്ങൾ.