ചെന്നൈയിൽ നിന്നും ട്രിച്ചി, ഡിണ്ടിഗൽ വഴി കോഴഞ്ചേരിയിലേക്ക് 11.5 മണിക്കൂർ യാത്ര..

ചെന്നൈ സന്ദർശനത്തിനു ശേഷം ഞങ്ങൾ തിരികെ കോഴഞ്ചേരിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. രാവിലെ പത്തു മണിയോടെയാണ് ചെന്നൈയിലെ വേലാചേരിയിൽ നിന്നും യാത്ര തുടങ്ങിയത്. ചെന്നൈയിൽ നിന്നും ട്രിച്ചി, ഡിണ്ടിഗൽ വഴിയായിരുന്നു ഞങ്ങൾ കോഴഞ്ചേരിയിലേക്കുള്ള യാത്രയ്ക്കായി തിരഞ്ഞെടുത്തത്. ഞങ്ങളുടെ വണ്ടി കുറേദൂരം ഓടിയിരുന്നതിനാൽ ചെന്നൈയിൽ നിന്നും പുറപ്പെട്ട് അഞ്ചു കിലോമീറ്ററിനുള്ളിൽ വണ്ടിയുടെ ടയറുകളുടെ എയർ പ്രഷർ ചെക്ക് ചെയ്തു. ഇത്തരത്തിൽ ദൂരേക്കുള്ള യാത്രകൾക്ക് മുൻപും വളരെ ദൂരം ഓടിക്കഴിഞ്ഞും വണ്ടികളുടെ ടയർ പ്രെഷർ എല്ലാവരും ഒന്നു ചെക്ക് ചെയ്യുന്നത് നല്ലതായിരിക്കും. അങ്ങനെ ഞങ്ങൾ ചെന്നൈ നഗരത്തോട് വിടപറഞ്ഞു.

ചെന്നൈ വിട്ടതോടെ വഴിയിൽ തിരക്കിന് അൽപ്പം ശമനമായി. പോകുന്ന വഴിയിൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ പുതിയ AC ഡീലക്സ് ബസ് കാണുവാനിടയായി. പഴയ അൾട്രാ ഡീലക്സ് ബസ്സിൽ നിന്നും വളരെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാണ് പുതിയ എസി ഡീലക്സ് അവർ പുറത്തിറക്കിയിരിക്കുന്നത്. നല്ല ചൂട് കാലാവസ്ഥയായിരുന്നതിനാൽ കാറിലെ എസി കൂടിയ അളവിൽ പ്രവർത്തിക്കുകയായിരുന്നു. ഇടയ്ക്ക് വഴിയരികിൽ നിന്നും കുക്കുമ്പർ പോലുള്ള ചൂടിനെ പ്രതിരോധിക്കുവാൻ സഹായിക്കുന്ന ഐറ്റങ്ങൾ വാങ്ങി കഴിക്കുകയും ചെയ്തു.

ഞങ്ങൾ പോയ്‌ക്കൊണ്ടിരുന്നത് നല്ല കിടിലൻ ഹൈവേ ആയിരുന്നതിനാൽ മൂന്നു മണിക്കൂർ കൊണ്ട് ഞങ്ങൾക്ക് 200 കിലോമീറ്ററോളം പിന്നിടുവാൻ സാധിച്ചു. വില്ലുപുരത്തിനും ട്രിച്ചിയ്ക്കും ഇടയിലായി ഉളുന്തൂർപേട്ട എന്ന സ്ഥലത്തിനടുത്തുള്ള ഒരു ടോൾ ബൂത്തിന് സമീപം ഞങ്ങൾ വണ്ടി നിർത്തി. അപ്പോൾ സമയം ഉച്ചയ്ക്ക് ഒരു മണിയായിട്ടുണ്ടായിരുന്നു. അവിടെ അടുത്തുള്ള ഒരു ഹോട്ടലിൽ ഞങ്ങൾ ലഞ്ച് കഴിക്കുവാനായി കയറി. നല്ലൊരു വെജിറ്റേറിയൻ റെസ്റ്റോറന്റ് തന്നെയായിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തത്. ബില്ല് വന്നപ്പോൾ അൽപ്പം കത്തിയായി തോന്നിയെങ്കിലും ഭക്ഷണം നല്ലതായിരുന്നതിനാൽ മനസ്സും നിറഞ്ഞു. അങ്ങനെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

യാത്രയിൽ ഓരോ അരമണിക്കൂർ കൂടുമ്പോഴും ഓരോ ടോൾ ബൂത്തുകൾ കാണുന്നുണ്ടായിരുന്നു. അവിടെ എല്ലായിടത്തും ഫാസ്റ്റാഗ് സൗകര്യമുണ്ടായിരുന്നതിനാൽ ക്യൂവിൽ കിടക്കാതെ എളുപ്പത്തിൽ പോകുവാൻ ഞങ്ങൾക്ക് സാധിച്ചു. ട്രിച്ചിയ്ക്ക് ഏകദേശം 25 കിലോമീറ്റർ മുൻപായി ഞങ്ങൾ ഒരു പമ്പിൽ കയറി വണ്ടിയുടെ ദാഹം അങ്ങട് തീർത്തു. വൈകീട്ട് മൂന്നു മണിയോടെ ഞങ്ങൾ ട്രിച്ചിയിൽ എത്തിച്ചേർന്നു. തമിഴ്‌നാട്ടിലെ അത്യാവശ്യം നല്ല വലിപ്പവും പേരുകേട്ടതുമായ ഒരു സിറ്റിയാണ് ട്രിച്ചി. കേരളത്തിൽ നിന്നും ധാരാളം വിദ്യാർഥികൾ ഇവിടെയുള്ള കോളേജുകളിൽ പഠിക്കുന്നുണ്ട്.

ട്രിച്ചിയിൽ നിന്നും ഞങ്ങൾ ഡിണ്ടിഗൽ ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞു. ട്രിച്ചിയിൽ നിന്നും ഏകദേശം 100 കിലോമീറ്ററിനടുത്തു ദൂരമുണ്ട് ദിണ്ടിഗലിലേക്ക്. ഏകദേശം ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ ദിണ്ടിഗലിൽ എത്തി. ദിണ്ടിഗലിൽ നിന്നും വലത്തേക്ക് തിരിഞ്ഞു ഞങ്ങൾ തേനി റൂട്ടിലേക്ക് കയറി. അങ്ങനെ ബൈപ്പാസ് ഹൈവേയോക്കെ മാറി സാധാരണ വഴിയിലൂടെ ഞങ്ങൾ യാത്ര തുടങ്ങി. റോഡൊക്കെ നല്ല കണ്ടീഷനിൽ ഉള്ളതും വീതിയേറിയതുമായിരുന്നു. വഴിക്കുവെച്ച് ചായകുടിക്കുവാനായി ഞങ്ങൾ സമീപത്തു കണ്ട ഒരു ഹോട്ടലിൽ കയറി. ചായകുടിയൊക്കെ കഴിഞ്ഞു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

ശ്വേതയുടെ അച്ഛന് എസിയുടെ തണുപ്പ് നേരിട്ട് അടിക്കുന്നത് ബുദ്ധിമുട്ടുള്ളതിനാൽ അദ്ദേഹം പിന്നിലെ സീറ്റിലേക്ക് മാറി. മുന്നിലെ സീറ്റിലേക്ക് ശ്വേതയും വന്നു. നഗരക്കാഴ്ചകളിൽ നിന്നും മാറി ഗ്രാമക്കാഴ്ചകൾ വന്നുകൊണ്ടിരുന്നു. വഴിയുടെ ഇരുവശത്തും ധാരാളം തെങ്ങുകളും മറ്റുമൊക്കെയായി നല്ല കിടിലൻ ആമ്പിയൻസ്. തേനിയും പിന്നിട്ട് കമ്പം എത്തിയപ്പോഴേക്കും സൂര്യൻ അസ്തമിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. കമ്പവും പിന്നിട്ടു ചുരം കയറി ഞങ്ങൾ കേരള അതിർത്തിയിൽ പ്രവേശിച്ചപ്പോഴേക്കും രാത്രിയായിരുന്നു. കുമളി ടൗണിലൊക്കെ അത്യാവശ്യം തിരക്കുണ്ടായിരുന്നു. അങ്ങനെ രാത്രി 9.30 ഓടെ ഞങ്ങൾ കോഴഞ്ചേരിയിലുള്ള എൻ്റെ വീട്ടിൽ എത്തിച്ചേർന്നു. ചെന്നൈയിൽ നിന്നും ഏതാണ്ട് പതിനൊന്നേ മുക്കാൽ മണിക്കൂറോളം യാത്ര ചെയ്താണ് ഞങ്ങൾ കോഴഞ്ചേരിയിൽ എത്തിയത്. എല്ലാവര്ക്കും നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നതിനാൽ കുളിച്ചു ഭക്ഷണമെല്ലാം കഴിച്ചതിനു ശേഷം ഞങ്ങളെല്ലാം ഉറങ്ങുവാനായി പോയി.