നെയ്ത്തുകാർക്കും മത്സ്യതൊഴിലാളികൾക്കും സഹായവുമായി കൊച്ചിൻ ഷിപ്പ് യാർഡ്

കോവിഡ് മഹാമാരി ലോകമെമ്പാടും ഭീകരതാണ്ഡവമാടുമ്പോൾ നമ്മുടെ രാജ്യം ഇന്ന് അതിജീവനത്തിൻ്റെ പാതയിലാണ്. കൊറോണ മൂലം തൊഴിൽ നഷ്ടപ്പെട്ട, തങ്ങളുടെ ദൈനംദിന ചെലവുകൾക്കു പോലും വരുമാനം തികയാതെ വരുന്ന നിരവധിയാളുളകളാണ് നമുക്കിടയിലുള്ളത്. ഇത്തരമാളുകളുടെ ഉന്നമനത്തിനായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുമുണ്ട്.

എന്നാൽ ഇത്തരത്തിൽ കോവിഡ് മൂലം കഷ്ടപ്പെടുന്ന ഒരു വിഭാഗം ആളുകളുടെ ജീവിതത്തിലേക്കാണ് കൊച്ചി കപ്പൽശാല നന്മയുടെ വാതിൽ തുറന്നിരിക്കുന്നത്. കൊറോണമൂലം ഏറെ പ്രതിസന്ധികൾ നേരിടുന്ന രണ്ടു വിഭാഗങ്ങളായ പരമ്പരാഗത നെയ്ത്തുകാർക്കും, പ്രളയത്തിൽ മുങ്ങിയ കേരളജനതയെ കൈപിടിച്ചുയർത്തിയ നമ്മുടെ മൽസ്യത്തൊഴിലാളികൾക്കും ചെറിയൊരു കൈത്താങ്ങാകുകയാണ് കൊച്ചിൻ ഷിപ്പ്യാർഡ്.

കൈത്തറി മേഖലയെ സംബന്ധിച്ചിടത്തോളം ഓണക്കാലമാണ് അവർക്ക് ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന സമയം. എന്നാൽ ഈ ഓണക്കാലം കോവിഡ് എന്ന മഹാമാരിയ്ക്ക് മുന്നിൽ പകച്ചു നിന്നുപോയ കാഴ്ചയാണ് നാം കണ്ടത്. ഓണക്കാലത്തെ മുൻനിർത്തി അവർ സ്വപ്നം കണ്ടു നെയ്തെടുത്ത തുണിത്തരങ്ങൾ ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു.

കൈത്തറി മേഖലയിൽ ജോലിയെടുക്കുന്ന ധാരാളം സ്ത്രീകളുടെയും പുരുഷൻമാരുടെയും ഭാവി ജീവിതം ആശങ്ക നിറഞ്ഞു നിൽക്കുകയുമായിരുന്നു. ഇതു തിരിച്ചറിഞ്ഞ കൊച്ചി കപ്പൽശാല, അവർ നെയ്തെടുത്ത തുണികൾ ഉപയോഗിച്ചു മാസ്കുകൾ നിർമ്മിക്കുവാൻ കൈത്തറി മേഖലയെ സമീപിക്കുകയായിരുന്നു.

ഇത്തരമൊരു സന്ദർഭത്തിൽ തങ്ങളുടെ നെയ്ത്തു സംഘങ്ങളെ കൂട്ടിയിണക്കിക്കൊണ്ട് ഉന്നത ഗുണനിലവാരമുള്ള കോട്ടൺ മാസ്കുകൾ നിർമ്മിക്കുവാൻ കണ്ണൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കേരള ഹാൻഡ്ലൂം ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (ഹാൻവീവ്) സന്നദ്ധത അറിയിക്കുകയുണ്ടായി. അവർ തങ്ങളുടെ പക്കലുള്ള കോട്ടൺ തുണികളുപയോഗിച്ചുകൊണ്ട് കൊച്ചി കപ്പൽശാലയ്ക്ക് ആവശ്യമായ മുഴുവൻ മാസ്‌ക്കുകളും യുദ്ധകാലാടിസ്ഥാനത്തിൽ നെയ്ത്തുഗ്രാമങ്ങളിൽ ഒരുക്കി. ഈ സംഭവം എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട കൈത്തറി മേഖലയ്ക്ക് പുത്തനുണർവാണ് നൽകിയത്.

ഹാൻവീവിൽ നിർമ്മിച്ച കോട്ടൺ മാസ്കുകൾ അത് അർഹരായവരുടെ മുഖങ്ങളിലാണ് അണിയിക്കേണ്ടതെന്ന ഉത്തമബോധ്യം കൊച്ചി കപ്പൽശാലയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഏറെ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ഓണക്കോടിയെന്നോണം രണ്ടു മാസ്‌ക്കുകൾ വീതം കൊച്ചി കപ്പൽശാല വിതരണം ചെയ്തു.

കൊച്ചിയിൽ കോവിഡ് മൂലം ഏറെ പ്രയാസപ്പെടുന്ന ചെല്ലാനം, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, വൈപ്പിൻ എന്നിവിടങ്ങളിലെ മൽസ്യത്തൊഴിലാളികൾക്കാണ് ഷിപ്പ്യാർഡിന്റെ ആഭിമുഖ്യത്തിൽ മാസ്‌ക്കുകൾ വിതരണം ചെയ്തത്. ഇതിനായി നെറ്റ്‌വർക്ക്‌ ഫോർ ഫിഷ് ക്വാളിറ്റി മാനേജ്‌മെന്റ് ആൻഡ് സാസ്റ്റയിനബിൾ ഫിഷിംഗ് (നെറ്റ് ഫിഷ്) ൻ്റെ മേൽനോട്ടത്തിൽ ഹർബറുകൾ കേന്ദ്രീകരിച്ചായിരുന്നു മാസ്ക്ക് വിതരണം.

അങ്ങനെ ഈ പദ്ധതിയിലൂടെ ഓരോ കൈത്തറി, മത്സ്യത്തൊഴിലാളികളുടെയും ഹൃദയത്തിലേക്കാണ് കൊച്ചി കപ്പൽശാലയുടെ നന്മയുടെ കപ്പൽ നങ്കൂരമിട്ടത്. നമ്മുടെ സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരെ പിടിച്ചുയർത്തുവാൻ മറ്റുള്ളവർക്കും കൊച്ചി കപ്പൽശാലയുടെ ഈ പ്രവൃത്തി ഒരു മാതൃകയാകും എന്നതിൽ യാതൊരു സംശയവുമില്ല. ഇതിനായി പ്രയത്‌നിച്ച ഷിപ്പ്‌യാർഡിലെ എല്ലാ ഷിപ്പ്‌യാർഡ് ജീവനക്കാർക്കും ഒരു ബിഗ് സല്യൂട്ട്…

വിവരങ്ങൾക്ക് കടപ്പാട് – യൂസഫ് എ.കെ., ഡെപ്യൂട്ടി മാനേജർ, കൊച്ചിൻ ഷിപ്പ്‌യാർഡ്.