എറണാകുളത്തു നിന്നും ചെന്നൈയിലേക്ക് ദിവസേന സർവ്വീസ് നടത്തുന്ന ട്രെയിനുകൾ..

സൗത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു മെട്രോ നഗരമാണ് തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈ. ധാരാളം മലയാളികൾ ജോലിയാവശ്യങ്ങൾക്കായും പഠനത്തിനായും ചെന്നൈയിൽ താമസിക്കുന്നുണ്ട്. ബസ്, ട്രെയിൻ, ഫ്‌ളൈറ്റ് എന്നീ മാർഗ്ഗങ്ങളിലൂടെ ചെന്നൈയിലേക്ക് പോകുവാനും വരുവാനും സാധിക്കും. പക്ഷേ സാധാരണക്കാരായവർ തങ്ങളുടെ യാത്രകൾക്ക് പൊതുവെ ചെലവ് കുറഞ്ഞ ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്.

മധ്യകേരളത്തിലെ പ്രധാന നഗരമായ എറണാകുളത്തു നിന്നും (വഴി) ചെന്നൈയിലേക്ക് ദിവസേന ട്രെയിനുകൾ സർവ്വീസ് നടത്തുന്നുണ്ട്. എറണാകുളത്ത് പ്രധാനമായും രണ്ടു റെയിൽവേ സ്റ്റേഷനുകളാണ് ഉള്ളത്. എറണാകുളം ടൗൺ (നോർത്ത്), എറണാകുളം ജംഗ്ഷൻ (സൗത്ത്) എന്നിവയാണവ.

എറണാകുളത്തു നിന്നും ചെന്നൈയിലേക്ക് ട്രെയിനിൽ ശരാശരി 13 മണിക്കൂറോളം യാത്രാസമയമുണ്ട്. ചില ട്രെയിനുകൾ 15 മണിക്കൂറോളവും എടുക്കും. എന്തായാലും എറണാകുളം – ചെന്നൈ റൂട്ടിലെ പ്രധാനപ്പെട്ട Daily ട്രെയിനുകളുടെ വിവരങ്ങളും സമയവും ഒക്കെ ഒന്നു അറിഞ്ഞിരിക്കാം.

© Sreenath Sree.

1. ട്രെയിൻ നമ്പർ 12624, തിരുവനന്തപുരം – ചെന്നൈ മെയിൽ : തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നും യാത്ര തുടങ്ങുന്ന ഈ ട്രെയിൻ എറണാകുളം ടൗൺ (നോർത്ത്) റെയിൽവേ സ്റ്റേഷനിൽ ദിവസേന രാത്രി 7.30 നാണു എത്തിച്ചേരുന്നത്. പിറ്റേ ദിവസം രാവിലെ 7.40 നു ചെന്നൈയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. 12 മണിക്കൂറും 10 മിനിറ്റും ആണ് ഈ ട്രെയിനിന്റെ യാത്രാസമയം. സാധാരണയായി ചിലപ്പോൾ അരമണിക്കൂറോളം താമസിച്ചായിരിക്കും ഈ ട്രെയിൻ എത്തുക.

എറണാകുളം – ചെന്നൈ റൂട്ടിൽ 10 സ്റ്റോപ്പുകളാണ് ഈ സൂപ്പർഫാസ്റ്റ് ട്രെയിനിനുള്ളത്. ഈ റൂട്ടിൽ ദിവസേന സർവ്വീസ് നടത്തുന്നവയിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ചെന്നൈയിൽ എത്തിച്ചേരുന്നതും ഈ ട്രെയിനാണ്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 211 Rs, സ്ലീപ്പർ – 395 Rs, AC3 – 1050 Rs, AC2 – 1490 Rs, AC ഫസ്റ്റ് ക്ലാസ്സ് – 2515 Rs.

2. ട്രെയിൻ നമ്പർ 12696, തിരുവനന്തപുരം – ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌ : തിരുവനന്തപുരത്തു നിന്നും യാത്ര തുടങ്ങുന്ന ഈ ട്രെയിൻ എറണാകുളം ടൗൺ (നോർത്ത്) റെയിൽവേ സ്റ്റേഷനിൽ ദിവസേന രാത്രി 9.45 നാണു എത്തുന്നത്. ചെന്നൈയിൽ പിറ്റേന്ന് രാവിലെ 10 മണിക്ക് എത്തിച്ചേരുകയും ചെയ്യും. 12 മണിക്കൂർ 15 മിനിറ്റ് യാത്രാ സമയമുള്ള ഈ ട്രെയിനിന് 10 സ്റ്റോപ്പുകളാണ് ഉള്ളത്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 211 Rs, സ്ലീപ്പർ – 395 Rs, AC3 – 1050 Rs, AC2 – 1490 Rs.

3. ട്രെയിൻ നമ്പർ 22640, ആലപ്പി – ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌ : ആലപ്പുഴയിൽ നിന്നും യാത്രയാരംഭിക്കുന്ന ഈ ട്രെയിൻ എറണാകുളം ജംക്ഷനിൽ (സൗത്ത് സ്റ്റേഷൻ) വൈകുന്നേരം 5.20 നാണു എത്തിച്ചേരുന്നത്. പിറ്റേദിവസം രാവിലെ 5.50 നു ചെന്നൈയിൽ എത്തിച്ചേരുകയും ചെയ്യും. 12 മണിക്കൂർ 30 മിനിറ്റ് യാത്രാസമയമെടുക്കുന്ന ഈ ട്രെയിനിന് എറണാകുളത്തിനും ചെന്നൈയ്ക്കും ഇടയിൽ 21 സ്റ്റോപ്പുകളുണ്ട്. സാധാരണയായി ഏകദേശം അരമണിക്കൂറോളം വൈകിയായിരിക്കും ട്രെയിൻ എത്തുക. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 211 Rs, സ്ലീപ്പർ – 400 Rs, AC3 – 1060 Rs, AC2 – 1505 Rs.

4. ട്രെയിൻ നമ്പർ 13352, ആലപ്പുഴ – ധൻബാദ് (ടാറ്റാ നഗർ – Split) എക്സ്പ്രസ്സ്‌ : ആലപ്പുഴയിൽ നിന്നും യാത്രയാരംഭിക്കുന്ന ഈ ട്രെയിൻ എറണാകുളം ജംക്ഷനിൽ (സൗത്ത് സ്റ്റേഷൻ) രാവിലെ 7.10 നാണു എത്തിച്ചേരുന്നത്. അന്നേ ദിവസം രാത്രി 10.05 നു ചെന്നൈയിൽ എത്തിച്ചേരുകയും ചെയ്യും. 14 മണിക്കൂർ 55 മിനിറ്റ് യാത്രാസമയമെടുക്കുന്ന ഈ ട്രെയിനിന് എറണാകുളത്തിനും ചെന്നൈയ്ക്കും ഇടയിൽ 19 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 197 Rs, സ്ലീപ്പർ – 370 Rs, AC3 – 1015 Rs, AC2 – 1460 Rs.

മുകളിൽ പറഞ്ഞിരിക്കുന്ന സമയവിവരങ്ങളെല്ലാം റെയിൽവേയുടെ ലിസ്റ്റിൽ ഉള്ളതാണെങ്കിലും പല കാരണങ്ങൾ കൊണ്ടും ട്രെയിനുകൾ ചിലപ്പോൾ വൈകിയേക്കാം. ട്രെയിനുകളിൽ സഞ്ചരിച്ചിട്ടുള്ളവർക്ക് കാര്യം മനസ്സിലായിട്ടുണ്ടാകും. എന്തായാലും എറണാകുളത്തു നിന്നും ഏറ്റവും ചെലവ് കുറച്ച് ചെന്നൈയിലേക്ക് പോകുവാൻ ഏറ്റവും നല്ല മാർഗ്ഗം ട്രെയിനുകൾ തന്നെയാണ്. സുഖകരമായ രാത്രി യാത്രയ്ക്ക് സ്ലീപ്പർ ക്ലാസ്സ് തിരഞ്ഞെടുക്കുക. സീറ്റുകൾ റിസർവ്വ് ചെയ്യുന്നതിനായി www.irctc.co.in സന്ദർശിക്കുക. അപ്പോൾ എല്ലാവർക്കും ഹാപ്പി ജേർണി..

വിവരങ്ങൾക്ക് കടപ്പാട് – indiarailinfo.