യാത്രക്കാരെ പാമ്പിനെ കാണിച്ചു പേടിപ്പിച്ച് ഡൽഹിയിലെ പാമ്പാട്ടികളുടെ തട്ടിപ്പ്

എഴുത്ത് – ജിതിൻ ജോഷി.

മണാലിയിലേക്കും ലേഹ് – ലഡാക് ഭാഗങ്ങളിലേക്കുമുള്ള ബസ് യാത്രികരുടെ എണ്ണം വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ എനിക്കുണ്ടായ ഈ അനുഭവം പങ്കുവയ്ക്കണം എന്ന് തോന്നി.

ജമ്മു – കാശ്മീരിൽ ജോലി ചെയ്യുന്ന സമയം. അന്നൊക്കെ മനസ് മടുത്തു എന്ന് തോന്നിയാൽ നേരെ ഒരു പോക്കാണ് മണാലിയിലേക്ക്. അവിടെ ഏതെങ്കിലും കാട്ടിലോ മലയിലോ രണ്ടു ദിവസം പുറംലോകവുമായി ബന്ധമില്ലാതെ ചിലവഴിച്ചു കഴിയുമ്പോളേക്കും മനസ്സൊക്കെ ഒന്ന് ശാന്തമായിട്ടുണ്ടാവും.

അന്ന് എന്തായാലും മണാലിയിൽ നിന്നും ഡൽഹി വരെ പോയി ബന്ധുക്കളെയും കൂട്ടുകാരെയുമെല്ലാം കണ്ടേക്കാം എന്ന് കരുതിയാണ് ഡൽഹിയിലേക്കുള്ള ഹരിയാന ട്രാൻസ്‌പോർട് ബസിൽ കയറിപ്പറ്റിയത്. യാത്രാക്ഷീണം കാരണം നന്നായി ഉറങ്ങി. ബസ് കാശ്മീരി ഗേറ്റിൽ എത്തി നിന്നപ്പോളാണ് കണ്ണ് തുറന്നത്.

സമയം ഏതാണ്ട് പുലർച്ചെ 3 മണി ആവുന്നു. സ്ഥലം നന്നായി അറിയാവുന്നതുകൊണ്ടും സ്റ്റാൻഡിലേക്ക് കയറുന്ന വഴിയിൽ അത്യാവശ്യം തിരക്കായതിനാലും ഞാൻ റോഡിന്റെ മറുവശത്ത് ഇറങ്ങി. സാധാരണ ടാക്സി ആവശ്യമുള്ളവർ ഇറങ്ങുന്നത് ഇവിടെയാണ്‌. കാരണം ഇവിടെ നിന്നാണ് എളുപ്പത്തിൽ ടാക്സി ലഭിക്കുക. ഇറങ്ങിയ സ്ഥലത്തുനിന്ന് കുറച്ചു ദൂരം പിന്നിലേക്ക് നടന്നാൽ ഓവർബ്രിഡ്ജ് ഉപയോഗിച്ച് നമുക്ക് റോഡ് മുറിച്ചു സ്റ്റാൻഡിലേക്ക് കയറാം. രാത്രി കാലങ്ങളിൽ അധികം ആരും ഉപയോഗിക്കാത്ത ഓവർബ്രിഡ്ജ് ആണത്..

ഞാൻ കുറച്ചു മാറിയുള്ള കടയിൽ നിന്ന് ചായയും സ്‌നാക്‌സും കഴിച്ചതിനുശേഷം ഒരു കുപ്പി വെള്ളവും വാങ്ങി ഓവർബ്രിഡ്ജ് ലക്ഷ്യമാക്കി നടന്നു. ഇടയ്ക്കുള്ള ചെറിയ ദൂരം ഒഴിച്ചാൽ ബാക്കി എല്ലായിടത്തും തെരുവ് വിളക്കുകൾ ഉണ്ട്. ബ്രിഡ്ജിലേക്ക് കയറുമ്പോൾത്തന്നെ കണ്ടു പടികളിൽ കിടന്നുറങ്ങുന്ന യാചകരെ. യാത്രക്കാർ കുറവായതുകൊണ്ടുതന്നെ അവരെല്ലാം സുഖനിദ്രയിലാണ്..

യാചകരോടൊപ്പം ഒരുപാട് കാഷായ വസ്ത്രധാരികളെയും ഞാൻ ആ പടവുകളിൽ കണ്ടു. പക്ഷെ ഡൽഹിയിൽ അത് ഒരു സാധാരണ കാഴ്ചയാണ്. ഹരിദ്വാർ, ഋഷികേശ് തീർഥാടനം ചെയ്യുന്നവർ ഇങ്ങനെ കൂട്ടമായി വിശ്രമിക്കാറുണ്ട്. അങ്ങനെ അവർക്കിടയിലൂടെ മെല്ലെ നടന്നുനീങ്ങുമ്പോൾ കൂട്ടത്തിൽ ഒരാൾ പെട്ടെന്ന് എഴുന്നേറ്റു. ഞാൻ ഒന്ന് പേടിച്ചെങ്കിലും വെളിച്ചമുള്ളതിനാലും സന്യാസി ആയതിനാലും കാര്യമാക്കിയില്ല..

“ഏക് മിനിറ്റ്.. രുകിയേ ഭായ്.. ഭഗവാൻ കേലിയെ കുച്ച് തോ ദേദോ..” നമ്മുടെ നാട്ടിലെ നേർച്ചയ്ക്ക് വരുന്ന ആളുകളെപ്പോലെ ആണെന്ന് കരുതി ഒരു 10 രൂപ ഞാൻ പഴ്സിൽ നിന്ന് എടുത്തു. പെട്ടെന്ന് അയാൾ അടുത്തേക്ക് ഒന്നുകൂടി നീങ്ങി. ഞാൻ അപ്പോളേക്കും പേഴ്സ് എടുത്തു പോക്കറ്റിൽ വച്ചിരുന്നു. ഇതുകണ്ടതും ആൾ എന്നോട് 10 രൂപ പോരാ വലിയ നോട്ട് വേണം എന്ന് പറഞ്ഞു. ഞാൻ ഇതുമതി വേറെയില്ല എന്ന് പറഞ്ഞു മുന്നോട്ട് നടന്നതും അയാൾ തന്റെ കയ്യിൽ തുണിയിട്ട് മറച്ചിരുന്ന പാമ്പിനെ പുറത്തേക്ക് എടുത്തു.

അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി. കാരണം കയ്യിൽ ഇരിക്കുന്നത് ഒന്നാംതരം മൂർഖൻ ആണ്. എന്നോട് അയാൾ വീണ്ടും പൈസ എടുക്കാൻ പറഞ്ഞു. ഞാൻ വിസമ്മതിച്ചപ്പോൾ ആ പാമ്പിനെ എന്റെ കയ്യിൽ മുട്ടിച്ചു. ഞാൻ ചുറ്റും നോക്കി. നല്ല വീതിയുള്ള 6 വരി പാതയുടെ ഏറെക്കുറെ മധ്യഭാഗത്താണ് ഞാൻ. ഒച്ച എടുത്താലും കേൾക്കുന്നത് ഈ യാചകരും കാഷായ വസ്ത്രക്കാരും മാത്രം.

പേഴ്സ് തുറക്കുക എന്നല്ലാതെ വേറെ വഴിയില്ലായിരുന്നു. 100 രൂപയുടെ നോട്ട് കൊടുത്തപ്പോൾ അത് പോരാ എന്ന് പറഞ്ഞു അയാൾ തന്നെ 500 ന്റെ നോട്ട് എടുത്തു. ഞാൻ ഇത്തിരി ബഹളം വച്ചപ്പോൾ നോട്ട് പാമ്പിനെ വച്ചു പൂജിച്ചിട്ട് തിരിച്ചു തരാം എന്ന് പറഞ്ഞു. ശേഷം ഇയാൾ ഈ നോട്ട് പാമ്പിന്റെ വായുടെ അടിഭാഗത്തേക്ക് ചേർത്ത് തിരുമ്മി. കുറച്ചു നേരം തിരുമ്മിയതിനു ശേഷം കൈ കാണിച്ചപ്പോൾ കയ്യിൽ നോട്ട് ഇല്ല..

ഞാൻ ബഹളം വച്ചു. ബഹളം കേട്ടതും താഴെ കിടന്നിരുന്ന എല്ലാ കാഷായക്കാരും എഴുന്നേറ്റ് എന്നെ വളഞ്ഞു. മിക്കവരുടെയും കയ്യിൽ പാമ്പുകൾ. ഞാൻ എന്റെ ക്യാഷ് തിരിച്ചു ചോദിച്ചപ്പോൾ അവർ പറയുന്നു പാമ്പിനോട് മേടിക്കാൻ പറ്റുമെങ്കിൽ മേടിച്ചോളാൻ. പിന്നെ അവരുടെ മട്ടും ഭാവവുമെല്ലാം മാറുന്നത് കണ്ടപ്പോൾ എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപെടുന്നതാണ് നല്ലത് എന്ന് തോന്നി. ഇപ്പോൾ 500 മാത്രേ പോയിട്ടുള്ളൂ.. ഇനി നിന്നാൽ ചിലപ്പോൾ ജീവനും പോകും. പിന്നെ ഒന്നും നോക്കിയില്ല. ഒറ്റ ഓട്ടമായിരുന്നു..

സംഭവം എന്താണെന്ന് വച്ചാൽ അവർ പാമ്പാട്ടികളാണ്. കയ്യിൽ ഉള്ളത് വിഷമില്ലാത്ത (പല്ലും വിഷ ഗ്രന്ഥികളും നീക്കിയത്) മൂർഖൻ പാമ്പുകളും. ഒറ്റയ്ക്ക് ഈ സമയങ്ങളിൽ വരുന്ന യാത്രക്കാരാണ് ഇവരുടെ ലക്ഷ്യം. ഇത് ഡൽഹിയിൽ കാണുന്ന അനേകം തട്ടിപ്പുകളിൽ ഒന്ന് മാത്രം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.