അഡ്വഞ്ചർ എക്‌സ്‌പ്ലോർ ചെയ്യാൻ വയനാട്ടിലെ ‘വണ്ടർ കേവ്സ്’

ലാൻഡ്‌സ് എൻഡ് റിസോർട്ടിലെ താമസത്തിനു ശേഷം പിറ്റേദിവസം രാവിലെ തന്നെ ഹൈനാസ്‌ ഇക്ക എന്നെ വിളിക്കുകയുണ്ടായി. വയനാട്ടിൽ അധികമാർക്കും അറിയാത്ത ഒരു സ്ഥലത്തേക്ക് പോകാമെന്നാണ് ഇക്ക പറഞ്ഞത്. കേട്ടപാതി കേൾക്കാത്തപാതി ഞാൻ എഴുന്നേറ്റു റെഡിയായി. അൽപ്പസമയത്തിനകം ഇക്കയും കൂട്ടുകാരും എത്തിച്ചേർന്നു. കുറെ നേരം ഞങ്ങൾ കൽപ്പറ്റയിലും പരിസരങ്ങളിലുമായി കറങ്ങി നടന്നു.

ഹൈനാസ്‌ ഇക്കയുടെ കൂട്ടുകാർ രാവിലെ അൽപ്പം തിരക്കിലായിരുന്നു. നേരം ഉച്ചയോടടുത്തപ്പോഴാണ് എല്ലാവരും ഒന്നു ഫ്രീയായത്. അതോടെ ഞങ്ങളുടെ അന്നത്തെ ലൊക്കേഷൻ ഹണ്ടിന് തുടക്കമായി. ഞങ്ങൾ പോകുവനായി തിരഞ്ഞെടുത്തത് വണ്ടർ കേവ്സ് എന്ന അധികമാരും അറിയാത്ത വയനാടൻ ഗുഹകളിലേക്ക് ആയിരുന്നു. വണ്ടർ കേവ്സ് എന്നത് ഒരു അഡ്വഞ്ചർ എക്‌സ്‌പ്ലോർ ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കുള്ള സ്ഥലമാണ്. അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി.

പോകുന്നവഴിയിൽ നല്ല നാടൻ ഊണ് കിട്ടുന്ന ക്ലേ പോട്ട് എന്ന ഒരു ഹോട്ടലിൽ ഹൈനാസ്‌ ഇക്ക വണ്ടി നിർത്തി. വാഴയിലയിൽ ചോറും കറികളും സാമ്പാറും മത്തി പൊരിച്ചതും കൂടാതെ കഞ്ഞിയും കപ്പയും ഒക്കെ അവിടെ ലഭിക്കുമായിരുന്നു. നല്ല രുചികരമായ ഊണ് ആയിരുന്നു. ഞങ്ങളെല്ലാം ആസ്വദിച്ചു കഴിച്ചു. ഊണ് കഴിച്ചു കഴിഞ്ഞു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

കുറച്ചു സമയത്തെ യാത്രയ്ക്കുശേഷം ഞങ്ങൾ വണ്ടർ കേവ്‌സിൽ എത്തിച്ചേർന്നു. ഡിസ്കവർ വയനാട് ടീമിൽപ്പെട്ട അഡ്വഞ്ചർ സ്പെഷ്യലിസ്റ്റ് ആയ എബ്രഹാം ചേട്ടൻ അവിടെ ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു. എബ്രഹാം ചേട്ടന് ഈ സ്ഥലമൊക്കെ കാണാപ്പാഠമായിരുന്നു. അവിടത്തെ ഓരോ പാറയ്ക്കും എബ്രഹാം ചേട്ടൻ ഓരോരോ പേരുകൾ ഇട്ടു വിളിക്കുന്നുണ്ടായിരുന്നു.

മൊത്തം ഏഴു പ്രകൃതിദത്തമായ ഗുഹകൾ അടങ്ങിയതാണ് വണ്ടർ കേവ്സ്. ഈ ഗുഹകളുടെയുള്ളിൽ നിന്നും ഏതു സമയത്തും തണുത്ത കാറ്റ് പുറത്തേക്ക് വരുമത്രേ. ഈ തണുത്ത കാറ്റ് കാരണം ആ പ്രദേശം മുഴുവനും നല്ല തണുപ്പായിരിക്കും അനുഭവപ്പെടുക. ഈ അത്ഭുത പ്രതിഭാസം ഉള്ളതുകൊണ്ടാണ് ഇതിനു വണ്ടർ കേവ്സ് എന്ന പേര് വന്നത്.

ഞങ്ങൾ എല്ലാവരും ഗുഹയിലേക്ക് കയറി. ഞങ്ങൾക്ക് മുൻപിലായി ഹെഡ് ലൈറ്റ് ഒക്കെ ധരിച്ച് വഴികാട്ടിയായി എബ്രഹാം ചേട്ടനും. വയനാട്ടിൽ എല്ലാവരും കേട്ടിട്ടുള്ളതും പ്രശസ്തമായതും എടക്കൽ ഗുഹകളാണ്. പക്ഷേ വണ്ടർ കേവ്സ് എടക്കൽ ഗുഹകൾ പോലെ ചരിത്രപ്രാധാന്യം അർഹിക്കുന്നതല്ല, പക്ഷെ ഭൂമിശാസ്ത്രപരമായി ഒട്ടേറെ വിശേഷങ്ങൾ ഉള്ളതാണ്. ഈ ഗുഹകളെക്കുറിച്ച് ധാരാളം വിവരങ്ങൾ എബ്രഹാം ചേട്ടൻ ഞങ്ങൾക്ക് പറഞ്ഞു തരികയുണ്ടായി. എല്ലാം എനിക്ക് പുതിയ അറിവുകളായിരുന്നു.

അങ്ങനെ ഞങ്ങൾ നടന്നു നടന്നു ഗുഹയുടെ മുകൾഭാഗത്ത് എത്തിച്ചേർന്നു. അവിടെ ടെന്റ് അടിച്ചു താമസിക്കുന്നതിനായുള്ള സെറ്റപ്പുകൾ ഉണ്ട്. ഇത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലമായതിനാൽ മറ്റുള്ളവർക്ക് ഇവിടത്തെ കാര്യങ്ങളിൽ അനാവശ്യമായി തല കടത്തുവാൻ സാധിക്കില്ല. അത് ഒരു കണക്കിന് നന്നായി. വണ്ടർകേവ്‌സിൽ വന്നിട്ട് ഞാൻ വണ്ടറടിച്ചുപോയി എന്നു പറഞ്ഞാൽ മതിയല്ലോ. തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിലെ ഗുഹകളിൽപ്പോയ പോലെ ഒരു ഫീൽ കിട്ടും ഇവിടെ വന്നാൽ.

ഇവിടെ ട്രെക്കിംഗിനും ഗുഹകൾ എക്‌സ്‌പ്ലോർ ചെയ്യാനും, ടെന്റുകൾ അടിച്ച് താമസിക്കാനും, ഗുഹകൾക്കുള്ളിൽ താമസിക്കാനും ക്യാമ്പ് ഫയർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9526100222.