തളർച്ചയെ വെല്ലുവിളിച്ചുകൊണ്ട് വീൽ ചെയറിൽ നാടു ചുറ്റുന്ന നായ..

മനുഷ്യനായാലും മൃഗങ്ങളായാലും ജീവിതത്തിൽ വീഴ്ചകൾ ഒരുപാട് ഉണ്ടായേക്കാം. ചിലപ്പോൾ ശരീരത്തിന്റെ ഒരു ഭാഗം തന്നെ തളർന്നു പോയേക്കാം. അതെല്ലാം വിധിയാണ്. എന്നാൽ വിധിയെ വെല്ലുവിളിച്ചുകൊണ്ട് തങ്ങളുടെ കുറവ് ഒരു കുറവേയല്ലെന്നു വിചാരിച്ചുകൊണ്ട് വീൽചെയറിൽ ഇരുന്നു വരെ നാടു ചുറ്റുന്ന ആളുകളെക്കുറിച്ച് നാം കുറേ കേട്ടിട്ടുള്ളതാണ്. എന്നാൽ ഇത്തരത്തിൽ നാടു ചുറ്റുന്നത് ഒരു വളർത്തുനായയാണെങ്കിലോ?

പറഞ്ഞു വരുന്നത് മെൽ എന്ന എട്ടുവയസുകാരൻ നായയുടെ കഥയാണ്. കഥ നടക്കുന്നത് അങ്ങ് അമേരിക്കയിലും. അമേരിക്കയിലെ പ്രശസ്തമായ ‘യോങ്കേഴ്‌സ് അനിമൽ ഷെൽട്ടർ’ സന്ദർശിക്കുന്നതിനിടെയാണ് ടോം ഡിൽവർത്ത് എന്ന മെല്ലിന്റെ ഇപ്പോഴത്തെ യജമാനൻ മെല്ലിനെ കണ്ടുമുട്ടുന്നത്. പിറ്റ്-ബുൾ വിഭാഗത്തിൽപ്പെട്ട നായയായ മെൽ, ടോമിനെ കണ്ടപ്പോൾ വളരെ പരിചിതമായ ഭാവത്തിലാണ് നിന്നിരുന്നത്. അങ്ങനെ ടോം മെല്ലിനെ ദത്തെടുക്കുകയായിരുന്നു. എന്നാൽ ദത്തെടുത്തതിനു ശേഷം മെല്ലിനു തൻ്റെ ശരീരം ബാലൻസ് ചെയ്യാനാവാതെ കാലുകൾ പകുതി തളർന്ന അവസ്ഥയിലേക്കെത്തി. ന്യൂറോളജിക്കൽ അസുഖങ്ങൾ മൂലം സംഭവിച്ചതായിരുന്നു ഈ ബാലൻസ് കുറവ്. വേദനയുണ്ടാക്കുന്ന അവസ്ഥയല്ലെങ്കിലും നടക്കുവാൻ പറ്റാത്ത വിധമായിരുന്നു മെല്ലിന്റെ അവസ്ഥ.

അവസാനം മെല്ലിനു വീട്ടുകാർ ഒരു സമ്മാനം നൽകി – വീൽചെയർ. നായ്ക്കൾക്കു വേണ്ടി പ്രത്യേകം നിർമ്മിച്ച വീൽ ചെയറിൽ ‘മെൽ’ കംഫർട്ട് ആയിരുന്നു. മറ്റുള്ള നായ്ക്കളെപ്പോലെ ഓടിവാനും നടക്കുവാനുമൊക്കെ വീൽചെയർ മൂലം മെല്ലിനു സാധിച്ചു. ഇതോടെ യജമാനനായ ടോം തൻ്റെ യാത്രകളിൽ മെല്ലിനെ കൂടെ കൂട്ടുവാൻ തുടങ്ങി. പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ ടോമിന്റെ കൂടെ ഒരു വഴികാട്ടിയെന്നോണമാണ് വീൽചെയറിൽ മെല്ലിന്റെ പോക്ക്. മലമുകളിലും, ബീച്ചുകളിലും എന്നുവേണ്ട രാജ്യം മുഴുവനും മെൽ തൻ്റെ യജമാനനൊപ്പം സഞ്ചരിക്കുന്നു. വീട്ടിലെ എല്ലാവർക്കും മെൽ പ്രിയപ്പെട്ടവനാണ്. തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് അവർ മെല്ലിനെ കാണുന്നതും പരിചരിക്കുന്നതും.

യജമാനനായ ടോമിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെയാണ് മെല്ലിന്റെ കഥ ലോകമെങ്ങും അറിഞ്ഞത്. മെല്ലിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി. വിവിധ മാധ്യമങ്ങൾ ഈ വാർത്ത പ്രസിദ്ധീകരിച്ചു. മെല്ലിനു ഇപ്പോൾ ലോകത്തെമ്പാടുമായി ധാരാളം ആരാധകരാണുള്ളത്. അനിമൽ ഷെൽട്ടറിൽ ജീവിച്ചു തീർക്കേണ്ട മെല്ലിനെ ഇത്തരത്തിൽ പോസിറ്റിവ് എനർജ്ജി കൊടുത്ത് പരിപാലിച്ച് ഇവിടംവരെ എത്തിച്ചതിൽ നാം യജമാനനായ ടോമിനെ അഭിനന്ദിച്ചേ മതിയാകൂ. മെല്ലിന്റെ കഥയിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം. മനുഷ്യനായാലും മൃഗങ്ങളായാലും തളർച്ചകളെ മറികടക്കുമ്പോഴാണ് ജീവിതം വിജയപൂർണ്ണമാകുന്നത്.