ഒറ്റ രൂപ ദോശയും പാലൈക്കോണം അമ്മച്ചിയും; ഒരു ആര്യനാടൻ രുചിപ്പെരുമ

വിവരണം – Vishnu A S Nair.

പണ്ട് പണ്ട് നമ്മുടെ മാർത്താണ്ഡവർമ്മ പൊന്നുതമ്പുരാൻ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലൊരു കമ്പവിളക്ക് നിർമ്മിച്ചു. അത് കാണാൻ സേവകരെയയും കൂട്ടിയെത്തിയ രാജാവ് കവികളോടായി കമ്പവിളക്കിനെ വർണ്ണിച്ചു ശ്ലോകം ചമയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. കല്ലേ പിളർക്കുന്ന കൽപ്പന കേട്ടവരെല്ലാം കമ്പവിളക്കിനെ അനിതരസാധാരണമായ പുകഴ്ത്താൻ തുടങ്ങി, ഇന്നത്തെ കാലത്ത് ആ പരിപാടിയെ ‘തള്ളൽ’ എന്നാണ് പറയുക. ഇതൊക്കെ കണ്ട തുള്ളൽ വിദഗ്ദ്ധനായ കുഞ്ചൻ നമ്പ്യാർ പറഞ്ഞു “ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം, ഇതർഥ്യ എ ഏഷാണാം ശ്ലോകാനാം അല്ലാതൊന്നും ന വിദ്യതേ..” ചുരുക്കത്തിൽ സ്വന്തം ലാഭത്തിനായാണ് ശ്ലോകം ചമയ്ച്ചിരിക്കുന്നത് അല്ലാതെ തള്ളിയപോലെ ഒന്നുമില്ലെന്ന്‌ സാരം.

തിരുവനന്തപുരത്തെ ഭക്ഷണശാലകളുടെ ക്രമാതീതമായ ജനനവും മരണവും കാണുമ്പോൾ സ്വതേ ഉള്ളിൽ ഉടലെടുത്ത ചോദ്യമാണ്. എന്തായാലും ലാഭം വേണം അല്ലാതെ പുണ്യം കിട്ടാനല്ലല്ലോ ഈ പണി ചെയ്യുന്നത്. എന്നിരുന്നാലും വിളമ്പുന്ന അന്നത്തിനോട് നെറികേട് കാട്ടാതെ സഹജീവിയുടെ കീശ പിഴിഞ്ഞെടുക്കാതെ വയറു നിറയ്ക്കാൻ എത്രപേർക്ക് മനസ്സു കാണും? വെറുതെയൊരു കുൽസിത ചിന്ത.

അങ്ങനെ ചിന്തകളും ചിന്തഭാരങ്ങളുമായി മല്ലയുദ്ധം നടത്തിക്കൊണ്ടിരുന്നപ്പോഴാണ് ആര്യനാടുള്ള പാലൈക്കോണം അമ്മച്ചിയുടെ ചായക്കടയെക്കുറിച്ചു കേൾക്കുന്നത്. വിലക്കുറവിന്റെ അയ്യര് കളിയാണ് പോലും അവിടെ. കേട്ടപാതി കേൾക്കാത്ത പാതി തുപ്പിയ തുപ്പല് വറ്റും മുമ്പേ കടയിലെത്തണമെന്ന ആഗ്രഹവുമായി “ചലോ ആര്യനാട്”.

വല്ലാത്തൊരു ഫീലുള്ള വഴിയാണ് ആര്യനാട് പോകേണ്ട വഴി. കുന്നുകളും നീണ്ട പച്ചപ്പുകളും തണുത്ത കാറ്റും വട്ടത്തിലോടുന്ന ഭൂമിയെ തോൽപ്പിക്കാൻ ചക്രത്തിലോടുന്ന യന്ത്രങ്ങളുടെ മുരൾച്ച സ്വതേ കുറവ്. മായുന്ന ഗ്രാമഭംഗിയെന്നൊക്കെ പറയില്ലേ, അതാണ് ലൈൻ. ആര്യനാട് ജംഗ്ഷനിൽ പാലൈക്കോണത്തിലേക്കുള്ള എളുപ്പമാണ്. ചോദിച്ചു ചോദിച്ചു പോകാം. ഇത്തരം യാത്രകൾ ഹൃദയത്തോട് ചേർന്നു നിൽക്കുന്നവയാണ്. എന്താണ്? എവിടെയാണ്? എന്നൊന്നുമറിയാതെ ഒരു പേരിന്റെ വാലിൽ പിടിച്ചുള്ള യാത്ര പാലൈക്കോണം അമ്മച്ചിയുടെ കടയിലേക്ക്.

ഒടുവിൽ കൈപ്പുണ്യത്തിന്റെയും നന്മയുടെയും നിറകുടമായ അമ്മച്ചിയുടെ കട കണ്ടെത്തി. പൂശാത്തൊരു ചുടുകട്ട കെട്ടിടം, മേൽക്കൂരയായി തുരുമ്പിച്ചു തുടങ്ങിയ ഷീറ്റുകൾ. ജനൽ തുറന്നിട്ടാൽ അകത്തേക്ക് പ്രവേശിക്കുന്ന ഗ്രാമഭംഗി പേറുന്ന കിരണങ്ങളല്ലാതെ ലൈറ്റൊന്നും കണ്ടില്ല. 2 ബഞ്ച് 2 ഡെസ്ക് തൂക്കിയിട്ടിരിക്കുന്ന നാലഞ്ചു കുല പഴം, പിന്നെ ലോകത്തിലെ മുഴുവൻ കാര്യവും എന്തിന് ചന്ദ്രയാൻ വീണ സ്ഥലം പോലും കൃത്യമായി പറഞ്ഞു അലച്ചോണ്ടിരിക്കുന്ന ഒരമ്മച്ചി. ഇത്രയുമാണ് അമ്മച്ചിയുടെ കട. രണ്ടു വർഷം മുൻപ് നടന്നൊരു അപകടത്തെത്തുടർന്ന് അമ്മച്ചി ഇപ്പോൾ കടയിൽ വരാറില്ല. പകരം മകൾ വത്സല മാമിയും മരുമകൻ അനി മാമനും കൂടിയാണ് കട കയ്യാളുന്നത്. അമ്മച്ചി ഇല്ലെങ്കിലും അമ്മച്ചി നിശ്ചയിച്ച വിലയിലും രീതിയിലും തന്നെയാണ് എന്നും കടയുടെ പ്രവർത്തനം.

കടയുടെ മുന്നിലെ പെയിന്റ് ബക്കറ്റിൽ വച്ചിരുന്ന വെള്ളംകൊണ്ട് കൈകഴുകി ഉള്ളിലേക്ക് കയറി. ഉടുത്തിരുന്ന കാവി മുണ്ട് കാലിന്റിടയിൽ തിരുകി വലതു കാൽ ചമ്രം പടിഞ്ഞു ഇടത്തേക്കാൽ ‘ആട്ടി ആട്ടി’ ബെഞ്ചിലിരുന്നു. ഉള്ള കാര്യം പറയാം ഇത്തരം കടകളിൽ ജീൻസും റയ്ബാനും ഫിലിപ്പേട്ടന്റെ വസ്ത്രങ്ങളും കൊണ്ടൊന്നും പോകരുത്. കൈലിയും കയ്യില്ലാത്ത സാൻഡക്ക് ബനിയനും ഷർട്ടും അതാണ് പറ്റിയത്.

എന്ത് വേണമെന്ന അനി മാമന്റെ ചോദ്യത്തിന് ദോശയും ചമ്മന്തിയും ഓംലെറ്റും രസവടയും പഴവും മധുരം കുറച്ച ഒരു ഡബിൾ സ്‌ട്രോങ് കട്ടനും പറഞ്ഞു. ഞൊടിയിടയിൽ സംഭവങ്ങളെല്ലാം മുന്നിൽ ഹാജരായി. തട്ട് ദോശയിൽ നിന്നും പൊടിക്ക് വലുപ്പം കുറഞ്ഞ എന്നാൽ കട്ടി കൂടിയ ദോശ. കിടുക്കാച്ചി തേങ്ങാ ചമ്മന്തി. വാങ്ങിയ ദോശകൾ വട്ടത്തിൽ നിരത്തിയിട്ട് അതിന്റെ നടക്കും ചുറ്റും മേലെയുമായി ചമ്മന്തി ഒഴിപ്പിക്കണം ഇല്ലെങ്കിൽ അടിയിലത്തെ ദോശ എത്തുമ്പോഴേക്കും ചമ്മന്തിയുടെ ‘ഗും’ അങ്ങു പോകും..

നല്ല നാടൻ കറിവേപ്പിലയും വറ്റൽ മുളകും തോനെ ദി തേങ്ങയുമെല്ലാമിട്ട കിടുക്കാച്ചി ചമ്മന്തി. കാണാൻ ഒളപ്പാസ് ആണേലും സ്വാദ് കിക്കിടു. ആ ചമ്മന്തിയിൽ നനഞ്ഞു കുതിർന്ന ദോശ അടർത്തിയെടുത്തു കഴിക്കണം. അടിപൊളി. ചമ്മന്തി വീണ്ടും ഒരു രക്ഷയില്ല. ഇടയ്ക്കിടയ്ക്ക് രസവടയും ഓംലെറ്റും മാറി മാറി കഴിക്കണം. ശേഷം പൊടിയടങ്ങും മുമ്പ് ആ സ്‌ട്രോങ് കട്ടനും എന്നാലേ ആയൊരു കോമ്പിനേഷൻ കുറിക്ക് കൊള്ളൂ. വയറു നിറഞ്ഞില്ലെങ്കിൽ പീരങ്കി പോലുള്ള ഒരു നാടൻ ഏത്തൻ പഴവും കൂടി കഴിക്കാം. ശുദ്ധ നാടനാണ്. വരവ് കുലകളും പാണ്ടി കുലകളും ഈ ഗ്രാമീണ വിശുദ്ധി നിറഞ്ഞ ചായക്കടയിൽ ഒരു പരിധിവരെ അന്യമാണ്. ബാക്കിയെല്ലാം ശരാശരി നിലവാരം പുലർത്തിയെങ്കിലും ആ ചമ്മന്തി കിടുക്കാച്ചി…ഇനിയാണ് ട്വിസ്റ്റ്.

വിലവിവരം : ദോശ – ₹ 1, രസവട – ₹.2, കട്ടൻ :- ₹.5, നാടൻ ഏത്തപ്പഴം – ₹.10,  ഓംലെറ്റ് – ₹.15. നേരത്തെ ഈ വിലവിവരം കേട്ട് ഞെട്ടിയിട്ടുള്ളത് കൊണ്ട് പിന്നെയും പിന്നെയും ഞാൻ ഞെട്ടിയില്ല. പാചകം മിക്കതും വിറകടുപ്പിലാണ്. 48 രൂപയ്ക്ക് വയറു നിറയെ പ്രാതലും കഴിഞ്ഞ് കൈ കഴുകി മുണ്ടിന്റെ തുമ്പത്ത് കൈ തുടച്ചു കൊണ്ട് അനി മാമനോട് ചോദിച്ചു “മാമാ, ഈ വിലയ്ക്ക് മുതലാകോ?” കാപട്യമൊന്നുമില്ലാത്ത നിഷ്കളങ്ക ചിരിയോടെ മാമൻ പറഞ്ഞു “അത്, കിളവി പറഞ്ഞതാണ്. ലാഭവും നഷ്ടവുമൊന്നും നോക്കണ്ടെന്നു. പറഞ്ഞ വിലയ്ക്ക് കൊടുത്താൽ മതിയെന്ന്. അവരുടെ കാലം വരെ അങ്ങനെ പോട്ട്.”

അപ്പോൾ അമ്മച്ചിയാണ് താരം. ഇത്രയും അറിഞ്ഞിട്ടും ആ അമ്മയെ കണ്ടിട്ട് പോയില്ലെങ്കിൽ എന്ത് കഴിച്ചിട്ടെന്ത്? പോയി അമ്മച്ചിയുടെ വീട് തപ്പി പിടിച്ചു. മേൽപ്പറഞ്ഞത് പോലെ രണ്ട് വർഷം മുമ്പ് നടന്ന ഒരപകടവും പ്രായവും അവരെ വല്ലാതെ തളർത്തിയിരിക്കുന്നു. എന്നിരുന്നാലും ഊർജ്ജസ്വലതയ്ക്ക് കുറവൊന്നുമില്ല. അടുത്തിരുന്നു കുറേ സംസാരിച്ചു. അതിനിടയിൽ കടയിൽ പോയി കാപ്പി കഴിച്ചെന്ന് അറിഞ്ഞപ്പോൾ പിന്നെ അതിലേക്കായി ചോദ്യവും പറച്ചിലും. “നല്ല ആഹാരം തന്നേ മക്കളേ?”. “പൈസയൊന്നും തോനെ വാങ്ങിയില്ലല്?” “അവരൊന്നും ചെയ്താൽ ശെരിയാവൂല ഞാൻ തന്നെ വരണം. കുറച്ചു ദിവസം കഴിയട്ട്, എല്ലാരും പാവങ്ങളല്ലേ മക്കളേ, വയറു നിറയെ കഴിക്കട്ട്.”

ഇതൊക്കെ കേട്ട് വാ പൊളിച്ചു നിൽക്കാനല്ലാതെ ഞാനെന്ത് പറയാൻ. മത്സരവും ലാഭവും മാത്രം മാർഗ്ഗങ്ങളെ കാട്ടുന്ന ഈ ലോകത്ത്, ഈ പ്രായത്തിലും ഇവർക്കെങ്ങനെ ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നുവെന്നാണ് ഒരെത്തും പിടിയും കിട്ടാത്തത്. കഴിഞ്ഞ പത്തു നാൽപ്പത് വർഷങ്ങളായി ആദ്യം കാര്യവട്ടത്തും (30 വര്ഷത്തിനോടടുപ്പിച്ചു) ഇപ്പോൾ ഈ പാലൈക്കോണത്തും ഇത്രയും തുച്ഛമായ വിലയ്ക്ക് ആഹാരം കൊടുക്കുന്ന ഇവരെയൊക്കെയല്ലേ ശെരിക്കും നാലാൾ അറിയേണ്ടത്, ആരാധിക്കേണ്ടത്, നെഞ്ചു നിറഞ്ഞ് ‘അമ്മേയെന്ന്’ വിളിക്കേണ്ടത്.

ഓർക്കണം ദൈവത്തിനു മുന്നിൽ നിൽക്കുമ്പോൾ പോൾ ഭണ്ഡാരപ്പെട്ടിയിലേക്ക് ഇടാൻ പോക്കറ്റിലെ ഏറ്റവും ചെറിയ നാണയം ‘പിതുക്കി’ കണ്ടുപിടിക്കുന്ന മലയാളി ഷൈലോക്കുമാർക്കിടയിലാണ് അതേ നാണയം കൊണ്ട് വിശപ്പടക്കാൻ ഈ അമ്മച്ചി കട നടത്തുന്നത്. ഒരു നേരത്തെ ആഹാരം ഈയുള്ളവനും നൽകിയതിൽ നന്ദി. ‘അന്ന’ത്തെ കമ്പവിളക്കിനോട് ഉപമിക്കാൻ കഴിയില്ലെങ്കിലും നമ്പ്യാരുടെ വരികൾ ഇന്നും എന്നും പ്രാധാന്യമർഹിക്കുന്നത് തന്നെ. “ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.”

NB : രാവിലെ അഞ്ചു മണിക്ക് കട തുറക്കും. ദോശ എത്ര മണിവരെ കിട്ടുമെന്ന് പറയാനാകില്ല. ചിലപ്പോൾ രാവിലെ ഏഴര, ചിലപ്പോൾ ഒമ്പതര. കഴിവതും നേരത്തെ പോകാൻ ശ്രമിക്കുക. വൈകുന്നേരം സമയങ്ങളിൽ ദോശയില്ല.. കടിയും ചായയും മാത്രം. ലൊക്കേഷൻ :- Dropped pin, Near Aryanad, Kerala 695542, Ph – 81569 41931.