കാറിനു മൈലേജ് ലഭിക്കുവാനായി ശ്രദ്ധിക്കേണ്ട ചില ഡ്രൈവിംഗ് ശീലങ്ങൾ..

ഇന്ന് മിക്ക വീടുകളിലും കാറുകൾ സ്വന്തമായുണ്ട്. ഫാമിലിയായും കുട്ടികളായും മറ്റും പുറത്തേക്ക് പോകുവാൻ ഏറ്റവും സുരക്ഷിതവും എളുപ്പവുമാണ് കാർ യാത്ര. ഇന്ധനവില മുകളിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് കാറുകൾ പുറത്തിറക്കുവാൻ തന്നെ എല്ലാവർക്കും ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. പെട്രോൾ അടിക്കുക എന്നത് വൻ കടമ്പയായി മാറിയിരിക്കുകയാണ് എന്നതാണ് അതിൻ്റെ കാരണം.

പക്ഷേ ഗത്യന്തരമില്ലാതെ നമ്മളെല്ലാം ഉയർന്ന വിലയ്ക്ക് പെട്രോളും അടിച്ച് വാഹനവുമായി പുറത്തേക്ക് പോകുന്നു. പെട്രോൾ ലാഭിക്കണമെങ്കിൽ നമ്മുടെ കാറിനു നല്ല മൈലേജ് ലഭിക്കണം. കാറിനു നല്ല മൈലേജ് ലഭിക്കണമെങ്കിൽ ഒരു പരിധിവരെ നമ്മുടെ ചില ഡ്രൈവിംഗ് രീതികളിൽ ശ്രദ്ധ ചെലുത്തിയാൽ മതിയാകും. അത്തരത്തിൽ കാറിനു മൈലേജ് ലഭിക്കുവാനായി ശ്രദ്ധിക്കേണ്ട ചില ഡ്രൈവിംഗ് ശീലങ്ങൾ പറഞ്ഞു തരാം.

1. മിതമായ വേഗത പാലിക്കുക : ചെറിയ റോഡ് ആയാലും വലിയ ഹൈവേ ആയാലും ചീറിപ്പാഞ്ഞു പോകാതെ മിതമായ വേഗത്തിൽ മാത്രം സഞ്ചരിക്കുവാൻ ശീലിക്കുക. കാറിലെ സ്പീഡോ മീറ്ററിൽ 120 കി.മീ. വരെ വേഗതയുണ്ടെങ്കിലും അവയെ ചുമ്മാ കാഴ്ചയ്ക്കായി മാത്രം നിർത്തുക. എന്നു വെച്ച് എപ്പോഴും അരിച്ചരിച്ച് പോകണമെന്നല്ല പറയുന്നത്. കാർ നമ്മുടെ കൺട്രോളിൽ ആയിരിക്കണം, ഒപ്പം നല്ല സ്മൂത്ത് ആയ ഡ്രൈവിംഗും.

2. ടയറുകളുടെ പ്രഷർ : കാറിന്റെ ഇന്ധന ക്ഷമതയെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് ടയറുകളിലെ എയർ പ്രഷറിന്റെ അളവ്. ഒരു നിശ്ചിത ഇടവേളകളിൽ (മാസത്തിൽ ഒരിക്കലെങ്കിലും) വാഹനത്തിന്റെ എയർ പ്രെഷർ ചെക്ക് ചെയ്യണം. പെട്രോൾ പമ്പുകളിൽ ഇതിനുള്ള സൗകര്യം ലഭ്യമാണ്. എല്ലാ ടയറുകളിലും കൃത്യമായ അളവിൽ എയർ ഉണ്ടെങ്കിൽ വണ്ടി നല്ല സ്മൂത്ത് ആയി ഓടുകയും തൽഫലമായി മൈലേജിൽ കുറവ് കാണിക്കാതെയിരിക്കുകയും ചെയ്യും.

3. വണ്ടിയിൽ കയറ്റുന്ന ഭാരം : ഒരു വാഹനത്തിൽ കയറ്റാവുന്ന ഭാരപരിധിയുണ്ട്. അത് ആളുകളായാലും ശരി ലഗേജുകൾ ആയാലും ശരി. ഇത്തരത്തിൽ ഭാരപരിധി കവിഞ്ഞുള്ള യാത്രകൾ വണ്ടിയുടെ ഇന്ധന ക്ഷമതയെ കാര്യമായി ബാധിക്കുമെന്നതിൽ തെല്ലും സംശയം വേണ്ട. കൂടുതലുള്ള ഓരോ 50 കിലോയ്ക്കും 2% അധികം ഇന്ധനം ചെലവാകും എന്ന് കൂടി ഓർക്കുക. അതുകൊണ്ട് ഈ കാര്യത്തിൽ ഡ്രൈവർമാർ പ്രത്യേക ശ്രദ്ധ ചെലുത്തുക.

4. ആവശ്യമില്ലാത്തപ്പോൾ എഞ്ചിൻ ഓഫ് ചെയ്യുക : ട്രാഫിൽ ബ്ലോക്കിൽ പെട്ടു കിടക്കുമ്പോഴും റെയിൽവേ ഗേറ്റുകളിൽ കിടക്കുമ്പോഴും കൂടുതൽ സമയം ഇത്തരത്തിൽ കിടക്കേണ്ടി വരും എന്നുണ്ടെങ്കിൽ നിങ്ങളുടെ വാഹനം ഓഫ് ചെയ്തിടുക. അനാവശ്യമായി ഇന്ധനം പാഴായിപ്പോകുന്നത് തടയുവാൻ ഇതുമൂലം സാധിക്കും.

5. വഴി തെറ്റിപ്പോകുന്നത് ഒഴിവാക്കുക : പരിചയമില്ലാത്ത സ്ഥലത്തേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ വഴി കൃത്യമായി മനസ്സിലാക്കുക. ഇതിനായി ഒരു പരിധിവരെ ഗൂഗിൾ മാപ്പിനെ ആശ്രയിക്കാവുന്നതാണ്. യാത്രയ്ക്കിടയിൽ വഴി തെറ്റി കറങ്ങിനടക്കുന്നത് കൂടുതൽ ഇന്ധനം പാഴാകുന്നതിനു കാരണമാകും.

6. എ.സിയുടെ ഉപയോഗം : ആവശ്യമുള്ളപ്പോൾ മാത്രം കാറിൽ എസി പ്രവർത്തിപ്പിക്കുക. എസി ഉപയോഗിക്കാതെയുള്ള യാത്രയിൽ കാറിന്റെ ഇന്ധനക്ഷമത 10% കൂടും എന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. എസി ഉപയോഗിക്കാത്ത അവസരങ്ങളിൽ കാറിന്റെ വിൻഡോസ് തുറന്നിട്ടുകൊണ്ട് സ്പീഡിൽ പോകുന്നതും നല്ല ശീലമല്ല.

7. ഇന്ധനം നിറയ്ക്കൽ : വാഹനത്തിൽ എല്ലായ്പ്പോഴും ആവശ്യത്തിന് ഇന്ധനം നിലനിർത്തുവാൻ ശ്രദ്ധിക്കുക. ഇന്ധനം നിറയ്ക്കുവാൻ ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെയാണ് എന്ന കാര്യം കൂടി ഓർക്കണേ. അതുപോലെതന്നെ പവർ പെട്രോളും സാധാരണ പെട്രോളും ഇടകലർത്തി നിറച്ചുകൊണ്ട് ഓടിക്കാതിരിക്കുവാനും ശ്രദ്ധിക്കുക.

ഇത്രയും കാര്യങ്ങൾ നിങ്ങൾ നന്നായി ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ കാറിന്റെ ഇന്ധന ക്ഷമത കുറയാതെ നിലനിർത്തുവാൻ സാധിക്കും. ഈ കാര്യങ്ങൾ എല്ലാവരും ഒന്നു ശ്രദ്ധിക്കുക.