ദൂദിയയിൽ നിന്നും മിറിക്, നേപ്പാൾ ബോർഡർ വഴി ഡാർജീലിംഗിലേക്ക് ഒരു മഴയാത്ര !!

നദിയിലെ കുളിയും കളിയുമൊക്കെ കഴിഞ്ഞു ഞങ്ങൾ യാത്ര തുടർന്നു. മിറിക്, നേപ്പാൾ ബോർഡർ വഴി ഡാർജീലിംഗിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. ഞങ്ങൾ മുന്നേ കുളിച്ച നടിയുടെ മുകളിലൂടെയുള്ള പാലം കടന്നായിരുന്നു ഞങ്ങൾ പിന്നീട് പോയത്. യാത്ര തുടങ്ങിയപ്പോഴേക്കും മഴയാരംഭിച്ചിരുന്നു. പാലം കടന്നുള്ള ഏരിയ പിന്നീട് ഹൈറേഞ്ചിൻറെ തുടക്കമായിരുന്നു. ഏതാണ്ട് മുന്നാറിലേക്കൊക്കെ പോകുന്ന പോലത്തെ റോഡ്. വഴിയിൽ അധികം തിരക്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കുറച്ചു നേരത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾ കയറ്റം കയറുവാൻ ആരംഭിച്ചു.

പോകുന്ന വഴിയ്ക്ക് ഒരു ഹെയർപിൻ വളവ് എത്തിയപ്പോഴാണ് താഴെയുള്ള കാഴ്ച ഞങ്ങൾ വ്യക്തമായി കണ്ടത്. ഞങ്ങൾ അത്യാവശ്യം നല്ലരീതിയിൽത്തന്നെ കയറി ഉയരത്തിലെത്തിയെന്നു ഞങ്ങൾ മനസ്സിലാക്കിയത് അങ്ങനെയാണ്. അവിടെയുള്ള ഒരു വ്യൂ പോയിന്റിനരികെ ഞങ്ങൾ വണ്ടി നിർത്തി കാഴ്ചകൾ കണ്ടാസ്വദിച്ചു. അവിടെവെച്ച് ഒരു പാവം അമ്മൂമ്മ ചുമലിൽ വലിയൊരു പച്ചയിലക്കെട്ടുകളുമായി നടന്നു പോകുന്നതു കണ്ടു. അമ്മൂമ്മയോട് ഞങ്ങൾ വിശേഷങ്ങളൊക്കെ പങ്കുവെക്കുകയും ഒരുമിച്ചു നിന്ന് ഫോട്ടോകൾ എടുക്കുകയും ചെയ്തു. അമ്മൂമ്മ ഞങ്ങളോട് യാത്ര പറഞ്ഞു പോയതിനു ശേഷം രണ്ടു സൈക്കിൾ യാത്രികരെ പരിചയപ്പെട്ടു. ഞങ്ങൾ കാറിൽ കയറിയ ആ കയറ്റങ്ങളൊക്കെ അവർ സൈക്കിളിൽ ചവിട്ടിക്കയറി എന്നറിഞ്ഞപ്പോൾ വല്ലാത്ത അത്ഭുതം തോന്നി.

വീണ്ടും മഴ തുടങ്ങിയപ്പോൾ ഞങ്ങൾ അവിടെ നിന്നും വീണ്ടും യാത്രയായി. പോകുന്ന വഴിക്കുവെച്ച് ‘ഐ ലവ് മിറിക്ക്’ എന്ന ബോർഡിനരികിൽ മഴയായിട്ടു കൂടിയും ഞങ്ങൾ വണ്ടി നിർത്തി. അവിടെ നിന്നുകൊണ്ട് ഫോട്ടോകൾ എടുത്തതിനു ശേഷം ഞങ്ങൾ മിറിക്ക് ടൗണിലേക്ക് പ്രവേശിച്ചു. നല്ല തിരക്കേറിയ ഒരു കൊച്ചു ടൗണായിരുന്നു മിറിക്ക്. സമയം വൈകുന്നേരം നാലരയായിരുന്നെങ്കിലും മിറിക്കിൽ മഴയോടൊപ്പം മഞ്ഞു വീണു തുടങ്ങിയിരുന്നു. ഏതാണ്ട് ഊട്ടിയിലൊക്കെ ചെന്ന ഒരു ഫീൽ. ഊട്ടിയിലെപ്പോലെ ഒരു തടാകവും അവിടെയുണ്ട്. ആ തടാകത്തിൽ ബോട്ടിംഗ് ഒക്കെ ഉണ്ടായിരുന്നെങ്കിലും സമയം കഴിഞ്ഞതിനാൽ എല്ലാം നിർത്തിയിരുന്നു. തടാകത്തിൽ നിറയെ മീനുകൾ ഉണ്ട്. ഈ മീനുകൾക്ക് കൊടുക്കുവാനായി അതിനരികിൽ പൊരി വിൽപ്പനക്കാരും ഉണ്ട്. ഞങ്ങൾ അവരിൽ നിന്നും ഒരു പാക്കറ്റ് പൊരി വാങ്ങി മീനുകൾക്ക് ഭക്ഷണമായി ഇട്ടുകൊടുത്തു.

പോകുന്ന വഴിക്ക് മിറിക്ക് ടൗണിൽ നിന്നു തന്നെ ഞങ്ങൾ വണ്ടിയിൽ ഡീസൽ നിറച്ചു. 68 രൂപയായിരുന്നു അവിടെ ഡീസലിന്റെ വില. അങ്ങനെ ഞങ്ങൾ വീണ്ടും നഗരത്തിരക്കുകളിൽ നിന്നും പച്ചപ്പ് നിറഞ്ഞ സ്വർഗ്ഗതുല്യമായ ഏരിയകളിലേക്ക് കടന്നു. തേയിലത്തോട്ടങ്ങളൊക്കെ കണ്ടപ്പോൾ മൂന്നാർ എത്തിയപോലെയാണ് ഞങ്ങൾക്ക് തോന്നിയത്. മലയാളികൾ പൊതുവെ കുറവായി എക്‌സ്‌പ്ലോർ ചെയ്തിട്ടുള്ള ഒരു ഏരിയയാണ് ഇതെന്നാണ് കരുതുന്നത്. എന്തായാലും അടിപൊളി സ്ഥലം തന്നെ. ഇന്ത്യ – നേപ്പാൾ ബോർഡറിനരികിലൂടെയുള്ള ചുരം റോഡിലൂടെയായിരുന്നു ഞങ്ങൾ പൊയ്‌ക്കൊണ്ടിരുന്നത്. മഴയോടൊപ്പം നല്ല കോടമഞ്ഞും റോഡിലേക്ക് ഇറങ്ങി.

അങ്ങനെ കോടമഞ്ഞിനേയും മഴയെയും വകഞ്ഞുമാറ്റിക്കൊണ്ട് ഞങ്ങളുടെ കാർ ഇന്ത്യ – നേപ്പാൾ ബോര്ഡറില് എത്തിച്ചേർന്നു. അതാ മീറ്ററുകൾക്കപ്പുറം ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാൾ.. ഈ യാത്രയിൽ ഞങ്ങൾ നേപ്പാളിൽക്കൂടി പോകുന്നുണ്ടെങ്കിലും അത് ഭൂട്ടാനിലെ പോയതിനു ശേഷം എന്ന രീതിയിലാണ് ഞങ്ങൾ ട്രിപ്പ് പ്ലാൻ ചെയ്തിരിക്കുന്നത്. ഞങ്ങൾ ചെക്ക് പോസ്റ്റിൽ കയറി അവിടെയുണ്ടായിരുന്ന ബി.എസ്.എഫ്. ജവാന്മാരോട് വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. അവർ ഞങ്ങളോട് വളരെ സൗഹാർദ്ദപരമായായിരുന്നു പെരുമാറിയത്.

അങ്ങനെ ബോർഡറും ചെക്ക്പോസ്റ്റുമൊക്കെ കണ്ടതിനു ശേഷം, ചെക്ക് പോസ്റ്റിനരികിലൂടെയുള്ള റോഡിലൂടെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. പോകുന്ന വഴിയിൽ ചുരത്തിൽ വെച്ച് വഴിയരികിലായി കുറച്ചു കടകൾ കണ്ടു. അവിടെ ഒരു വ്യൂ പോയിന്റും കൂടി ഉണ്ടായിരുന്നതിനാൽ ഞങ്ങൾ അവിടെ വണ്ടി നിർത്തി. കടകളൊക്കെ സമയം കഴിഞ്ഞതിനാൽ അടച്ചു പോയിരുന്നു. അവിടെ വെച്ച് പരിചയപ്പെട്ട ഒരു വഴിയാത്രക്കാരനിൽ നിന്നുമായിരുന്നു കൗതുകകരമായ ആ സത്യം ഞങ്ങൾ മനസിലാക്കിയത്. ഞങ്ങൾ വണ്ടി നിർത്തിയ ആ വഴി ഇന്ത്യയിലും വഴിയരികിലുള്ള കടകളെല്ലാം നേപ്പാളിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ രണ്ടു രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്നത് ഒരു ചെറിയ ഓടയായിരുന്നു. അങ്ങനെ ഞങ്ങൾ ഭൂട്ടാനിലെ എത്തുന്നതിനും മുന്നേ തന്നെ നേപ്പാളിൽ കാലുകുത്തി. അവിടെ നിന്നുകൊണ്ട് കുറെ ഫോട്ടോകൾ എടുത്തതിനു ശേഷമാണ് ഞങ്ങൾ പിന്നീടുള്ള യാത്ര തുടങ്ങിയത്.

നല്ല തണുപ്പ് വന്നു തുടങ്ങിയതിനാൽ ഞങ്ങൾ ജാക്കറ്റൊക്കെ എടുത്തു ധരിച്ചു. ഈ സമയം ഞാൻ വീഡിയോ എടുത്തിരുന്നത് സാംസങ് ഗ്യാലക്സി ഫോൺ ഉപയോഗിച്ചായിരുന്നു. ഗിമ്പൽ ഒക്കെ ഉപയോഗിച്ചിരുന്നതിനാൽ അത്യാവശ്യം സ്റ്റെബിലിറ്റി ഒക്കെ ലഭിക്കുകയുണ്ടായി. ഈ ഫോൺ എനിക്ക് പരിചയപ്പെടുത്തി തന്നതിന് എറണാകുളം പെന്റാ മേനകയിലെ നെക്സസ് കമ്മ്യൂണിക്കേഷനിലെ ശിഹാബ് ഇക്കയ്ക്ക് നന്ദി പറയുന്നു. അങ്ങനെ ഞങ്ങൾ യാത്ര തുടർന്ന് സുഖിയ എന്നു പേരുള്ള ഒരു ടൗണിൽ എത്തിച്ചേർന്നു. അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. ടൗണിലെ റോഡുകൾ ആണെങ്കിൽ വളരെ ഇടുങ്ങിയതും. ഒടുവിൽ ഞങ്ങൾ ആ ടൗണും കഴിഞ്ഞു വീണ്ടും ഡാര്ജിലിംഗ് ലക്ഷ്യമാക്കി യാത്രയായി.

പോകുന്ന വഴിയുടെ അരികിലായി ട്രെയിനിനു സഞ്ചരിക്കുവാനുള്ള പാളങ്ങൾ കടന്നു പോകുന്നതു കാണാമായിരുന്നു. ഒടുവിൽ ഞങ്ങൾ ഡാർജിലിംഗ് നഗരത്തിൽ എത്തിച്ചേർന്നു. സത്യത്തിൽ ഡാര്ജിലിംഗ് ഞങ്ങൾ വിചാരിച്ച പോലൊരു സ്ഥലമായിരുന്നില്ല. ഒരു കോൺക്രീറ്റ് കാട് എന്നേ ഡാർജിലിംഗിനെ ഞങ്ങൾക്ക് വിശേഷിപ്പിക്കുവാനാകൂ. അവിടെ റൂമുകൾക്കൊക്കെ വല്ലാതെ കൂടിയ നിരക്കായിരുന്നു. വണ്ടി കൂടെയുള്ളതിനാൽ പാർക്കിംഗ് സൗകര്യങ്ങളുള്ള ഹോട്ടലുകളിൽ മാത്രമേ ഞങ്ങൾക്ക് താമസിക്കുവാൻ സാധിക്കുമായിരുന്നുള്ളൂ. ഡാർജിലിംഗിൽ ഞങ്ങൾ റൂം എടുക്കാൻ ചുറ്റിയത് 3 മണിക്കൂർ സമയമാണ്. ഒടുവിൽ അവിടെ പരിചയമുള്ള ഒരു സുഹൃത്തിന്റെ സഹായത്തോടെ ഒരു മുന്തിയ ഹോട്ടലിൽ ആറായിരത്തോളം രൂപ മുടക്കി ഞങ്ങൾ റൂമെടുത്തു. വേറെ നിവൃത്തിയുണ്ടായിരുന്നില്ല. പിറ്റേദിവസം രാവിലത്തെ ഫ്രീ ബ്രേക്ക്ഫാസ്റ്റ് തിന്നുമുടിപ്പിച്ച് റൂമിനു കൊടുത്ത ഈ കത്തിച്ചാർജ്ജ് മുതലാക്കുമെന്നു എമിൽ പ്രഖ്യാപിച്ചു.

ആറായിരം രൂപ കൊടുത്തെങ്കിലും ഞങ്ങൾക്ക് കിട്ടിയ റൂം മികച്ചതു തന്നെയായിരുന്നു. എല്ലാവിധ സൗകര്യങ്ങളും ഞങ്ങളുടെ റൂമിൽ കണ്ടതോടെ ഞങ്ങൾ അൽപ്പം റിലാക്സ്ഡ് ആയി. ഡിന്നർ വരുന്ന വഴിയ്ക്ക് കഴിച്ചിരുന്നതിനാൽ ഒരു വീഡിയോ പെട്ടെന്ന് എഡിറ്റ് ചെയ്തു തീർത്തതിനു ശേഷം ഞങ്ങൾ അധികം വൈകാതെ തന്നെ ഉറങ്ങുവാനായി കിടന്നു. ബാക്കി ഡാർജിലിംഗ് വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ…

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow 7 get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.