നേപ്പാളിലെ കാഠ്മണ്ഡു നഗരത്തിലെ ദർബാർ സ്‌ക്വയറിലെ അമ്പരപ്പിക്കുന്ന കാഴ്ചകളും വിശേഷങ്ങളും…

നേപ്പാൾ തലസ്ഥാനമായ കാഠ്‌മണ്ഡുവിലെ ഞങ്ങളുടെ ആദ്യത്തെ പകൽ പുലർന്നു. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടൽ ഒരു ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുകളിൽ ആയിരുന്നു. രാവിലെ തന്നെ ഞങ്ങൾ റെഡിയായി കാഠ്മണ്ഡുവിലെ കാഴ്ചകൾ കാണുവാനായി പുറത്തേക്ക് ഇറങ്ങി. ബോർഡറിൽ നിന്നും ഹാരിസ് ഇക്ക എടുത്ത സിം കാർഡ് അതുവരെ ആക്റ്റീവ് ആയില്ലായിരുന്നു. ആ കടക്കാരൻ നൈസായി പറ്റിച്ചു. സത്യം പറയാമല്ലോ, ഞങ്ങൾക്ക് ഇതുവരെ നല്ലൊരു അനുഭവം നേപ്പാളിൽ നിന്നും ഉണ്ടായിട്ടില്ല എന്നതാണ് സങ്കടകരമായ വസ്തുത. എല്ലാവരും പറ്റിക്കുകയും, പറ്റിയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. കഷ്ടം തന്നെ.

ഞങ്ങളുടെ പ്രതീക്ഷകളെയെല്ലാം മാറ്റിമറിക്കുന്ന തരത്തിലായിരുന്നു കാഠ്‌മണ്ഡു ടൗണിലെ കാഴ്ചകൾ. 2015 ൽ ലോകത്തെ തന്നെ ഞെട്ടിച്ച ഭീകരമായ ഭൂകമ്പം നേപ്പാളിനെ ഒന്നടങ്കം പിടിച്ചുലച്ചിരുന്നു. കാഠ്മണ്ഡുവിലൊക്കെ ഇന്നും കെട്ടിടങ്ങളൊക്കെ പണിതുയരുന്നേയുള്ളൂ. അന്നത്തെ ഭൂകമ്പം കൊണ്ടാകാം ഇവിടെ ഇന്നും എന്തൊക്കെയോ നഷ്ടപ്പെട്ടതു പോലുള്ള ഫീൽ.. ടൗണിലെ ഒരു അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്തശേഷം ഞങ്ങൾ ഒരു കടയിൽ കയറി പുതിയ സിംകാർഡ് വാങ്ങി. നാലു മിനിറ്റ് കൊണ്ട് സിംകാർഡ് റെഡിയായി.

സിംകാർഡ് റെഡിയാക്കിയ ശേഷം ഞങ്ങൾ കാഠ്മണ്ഡുവിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകർഷണങ്ങളിൽ ഒന്നായ ദർബാർ സ്‌ക്വയർ സന്ദർശിക്കുവാനായി നടന്നു നീങ്ങി. ഭൂകമ്പത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നതിനാൽ അവിടത്തെ പണികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയായിരുന്നു. എങ്കിലും സന്ദർശകർക്ക് പ്രവേശനമുണ്ട്. സാർക്ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 150 രൂപയും മറ്റു വിദേശരാജ്യക്കാർക്ക് 1000 രൂപയുമാണ് ഇവിടേക്ക് പ്രവേശിക്കുവാനുള്ള നിരക്ക്. ഇന്ത്യക്കാർക്ക് 150 രൂപയാണെന്നു പ്രത്യേകം പറയേണ്ടല്ലോ. ഞങ്ങൾ ടിക്കറ്റും എടുത്തുകൊണ്ട് അകത്തേക്ക് കയറി. കൗണ്ടറിൽ നിന്നും ടിക്കറ്റുകൾക്കൊപ്പം ഓരോ ബ്രൗഷറും ലഭിക്കും. അതിൽ അവിടത്തെ വിവരങ്ങളെല്ലാം അടങ്ങിയിരുന്നു.

അകത്തേക്ക് നടക്കുന്നതിനിടെ നാരായൺ എന്നു പേരുള്ള ഒരു ഗൈഡിനെ ഞങ്ങൾ പരിചയപ്പെടുകയുണ്ടായി. 500 നേപ്പാളി രൂപ ഫീസ് കൊടുത്താൽ മുഴുവനും ഞങ്ങളുടെ കൂടെ നടന്നു കാര്യങ്ങൾ വിശദീകരിക്കാമെന്നു പുള്ളി സമ്മതിച്ചു. അങ്ങനെ ഞങ്ങളുടെ കൂടെ പുള്ളിയും ചേർന്നു. എല്ലാ ടൂറിസ്റ്റു കേന്ദ്രങ്ങളിലെപ്പോലെയും സഞ്ചാരികളെ ലക്ഷ്യമിട്ടുകൊണ്ട് ധാരാളം കച്ചവട സ്ഥാപനങ്ങളൊക്കെ അവിടെ ഉണ്ടായിരുന്നു. അകത്ത് ധാരാളം ക്ഷേത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ക്ഷേത്രങ്ങളൊക്കെ നമ്മുടെ നാട്ടിലെപ്പോലെ ഒന്നുമായിരുന്നില്ല. വളരെ വ്യത്യസ്തമായിട്ടാണ് ഞങ്ങൾക്ക് തോന്നിയത്. അവിടത്തെ ശില്പങ്ങളും കൊത്തുപണികളുമെല്ലാം മികച്ചതായിരുന്നു.

ഗൈഡ് നാരായൺ ഞങ്ങൾക്ക് കാര്യങ്ങളൊക്കെ എങ്ങനെയൊക്കെയോ പറഞ്ഞു മനസിലാക്കി തന്നു. ഒരുവിധത്തിൽ ഞങ്ങൾ മനസിലാക്കിയെടുത്തു എന്നു പറയുന്നതായിരിക്കും നല്ലത്. കാരണം പുള്ളി അത്യാവശ്യം നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾ പുള്ളിയെ കൂടെക്കൂട്ടിയതിനു ശേഷമായിരുന്നു ആ കാര്യം മനസ്സിലായത്. എന്തുചെയ്യാം… അതുപോലെ തന്നെ ഒരു ക്ഷേത്രാങ്കണത്തിൽ കണ്ടു ശീലിച്ചിട്ടില്ലാത്ത കാര്യങ്ങളായിരുന്നു അവിടെ കാണുവാൻ സാധിച്ചത്. വിഗ്രഹങ്ങൾക്ക് അടുത്ത് വരെ ചെരിപ്പുകൾ ഇട്ടുകൊണ്ട് ചെല്ലുന്ന ആളുകൾ, ക്ഷേത്രത്തിൽ കത്തിച്ചു വെച്ചിരിക്കുന്ന ചിരാതിൽ നിന്നും കഞ്ചാവ് ബീഡി കത്തിച്ചു വലിക്കുന്ന സ്ത്രീകളടക്കമുള്ളവർ… ഹോ.. ഭയാനകം തന്നെ. കൂടുതലൊന്നും പറയുന്നില്ല.

ക്ഷേത്രങ്ങളിലെ കാഴ്ചകളൊക്കെ കണ്ടതിനു ശേഷം ഞങ്ങളെ ഷോപ്പിംഗിനായി ഗൈഡ് കൂട്ടിക്കൊണ്ടുപോയി. അങ്ങേരുടെ പരിചയത്തിലുള്ള കടകളിലൊക്കെ ഞങ്ങളെ നിർബന്ധിച്ചു കയറ്റി. ഒരു കടയിൽ നിന്നും ഞങ്ങൾ സാധനങ്ങളൊക്കെ വാങ്ങി. ആ കടക്കാരൻ വളരെ നല്ലൊരു മനുഷ്യനായിരുന്നു. ഞങ്ങൾക്ക് ഡിസ്‌കൗണ്ട് ഒക്കെ നൽകി. അങ്ങനെ ആദ്യമായിട്ട് നേപ്പാളിൽ നല്ലൊരു മനുഷ്യനെ പരിചയപ്പെട്ടു. അവിടെ നിന്നും ഇറങ്ങിയപ്പോൾ ഒരു ഓടക്കുഴലുകാരനെ പരിചയപ്പെട്ടു. ഒരു ഓടക്കുഴലിന് 1500 രൂപയായിരുന്നു വില. എമിൽ ഗൂർഖകൾ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു കത്തി വാങ്ങി.

എന്തായാലും നേപ്പാളിൽ വരുന്നവർ കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ് ദർബാർ സ്‌ക്വയർ. ഗൈഡുകളെ തിരഞ്ഞെടുക്കുമ്പോൾ നോക്കിയും കണ്ടും മാത്രം തെരഞ്ഞെടുക്കുക. അല്ലാത്തപക്ഷം ചിലപ്പോൾ പണികിട്ടാൻ ചാൻസുണ്ട്. അങ്ങനെ ദർബാർ സ്‌ക്വയറിലെ കാഴ്ചകളെല്ലാം കണ്ടതിനുശേഷം ഞങ്ങൾ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി. കാഠ്മണ്ഡുവിലെ അടുത്ത കാഴ്ചകളും കറക്കവുമെല്ലാം ഇനി അടുത്ത എപ്പിസോഡിൽ…