വർക്കലയിൽ 70 രൂപയ്ക്ക് അടിപൊളി ഊണ് കഴിക്കാൻ പറ്റിയ നല്ലൊരു ഹോട്ടൽ

വിവരണം – Praveen Shanmukom‎ (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ).

വർക്കലയിൽ 70 രൂപയ്ക്ക് അടിപൊളിയായൊരു ഊണ് കഴിയ്ക്കാൻ പറ്റിയ നല്ല ഒരു ഹോട്ടൽ. ശർക്കരയും പുളിയും ചേർത്ത നല്ല ഇഞ്ചി, ബീൻസ് തോരൻ, കാബേജ് തോരൻ, ഒന്നാന്തരം അവിയൽ, മാങ്ങാ അച്ചാറ്, മരിച്ചീനി, മീൻകറി, കിടിലം ഉണക്ക ചെമ്മീൻ ചമമന്തി, പപ്പടം, പരിപ്പ്, സാമ്പാർ, രസം, മോര്. ആ മോര് മാത്രം മതി ചോറുണ്ണാൻ. കറികളെല്ലാം ഒന്നിനൊന്ന് മെച്ചം.

മീനിന്റെ രുചി കൂടുതൽ അറിയാൻ വില ചോദിച്ചു മനസ്സിലാക്കി കൊഞ്ചും (₹ 200) അയലയും മേടിച്ചു (₹ 70) . എല്ലാം അഡാർ രുചി. ഒന്നും പറയാനില്ല. സർവീസും നമ്മളെ സംബന്ധിച്ചിടത്തോളം നല്ലതായിരുന്നു. രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെയാണ് സമയം. ഉച്ചയ്ക്ക് 12 മുതൽ 3 വരെ ഊണ് സമയം. കാർഡ് എടുക്കില്ല ക്യാഷ് പേയ്മെന്റാണ്. തങ്ങളെ പറ്റി എത്ര പേജ് എഴുതിയാലും വായിച്ച് രസിക്കുന്നവർ മറ്റുള്ളവരെ പറ്റി വായിക്കാൻ വലിയ താല്പര്യം കാണിക്കാറില്ല എന്ന പ്രവണത പറഞ്ഞ് കേട്ടിട്ടുണ്ട്. പത്ത് പന്ത്രണ്ട് വർഷമായി ആയിരങ്ങൾക്ക് ആതിഥ്യമരുളുന്ന ഈ ഭക്ഷണയിടത്തിന്റെ ഉത്ഭവത്തെ പറ്റി അറിയാൻ താല്പര്യമുള്ളവർക്ക് തുടർന്ന് വായിക്കാം.

അവിടെ വച്ച് കണ്ട് പരിചയപ്പെട്ടു ഈ ഹോട്ടലിന്റെ ഉടമസ്ഥനായ ജയപ്രസാദ് എന്ന പ്രസാദ് ചേട്ടനെ. വളരെ സാധാരണ കുടംബത്തിലായിരുന്നു ജനനം. 1974 ൽ എറണാകുളത്ത് ഒരു സുഹൃത്തിന്റെ ഹോട്ടലിൽ മാനേജറായായിട്ടായിരുന്നു ഹോട്ടൽ ഫീൽഡിലോട്ടുള്ള രംഗപ്രവേശനം. ഹോട്ടൽ മേഖലയിലെ അറിവിലോട്ടുള്ള പാoപുസ്തകമായിരുന്നു ഈ ഉദ്യോഗം.സുഹൃത്തായ ആ ഹോട്ടലിന്റെ ഉടമസ്ഥനും വേറൊരു ഹോട്ടൽ ഉടമസ്ഥനും കൂടി ചേർന്നു പ്രസാദേട്ടന് എറണാകുളത്ത് വൈറ്റിലയിൽ ഒരു ഹോട്ടലിട്ടു കൊടുത്തു.

സുഹൃത്തുക്കളായിരുന്നാൽ പോലും ബിസിനസ്സിൽ പരസ്പരം കുതികാൽ വെട്ടുന്ന ഈ കാലത്ത് അവരുടെ ആ പ്രവർത്തി വളരെ ശ്ലാഘിനീയം അർഹിക്കുന്ന ഒന്നാണ് എന്നതിന് തർക്കമില്ല. സഹോദരൻ അയ്യപ്പൻ റോഡ് വീതി കൂട്ടിയപ്പോൾ ഹോട്ടൽ ഗവൺമെന്റിന് വിട്ട് കൊടുക്കേണ്ടി വന്നെങ്കിലും നാടിന്റെ വലിയൊരു വികസന പ്രവർത്തനത്തിൽ പങ്കാളിയായതിൽ നഷ്ടത്തിനിടയിലും അദ്ദേഹം സന്തോഷിക്കാനും അഭിമാനിക്കാനുമുള്ള ഒരു സന്ദർഭമായാണ് ഇതിനെ കണ്ടത്.

സ്വന്തം നാടായ വർക്കലയിൽ തിരിച്ചെത്തി ജനതാ റെസ്റ്റോറന്റ് എന്ന പേരിൽ ഒരു ഹോട്ടൽ തുടങ്ങാൻ അധികം കാലതാമസമുണ്ടായില്ല. വിമലാ തിയേറ്ററിന്റെയും എസ് ആർ തിയേറ്ററിന്റെയും അടുത്തായിരുന്നു ഹോട്ടൽ. അണ്ടർപാസ്സേജ് വന്നപ്പോൾ അത് കൊടുത്ത് അവിടെ നിന്ന് മാറി കടയ്ക്കൽ ലോഡ്ജ് എന്ന സ്ഥാപനത്തിൽ വീണ്ടും ഹോട്ടൽ തുടങ്ങി. ജനത റെസ്റ്റോറന്റ് എന്ന പേര് വിട്ട് നല്കാൻ അത് വാങ്ങിച്ചവർ തയ്യാറായില്ല. (പില്ക്കാലത്ത് ആ സ്ഥാപനം നിർത്തി അവർ അത് വിറ്റൊഴിയുകയാണ് ഉണ്ടായത്) അങ്ങനെ പുതിയ പേരിടേണ്ടി വന്നു, അതാണ് ദ്വാരക.

വർക്കല വന്നാൽ സന്തോഷത്തോടെ സംതൃപ്തിയോടെ ഊണ് കഴിക്കാനുള്ള ഒരു സ്ഥലമാണ് ദ്വാരക. 70 രൂപയ്ക്കുള്ള ഊണ് പലരും ഇവിടെ വന്ന് പാഴ്സൽ വാങ്ങിച്ചിട്ട് വർക്കല കാണാൻ വരുന്ന ടൂറിസ്റ്റുകൾക്ക് 200 രൂപയ്ക്ക് വരെ കൊടുക്കാറുണ്ട്.

ഭക്ഷണ വിഭവങ്ങൾ : മട്ടൺ, ചിക്കൻ, ബീഫ് ബിരിയാണികൾ അവിടെ വളരെ അധികം ചെലവാകുന്ന ഒരു ഐറ്റമാണെന്ന് മനസ്സിലായി. അവിടെ നിന്ന് കഴിച്ച് കൊണ്ടിരിക്കുമ്പോൾ ബൾക്കായി പാഴ്സൽ ഓർഡർ പറയുന്നത് കേൾക്കാമായിരുന്നു. പിന്നെ നാടൻ രീതിയിൽ ചിക്കൻ, മീൻ, ബീഫ് വിഭവങ്ങളുടെ വൈവിധ്യമാർന്ന ഭക്ഷണ രുചികൾ നമ്മളെ കാത്തിരിക്കുന്നു, ഫ്രൈഡ് റൈസ്, നൂഡിൽസും എന്നിവയും ലഭ്യമാണ്. വെജറ്റിബൾ കുറുമ, ഗോബി മഞ്ചൂരിയൻ, കടലക്കറി, ടുമാറ്റോ ഫ്രൈ, മുട്ടറോസ്റ്റ് തുടങ്ങി വിവിധതരത്തിലുള്ള കറികളും അപ്പം, ദോശ, ഇഡ്ഢലി, ഇടിയപ്പം, പെറൊട്ട, ചപ്പാത്തി തുടങ്ങി പാൽ, ചായ, കോഫി സ്നാക്ക്സ് ഐറ്റംസായ പഴംപൊരി, ഉഴുന്ന് വട, കട്ലറ്റ് തുടങ്ങിയവയും ലഭ്യമാണ്.

വർക്കലയിൽ വരുന്ന ഭക്ഷണ പ്രേമികൾക്ക് ദ്വാരകയും ഒരു അഭയ സ്ഥാനമാണ്. പ്രിയപ്പെട്ട ദ്വാരക വീണ്ടും കാണാം. Hotel Dwaraka, Varkala Kallambalam Rd, Near Police station, Varkala, Kerala 695141, 0470 260 1120, https://g.co/kgs/kZwJ26.