വയനാട്ടിൽ ഒരു ദിവസം അടിച്ചു പൊളിക്കാൻ വ്യത്യസ്തമായ ‘E3’ തീം പാർക്ക്..

ആനക്കട്ടിയിലെ SR ജംഗിൾ റിസോർട്ടിലെ കുറച്ചു ദിവസത്തെ താമസത്തിനു ശേഷം ഞങ്ങൾ പിന്നീട് നേരെ പോയത് വയനാട്ടിലേക്ക് ആയിരുന്നു. വൈത്തിരിയ്ക്ക് സമീപമുള്ള ജിറാസോൾ വില്ലയിലായിരുന്നു ഞങ്ങളുടെ വയനാട്ടിലെ താമസം. വില്ലയുടെ ഉടമ അൻവർ ഇക്ക എന്റെയൊരു സുഹൃത്ത് കൂടിയായിരുന്നു. എവറസ്റ്റ് കൊടുമുടി ട്രെക്കിംഗ് ഒക്കെ കഴിഞ്ഞു വന്നിരിക്കുകയായിരുന്നു അൻവർ ഇക്ക. അൻവർ ഇക്ക തൻ്റെ ഹിമാലയൻ അനുഭവങ്ങൾ ഞങ്ങളുമായി പങ്കുവെയ്ക്കവേയാണ് വയനാട്ടിലെ പുതിയ ഒരു തീം പാർക്കിനെക്കുറിച്ച് പറയുന്നത്.

അങ്ങനെ ഞാനും ശ്വേതയും അൻവർ ഇക്കയും കൂടി ഈത്രീ തീം പാർക്കിലേക്ക് യാത്രയായി. മാനന്തവാടിയിൽ നിന്നും 20 കിലോമീറ്റർ അകലെ തൊണ്ടർനാട് പഞ്ചായത്തിലെ നീലോത്താണ് ‘E3’ എന്നു പേരുള്ള ഈ ബയോ – തീം പാർക്ക് സ്ഥിതി ചെയ്യുന്നത്. പരിസ്ഥിതി, വിജ്ഞാനം, വിനോദം എന്നീ മൂന്ന് മേഖലകളെ ആധാരമാക്കി വെസ്റ്റേൺ ഘാട് സ് ഗ്രീൻ ഇനീഷ്യേറ്റീവ് എൽ.എൽ.പി.യാണ് ഇ-3 പാർക്ക് ഒരുക്കിയിട്ടുള്ളത്.

പാർക്കിലേക്കുള്ള പ്രവേശന ഫീസ് മുതിർന്നവർക്ക് 450 രൂപയും കുട്ടികൾക്ക് 350 രൂപയുമാണ്. മുതിർന്ന പൗരന്മാർക്ക് ഐഡി പ്രൂഫ് കാണിക്കുകയാണെങ്കിൽ 350 രൂപ പ്രവേശനഫീസായി നൽകിയാൽ മതി. ഞങ്ങൾ ടിക്കറ്റ് കൗണ്ടറിൽ നിന്നും മൂന്നു ടിക്കറ്റുകൾ കരസ്ഥമാക്കി അകത്തേക്ക് കടന്നു. അകത്തേക്ക് കയറിയപ്പോൾത്തന്നെ പാശ്ചാത്യ രാജ്യങ്ങളിലെ പാർക്കുകൾ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഒരു കിടിലൻ വെൽക്കം ഡാൻസ് ആയിരുന്നു ഞങ്ങളെ വരവേറ്റത്. ഡാൻസിനു പുറമെ നല്ല കിടിലൻ ഷോ കൂടിയായിരുന്നു അത്.

വെൽക്കം ഡാൻസ് കണ്ടതിനു ശേഷം ഞങ്ങൾ അവിടെയൊക്കെ നടന്നു കാണുവാൻ തുടങ്ങി. ആദ്യമായി ഞങ്ങൾ കയറിയത് പക്ഷികളുടെ സങ്കേതത്തിലേക്ക് ആയിരുന്നു. പക്ഷികളെ ഫീഡ് ചെയ്യുവാനുള്ള സൗകര്യങ്ങളൊക്കെ അവിടെയുണ്ടായിരുന്നു. കയ്യിൽ തീറ്റയൊക്കെ വെച്ചിട്ട് അങ്ങനെ നിന്നാൽ പക്ഷികൾ തന്നേ വന്നിരുന്നു കഴിച്ചോളും. പക്ഷി പ്രേമികൾക്ക് വളരെ നന്നായി എന്ജോയ് ചെയ്യുവാൻ പറ്റിയ ഒരിടമായിരുന്നു അത്.

പിന്നീട് ഞങ്ങൾ പോയത് Retro to Metro എന്നൊരു ഷോ കാണുവാനായിരുന്നു. അന്ന് രാവിലെ 11.30 നും വൈകീട്ട് 3 മണിക്കുമായിരുന്നു ആ ഷോ ഉണ്ടായിരുന്നത്. ഷോ സമയങ്ങൾ ചില ദിവസങ്ങളിൽ വ്യത്യാസപ്പെട്ടേക്കാം. ഞങ്ങൾ ഷോ നടക്കുന്ന തിയേറ്ററിലേക്ക് കയറിയപ്പോൾ ഒരു ഗൊറില്ലയുടെ രൂപം ധരിച്ചയാളാണ് സ്വാഗതം ചെയ്തത്. വാതിൽ തുറന്നതും പെട്ടെന്ന് ഇതു കണ്ടപ്പോൾ ശ്വേത പേടിച്ചുപോയി. പലതരം ഡാൻസും മറ്റുമൊക്കെയായി നല്ലൊരു ഷോ ആയിരുന്നു അത്.

അവിടെ ഹൊറർ ടണൽ എന്നൊരു കിടിലൻ സംഭവമുണ്ടായിരുന്നു. അതിൽ കയറുന്നവർ ശരിക്കും പേടിച്ചുപോകുന്ന ഒരു ഐറ്റമായിരുന്നു അത്. മനസിന് കട്ടിയില്ലാത്തവർ ഇതിൽ കയറാതിരിക്കുക. പിന്നീട് ഞങ്ങൾ പോയത് ബോട്ടിംഗ് നടത്തുവാൻ ആയിരുന്നു. നമുക്ക് സ്വന്തമായി പെഡൽ ബോട്ടിൽ യാത്ര ചെയ്യുവാനുള്ള സൗകര്യം അവിടെയുണ്ടായിരുന്നു. ഞങ്ങൾ ബോട്ടിംഗ് ഒക്കെ കഴിഞ്ഞു പുറത്തിറങ്ങി നടക്കുമ്പോൾ അതാ അൻവർ ഇക്ക അവിടെയുള്ള പ്രത്യേകം തയ്യാറാക്കിയ നെറ്റ്സിൽ ക്രിക്കറ്റ് പ്രാക്ടീസ് ചെയ്യുന്നു. ക്രിക്കറ്റ് പ്രേമികളായ കുട്ടികൾക്കും മുതിർന്നവർക്കും തങ്ങളുടെ ബാറ്റിങ് പാടവം പുറത്തെടുക്കാൻ ഒരവസരം കൂടി ഇവിടെ ലഭിക്കും.

ആദിവാസികൾ ഏറെയുള്ള സ്ഥലമാണല്ലോ വയനാട്. അതുകൊണ്ടായിരിക്കാം ഈ പാർക്കിൽ ട്രൈബൽ ഡാൻസ് ഒക്കെ കാണുവാനുള്ള സൗകര്യങ്ങളുണ്ട്. അതോടൊപ്പം തന്നെ ഒരു ട്രൈബൽ മ്യൂസിയവും അവിടെയുണ്ട്. കപ്പ, ചേമ്പ് പുഴുക്ക് തുടങ്ങിയ നാടൻ ഫുഡ് ഐറ്റംസ് ഇവിടെ നിന്നും നമുക്ക് വാങ്ങി കഴിക്കുവാൻ സാധിക്കും. പിന്നീട് ഞങ്ങൾ പോയത് മൺപാത്ര നിർമ്മാണം കാണുവാനാണ്. മറ്റിടങ്ങളിലെപ്പോലെ മൺപാത്ര നിർമ്മാണം ചുമ്മാ കാണുക മാത്രമല്ല ഇവിടെ നമുക്ക് സ്വന്തമായി മൺപാത്രങ്ങൾ നിർമ്മിച്ച് നോക്കുവാനും സാധിക്കും. അതിനായുള്ള നിർദ്ദേശങ്ങൾ അവർ പറഞ്ഞു തരും. ഞാനും ഉണ്ടാക്കി ഒരു ചെറിയ പാത്രം.

ഇത്രയും കാഴ്ചകൾ കണ്ടു നടന്നപ്പോൾ ഞങ്ങൾക്ക് വിശക്കുവാൻ തുടങ്ങി. ഞങ്ങൾ പാർക്കിനുള്ളിലുള്ള റെസ്റ്റോറന്റിൽ കയറി. നല്ല അടിപൊളി ഫുഡ് ആയിരുന്നു അവിടെ ലഭിച്ചിരുന്നത്. ഞങ്ങൾ ചിക്കൻ ബിരിയാണി ആയിരുന്നു കഴിച്ചത്. ഒരു ചിക്കൻ ബിരിയാണിക്ക് 150 രൂപയായിരുന്നു അവിടെ ചാർജ്ജ്. ഭക്ഷണത്തിനു ശേഷം ഞങ്ങൾ വീണ്ടും കാഴ്ചകൾ കണ്ടുകൊണ്ട് നടക്കുവാൻ തുടങ്ങി.

പിന്നെ ഞങ്ങൾ പോയത് ഒരു തകർപ്പൻ സംഭവം കാണുവാനായിരുന്നു. ‘ഡൈനോ വേൾഡ്’ എന്നു പേരുള്ള ഒരു ചെറിയ പാർക്ക് ആയിരുന്നു അത്. ദിനോസറുകളുടെ കാലഘട്ടം പുനരാവിഷ്കരിച്ചിരിക്കുകയായിരുന്നു ഈ ചെറിയ പാർക്കിൽ. ചുമ്മാ ദിനോസർ പ്രതിമകളല്ല ഇവിടെയുള്ളത്. ശരിക്കും ഒറിജിനൽ ദിനോസറുകളെപ്പോലെ ശബ്ദമുണ്ടാക്കുകയും ചലിക്കുകയും ഒക്കെ ചെയ്യുകയായിരുന്നു അവ. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ദിനോസർ മാതൃകകൾക്ക് ഡിജിറ്റൽ ശബ്ദവിന്യാസവും ചലനങ്ങളും കൂടിയായപ്പോൾ ജൂറാസിക് പാർക്കിന് സമാനമാവുന്നു. ഇതുപോലൊരു പാർക്ക് ചിലപ്പോൾ ഇന്ത്യയിൽ വേറെ കാണില്ല.

പിന്നീട് ഇവിടത്തെ എടുത്തുപറയേണ്ട ഒരു ആക്ടിവിറ്റി സിപ്പ് ലൈൻ ആണ്. പാർക്കിനു കുറുകെബന്ധിപ്പിച്ചിട്ടുള്ള ഒരു കമ്പിയിലൂടെ നമ്മുടെ ശരീരം ബന്ധിപ്പിക്കുകയും അതിലൂടെ തൂങ്ങി അപ്പുറത്തേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ശരിക്കും പറക്കുന്നതുപോലെയായിരുന്നു എനിക്ക് ആ സമയത്ത് തോന്നിയത്. ഞാനും ശ്വേതയും അൻവർ ഇക്കയും സിപ്പ് ലൈനിൽ പറപറന്നു. സിപ്പ് ലൈൻ ചെയ്യുന്നതിന് 200 രൂപയുടെ ടിക്കറ്റ് എടുക്കണം. ഇവിടെ വരുന്നവർ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ഒരു സാഹസിക ആക്ടിവിറ്റിയാണ് സിപ്പ് ലൈൻ.

വിദേശ രാജ്യങ്ങളിലെപ്പോലെ ഏക്കറുകണക്കിന് സ്ഥലത്ത് എല്ലാ സംവിധാനങ്ങളും ആക്ടിവിറ്റികളും ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു പാർക്ക് ആണ് E3. പെറ്റ്സ് സൂ, മോസ് ഗാർഡൻ, വാക്ക് ഇൻ ഏവിയേരി, ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരവും നീളവും കൂടിയ സിപ്പ് ലൈൻ, വയനാട്ടിലെ ആദ്യത്തെ മിനി മറൈൻ അക്വേറിയം, കേരളത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത വെള്ളച്ചാട്ടം, ആദിവാസി ഗോത്ര ജീവിതം അടുത്തറിയാനുള്ള ട്രൈബൽ വില്ലേജ് തുടങ്ങിയവ ഇ-3 തീം പാർക്കിന്റെ മാത്രം സവിശേഷതകളാണ്. രാവിലെ 9 മണിയ്ക്ക് പാർക്കിലെത്തിയ ഞങ്ങൾ വൈകീട്ട് അഞ്ചുമണിയോടെയാണ് തിരിച്ചിറങ്ങിയത്. ശരിക്കും ഒരു ദിവസം മുഴുവനും ചെലവഴിക്കുവാനുള്ള ഐറ്റങ്ങൾ ഇവിടെയുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു പാർക്ക് ആണിത്. തീർച്ചയായും വയനാട് സന്ദർശിക്കുന്നവർ E3 പാർക്കും കൂടി സന്ദർശിക്കുവാൻ ശ്രമിക്കണം.