ഈജിപ്റ്റിലെ പിരമിഡ് സന്ദർശിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം

വിവരണം – Sameer Chappan.

ഈ കഴിഞ്ഞ ചെറിയ പെരുന്നാൾ ലീവ് പ്രഖ്യാപിച്ചത് തൊട്ടുള്ള അന്വേഷണമായിരുന്നു അധികം ക്വാറന്റൈൻ പ്രോട്ടോക്കോളില്ലാത്ത ഒരു രാജ്യത്തേക്കുള്ള യാത്ര. ഒടുവിൽ ബക്കറ്റ് ലിസ്റ്റിന്റെ താഴെ തട്ടിൽ എവിടെയോ ഒളിച്ച് കിടന്നിരുന്ന ഈജിപ്തിനെ അങ്ങ് പൊക്കി. പിന്നീട് നേരെ ഈജ്പ്ഷ്യൻ എംബസിയുമായി ബന്ധപ്പെട്ട് 4 ദിവസത്തിനുള്ളിൽ ഒരു മാസത്തേക്കുള്ള വിസയും ഒപ്പിച്ചു. 23 ദിനാറാണ് (4,400 Rs) അധികം ഡോക്യുമെന്റസിന്റയൊന്നും ആവശ്യമില്ലാത്ത ഈജിപ്ഷ്യൻ സിംഗിൾ എന്ട്രി വിസയ്ക്ക്.

അങ്ങനെ ഈ കഴിഞ്ഞ മെയ് പതിനാലിന് രാത്രി 7 മണിയോട് കൂടി കൈറോ ഇന്റർ നാഷണൽ എയർപോർട്ടിൽ നിന്നും ഫ്ലൈറ്റ് ഇറങ്ങി നേരെ തഹരീർ സ്ക്വറിൽ ബുക്ക് ചെയ്ത ഹോട്ടലിലെത്തി. 72 മണിക്കൂറിനുള്ളിൽ എടുത്ത PCR test റിസൾട്ടും എയർപ്പോർട്ടിൽ നിന്നും ലഭിക്കുന്ന Health Declaration Form-ഉം മാത്രമാണ് കോവിഡ് പ്രോട്ടോക്കോളായി ആവശ്യമുള്ള ഡോക്യമെന്റ്സ്. പുറത്തിറങ്ങിയാൽ RIP to Mask, അത്ര തന്നെ.

പിറ്റേന്ന് രാവിലെ നേരെ പിരമിഡ് ലക്ഷ്യമാക്കി ഗിസയിലേക്ക് ടാക്സി പിടിച്ചു. പണ്ട് സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടുള്ള വലിയൊരു സ്വപ്നം തേടിയുള്ള യാത്ര. ഏകദേശം അരമണിക്കൂർ എടുത്തു കൈറോ ഡൗൺ ടൗണിൽ നിന്നും പുരതാന ലോകാത്ഭുതങ്ങളിൽ ഒന്നായ ദി ഗ്രേറ്റ് ഗിസ പിരമിഡ് ഉൾപ്പെടെ സ്ഥിതിചെയ്യുന്ന ഗിസ പിരമിഡ് കോംപ്ലക്സിലെത്താൻ. 200 ഈജിപ്ഷ്യൻ പൗണ്ട്സാണ് മൂന്ന് വലിയ പിരമിഡുകളും സ്ഫിനിക്സും ഉൾപ്പെടുന്ന പിരമിഡ് കോംപ്ലക്സിലേക്കുള്ള പ്രവേശന ഫീ.

സുരക്ഷാ പരിശോധനയൊക്കെ കഴിഞ്ഞ് അകത്തു കയറി ആദ്യം The great Pyramid of Giza എന്ന കൂറ്റൻ പിരമിഡിന്റെ ഭംഗി നന്നായി ആസ്വദിച്ചു. ഏകദേശം 23 ലക്ഷം വലിയ കല്ലുകൾ കൊണ്ട് നിർമ്മാണം കഴിപ്പിച്ചതാണ് Pyramid of Cheops എന്നും Khufu എന്നും അറിയപ്പെടുന്ന ഈ പുരാതന ലോകാത്ഭുതം. ഏകദേശം 3800 വർഷത്തോളം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ (146.5 മീറ്റർ) നിർമ്മിതിയുമാണ് ഈ പിരമിഡ്.

അത്യാവശ്യം ഫോട്ടോയെടുപ്പൊക്കെ കഴിഞ്ഞ് ചൂട് വകവെക്കാതെ നേരെ ഇതിനി തൊട്ട് പിറകിലായി സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ വലിയ പിരമിഡായ കാഫ്റെ പിരമിഡും (Pyramid of Khafre / Chephren) “കുഞ്ഞൻ” പിരമിഡായ മെൻകാറെ (Pyramid of Menkaure) യും കണ്ട് ഏകദേശം രണ്ട് മണിക്കൂറോളം ചിലവഴിച്ചതിന് ശേഷം തിരിച്ച് വരുന്ന വഴിയാണ് ചിലർ പിരമിഡിനകത്തേക്ക് പ്രവേശിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.

വലിയ പിരമിഡിനകത്ത് കയറുന്നതിന് 400 പൗണ്ട്സും അതിന് താഴയുള്ള രണ്ട് പിരമിഡിനുള്ളിലാണെങ്കിൽ 100 പൗണ്ട്സും വീതമാണ് പ്രവേശന ഫീ. ഏറ്റവും ചെറിയ പിരമിഡിനകത്ത് ചില കാരണങ്ങൾ പ്രവേശനം നിരോധിച്ചതിനാൽ തത്ക്കാലം 100 പൗണ്ട്സ് കൊടുത്തു രണ്ടാമത്തെ വലിയ പിരമിഡിനുള്ളിൽ കയറാൻ തീരുമാനിച്ചു. ഈ യാത്രയിൽ ഞാൻ എടുത്ത ഏറ്റവും “മണ്ടൻ” തീരുമാനമായിരുന്നു അതെന്ന് അതിനകത്ത് കയറിയപ്പോയാണ് മനസ്സിലായത്.

ഏകദേശം രണ്ട് മൂന്ന് മണിക്കൂറോളം പുറത്ത് നിന്ന് വെയിൽ കൊണ്ട് തളർന്ന ഞാൻ ഒരിക്കലും ഒരാൾക്ക് കഷ്ടിച്ച് നടക്കാൻ കഴിയുന്ന, അതും നിവർന്ന് നടക്കാൻ കഴിയാത്ത, ഓക്സിജന്റെ അളവ് കുറവുള്ള പിരമിഡിന്റെ ഇരുട്ടറകളിലേക്ക് പ്രവേശിക്കരുതായിരുന്നു. ഏറെ പണിപ്പെട്ടാണ് തിരിച്ച് ഞാൻ മിനിറ്റുകളോളം നടന്ന് വെളിയിൽ എത്തിയത്. സഹാറ മരുഭൂമിയുടെ ചൂടും ഓക്സിജന്റെ അളവ് കുറഞ്ഞതുമെല്ലാം ശരീരത്തെ സാരമായി ബധിച്ചു എന്ന് തന്നെ പറയാം.

ഏകദേശം ഒരുമണിക്കൂറോളം പിരമിഡിന്റെ പുറത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്യാമ്പിന് പുറത്ത് നിലത്തങ്ങ് കിടന്നു ഞാൻ. ഇത്രയും സമയം പുറത്ത് കറങ്ങി വെയിൽ കൊണ്ട ശേഷമാണ് ഞാൻ പിരമിഡിനകത്ത് കയറിയത് എന്ന് അറിഞ്ഞ സെക്യൂരിറ്റിക്കാരന്റെ വക ശകാരം വേറേയും, എന്ത് കൊണ്ടും ഞാൻ അർഹിക്കുന്ന ശകാരം.

യാത്രാ ജീവിതത്തിൽ ഇത്രയും ദുഷ്കരമായ ഒരു ഘട്ടത്തിലൂടെ ഇതുവരെ പോയിട്ടില്ലെന്ന് തന്നെ പറയാം. ഏകദേശം ശ്വാസം നേരെയായതിന് ശേഷം കിതപ്പൊക്കെ മാറി ഉച്ചയ്ക്ക് ശേഷം പ്ലാൻ ചെയ്ത എല്ലാ പരിപാടികളും മാറ്റിവെച്ച് നേരെ ഹോട്ടലിലേക്ക് ചെന്ന് റെസ്റ്റെടുത്തു. യാത്ര ജീവിതത്തിലെ മറക്കാനാവാത്ത ഒരു “അബദ്ധം.”