നാട്ടിലെ ചൂടിൽ നിന്നും രക്ഷപ്പെടാനായി മൂന്നാറിലേക്ക്; റിസോർട്ടിലെ താമസം, പൂളിലെ കുളി..

വേനൽക്കാലം കടുത്തതോടു കൂടി നാട്ടിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണല്ലോ. ഈ ചൂടിൽ നിന്നും രക്ഷപ്പെടുവാനായി ഞങ്ങൾ ഒരു യാത്രയ്ക്ക് പ്ലാനിട്ടു. മൂന്നാർ ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. അങ്ങനെ ഞാനും അനിയനും ഭാര്യയും കൂടി കാറിൽ മൂന്നാറിലേക്ക് യാത്രയായി. നേര്യമംഗലം കഴിഞ്ഞതോടെ ചൂടിന് അൽപ്പം കുറവ് വന്നു തുടങ്ങി. അങ്ങനെ ഞങ്ങൾ മൂന്നാർ ലക്ഷ്യമാക്കി നീങ്ങി.

മൂന്നാറിൽ പുളിമൂട്ടിൽ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന എലിക്സിർ ഹിൽസ് റിസോർട്ടിൽ ആയിരുന്നു ഞങ്ങൾ താമസം ബുക്ക് ചെയ്തിരുന്നത്. പുളിമൂട്ടിൽ എസ്റ്റേറ്റിൽ കാട്ടിനുള്ളിൽ എന്നപോലെയാണ് എലിക്സിർ ഹിൽസ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. മികച്ച കാലാവസ്ഥയും അടിപൊളി മുറികളും ഒരു കിടിലൻ സ്വിമ്മിങ് പൂളുമാണ് ഇവിടുത്തെ പ്രത്യേകത. ഞങ്ങൾ അവിടെയെത്തിയപ്പോൾ നല്ല തണുപ്പ് തന്നെയായിരുന്നു വരവേറ്റത്. ഞങ്ങൾ മൂന്നുപേർ ഉണ്ടായിരുന്നതിനാൽ ട്വിൻ ബെഡ്‌റൂം ആയിരുന്നു താമസത്തിനായി ബുക്ക് ചെയ്തിരുന്നത്. അതായത് രണ്ടു റൂമുകളും ഒരു ചെറിയ ഹാളും.

ഞങ്ങൾ റൂമിലേക്ക് കയറിയപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി. ഹണിമൂൺ ആഘോഷിക്കുന്നവർക്കായി അലങ്കരിച്ച രീതിയിലായിരുന്നു രണ്ടു റൂമുകളും. റൂമിൽ ഞങ്ങളെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം ഫാൻ ആയിരുന്നു. സാധാരണ നമ്മൾ കണ്ടതിൽ നിന്നും വ്യത്യസ്തമായി തടി കൊണ്ടുള്ള ഫാൻ ആയിരുന്നു അവിടെ. എന്തായാലും റൂമുകൾ അടിപൊളി തന്നെ. ഞങ്ങളുടെ റൂമിന്റെ മുന്നിൽ നിന്നാൽ താഴെ സ്വിമ്മിംഗ് പൂൾ കാണാം. മരങ്ങൾ മുറിക്കാതെയാണ് പൂൾ ഉണ്ടാക്കിയതെന്ന് വ്യക്തമാണ്. അതിൻ്റെ അടയാളമായി പൂളിനു നടുവിലായി രണ്ടു മരങ്ങൾ നിൽക്കുന്നുണ്ട്. മറ്റൊരിടത്തും ഞാൻ ഇതുപോലൊരു പൂൾ കണ്ടിട്ടില്ല.
റിസോർട്ടിൽ താമസക്കാർക്ക് വിനോദത്തിനായി ടേബിൾ ടെന്നീസ്, ഫൂസ്ബോൾ തുടങ്ങി പലതരം കളികൾ ലഭ്യമാണ്. എന്തായാലും സംഭവം അടിപൊളി.

റൂമിൽ ചെന്നു ഫ്രഷായ ശേഷം ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി റെസ്റ്റോറന്റിലേക്ക് പോയി. ഭക്ഷണത്തിനു ശേഷം ചെറിയൊരു ട്രെക്കിംഗിനായി ഞങ്ങൾ ഇറങ്ങി. ശ്വേത മടിപിടിച്ച് റൂമിലേക്ക് തന്നെ മടങ്ങി. ഞാനും അനിയൻ അഭിയും കൂടി റിസോർട്ടിലെ ജീവനക്കാരനായ ജോർജ്ജേട്ടനോടൊപ്പം ട്രെക്കിംഗിനായി നടത്തമാരംഭിച്ചു. കാട് ആയതിനാൽ കിളികളുടെ ശബ്ദം ഞങ്ങളെ നന്നായി സന്തോഷിപ്പിക്കുകയുണ്ടായി. അവിടെ കാട്ടിനുള്ളിൽ ഏറുമാടം കാണുവാനായി. ഇത് ഗസ്റ്റുകൾക്ക് താമസിക്കുവാനായുള്ള ട്രീ ഹൗസുകൾ അല്ല. എസ്റ്റേറ്റിലെ കൃഷിപ്പണി ചെയ്യുന്നവർക്ക് താമസിക്കുവാനായി തയ്യാറാക്കിയതാണ്. അവരുടെയൊക്കെ ഒരു ഭാഗ്യം. ഞങ്ങൾ ചുമ്മാ അതിനു മുകളിലേക്ക് കയറി നോക്കി. അൽപ്പം സാഹസിക്കപ്പെട്ടാണ് ഞങ്ങൾ മുകളിലേക്ക് കയറിയത്.

എസ്റ്റേറ്റിനുള്ളിൽ അരുവിയും പാറക്കെട്ടുകളും ചെറിയൊരു വെള്ളച്ചാട്ടവും ഉണ്ട്. വേനൽക്കാലമായതിനാൽ ഞങ്ങൾ ചെന്നപ്പോൾ അവിടെ വെള്ളം കുറവായിരുന്നു. അങ്ങനെ ഏതാണ്ട് ഒരു മണിക്കൂർ നേരത്തെ ട്രെക്കിംഗിനു ശേഷം ഞങ്ങൾ തിരികെ റൂമിലെത്തി. കുറച്ചു സമയത്തിനു ശേഷം ഞങ്ങൾ സ്വിമ്മിങ് പൂളിലേക്ക് ആർമ്മാദിക്കുവാനായി ഇറങ്ങി. പൂളിലെ വെള്ളത്തിനു നല്ല തണുപ്പ് ആയിരുന്നു. മൂന്നാറിൽ സ്വിമ്മിങ് പൂളുള്ള റിസോർട്ടുകൾ ധാരാളമുണ്ടെങ്കിലും ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ അന്തരീക്ഷത്തിലുള്ള പൂൾ ഇതായിരിക്കും.

പൂളിലെ കുളിക്കു ശേഷം ഞാനും ശ്വേതയും ആയുർവ്വേദ മസാജ് ചെയ്യുവാനായി റിസോർട്ടിലെ സ്പായിലേക്ക് ചെന്നു. ശ്വേത മസാജ് ഒഴിവാക്കി ഫേഷ്യൽ ആയിരുന്നു തിരഞ്ഞെടുത്തത്. മസാജിന് ശേഷം തടികൊണ്ടുണ്ടാക്കിയ ചെറിയ മുറിയിൽ ഒരു Steam bath നടത്തുകയും ചെയ്തു. സോനാ ബാത്ത് എന്നായിരുന്നു ഇതിന്റെ പേര്. ഇതിനെല്ലാം ശേഷം ഞങ്ങൾ ഫ്രഷായി ഡിന്നർ കഴിക്കുവാൻ റെസ്റ്റോറന്റിലേക്ക് പോയി. വെജ് – നോൺ വെജ് വിഭവങ്ങളുടെ ഒരു പറുദീസ തന്നെയായിരുന്നു റെസ്റ്റോറന്റിലെ ഡിന്നർ ബുഫെയിൽ.

ഡിന്നറിനു ശേഷം ഞങ്ങൾ റിസോർട്ട് പരിസരത്തുകൂടി ചുമ്മാ ഒരു രാത്രി നടത്തത്തിനായി ഇറങ്ങി. ഇവിടെ എത്തിയതോടെ നാട്ടിലെ ചൂടൊക്കെ ഞങ്ങൾ മറന്നു തുടങ്ങിയിരുന്നു. മൂന്നാറിൽ വരുന്നവർക്ക് താമസത്തിനായി പുളിമൂട്ടിൽ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന എലിക്സിർ ഹിൽസ് റിസോർട്ട് തിരഞ്ഞെടുക്കാവുന്നതാണ്. 6000 രൂപ മുതൽ ഇവിടെ റൂമുകൾ ലഭ്യമാണ്. മികച്ച കാലാവസ്ഥയും അടിപൊളി മുറികളും ഒരു കിടിലൻ സ്വിമ്മിങ് പൂളുമാണ് ഇവിടുത്തെ പ്രത്യേകത. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9495672286, 0484 4060121 അല്ലെങ്കിൽ സന്ദർശിക്കുക https://elixirhills.com/.