451 രൂപയ്ക്ക് അഞ്ചേക്കർ സ്ഥലം വാങ്ങി കോടതി പണിത ചരിത്രകഥ

അഞ്ചേക്കർ സ്ഥലത്തിന് വില 451 രൂപ. കേട്ടിട്ട് കിളി പോയോ? എങ്കിൽ ബാക്കി കൂടി കേട്ടോളൂ. എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലെ കോടതി സ്ഥിതി ചെയ്യുന്ന അഞ്ചേക്കർ സ്ഥലത്തിന്റെ വിലയായി നിചയിക്കപ്പെട്ടത് വെറും 451 രൂപ. ഇപ്പോഴല്ല, ഒന്നര നൂറ്റാണ്ട് മുൻപത്തെ കാര്യമാണ് പറഞ്ഞു വരുന്നത്. പുറമെയുള്ളവർക്ക് അധികമറിയാത്ത ആ ചരിത്ര വിശേഷങ്ങൾ ഇനി വായിക്കാം.

പറവൂർ രാജാവിന്റെയോ കൊച്ചി രാജാവിന്റെയോ സൈനിക സേവനത്തിനായി വന്ന കുപ്പയാണ്ടി പിള്ളമാർക്ക് കാരമൊഴിവായി നൽകിയ ഭൂമിയാണ് കോടതിക്കായി 451 രൂപക്ക് വിട്ട് നൽകിയത്. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയാണ് 1875 ൽ പറവൂരിൽ കോടതി സ്ഥാപിച്ചത്. 16 നീളൻ ചെങ്കല്ലിൽ പ്രത്യേക കുമ്മായ കൂട്ടിലാണ് കോടതിയുടെ നിർമ്മാണം നടന്നത്. മണലും കുമ്മായവും ചേർത്ത് പതം വരുത്തി പത്ത് ദിവസം പഴുപ്പിക്കാൻ കൂട്ടിയിടുകയും പത്താം നാൾ കടുക്ക ചെമ്പരത്തി ഉഴിഞ്ഞാവള്ളി എന്നിവ ചതച്ചു ചേർത്ത മിശ്രിതമാണ് നിർമ്മിതിക്ക് ഉപയോഗിച്ചത്.

കോടതി പ്രവർത്തന ക്ഷമമായതോടെ കച്ചേരി മൈതാനം, കച്ചേരിപ്പടി, കച്ചേരി തോട് എന്നിങ്ങനെയുള്ള പേരുകൾ ഈ സ്ഥലത്തിന് വന്നു ചേർന്നു. കോടതിയുടെ നിർമ്മാണത്തിനാവശ്യമായ സാധന സാമഗ്രികൾ കൊണ്ട് വരാൻ രാജാവിന്റെ നിർദ്ദേശാനുസരണം നിർമ്മിച്ച ജലഗതാഗത മാർഗ്ഗമാണ് കച്ചേരി തോടായത്. ഇപ്പോൾ പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഇരിക്കുന്ന സ്ഥലത്ത് റോഡറ്റം വരെ അന്ന് കെട്ടുവള്ളം വരുന്ന തോടായിരുന്നുവത്രേ.

ഒന്നര നൂറ്റാണ്ടിനോട് അടുക്കുന്ന കോടതിയുടെ പ്രായം തന്നെയാകും കോടതിയിലും പരിസരത്തും കാണുന്ന വൻമരങ്ങൾക്കും ഉള്ളതത്രെ. തണലിനായി മരം വച്ചു പിടിപ്പിച്ചവർ കോടതിക്കകത്ത് മര പങ്കകൾ സ്ഥാപിച്ചിരുന്നതായും പറയുന്നുണ്ട്. ഉത്തരത്തിൽ ഉറപ്പിച്ച പങ്കകൾ കയറുകൾ കെട്ടി ഇരുവശത്ത് നിന്നും രണ്ടുപേർ വലിച്ചു കറക്കിക്കൊണ്ടിരുന്നതായാണ്
പഴമക്കാർ പറയുന്നത്.

കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് അന്നത്തെ പറവൂർ കോടതിയുടെ അധികാര പരിധി. തൃശൂർ ജില്ലയിലെ ചില പ്രദേശങ്ങളും ഈ കോടതിയുടെ പരിധിയിൽ ഉൾപ്പെട്ടിരുന്നു. തൊടുപുഴ, മൂവാറ്റുപുഴ, കോട്ടയം, പെരുമ്പാവൂർ, ദേവികുളം കോടതികൾ ഈ കോടതിയുടെ കീഴിലായിരുന്നു. 1956 ൽ ഐക്യ കേരളം നിലവിൽ വന്നതോടെ ജില്ലാ കോടതികൾ ജില്ലാ ആസ്ഥാനങ്ങളിലേക്കു മാറ്റുകയായിരുന്നു. അഡീഷണൽ ജില്ലാകോടതി ഉൾപ്പെടെ 7 കോടതികൾ ഇപ്പോൾ പറവൂരിൽ പ്രവർത്തിക്കുന്നു.

കടപ്പാട് – രാമദാസ് നാരായണൻ, പറവൂർ വാർത്തകൾ.