മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ.

ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി നമുക്ക് മൂന്നാറിലേക്ക് വരാം. മൂന്നാറിൽ നിന്നും 31 കി മീ തെക്ക് കിഴക്കൻ അതിർത്തിയിൽ മിക്ക മൂന്നാർ സന്ദർശകരും തീർച്ചയായും വരുന്നതും ഏകദേശം 2000 മീറ്റർ ഉന്നതിയിലുമുള്ള മറ്റൊരു ടൂറിസ്റ്റ് സ്പോട്ടാണ് ടോപ്സ്റ്റേഷൻ.

ടോപ്സ്റ്റേഷനിൽ നിന്നും വട്ടവട- കോവിലൂർ ഗ്രാമങ്ങളിലേക്ക് പോകുന്ന റോഡിലെ ചെക്ക്പോസ്റ്റിൽ നിന്നും വലത്തോട്ട് പാമ്പാടുംഷോല നാഷണൽ പാർക്കിലൂടെയുള്ള പാത കേരളാ തമിഴ്നാട് അതിർത്തി വരെ ഏകദേശം 12 കി മീറ്റർ ദൂരം ഇപ്പോൾ വനവകുപ്പിന്റെ ജീപ്പുകൾക്ക് സഞ്ചരിക്കുന്ന നിലയിലാണ്. പാമ്പാടുംഷോല പാർക്കിൽ കേരളാ അതിർത്തി വരെ, ഓഫ് റോഡിലൂടെ, കേരളാ വനവകുപ്പ് സഞ്ചാരികൾക്കായി ട്രക്കിംഗ് നടത്തുമുണ്ട്.

അതായത് പാമ്പാടുംഷോല നാഷണൽ പാർക്കിൽ നിന്നും കിഴക്കോട്ട് കേരളാ- തമിഴ്നാട് അതിർത്തി വരെയും കൊടൈക്കനാൽ പട്ടണത്തിൽ നിന്നും പടിഞ്ഞാറോട്ട് 24 കി മീറ്റർ വരെയും ഇപ്പോൾ വാഹനങ്ങൾക്ക് ഓടാൻ കഴിയുന്ന നിലയിലാണെന്ന് സാരം. എന്നാൽ തമിഴ്നാട് ഭാഗത്ത് ബെരിജം തടാകത്തിന് പടിഞ്ഞാറോട്ട് കേരളാ അതിർത്തി വരെ ഏകദേശം 13 കിലോമീറ്റർ വാഹന ഗതാഗതം സാധ്യവുമല്ല. ഇതിന് കാരണം ഈ ഭാഗത്ത് റോഡിൽ യാത്ര തടയുന്നതിനായി തമിഴ്നാട് സർക്കാർ കുഴിച്ച ട്രഞ്ചുകളും കൂടാതെ വളർന്നു കിടക്കുന്ന കുറ്റിക്കാടുകളും പടർപ്പുകളുമാണ്. ഈ 13 കിലോമീറ്റർ ഭാഗത്തെ ട്രഞ്ചുകൾ നികത്തി, റോഡിൽ വളർന്നു കിടക്കുന്ന കാടുകളും പടർപ്പുകളും നീക്കം ചെയ്ത് പാത നവീകരിച്ചാൽ ഈ പാത പഴയതുപോലെ ആകും.

നോക്കൂ… കൊടൈക്കനാലിൽ നിന്നും ബെരിജം തടാകം വരെ 24 കി മീറ്റർ, ശേഷം ഏകദേശം 13 കിലോമീറ്റർ ട്രഞ്ചുകളുള്ള മാഞ്ഞുപോയ പാത. പിന്നെ കേരളാ തമിഴ്നാട് അതിർത്തിയിൽനിന്നും മൂന്നാറിലെ ടോപ്സ്റ്റേഷൻ വരെയുള്ള 12 കി.മീറ്റർ. മൊത്തം 49 കിലോമീറ്റർ നീളം. ഈ പാതയാണ് ബ്രിട്ടീഷ് കാലത്തെ ഐതിഹാസികമായ എസ്കേപ്പ് റോഡ്. ഇതിനോട് ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യം. വട്ടവട – കോവിലൂർ – കടവരി – കിളിവരൈ – കൊടൈക്കനാൽ പാത എസ്കേപ്പ് റോഡ് അല്ലാ എന്നത് കൂടിയാണ്.

പണ്ട് മൂന്നാറിൽ നിന്നും കൊടൈക്കനാലിലേക്കുള്ള പാത എങ്ങനെയാണ് ഉണ്ടായത്? 1900 ൽ കേരള ഭാഗത്ത് മൂന്നാറിൽ നിന്നും കുണ്ടള വഴി ടോപ്സ്റ്റേഷനിലേക്ക് ട്രാംവേയും ശേഷം മോണോറെയിലും റോഡും കണ്ണൻദേവൻ ടീ കമ്പനി തേയിലയുടെ സുഗമമായ ചരക്കുനീക്കത്തിന് വേണ്ടി നിർമ്മിച്ചിരുന്നു.

എന്നാൽ 99 ലെ (1924) മഹാപ്രളയത്തിൽ മൂന്നാർ- ടോപ്സ്റ്റേഷൻ റെയിൽവേയും ടോപ്സ്റ്റേഷനിൽ നിന്നും ലോവർ സ്റ്റേഷനിലേക്കുള്ള റോപ് വേയും തകർന്നുപോയിരുന്നു. ആ കാരണത്താൽ ടോപ്സ്റ്റേഷനിൽ നിന്നും തമിഴ്നാട്ടിലേക്കും അവിടെനിന്നും ഇംഗ്ലണ്ടിലേക്കുള്ള തേയില കയറ്റുമതിയും നിലച്ചുപോയിരുന്നു. ആ സാഹചര്യത്തിലാണ് ടോപ്സ്റ്റേഷനിൽ നിന്നും കൊടൈക്കനാലിലേക്ക് മൂന്നാർ തേയിലയുടെ ചരക്കു നീക്കത്തിനായി ഒരു പുതിയ പാതയുടെ ആവശ്യം ഉയർന്നുവരുന്നത്.

ആ സമയത്ത്, 1915 ൽ മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷുകാരുടെ ഹിൽസ്റ്റേഷൻ സുഖവാസ ലക്ഷ്യത്തോടെ Batlagundu ലൂടെ നിർമ്മിച്ച Law’s Ghat പാത കൊടൈക്കനാലിനെ തമിഴ്നാട്ടിലെ ധനുഷ്കോടി, തൂത്തുക്കുടി തുറമുഖങ്ങളുമായി നല്ല നിലയിൽ ബന്ധപ്പെടുത്തിയിരുന്നു. അങ്ങനെയാണ് തേയിലയുടെ സുഗമമായ കയറ്റുമതിക്ക് വേണ്ടി 1925 ൽ കൊടൈക്കനാലിൽ നിന്നും ബെരിജം തടാകം വഴി ടോപ്സ്റ്റേഷനിലേക്ക് മൺപാതയായ എസ്കേപ്പ് റോഡ് പിറന്നുവീഴുന്നത്.

എന്നാൽ എസ്കേപ്പ് റോഡിന്റെ തലവര തെളിയുന്നത് രണ്ടാം ലോകമഹായുദ്ധ കാലത്താണ്. യുദ്ധം കൊടുമ്പിരിക്കൊണ്ട ദിനങ്ങൾ… 1942 ഏപ്രിൽ 7 ന് പുലർച്ചെ 04:35 ന് മദ്രാസ് നഗരത്തിൽ അപായ സൈറൻ മുഴങ്ങി മുഴങ്ങി. നഗരവാസികൾ ഉറക്കത്തിൽ നിന്നും ചാടിഎണീറ്റു പരിഭ്രാന്തരായി. ഏപ്രിൽ 5 ന് ജപ്പാൻ സിലോണിലെ കൊളംബോയും ഏപ്രിൽ 6 ന് ആന്ധ്രയിലെ കാക്കിനഡയും വിശാഖ പട്ടണവും ജപ്പാൻ ബോംബറുകൾ ആക്രമിച്ചിരുന്ന വാർത്ത അവരും അറിഞ്ഞതാണ്.

1941 ഡിസംബർ 7 ന് ഹവായിലെ പേൾ ഹാർബർ അമേരിക്കൻ നേവൽ ബേസിനെ ജപ്പാൻ ആക്രമിച്ച് മറീനുകളും സിവിലിയനും ഉൾപ്പെടെ 2400 ഓളം പേരെ കൂട്ടക്കൊല ചെയ്തതും അവർ ഓർത്തു കാണും. എരിതീയിൽ എണ്ണപോലെ ഏപ്രിൽ 11 ന് അന്നത്തെ മദ്രാസ് പ്രസിഡൻസി ഗവർണർ ജനങ്ങളോട് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിക്കൊള്ളാനുള്ള അറിയിപ്പും വന്നു.

ജനങ്ങൾ വസ്തുവകകൾ കിട്ടിയ വിലക്ക് കൈയൊഴിഞ്ഞു പലായനം ചെയ്തു. അന്ന് ഓരോ ദിവസവും മദ്രാസ് റയിൽവേ സ്റ്റേഷനിൽ നിന്നും 50,000 ഓളം ജനങ്ങളാണ് സമീപ പ്രദേശങ്ങളിലേക്ക് ട്രയിനിലൂടെ രക്ഷപ്പെട്ടുകൊണ്ടിരുന്നത്. അക്കൗണ്ടന്റ്റ് ജനറലിന്റ്റെ ഓഫീസ് പോലും ശമ്പള – പെൻഷൻ സെക്ഷനുകൾ മാത്രം മദ്രാസിൽ നിലനിർത്തി ബാക്കി സെക്ഷനുകൾ ബാംഗ്ലൂരിലേക്ക് മാറ്റുന്നതിന് ആലോചിച്ചിരുന്നു.

മദ്രാസ് മൃഗശാലാ അധികൃതർ മൃഗങ്ങളെ വെടിവെച്ചും ഉരഗങ്ങളെ കൊന്നും ബോംബാക്രമണത്തിന് ശേഷമുള്ള ജനങ്ങളുടെ രക്ഷയെ ഉറപ്പാക്കുന്ന തരത്തിലായി മദ്രാസിലെ അപ്പോഴത്തെ അവസ്ഥകൾ. സാധാരണക്കാരായ ജനങ്ങൾ നഗരത്തിൽ നിന്നും അകന്ന ട്രഞ്ചുകളിലേക്ക് നീങ്ങി. അതോടെ വരും ദിവസങ്ങളിൽ മദ്രാസ് നഗരത്തിലെ പ്രമുഖരും ധനികരും കൊടൈക്കനാലിലേക്ക് ചേക്കേറാൻ തുടങ്ങി.

ജപ്പാന്റെ മദ്രാസ് ബോംബു ഭീഷണിയോടെയാണ് ബ്രിട്ടീഷ് അധികാരികൾക്ക് ബംഗാൾ – ഇന്ത്യൻ മഹാസമുദ്രങ്ങളിലൂടെ കപ്പലിൽ ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെടുന്നത് അത്യന്തം അപകടകരമാണെന്ന അറിവ് ബലപ്പെടുന്നത്. അതിന് പരിഹാരമെന്ന നിലയിലാണ് അവർ നിവലിലുണ്ടായിരുന്ന കൊടൈക്കനാൽ – ടോപ്സ്റ്റേഷൻ പാത സൈനിക വാഹനങ്ങൾക്ക് പാകമായ നിലയിൽ മെറ്റൽ ചെയ്തു ബലപ്പെടുത്തുന്നതും 15 കി മീറ്റർ ഇടവിട്ട് പാതയോരങ്ങളിൽ സൈനികർക്ക് വിശ്രമത്തിനായി ട്രാൻസിറ്റ് ക്യാമ്പുകൾ നിർമ്മിക്കുന്നതും.

അങ്ങനെ മദ്രാസ് പ്രസിഡൻസിയിലെ ഉന്നത അധികാരികൾക്കും ബന്ധുക്കൾക്കും കൊടൈക്കനാൽ- ബെരിജം- ടോപ്സ്റ്റേഷൻ- മൂന്നാർ- കൊച്ചി വഴി ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെടുന്നതിന് വേണ്ടി ആസൂത്രണം ചെയ്ത പാത എന്ന നിലയിലാണ് ഈ 49 കി മീറ്റർ പാതക്ക് എസ്കേപ്പ് റോഡ് എന്ന പേര് വീഴുന്നത്. അന്നത്തെ ബ്രിട്ടീഷ് സൈനിക രേഖകളിൽ കൊടൈക്കനാൽ- കൊച്ചി തുറമുഖ പാതയെ എസ്കേപ്പ് റൂട്ട് എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.

എന്നാൽ ഇന്നത്തെ അവസ്ഥയിൽ നമുക്ക് പറയാൻ കഴിയുന്ന യഥാർത്ഥ എസ്കേപ്പ് റോഡ് കൊടൈക്കനാൽ Moir Point – ബെരിജം തടാകം – കോണലാർ ഡാം – വന്തരവ് – ടോപ്സ്റ്റേഷൻ വരെയുള്ള ഏകദേശം 40 കി മീറ്റർ ഭാഗത്തെയാണ്. 1990 ൽ എസ്കേപ്പ് റോഡ് പൂട്ടിയതിന് ശേഷം തദ്ദേശ്ശീയരായ കർഷകർ കൃഷി ഉൽപ്പന്നങ്ങളുമായി കൊടൈക്കനാലിലേക്ക് പോകുന്ന ബദൽ പാത ടോപ്സ്റ്റേഷൻ- കോവിലൂർ- കൊട്ടക്കാമ്പൂർ- കടവരി- കിളിവരൈ- പൂണ്ടി- മണ്ണവന്നൂർ- പൂമ്പാറ- കൊടൈക്കനാൽ പാതയാണ്. ഏകദേശം 105 കി.മീറ്റർ. ഈ പാതയുടെ കൊട്ടക്കാമ്പൂർ- കടവരി ഭാഗങ്ങളെ ഫോറസ്റ്റ് റോഡ് എന്നും വിളിക്കപ്പെടുന്നു.

കേരളാ അതിർത്തിയിലെ കടവരി നിന്നും തമിഴ്നാട് ഭാഗത്തെ കിളിവരൈ വരെയുള്ള ഭാഗം ഇപ്പോൾ തദ്ദേശിയർ അല്ലാത്തവർക്ക് സ്വകാര്യ വാഹനങ്ങളിൽ യാത്രാ വിലക്കുള്ളതായി പറയുന്നു. എന്നാൽ മുമ്പ് കടവരി- കിളിവരൈ ഭാഗം വഴി മലയാളി സഞ്ചാരികൾ സ്വകാര്യ വാഹനങ്ങളിൽ കൊടൈക്കനാലിലേക്ക് യാത്ര നടത്തിയിരുന്നു. ഇപ്പോൾ കിളിവരൈ നിന്നും കൊടൈക്കനാനാലിലേക്ക് ബസ് സൗകര്യവുമുണ്ട്.

മുമ്പ് കേരളാ തമിഴ്നാട് സർക്കാറുകൾ ഈ റൂട്ടിനെ എസ്കേപ്പ് റോഡിന് പകരം മൂന്നാർ കൊടൈക്കനാൽ യാത്രാ മർഗ്ഗമായി കണ്ട് പുതിയ ഹൈവെ നിർമ്മാണത്തിന് ആലോചിച്ചിരുന്നു. പക്ഷെ ഇപ്പോൾ കൊട്ടക്കാമ്പൂർ- കടവരി- കിളിവരൈ ഭാഗങ്ങൾ നിർദ്ദിഷ്ട കുറിഞ്ഞി സാങ്ച്വറി ആന്ട് നാഷണൽ പാർക്കിന്റെ ഭാഗമായിരിക്കുകയാണ്. അതിനാൽ ഇനി ഈ പാത മുൻ രീതിയിൽ നടപ്പിൽ വരാൻ സാധ്യതയില്ല. അതായത് ഇപ്പോഴത്തെ അവസ്ഥയിൽ മൂന്നാറിൽ നിന്നും കൊടൈക്കനാലിലേക്ക് പളനി വഴിയോ അല്ലെങ്കിൽ കമ്പം വഴിയോ മാത്രമേ സഞ്ചാരം സാധ്യമാകുകയുള്ളൂ.

ഇടുക്കി ജില്ലയിൽ കേരളാ തമിഴ്നാട് അതിർത്തിയിൽ തെക്ക് തമിഴ്നാട്ടിലെ കുരങ്ങണി, കോട്ടക്കുടി ഭാഗത്ത് നിന്നും നേരേ വടക്കോട്ടേക്ക് കടവരി ഭാഗത്തെ നർദ്ദിഷ്ട കുറിഞ്ഞി സാങ്ച്വറി വരെ ഏകദേശം 20 കിലോമീറ്ററോളമാണ് വന്തരവ് പീക്ക് ഉൾപ്പെടുന്ന പർവ്വതനിര കാണപ്പെടുന്നത്. ടോപ്സ്റ്റേഷനിൽ നിന്നും കിഴക്കോട്ടേക്ക് പോയിരുന്ന എസ്കേപ്പ് റോഡ് വന്തരവിലൂടെ 17 ഹെയർ പിൻ റോഡുകൾ കയറി വന്തരവിന് കുറുകെയാണ് കൊടൈക്കനാലിലേക്ക് പോയിരുന്നത്. ഈ ഭാഗം 8140 അടി ഉയരത്തിലാണുള്ളത്. ഇത് ഇന്ത്യയിൽ ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയരം കൂടിയ മോട്ടോറബ്ൾ പാതയായിരുന്നു.

വന്തരവിന്റ്റെ നെറുകയിലെ റിഡ്ജിലൂടെ എസ്കേപ്പ് ജംഗ്ഷനിൽ നിന്നും മലയുടെ തെക്ക് വടക്ക് ഭാഗങ്ങളിലേക്ക് കേരളാ തമിഴ്നാട് ബോഡർ ട്രെയിൽ കടന്നു പോകുന്നുണ്ട്. ഈ പാതയിലൂടെ കേരളാ വനവകുപ്പ് ജീവനക്കാർക്കാരുടെ വാഹനങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് കടവരി വരെ സഞ്ചരിക്കാറുണ്ട്. കോവിലൂർ, കൊട്ടക്കാമ്പൂർ ഭാഗങ്ങളിൽ നിന്നും ചില ഗൈഡുകൾ സഞ്ചാരികളെയും കൊണ്ട് മുകളിൽ പറഞ്ഞ കേരളാ തമിഴ്നാട് ബോഡർ ട്രെയിലിലൂടെ കടവരി, കിളിവരൈ ഭാഗങ്ങളിലേക്ക് സഞ്ചരിച്ച് അവിടെ നിന്നും കൊടൈക്കനാലിലേക്ക് പോകുന്നതായും പറയുന്നു.

കേരളത്തിൽ നിന്നും തമിഴ്നാട്- കർണാടക സംസ്ഥാനങ്ങളിലേക്ക് നിരവധി പാതകൾ കൊടുംവനങ്ങളിലൂടെ ഇപ്പോഴും നിലവിലിരിക്കുന്നുണ്ട്. കൂടാതെ അതീവ കന്യാവനമായ ഗവിയിലൂടെ നിത്യവും നിശ്ചിതഎണ്ണം വാഹനങ്ങൾക്കും സഞ്ചാരികൾക്കും യാത്ര സാധ്യമായിരിക്കെ എന്തിന് എസ്കേപ്പ് റോഡ് അടച്ചുവെന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റം പറയാനാവില്ല. തന്നെയുമല്ല കേരളാ ഭാഗത്ത് ഇപ്പോൾ തന്നെ ജീപ്പ് പാത നിലവിലുമുണ്ട്. ആകെക്കൂടി ഇനി യാത്ര സാധ്യമാകാനുള്ളത് തമിഴ്നാട് ഭാഗത്തെ 13 കി മീറ്റർ മാത്രമാണ്.

എന്തായാലും ഐതിഹാസികമായ എസ്കേപ്പ് റോഡ് ഇന്നില്ല. ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ യുവസഞ്ചാരികൾ ജീവിതത്തിൽ ഒരിക്കൽ എങ്കിലും കണ്ടു പോകണമെന്ന് ആഗ്രഹിക്കുന്ന സ്വപ്നപാത. കേരളാ തമിഴ്നാട് പൊതുമരാമത്ത് വകുപ്പുകൾ അവർക്ക് മാത്രം അറിയാവുന്ന കാരണങ്ങളാൽ അതിനെ അടച്ചുപൂട്ടി താക്കോൽ അപ്പർ പളനി മലയുടെ നിഗൂഢതകളിൽ എവിടെയോ വലിച്ച് എറിഞ്ഞിരിക്കുകയാണ്.

എസ്കേപ്പ് റോഡ് ’90 ൽ അടച്ചുപൂട്ടിയത് ഒരു പരിസ്ഥിതി കാരണങ്ങളാലും അല്ലായെന്നത് ഒരിക്കൽ കൂടി ആവർത്തിക്കുകയാണ്. വിജനമായ ആ വനസ്ഥലി ഇന്ന് കാട്ടുകള്ളൻമാരുടെയും മറ്റും സൈര്യവിഹാരഭൂമിയെന്ന ആക്ഷേപവുമുണ്ട്. ദക്ഷിണേന്ത്യയിലെ രണ്ടു മേജർ ടൂറിസ്റ്റ് സ്പോട്ടുകൾ കേരളാ അതിർത്തിൽ നിന്നും വെറും 13 കിലോമീറ്റർ അകലത്തിൽ അടുത്ത് നില്ക്കുകയാണ്.

വന്തരവിലെ കൊടുമുടിയുടെ നെറുകയിൽ നിന്നും ഒന്ന് ആഞ്ഞ് ചൂളം വിളിച്ചാൽ അങ്ങ് കിഴക്ക് കൊടൈക്കനാലിലെ ബെരിജം തടാകത്തിൽ കേൾക്കാവുന്ന ദൂരത്തിൽ. ഈ 13 കി.മീറ്ററിൽ, മൃഗജീവിതങ്ങളെ ഹനിക്കാത്ത ഒരു ഫ്ളൈഓവർ… ഗ്രീൻ കൊറിഡൊർ… വന്നാൽ അത് മൂന്നാറിന്റ്റെ തലവര മാറ്റിമറിക്കും.

ഈ പാതയിൽ ഗവി മോഡലിൽ നിശ്ചിത എണ്ണം വാഹനങ്ങളെ നിയന്ത്രിതമായി കടത്തി വിടാവുന്നതാണ്. ഇത് സാധ്യമായാൽ ദക്ഷിണേന്ത്യയിലെ രണ്ടു മേജർ ടൂറിസ്റ്റ് സ്പോട്ടുകൾ ഒന്നാകും. തലേദിവസം കൊടൈക്കനാലിൽ വന്ന സഞ്ചാരി അടുത്ത ദിവസം രാവിലെ ബെരിജം കണ്ട് മണിക്കൂറുകൾക്കകം ടോപ്സ്റ്റേഷനിൽ എത്തി മൂന്നാറിൽ രാത്രി ആഘോഷിക്കും.

NB – ഇപ്പോൾ എസ്കേപ്പ് റോഡ് യാത്ര നിയമ വിരുദ്ധമാണ്. ദയവായി ആരും അതുവഴി യാത്രക്ക് തുനിയരുത്. യാത്ര അസാധ്യവുമാണ്.