അനാഥക്കുട്ടികളുടെ സൂപ്പര്‍ഹീറോ ‘ഗ്രാൻഡ് പാ കിച്ചൻ’ അപ്പൂപ്പന്‍ വിടവാങ്ങി

യൂട്യൂബിലൂടെ പ്രശസ്തരായ ധാരാളമാളുകൾ ലോകമെമ്പാടുമുണ്ട്. അത്തരത്തിൽ വ്യത്യസ്തമായ പാചകത്തിലൂടെയും മറ്റും പ്രശസ്തമായ ഒരു യൂട്യൂബ് ചാനലാണ് ‘ഗ്രാന്‍പാ കിച്ചന്‍.’ ‘ഗ്രാന്‍പാ കിച്ചന്‍’ വഴി അനാഥരായ കുട്ടികള്‍ക്ക് ഭക്ഷണം പാചകം ചെയ്‌തിരുന്ന നാരായണ റെഡ്ഡി എന്ന അപ്പൂപ്പന്‍ വിടവാങ്ങി എന്ന വിഷമകരമായ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അലയടിക്കുന്നത്.

2017 ഓഗസ്റ്റ് മാസമാണ് യൂട്യൂബിൽ ഗ്രാൻപാ കിച്ചൻ എന്ന ചാനൽ ആരംഭിക്കുന്നത്. വ്യത്യസ്തമായ അവതരണ രീതികൾ കൊണ്ടും മറ്റും വളരെ പെട്ടെന്നു തന്നെ ചാനലും അപ്പൂപ്പനും പ്രേക്ഷകരുടെ മനസ്സു കവർന്നു. 60 ലക്ഷം ഫോളോവേഴ്സ് ഉള്ള അപ്പൂപ്പന്റെ വിഡിയോകള്‍ ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആളുകളാണ് കാണാറുണ്ടായിരുന്നത്.

തെലങ്കാനയിലെ ഹൈദരാബാദിന് സമീപമുള്ള തൻ്റെ ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പുകളായിരുന്നു നാരായണ റെഡ്ഡി അപ്പൂപ്പൻ പാചകത്തിനായി തിരഞ്ഞെടുത്തിരുന്നത്. ഇത് ഒരു സാധാരണ കുക്കിംഗ് ചാനല്‍ അല്ല എന്നതുകൊണ്ടാണ് നാരായണ റെഡ്ഡി അപ്പൂപ്പനെ ആളുകളെല്ലാം സ്‌നേഹിച്ചത്. വിദേശികളായ ആരാധകരും ഗ്രാൻഡ് പാ കിച്ചന് ഉണ്ടായിരുന്നു എന്നത് എടുത്തുപറയേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്.

അപ്പൂപ്പന്‍ ലോകത്തുള്ള എല്ലാ ഭക്ഷണവും ഉണ്ടാക്കും, അനാഥ കുട്ടികള്‍ക്ക് വേണ്ടി. അപ്പൂപ്പന്‍ ഭക്ഷണം ഉണ്ടാക്കാറുണ്ടായിരുന്നത് വലിയ പാത്രങ്ങളിലാണ്. ഉണ്ടാക്കുന്നതു കാണാനും നല്ല രസമായിരുന്നു. ഉണ്ടാക്കിയ ഭക്ഷണം കുട്ടികള്‍ സന്തോഷത്തോടെ കഴിക്കുന്നത് കാണുമ്പോഴോ? കാണുന്നവരുടെ മനസ്സ് നിറയും. കുക്കിംഗിനായി അപ്പൂപ്പന് രണ്ടു സഹായികളുമുണ്ടായിരുന്നു. കാര്യം ഒരു സാധാരണക്കാരന് ആയിരുന്നെങ്കിലും അപ്പൂപ്പന്‍ ചില്ലറക്കാരനായിരുന്നില്ല കേട്ടോ. ലസാന്യ, കഫ്സി ചിക്കന്‍, ഡോനട്ട്, പാസ്ത എന്നു വേണ്ട നല്ല കിടിലൻ മട്ടന്‍ ബിരിയാണി വരെ അപ്പൂപ്പന്‍ കൂളായി ഉണ്ടാക്കുമായിരുന്നു.

പാശ്ചാത്യ ഭക്ഷണങ്ങള്‍ കാശുള്ളവനു മാത്രമേ കഴിക്കാനും ഉണ്ടാക്കാനും സാധിക്കൂ എന്നെ ധാരണകളെയെല്ലാം അപ്പൂപ്പന്‍ അടുപ്പില്‍ കത്തിച്ചു കളഞ്ഞു. യൂട്യൂബ് വീഡിയോകളില്‍ നിന്നുള്ള വരുമാനം അനാഥാലയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കുവാനും, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, ജന്മദിന സമ്മാനങ്ങള്‍ എന്നിവ വാങ്ങുവാനുമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോൾ മനസ്സിലായില്ലേ അപ്പൂപ്പന്‍ ആള് മാസ്സ് ആയിരുന്നുവെന്ന്.

2019 ഒക്ടോബര്‍ 27 നു തൻ്റെ എഴുപത്തി മൂന്നാം വയസ്സിലായിരുന്നു സൂപ്പര്‍ഹീറോ അപ്പൂപ്പന്‍ വിടപറഞ്ഞത്. അപ്പൂപ്പന്റെ മരണത്തില്‍ സോഷ്യല്‍ മീഡിയ വിഷമം രേഖപ്പെടുത്തി. കനിവുള്ള മനുഷ്യരെ കണ്ടു കിട്ടാന്‍ പാടാണ്. ഇത്രയും നല്ലൊരു അപ്പൂപ്പനെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് യൂട്യൂബ് കമ്മ്യൂണിറ്റി. അപ്പൂപ്പന്റെ വീഡിയോകള്‍ തുടങ്ങുന്നത് ഒരു വാചകത്തിലാണ്: ‘സ്‌നേഹം, പരിചരണം, പങ്കിടല്‍.. ഇതാണ് എന്റെ കുടുംബം’. വീഡിയോകൾ അവസാനിക്കുന്നത് കുട്ടികള്‍ സന്തോഷത്തോടെ തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്ന രംഗങ്ങളിലാണ്.

ഒക്ടോബർ 26 നു പബ്ലിഷ് ചെയ്ത തൻ്റെ അവസാനത്തെ വീഡിയോയിൽ നാരായണ റെഡ്ഢി അപ്പൂപ്പൻ തീർത്തും അവശനായ നിലയിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. ഈ വീഡിയോ പുറത്തിറങ്ങി അടുത്ത ദിവസമായിരുന്നു അപ്പൂപ്പൻ എന്നെന്നേക്കുമായി വിടവാങ്ങിയത്. നാരായണ റെഡ്ഡി അപ്പൂപ്പന്റെ മരണവാർത്തയും അദ്ദേഹത്തിൻ്റെ യൂട്യൂബ് ചാനൽ വഴിയായിരുന്നു അധികമാളുകളും അറിഞ്ഞത്. അദ്ദേഹത്തിൻ്റെ അന്ത്യയാത്രയുടെയും സംസ്ക്കാരത്തിന്റെയും ദൃശ്യങ്ങളടങ്ങിയ വീഡിയോ അതിനുശേഷം ചാനലിൽ വന്നിരുന്നു. ഏകദേശം 50 ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. ഇന്റര്‍നെറ്റിന്റെ പ്രിയപ്പെട്ട അപ്പൂപ്പന്‍ ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും.

വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.