കപ്പലിലെ അവസാന ദിവസവും, സിംഗപ്പൂർ സിറ്റി ടൂർ വിശേഷങ്ങളും

ഫുക്കറ്റിലെ കറക്കവും ബീച്ച് ആക്ടിവിറ്റികളുമൊക്കെ കഴിഞ്ഞു ഞങ്ങൾ തിരികെ കപ്പലിലേക്ക് കയറി. ബോട്ടിൽ നിന്നും കപ്പലിലേക്ക് കയറുമ്പോൾ നേരം ഇരുത്തിത്തുടങ്ങിയിരുന്നു, കപ്പലിൽ ലൈറ്റുകൾ തെളിഞ്ഞു തുടങ്ങി. നല്ല ഭംഗിയുള്ള അന്തരീക്ഷം. ആഹാ അന്തസ്സ്…

കപ്പലിൽ കയറി നേരെ ഞാൻ റൂമിലേക്ക് ചെന്നു. ഒന്നു ഫ്രഷായ ശേഷം നേരെ റെസ്റ്റോറന്റിലേക്ക് ചെന്നു. ആളുകൾ കേക്കും ബർഗ്ഗറുമെല്ലാം കഴിക്കുന്ന തിരക്കിലായിരുന്നു. ഞാനും ചെറുതായൊന്നു വിശപ്പടക്കിയ ശേഷം നേരെ ഡെക്കിലേക്ക് നീങ്ങി. സ്വിമ്മിംഗ് പൂളിന്‌ സമീപത്തായി വലിയ സ്‌ക്രീനിൽ സിനിമ പ്ലേ ചെയ്യുന്നുണ്ടായിരുന്നു. പൂളിൽ കിടന്നുകൊണ്ട് വേണമെങ്കിൽ സിനിമ കാണാം.

കപ്പൽ അപ്പോൾ ഫുക്കറ്റിൽ നിന്നും സിംഗപ്പൂരിലേക്ക് തിരിച്ചു യാത്ര തുടങ്ങിയിരുന്നു. കാഴ്ചകളൊക്കെ കണ്ടതിനു ശേഷം ഞാൻ പതിയെ പൂളിലേക്ക് ഇറങ്ങി. ചെറു ചൂടുവെള്ളത്തിൽ ആ പൂളിൽ കിടക്കുമ്പോളത്തെ സുഖം ഒന്നുവേറെ തന്നെയായിരുന്നു. കുളിയൊക്കെ കഴിഞ്ഞു രാത്രിയോടെ ഡിന്നറും കഴിച്ചു, കപ്പലിലെ പരിപാടികളും കണ്ടതിനു ശേഷം നേരെ റൂമിൽ ചെന്ന് കിടന്നു.

കപ്പൽ വേറെങ്ങും നിർത്താതെ നേരെ സിംഗപ്പൂരിലേക്ക് യാത്രയായി. അങ്ങനെ കപ്പലിലെ ഞങ്ങളുടെ അഞ്ചാമത്തെ ദിവസം, അതായത് അവസാനത്തെ ദിവസം രാവിലെ ഏഴു മണിയ്ക്ക് മുൻപായി കപ്പൽ സിംഗപ്പൂരിൽ തിരിച്ചെത്തി. ഇറങ്ങുമ്പോഴുള്ള തിരക്ക് കുറയ്ക്കുവാൻ യാത്രക്കാർക്ക് കപ്പലിൽ നിന്നും പുറത്തേക്ക് ഇറങ്ങുവാനായി ഓരോ സമയം കൊടുത്തിരുന്നു. ഞങ്ങൾ ബാഗൊക്കെ പാക്ക് ചെയ്ത് ഇറങ്ങുവാനായി തയ്യാറെടുത്തു.

കഴിഞ്ഞ അഞ്ച് ദിവസത്തോളം ഞങ്ങൾ ജീവിച്ചത് ഈ കപ്പലിൽ ആയിരുന്നു. അതായിരുന്നു ഞങ്ങളുടെ ലോകം. വ്യത്യസ്തങ്ങളായ ഭക്ഷണവിഭവങ്ങൾ, കാഴ്ചകൾ, പല രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ, നല്ലവരായ കപ്പൽ ജീവനക്കാർ, കൗതുകകരമായ അനുഭവങ്ങൾ എല്ലാം ഇനി ജീവിതത്തിലെ മികച്ച ഓർമ്മകൾ ആകുവാൻ പോകുകയാണ്.

ഞങ്ങളുടെ സമയമായപ്പോൾ കപ്പലിൽ നിന്നും നിരനിരയായി ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. സിംഗപ്പൂരിലെ ഇമിഗ്രെഷൻ വളരെ പതുക്കെയായിരുന്നു നടന്നിരുന്നത്. ഏകദേശം ഒന്നര മണിക്കൂറിലധികം ഞങ്ങൾക്ക് അവിടെ കൗണ്ടറിൽ കാത്തുകിടക്കേണ്ടി വന്നു. ഒടുവിൽ എല്ലാം പൂർത്തിയാക്കി ഞങ്ങൾ പോർട്ട് ടെർമിനലിന് പുറത്തേക്ക് ഇറങ്ങി.

ഇനി സിംഗപ്പൂർ സൈറ്റ് സീയിങ് ടൂർ ആണ് ഞങ്ങൾക്കുള്ളത്. പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞങ്ങൾക്കായുള്ള ബസ് അവിടെ എത്തിച്ചേർന്നിരുന്നു. ഞങ്ങളുടെ ബസ് ഡ്രൈവർ തമിഴ് വംശജനായിരുന്നു. യാത്രയ്ക്കിടയിൽ അദ്ദേഹം ഞങ്ങളോട് സിംഗപ്പൂരിന്റെ ചരിത്രവും കഥകളുമൊക്കെ വളരെ മനോഹരമായി വിവരിച്ചു തന്നു.

വലിപ്പത്തിൽ ചെറുതാണെങ്കിലും സിംഗപ്പൂർ ഒരു ഒന്നൊന്നര നഗരം തന്നെയാണ്. കെട്ടിടങ്ങളും റോഡുകളും വാഹനങ്ങളുമെല്ലാം അടിപൊളി. ഡ്രൈവിംഗ് സംസ്ക്കാരം ആണെങ്കിൽ പറയുകയേ വേണ്ട. എല്ലാം ഒന്നിനൊന്നു മെച്ചം. സിംഗപ്പൂർ നഗരക്കാഴ്‌ചകളൊക്കെ കണ്ടുകൊണ്ട് ഞങ്ങൾ ബസ്സിൽ സഞ്ചരിച്ചു.

The Fullerton എന്ന ഹോട്ടലിനു സമീപത്തായി ബസ് നിർത്തുകയും ഞങ്ങൾ അവിടെ ഇറങ്ങുകയും ചെയ്തു. അവിടെ ടൂറിസ്റ്റുകളൊക്കെ വരുന്ന സ്ഥലമായിരുന്നുവെന്നു മറ്റുള്ള സഞ്ചാരികളെ കണ്ടപ്പോൾ ഞങ്ങൾക്ക് മനസ്സിലായി. വളരെ വൃത്തിയിയായിട്ടാണ് അവിടത്തെ തെരുവുകളും റോഡുകളുമൊക്കെ അവർ കാത്തുസൂക്ഷിച്ചിരിക്കുന്നത്.

തായ്‌ലാൻഡും മലേഷ്യയും പോലെത്തന്നെ മലയാളികളുടെ ട്രാവൽ ഡയറിയിൽ കയറിക്കൂടിയ ഒരു രാജ്യമാണ് സിംഗപ്പൂരും. തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് സിംഗപ്പൂർ അൽപ്പം ചിലവേറിയ സ്ഥലമാണെങ്കിലും അവിടത്തെ കാഴ്ചകളും അനുഭവങ്ങളും അതിനൊത്തു മികച്ചവ തന്നെയാണ്.

ഇൻഡോർ വെള്ളച്ചാട്ടം (ലോകത്തിലെ തന്നെ മനുഷ്യ നിർമ്മിതമായ ഏറ്റവും വലിയ വെള്ളച്ചാട്ടം), സിംഗപ്പൂർ സൂ, സിംഗപ്പൂർ ഫ്ലൈയർ, ബൊട്ടാണിക് ഗാർഡൻ, ഗാർഡൻ ബൈ ദി ബേ, ചൈന ടൌൺ, സെന്റോസ ദ്വീപ്, യൂണിവേഴ്‌സൽ സ്റ്റുഡിയോ, മെർലയൺ പാർക്ക് തുടങ്ങി നിരവധി ആകർഷണങ്ങൾ സിംഗപ്പൂരിലുണ്ട്. ഇവയെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികൾ കണ്ടിരിക്കേണ്ടവയാണ്. എന്തായാലും ഹണിമൂൺ കപ്പിൾസ് ആയാലും, കുടുംബവും കുട്ടികളുമായാലുമൊക്കെ അടിച്ചു പൊളിക്കുവാൻ വേണ്ടതെല്ലാം സിംഗപ്പൂരിലുണ്ട്.

സിംഗപ്പൂർ കാഴ്ചകൾ കണ്ടും വിഭവങ്ങൾ രുചിച്ചുമൊക്കെ ഞങ്ങൾ അവിടെ ആസ്വദിച്ചു. അങ്ങനെ അവസാനം ഞങ്ങളുടെ മടക്കയാത്രയായി. ടീം ബോൺവോ യാത്രികരെല്ലാം അവിടെ നിന്നും സിൽക്ക് എയർ വിമാനത്തിൽ കൊച്ചിയിലേക്ക് യാത്രയായി. എന്നാൽ ഞാൻ പോയത് സിംഗപ്പൂരിൽ നിന്നും ബാങ്കോക്കിലേക്ക് ആയിരുന്നു. ഇനിയുള്ള ദിവസങ്ങൾ അവിടെ ഹാരിസ് ഇക്കയുടെ കൂടെ കറക്കമായിരിക്കും. ആ വിശേഷങ്ങൾ ഇനി അടുത്ത ഭാഗത്തിൽ കാണാം.