യാത്രക്കാരിയുടെ കുഞ്ഞിനെ വാത്സല്യത്തോടെ മുലയൂട്ടി എയർഹോസ്റ്റസ്..

വിമാനയാത്രകൾക്കിടയിൽ യാത്രക്കാരുടെ ആവശ്യങ്ങൾ കേൾക്കുവാനും അവ പരിഹരിക്കുവാനുമാണ് എയർഹോസ്റ്റസുമാർ വിമാനത്തിലുള്ളത്. സാധാരണയായി യാത്രക്കാർക്ക് വെള്ളം നൽകുകയും ഭക്ഷണ സാധനങ്ങൾ നൽകുകയുമൊക്കെയാണ് യാത്രയ്ക്കിടയിൽ എയര്ഹോസ്റ്റസുമാരുടെ പ്രധാനപ്പെട്ട ജോലി. ചില സമയങ്ങളിൽ എയർഹോസ്റ്റസുമാർക്കെതിരെ പരാതികളും ഉയർന്നു കേൾക്കാറുണ്ട്. എന്നിരുന്നാലും പല ദേശങ്ങളിൽ നിന്നുള്ള വിവിധ സംസ്കാരങ്ങളിൽ ജീവിക്കുന്ന യാത്രക്കാരായ ആളുകളെ ഒരേപോലെ സന്തോഷിപ്പിക്കുവാനും സംതൃപ്തരാക്കുവാനും എയര്ഹോസ്റ്റസുമാർക്കുള്ള കഴിവിനെ പ്രശംസിച്ചെ മതിയാകൂ.

ഇപ്പോഴിതാ ഒരു എയർഹോസ്റ്റസ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് യാത്രയാരിയുടെ കുഞ്ഞിനു മുലയൂട്ടിയ സംഭവത്തോടെയാണ്. ഫിലിപ്പീൻസ് എയർലൈൻസിലെ ജീവനക്കാരിയായ പെട്രീഷ്യ ഓർഗാനോ എന്ന ഇരുപത്തിനാലുകാരിയാണ് ആരും ചെയ്യാൻ മടിക്കുന്ന ഈ കൃത്യനിർവ്വഹണത്താൽ പ്രശസ്തി നേടിയത്.

പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിൽ എന്നത്തെയുംപോലെ ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു പെട്രീഷ്യ. പെട്ടെന്നാണ് കാബിനിൽ ഒരു കുഞ്ഞുകുട്ടിയുടെ കരച്ചിൽ മുഴങ്ങിയത്.പെട്രീഷ്യ ഉടനെ കരച്ചിൽ കേട്ട സീറ്റിനരികിലേക്ക് നീങ്ങി. വളരെ ചെറിയ കുട്ടിയായിരുന്നു കരഞ്ഞിരുന്നത്. കുഞ്ഞിന്റെ അമ്മ പരിഭ്രാന്തിയോടെ കരച്ചിൽ മാറ്റുവാൻ ശ്രമിക്കുകയായിരുന്നു അപ്പോൾ. പക്ഷെ എന്ത് ചെയ്തിട്ടും ഫലമില്ല, കുട്ടി കരച്ചിൽ തന്നെ.

പെട്രീഷ്യ ഉടനെ കുട്ടിയുടെ അമ്മയോട് കാര്യം തിരക്കി. സംഭവം ഇതായിരുന്നു – പാൽ കുടിക്കുന്ന കുട്ടിയാണ്. പക്ഷെ നിർഭാഗ്യവശാൽ അമ്മയ്ക്ക് മുലപ്പാൽ കുറവായിരുന്നു. മുലയൂട്ടുവാൻ യാതൊരു മാർഗ്ഗവുമില്ല. വിമാനത്തിൽ മുലയൂട്ടുവാൻ പ്രാപ്തരായിരുന്ന യാത്രാക്കാർ ആരുംതന്നെ ഉണ്ടായിരുന്നുമില്ല. ഈ സമയത്തും കുട്ടി വിശപ്പടക്കാനാവാതെ കരയുകയായിരുന്നു. കുട്ടിയുടെ അമ്മയും കണ്ണീർ പൊഴിക്കുവാൻ ആരംഭിച്ചു.

പെട്രീഷ്യ ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി. അവളുടെ മനസ്സ് പിടഞ്ഞു. പിന്നൊന്നും അവൾ ആലോചിക്കുവാൻ നിന്നില്ല. ഫ്‌ളൈറ്റ് സൂപ്പർ വൈസറായ ഷെറിലിനോട് കുഞ്ഞിനു മുലയൂട്ടുവാനായി വിമാനത്തിൽ സ്വകാര്യതയുള്ള ഒരിടം വേണമെന്ന് ആവശ്യപ്പെട്ടു. ഷെറിൽ അതെല്ലാം തയ്യാറാക്കുകയും പെട്രീഷ്യ കുഞ്ഞിനേയും അമ്മയെയും അവിടേക്ക് മാറ്റുകയും ചെയ്തു. പിന്നീട് കുഞ്ഞിനെ അമ്മയുടെ കയ്യിൽ നിന്നും എടുത്ത് വാത്സല്യത്തോടെ മുലയൂട്ടുവാൻ ആരംഭിച്ചു. കണ്ടുനിന്ന ജീവനക്കാരും കുട്ടിയുടെ അമ്മയും ഒരു നിമിഷം സ്‌തബ്‌ധരായിപ്പോയി. പാൽ കുടിച്ചതോടെ കുഞ്ഞിന്റെ വിശപ്പ് മാറുകയും കുട്ടി കരച്ചിൽ നിർത്തുകയും ചെയ്തു. കുട്ടി ഉറങ്ങുന്നതു വരെ പെട്രീഷ്യ മുലയൂട്ടുകയും താരാട്ടുകയും ചെയ്തു.

കുട്ടി വിശപ്പടക്കി സുഖമായി ഉറങ്ങിക്കഴിഞ്ഞപ്പോൾ അമ്മയെയും കുഞ്ഞിനേയും പെട്രീഷ്യ അവരുടെ സീറ്റിൽ കൊണ്ടുചെന്നാക്കി. സന്തോഷവും നന്ദിയും എങ്ങനെ പ്രകാശിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു ആ അമ്മ. സംഭവമറിഞ്ഞ മറ്റു യാത്രക്കാരും പെട്രീഷ്യയെ അഭിനന്ദിച്ചു.

പെട്രീഷ്യ തന്റെ കുഞ്ഞിനൊപ്പം.

ഈ സംഭവമെല്ലാം ഫോട്ടോ സഹിതം പെട്രീഷ്യ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടതോടെയാണ് പുറംലോകം അറിഞ്ഞത്. ഇതോടെ സോഷ്യൽ മീഡിയയിലും പെട്രീഷ്യയ്ക്ക് അഭിനന്ദന പ്രവാഹമായി. മുഖ്യധാരാ മാധ്യമങ്ങൾ ചിത്രം സഹിതം വാർത്ത നൽകുകയും ചെയ്തു. അപരിചിതനായ ആ കുഞ്ഞിന് യാതൊരു മടിയും കൂടാതെ സ്വന്തം മുലപ്പാൽ നൽകിയ എയർഹോസ്റ്റസ് പെട്രീഷ്യയുടെ നന്മയുള്ള പ്രവൃത്തി വാഴ്ത്തപ്പെടേണ്ടതു തന്നെയാണ്.

ഒരു എയർഹോസ്റ്റസിനു ചെയ്യാവുന്ന ഏറ്റവും വലിയ സഹായം തന്നെയാണ് പെട്രീഷ്യ യാത്രക്കാരായ ആ അമ്മയ്ക്കും കുഞ്ഞിനും നൽകിയത്. എല്ലാ എയർഹോസ്റ്റസുമാർക്കും പെട്രീഷ്യ ഒരു മാതൃകയാകട്ടെ. ഒൻപതു മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ‘അമ്മ കൂടിയാണ് എയർഹോസ്റ്റസ് പെട്രീഷ്യ.