കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും മിതമായ നിരക്കിൽ പറക്കാം…

Image taken from Wikipedia, All credits to respected photographer.

വടക്കൻ കേരളക്കാരുടെ ചിരകാല സ്വപ്നമായിരുന്നു കണ്ണൂരിലെ എയർപോർട്ട്. കണ്ണൂർ, തലശ്ശേരി പട്ടണങ്ങളിൽ നിന്ന് 25 കിലോമീറ്റർ അകലെ മട്ടന്നൂരിലെ മൂർഖൻ പറമ്പിലാണ് കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിമാനത്താവളം യാഥാർഥ്യമായതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമായി മാറി കണ്ണൂർ വിമാനത്താവളം.

തുടക്കത്തിൽ അബുദാബി, ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായിരുന്നു കണ്ണൂരിൽ നിന്നുള്ള സർവ്വീസുകൾ. എന്നാൽ ഇപ്പോൾ കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ഗോവ, ഹൂബ്ലി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, മസ്‌കറ്റ്, ഷാർജ, അബുദാബി, റിയാദ്, ദോഹ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കണ്ണൂരിൽ നിന്നും വിമാന സർവ്വീസുകൾ ലഭ്യമാണ്.

ഇപ്പോഴിതാ വരുന്ന ഏപ്രിൽ ഒന്നു മുതൽ കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്കും (കരിപ്പൂർ) വിമാന സർവ്വീസ് ആരംഭിക്കുകയാണ്. ഡൽഹിയിൽ നിന്നും കണ്ണൂർ വഴി കോഴിക്കോട്ടേക്കും തിരിച്ചുമാണ് സർവ്വീസ്. എയർ ഇന്ത്യയാണ് ഈ സർവ്വീസ് നടത്തുക. ഞായർ, ചൊവ്വ, ബുധൻ, വെള്ളി, ശനി എന്നിങ്ങനെയാണ് ആഴ്ചയിൽ അഞ്ചു ദിവസമാണ് സർവ്വീസുകൾ ഉണ്ടായിരിക്കുക.

ഡൽഹിയിൽ നിന്നും രാവിലെ 9.05 നു പുറപ്പെടുന്ന വിമാനം കണ്ണൂരിൽ ഉച്ചയ്ക്ക് 12.15 നു ഇറങ്ങുകയും വീണ്ടും ഒരു മണിയ്ക്ക് കോഴിക്കോട്ടേക്ക് യാത്ര തുടരുകയും ചെയ്യും. കണ്ണൂരിൽ നിന്നും അരമണിക്കൂർ സമയം പറന്ന് ഉച്ചയ്ക്ക് 1.30 യോടെ വിമാനം കോഴിക്കോട്ട് ലാൻഡ് ചെയ്യും. തിരികെ കോഴിക്കോട് നിന്നും ഉച്ച തിരിഞ്ഞു 2.15 നു പുറപ്പെടുന്ന വിമാനം കണ്ണൂരിൽ 2.45 നു എത്തുകയും അവിടെ നിന്നും 3.30 നു ഡൽഹിയിലേക്ക് പോകുകയും ചെയ്യും. ഈ വിമാനം ഡൽഹിയിൽ എത്തുമ്പോൾ വൈകുന്നേരം 6.45 ആകും.

ഡൽഹിയിൽ നിന്നും കണ്ണൂരിലേക്ക് യാത്ര ചെയ്യുവാൻ 4000 രൂപ മുതലും കണ്ണൂർ – കോഴിക്കോട് യാത്രയ്ക്ക് 1500 രൂപ മുതലുമാണ് ഏകദേശ ടിക്കറ്റ് ചാർജ്ജുകൾ. ഈ നിരക്കുകളിൽ മാറ്റങ്ങൾ വന്നേക്കാം. നിലവിൽ കണ്ണൂരിൽ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും വിമാനസർവീസുകൾ ലഭ്യമാണ്. ഏപ്രിൽ മുതൽ കണ്ണൂർ – കൊച്ചി റൂട്ടിൽ കുറഞ്ഞ നിരക്കിൽ ഇൻഡിഗോയുടെ സർവ്വീസ് ലഭ്യമാകും. 1300 രൂപ മുതലായിരിക്കും ഈ റൂട്ടിലെ ടിക്കറ്റ് ചാർജ്ജുകൾ. തിരുവനന്തപുരത്തേക്ക് കണ്ണൂരിൽ നിന്നും 2000 രൂപ മുതലായിരിക്കും ചാർജ്ജ് ഈടാക്കുക. Goibibo, MakeMyTrip പോലുള്ള ഓൺലൈൻ സൈറ്റുകളിൽ നിന്നും ബുക്ക് ചെയ്യുന്നവർക്ക് ചിലപ്പോൾ ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭ്യമാകും.

എന്തായാലും അത്യാവശ്യക്കാർക്ക് കേരളത്തിലെ ട്രാഫിക് ബ്ലോക്കുകളെയും കൂടിയ യാത്രാസമയങ്ങളെയും പേടിക്കാതെ കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം റൂട്ടുകളിൽ വിമാനത്തിൽ യാത്ര ചെയ്യാം. യാത്രയുടെ തലേദിവസങ്ങളിൽ ബുക്ക് ചെയ്യാൻ നോക്കിയാൽ ചിലപ്പോൾ ടിക്കറ്റ് നിരക്കുകൾ കൂടുതലാകുവാൻ ചാൻസുണ്ട്.

ഹരിത വിമാനത്താവളം : മറ്റു വിമാനത്താവളങ്ങളിൽ നിന്നു വ്യത്യസ്തമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളം പരിസ്ഥിതി സൗഹൃദമാണെന്ന പ്രത്യേകതയുണ്ട്. പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകാത്ത വിധത്തിൽ ഗ്രീൻഫീൽഡ് എയർപോർട്ട് എന്ന നിലയിലാണ് കണ്ണൂർ വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്. മലനിരകളും കൊച്ചു വനപ്രദേശവുമായിരുന്ന മൂർഖൻപറമ്പിലെ മരങ്ങൾ മുറിച്ചുമാറ്റിയതിനാൽ പരിസ്ഥിതിക്കു കോട്ടം തട്ടാതിരിക്കാൻ സമീപ പ്രദേശങ്ങളിൽ മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയുണ്ടായി.