അതിസാഹസികനായ ഫ്രഞ്ച് സ്പൈഡർമാനെ പോലീസ് പൊക്കി; സംഭവം ഇങ്ങനെ

എഴുത്ത് – പ്രകാശ് നായർ മേലില.

സ്പൈഡർമാനെ അറിയാത്തവർ ആരുംതന്നെ കാണില്ല. കയ്യിൽ നിന്നും നിമിഷ നേരംകൊണ്ട് വല നെയ്ത് അംബരചുംബികളായ കെട്ടിടങ്ങളിൽ കയറുകയും, അവിടെ നിന്നും മറ്റു കെട്ടിടങ്ങളിലേക്ക് ഊഞ്ഞാലാടുന്ന ലാഘവത്തോടെ ചാടിക്കടക്കുകയും ചെയ്യുന്ന സ്‌പൈഡർമാൻ ഏതു പ്രായക്കാർക്കും ഒരു ഹരം തന്നെയാണ്. ചിത്രകഥകളിൽ നിന്നും സിനിമയിലേക്ക് ചുവടുവച്ചപ്പോൾ സ്‌പൈഡർമാൻ എന്ന കഥാപാത്രത്തിന്റെ ജനപ്രീതി ഏറി.

സ്‌പൈഡർമാൻ ഒരു കഥാപാത്രം മാത്രമാണെങ്കിലും അതുപോലെ കഴിവുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ യഥാർത്ഥത്തിൽ സ്പൈഡർമാനെപ്പോലെ കെട്ടിടങ്ങളിൽ വലിഞ്ഞു കയറുന്നവർ നമ്മുടെ ഈ ലോകത്തുണ്ട് എന്നതാണ് സത്യം. അതിലൊരാളെ കഴിഞ്ഞയിടയ്ക്ക് പോലീസ് പൊക്കിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. ആ വിശേഷങ്ങളാണ് ഇനി പറയുന്നത്.

യാതൊരു സുരാക്ഷാ ഉപകാരണങ്ങളുമില്ലാതെ ലോകത്തെ ഏതുയരമുള്ള കെട്ടിടത്തിലും അനായാസം കയറുന്ന Free Climber 57 കാരനായ അലെൻ റോബർട്ട് (Alain Robert) ഫ്രാൻസിലെ Spider man എന്നാണറിയപ്പെടുന്നത്. കക്ഷി ആരുമറിയാതെ ഈയിടെ ജർമ്മനിയിലെ ഫ്രാൻക് ഫെർട്ടിലുള്ള 42 നില സ്കൈപ്പർ (SKIPER) ടവറിൽ 20 മിനിട്ടുകൊണ്ടാണ് 153 മീറ്റർ ഉയരെ കയറിപ്പറ്റിയത്. ഗ്ളാസ് സ്‌ട്രക്‌ചറിൽ നിർമ്മിച്ചി രിക്കുന്ന കെട്ടിടത്തിൽ സുരക്ഷയ്ക്കുള്ള യാതൊരു ഉപകരണങ്ങളുമില്ലാതെ അനായാസം കയറിപ്പോകുന്ന അലന്റെ സാഹസികത അവിടെക്കൂടിയ ആളുകൾ മൊബൈലിൽ പകർത്തുകയും ചെയ്തു.

വിവരമറിഞ്ഞു പോലീസ് സ്ഥലത്തെത്തി അലനെ കെട്ടിടത്തിൽനിന്നും താഴെയിറക്കി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ജീവനപകടത്തിലാക്കുന്ന കൃത്യം ചെയ്തതിനു അറസ്റ്റു ചെയ്യുകയായിരുന്നു.ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

അലൻ ഇതുപോലെ മറ്റു പല ഉയരമുള്ള കെട്ടിടങ്ങളിലും അനുവാദമില്ലാതെ കയറിയിട്ടുണ്ട്.2018 ഒക്ടോബറിൽ ലണ്ടനിലെ ഉയരമുള്ള സെൽസ്‌ഫോർസ് ( 662 മീറ്റർ ) കെട്ടിടത്തിനുമുകളിൽ സാഹസികമായി കയറിയതിനു പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു കയർപോലും ഉപയോഗിക്കാതെയാണ് അദ്ദേഹം കെട്ടിടങ്ങളുടെ ഉയരെ കയറുന്നത് .

ഇദ്ദേഹം ലോകത്തെ ഏറ്റവും ഉയരം കൂടിയ ദുബായിലെ ബുർജ് ഖലീഫ,പാരീസിലെ ഈഫൽ ടവർ,ന്യു യോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗ് തായ്‌വാനിലെ തായ്‌പെ ടവർ എന്നിവയിലെല്ലാം ഇതേ രീതിയിൽ ഫ്രീ ക്ലിംബിംഗ് നടത്തിയിട്ടുണ്ട്.

ജീവൻ അപകടത്തിലായേക്കാവുന്ന ഈ നടപടി അവസാനിപ്പിക്കണമെന്ന് പലരും അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ടെങ്കിലും സ്‌പൈഡർമാൻ അലൻ റോബർട്ട് അതൊന്നും ഗൗനിക്കാറേയില്ല. Free Climbing അദ്ദേഹത്തിന് വലിയൊരു ഹരമാണ്.