ലഡാക്കിൽ പോക്കറ്റ് കാലിയാക്കാത്ത രുചിയുള്ള ഭക്ഷണം കിട്ടുന്ന കടകൾ

വിവരണം – ജോഷ്‌ന ഷാരോൺ ജോൺസൻ.

ലഡാക്കിൽ ഞാൻ എത്തിയ സമയം ഹോട്ടൽ തുടങ്ങും വരെ ഭക്ഷണം ഉണ്ടാക്കുന്നത് ഞാൻ തന്നെയായിരുന്നു. ഹോട്ടലിന്റെ കാര്യങ്ങൾക്കായി സുധി പുറത്തു പോകുമ്പോൾ ഞാൻ ഭക്ഷണമുണ്ടാക്കി കാത്തിരിക്കും. തിരികെ സുധി വന്നതിനു ശേഷം ഒരുമിച്ചിരുന്നു കഴിക്കും.

പക്ഷെ ഹോട്ടൽ തുടങ്ങിയതിന് ശേഷം വീട്ടിലെ വെപ്പും കുടീം നിന്നു. രാവിലേം ഉച്ചക്കും രാത്രീലുമൊക്കെ ഹോട്ടലിൽ നിന്നായി. പതിയെ ഞാൻ മടുത്തു. അങ്ങനെ ഉച്ചക്ക് ശേഷം തുനിരക്കു കുറയുമ്പോൾ ഞാൻ പുറത്തേക്കിറങ്ങി നടന്നു തുടങ്ങി. അങ്ങനെ എന്റെ സംഭവ ബഹുലമായ തെണ്ടലിൽ ഞാൻ കണ്ടെത്തിയ നല്ല ഭക്ഷണം കിട്ടുന്ന കടകളാണ് താഴെ പറയുന്നത്. പോക്കറ്റ് കാലിയാക്കാത്ത രുചിയുള്ള ഭക്ഷ്ണം കിട്ടുന്ന കടകൾ.

1 സോറിസോ പിസ്സ : ലേ മെയിൻ മാർകെറ്റിന്റെ തുടക്കത്തിൽ ട്രാഫിക് പോലീസ് പോയിന്റിനടുത്തായിട്ടാണ് ഈ റെസ്റ്റോറന്റ്. പേര് കേൾക്കുന്നത് പോലെയല്ല, പിസ്സ മാത്രമല്ല സോറിസോയിൽ കിട്ടുക. പിസ്സ, ചപ്പാത്തി, പൂരി, നൂഡിൽസ്, ഫ്രിഡ്‌ റൈസ് ഒക്കെ കിട്ടും. പക്ഷെ എന്റെ രുചിക്കും കയ്യിലുള്ള പൈസക്കും ഇഷ്ടപ്പെട്ടത് ചില ഡിഷസ് ആണ്.

അതിലൊന്നാണ് ചിക്കെൻ കാന്തി. നമ്മുടെ ചിക്കൻ റോസ്‌റ്റ് പോലെയിരിക്കും ഏകദേശം സംഭവം. ഹാഫ് തന്നെ മൂന്നു പേർക്ക് കഴിക്കാനുണ്ടാകും. കൂടെ പൂരിയോ ചപ്പാത്തിയോ ഫ്രൈഡ് റൈസോ ആണ് ലാഭം.

പിന്നെ സോറിസോയിലെ പൂരി കടല കോമ്പിനേഷൻ, ചപ്പാത്തി തക്കാളി ഫ്രൈ ഒക്കെ കിടുവാ. നേരെ എതിരെ സുധിടെ ടേസ്റ്റ് ഓഫ് സൗത്ത് ഇന്ത്യയിൽ ഞാനുണ്ടാകും. താഴെ വന്നോന്നു വിളിച്ച് എന്നേം കൂട്ടി പോയാൽ അടിപൊളി ഡിസ്‌കൗണ്ടും കിട്ടും.

സോറിസോ എന്റെ ഹോട്ടലിനു നേരെ എതിർ വശത്തായതു കൊണ്ട്, എന്റെ കട്ട് തീറ്റ സുധി കണ്ടു പിടിച്ചു. അങ്ങനെ ഞാൻ മറ്റു റസ്റ്റോറന്റുകൾ നോക്കി നടപ്പു തുടങ്ങി. അങ്ങനെ കിട്ടിയതാണ് പാർസസ് റെസ്റ്റോറന്റ്.

2. പർസാസ് റെസ്റ്റോറന്റ് : ഏകദേശം ലേ മെയിൻ മാർകെറ്റിന്റെ നടുക്കായി പോസ്റ്റ് ഓഫീസിനു എതിരെയാണ് പർസാസ്‌. നല്ല പച്ച പെയ്ന്റ് ഒക്കെ അടിച്ച തടിക്കസേരയും, പത്രവും, വായിക്കാൻ ഇഷ്ടം പോലെ ബുക്കും കിട്ടുന്ന ഹോട്ടൽ. ബിരിയാണി, ഫ്രൈഡ് റൈസ് ഒക്കെയാണ് അവിടെ ഏറ്റവും നല്ല വിഭവങ്ങൾ.

പക്ഷെ ഞാൻ സ്ഥിരം കഴിക്കുന്നത് ചപ്പാത്തി റോളുകളാണ്. മുട്ടയുടെയും പച്ചക്കറിയുടെയും ചിക്കന്റെയുമൊക്കെ ഒരൊറ്റ റോൾ വയറ് നിറയ്ക്കും. രുചിയും കിടിലം. കഴിച്ചു കഴിഞ്ഞാൽ ഒരു സ്കൂപ് ഐസ് ക്രീമും വാങ്ങിക്കഴിച്ചാൽ സംഭവം കളറാകും. അതിന്റെ ഓണർ നല്ളൊന്തരം ഫുട്ബോൾ കളിക്കാരനാണ്.
എന്റെ ഫുട്ബോൾ പ്രാന്തും വായനപ്രാന്തും കണ്ട് ചിലപ്പോഴൊക്കെ ഫുൾ ഡിസ്‌കൗണ്ട് തരുന്ന മഹാനാണ് അദ്ദേഹം.

3. ഐസ്ക്രീം, പോപ്പ് കോൺ :  ലേയിൽ ഐസ്ക്രീം കഴിക്കുന്നതാരാന്നു ചോദിച്ചാൽ സുധിയും മൂട്ടയും എന്ന് ഞാൻ പറയും. എത്ര തണുപ്പാണേലും എനിക്ക് ഐസ് ക്രീം വേണം. അങ്ങനെ എന്റെ അലച്ചിലിനൊടുവിൽ ഞാൻ കണ്ടു പിടിച്ച സ്ഥലമാണ് ജന്ത ഐസ് ക്രീം കട. ലേയിലെ മെയിൻ മാർക്കറ്റിൽ ജുമാ മസ്ജിദിനു എതിരെ ആണ് കട.

പല ഫ്ലേവറിൽ പല സ്കൂപ് സൈസില് പലതരം കപ്പിൽ ഐസ്ക്രീം കിട്ടും. അപ്പോപ്പോൾ ഉണ്ടാക്കുന്ന പോപ്പ്കോണും ഉണ്ടവിടെ. അവിടെ കിട്ടുന്ന ഐസ്ക്രീം ഓര്ഗാനിക്കാണെന്നാണ് അവിടുത്തെ മുടി നീട്ടിയ ഓണർ ചേട്ടൻ പറയുന്നത്. ചേട്ടൻ ലേയിൽ വന്നു ലേയിലെ ചേച്ചീനെ പ്രേമിച്ച് ലേയിൽ തന്നെ സെറ്റിൽ ആയ പഞ്ചാബി ചേട്ടനാണ്.

4. കാങ്‌ലാ ചാൻ റെസ്റ്റോറന്റ് : ലെ മാർക്കറ്റിന്റെ തുടക്കത്തിൽ ട്രാഫിക് പോലീസ് പോയിന്റിന്റെ അടുത്ത് രണ്ടാം നിലയിലാണ് കാങ്‌ലാചാൻ. ഗൂഗിളിലൊന്നും ഈ റസ്റ്റോറന്റ് രേഖപ്പെടുത്തിയിട്ടില്ല. അവിടുത്തെ മട്ടൻ മോമോസും വെജ് മോമോസും ഒരു രക്ഷേമില്ല. നൂറു രൂപക്ക് പന്ത്രണ്ടു മോമോസ് കിട്ടും. തൊട്ടു കഴിക്കാൻ മുളക് ചമ്മന്തിയും. മുകളിൽ ഞങ്ങളുടെ റെസ്റ്റോറന്റിൽ ഞാനുണ്ടാകും. എന്നേം കൊണ്ട് പോയാലോ, എന്റെയോ സുധിടെയോ പേര് പറഞ്ഞാലോ ഡിസ്‌കൗണ്ട് ഉറപ്പ്.

5. ലേയിലെ ചായക്കട ഇനിയുള്ള റെസ്റ്റോറന്റ് എന്റെ രഹസ്യമാണ്. ഇതെഴുതിയത് സുധി കണ്ടാൽ എനിക്ക് ഇടി ഉറപ്പാണ്. കാരണം സുധിയുടെ കൂടെ രഹസ്യങ്ങളിൽ ഒന്നാണത്. ഒരു ദിവസം ഉണ്ടാക്കിയ കഠിനമായ വഴക്കിൽ എന്നെ കോംപ്രമൈസ് ചെയ്യിക്കാൻ സുധി കൊണ്ടുപോയ കടയാണത്. റെസ്റ്റോറന്റ് എന്നിതിനെ പറയാൻ പറ്റില്ല. ഇതിനെ ലേയിലെ ചായക്കടയെന്നെ പറയാൻ പറ്റു.

പോളോ ഗ്രൗണ്ടിൽ വണ്ടിയിട്ട് മെയിൻ മാർക്കറ്റിലേക്ക് നടന്നാൽ ഒരു ടാക്സി സ്റ്റാൻഡ് ഉണ്ട്. അതിന്റെ ഇടത്തെ മൂലയിലായുള്ള ആദ്യത്തെ ചായക്കടയാണ് താരം. അവിടെ ആകെ നാലു വിഭവമേ ഒള്ളു. അൺലിമിറ്റഡ് ചോറും മട്ടൻ കറിയും, ചോറും ചിക്കൻ കറിയും, ചോറും പരിപ്പ് കറിയും റൊട്ടിയും മുൻപേ പറഞ്ഞ കറികളും. ഒപ്പം തൊട്ടുകൂട്ടാൻ നമ്മുടെ നാട്ടിലെ സ്റ്റൈൽ മുളക് ചമ്മന്തിയും കിട്ടും. ചോറും കറിയുടെ ചാറും അൺലിമിറ്റഡ് ആണ്.

ഓംലെറ്റും ചായയും പറഞ്ഞാൽ കടയുടെ പുറകിലെ വീട്ടിലെ ചേച്ചി ഉണ്ടാക്കി തരും. കഴിഞ്ഞ വര്ഷം അവസാന ദിവസം അവിടെ വന്നു മട്ടനും ചോറും കഴിച്ച കുമരകം അനുചേട്ടൻ അടുത്ത വർഷം ലേയിലെ ആ ചായക്കടയിൽ ഡെലിവറി ബോയ് ആയി കയറുമെന്ന് ശപഥം ചെയ്താണ് പോയത്. ആഴ്ചയിലൊരിക്കൽ അവിടുത്തെ ചോറും ചിക്കനും ഒരു ചെറിയ സ്പൂൺ പരിപ്പും കഴിച്ചില്ലെങ്കിൽ എനിക്ക് ഇരിക്കപ്പൊറുതിയുണ്ടാകില്ല.

ഈ കടയിൽ എന്നേം കൊണ്ട് പോയി ഡികോണ്ട് മേടിച്ചാൽ ശാപം കിട്ടും. കാരണം അറുപതും എൺപതും രൂപക്ക് അൺലിമിറ്റഡ് ഫുഡ് തരുന്ന ചേട്ടന്റെ കയ്യിൽ നിന്ന് ഡിസ്‌കൗണ്ട് ഞാൻ വാങ്ങില്ല. നിർബന്ധിച്ചു തന്നാൽ പോലും ഞാനത് മേശപ്പുറത്തു വച്ചിട്ടു പോരും. അപ്പൊ ലേയിലേക്ക് പോരുന്ന വരുന്ന മലയാളി കുഞ്ഞുങ്ങൾ മടുത്തു കഴിയുമ്പോൾ ഈ വഴിയും പോയി നോക്ക്.