ചൈനയിൽ നിന്നും മലേഷ്യ വഴി കൊച്ചിയിലേക്ക് ഒരു മടക്കയാത്ര

Team BONVO യ്‌ക്കൊപ്പമുള്ള ഞങ്ങളുടെ ഏഴു ദിവസത്തെ ചൈനീസ് ബിസ്സിനസ്സ് ട്രിപ്പിനു അവസാനമാകുകയാണ്. ഞങ്ങൾ താമസിച്ച ഹോട്ടലിൽ നിന്നും എല്ലാവരും റെഡിയായി മിനി ബസ്സിലേക്ക് കയറി. എല്ലാവരും വരുമ്പോൾ കൈവശമുണ്ടായിരുന്നതിന്റെ ഇരട്ടി ലഗ്ഗേജ് എല്ലാവരുടെയും കൈവശമുണ്ടായിരുന്നു. ചൈനീസ് മാർക്കറ്റുകളിൽ നടത്തിയ നല്ല കിടിലൻ പർച്ചേസ് ആയിരുന്നു അതിനു കാരണം.

അങ്ങനെ ഞങ്ങൾ ഹോട്ടലിൽ നിന്നും Guangzhou എയർപോർട്ടിലേക്ക് എക്സ്പ്രസ്സ് ഹൈവേ വഴി യാത്രയായി. അങ്ങനെ മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട് അവസാനം ഞങ്ങൾ എയർപോർട്ടിൽ എത്തിച്ചേർന്നു. എയർപോർട്ടിനകത്ത് കയറിയതിനു ശേഷം ചെക്ക് ഇൻ ഗേറ്റ് കണ്ടുപിടിക്കുവാൻ ഞങ്ങൾ നന്നായി കഷ്ടപ്പെട്ടു. ബോർഡിംഗിന് 20 മിനിറ്റ് മുന്നേ ഞങ്ങൾ ഗേറ്റിലേക്ക് നടന്നു തുടങ്ങി. അത്യാവശ്യം നല്ല വലിയ എയർപോർട്ട് ആയിരുന്നതിനാൽ കുറച്ചു നടക്കേണ്ടി വന്നു.

എയർബസ് A330 മലേഷ്യൻ എയർലൈൻസ് വിമാനത്തിലായിരുന്നു ഞങ്ങളുടെ യാത്ര. വിമാനത്തിലേക്ക് കയറുവാനായി നല്ലൊരു ക്യൂ തന്നെ ഉണ്ടായിരുന്നു. ക്യൂ ഒന്നടങ്ങിയപ്പോൾ ഞങ്ങളും വിമാനത്തിലേക്ക് കയറി. ഞങ്ങളുടെ സീറ്റ് നടുവിൽ ആയിരുന്നതിനാൽ ചൈനയുടെ ആകാശദൃശ്യങ്ങൾ കാണുവാനും വീഡിയോ പകർത്തുവാനും നിർഭാഗ്യവശാൽ സാധിച്ചില്ല.

മലേഷ്യയിലേക്ക് നാല് മണിക്കൂറോളം യാത്രയുണ്ടായിരുന്നതിനാൽ സമയം പോകുവാനായി വിമാനത്തിലെ ഇൻഫോടെയ്ന്മെന്റ് സിസ്റ്റത്തിൽ ഏതെങ്കിലും സിനിമ കാണുവാൻ തീരുമാനിച്ചു. നോക്കി നോക്കി അവസാനം ഫഹദ് ഫാസിലിന്റെ ‘വരത്തൻ’ എന്ന സിനിമ സെലക്ട് ചെയ്തു കാണുവാൻ തുടങ്ങി. വിമാനയാത്രകളിലെ ബോറടി മാറ്റുവാൻ ഏറ്റവും നല്ല മാർഗ്ഗം സിനിമ കാണലും, ഉറക്കവുമാണ്.

വിമാനം ടേക്ക് ഓഫ് ചെയ്തു കുറച്ചു കഴിഞ്ഞപ്പോൾ എയർ ഹോസ്റ്റസുമാർ ഭക്ഷണവുമായി എത്തി. ഭക്ഷണം കുറഞ്ഞ അളവിലേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അത് കഴിച്ചപ്പോൾ വയറു നിറഞ്ഞു. അങ്ങനെ നീണ്ട യാത്രയ്ക്കു ശേഷം ഞങ്ങൾ ക്വലാലംപൂർ എയർപോർട്ടിൽ ലാൻഡ് ചെയ്തു. ക്വലാലംപൂർ എയർപോർട്ടിലെ ടെർമിനലിനുള്ളിൽ നിന്നും മറ്റ് ഏരിയകളിലേക്ക് മെട്രോ ട്രെയിൻ ഉണ്ടായിരുന്നു. ഡ്രൈവറില്ലാത്ത ആ ട്രെയിനിൽ കയറി ഞങ്ങൾ കൊച്ചി വിമാനം പുറപ്പെടുന്ന ടെര്മിനലിലേക്ക് പോയി.

വിമാനം പുറപ്പെടാൻ മൂന്നു മണിക്കൂറോളം സമയം ഉണ്ടായിരുന്നതിനാൽ ഞങ്ങൾക്ക് എയർപോർട്ട് ലോഞ്ച് ആക്സസ് ലഭിച്ചു. അവിടെ നിന്നും ഭക്ഷണവും കഴിച്ചു സമയമായപ്പോൾ ഞങ്ങൾ പുറത്തിറങ്ങി. അപ്പോഴാണ് ഞങ്ങളുടെ വിമാനം ഒരു മണിക്കൂർ വൈകിയാണ് പോകുന്നത് എന്ന കാര്യം അറിയുന്നത്. കൂടാതെ വിമാനം പുറപ്പെടുന്ന ഗേറ്റും മാറ്റിയിരുന്നു. അത്യാവശ്യം നല്ല പോസ്റ്റ് തന്നെയാണ് ക്വലാലംപൂർ എയർപോർട്ടിൽ ഞങ്ങൾക്ക് ലഭിച്ചത്.

ഒടുവിൽ ഫ്‌ളൈറ്റിലേക്കുള്ള ബോർഡിംഗ് അനൗൺസ്‌മെന്റ് കേട്ടപ്പോൾ ഞങ്ങൾ വിമാനത്തിലേക്ക് കയറി. വിമാനത്തിൽ കയറിയപ്പോൾ ആണ് രസം. യാത്രക്കാർ തീരെ കുറവായിരുന്നു. അങ്ങനെ ഞങ്ങൾ സീറ്റ് നമ്പറൊന്നും നോക്കാതെ നല്ലതെന്നു തോന്നിയ സീറ്റുകളിൽ കയറിയിരുന്നു. വിൻഡോ സീറ്റ് കിട്ടിയെങ്കിലും രാത്രിയായിരുന്നതിനാൽ അതുകൊണ്ട് വലിയ ഉപകാരമൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ ഞങ്ങൾ പിന്നീടുള്ള സമയം ഉറങ്ങിത്തീർക്കുവാൻ തീരുമാനിച്ചു. വിമാനം ഞങ്ങളെയും കൊണ്ട് നേരെ കൊച്ചിയിലേക്ക്.

ചൈനയിലെ ബിസിനസ്സ് ട്രിപ്പ് അങ്ങനെ പൂർത്തിയാക്കിയെങ്കിലും എൻ്റെ ചൈന യാത്ര ഇവിടെ അവസാനിക്കുന്നില്ല. ഇനി രണ്ടു ദിവസങ്ങൾക്കകം വീണ്ടും ചൈനയിലേക്ക് ഒരു യാത്ര പോകുകയാണ്. ഇത്തവണ ഒരു ടൂർ ട്രിപ്പ് തന്നെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. കൂടെ പ്രശസ്തനായ ബൈജു എൻ നായർ ചേട്ടനും ഉണ്ട്. ആ വിശേഷങ്ങൾ അടുത്ത ഭാഗങ്ങളിൽ കാണാം.